Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പത്മതീർഥമേ ഉണരൂ...’ പ്രിയ വിപ്ലവഗാനം: വയലാർ ശരത്

vayalar-son വയലാർ രാമ വർമ, വയലാർ ശരത് ചന്ദ്ര വര്‍മ

‘ഗായത്രി’(1973) എന്ന സിനിമയിലെ

‘പത്മതീർഥമേ ഉണരൂ, മാനസ

പത്മതീർഥമേ ഉണരൂ...’

എന്ന ഗാനമാണ് അച്ഛൻ എഴുതിയ വിപ്ലവഗാനങ്ങളിൽ എനിക്ക് എറ്റവും ഇഷ്ടം’– പറയുന്നത് വയലാർ ശരത്. ‘എല്ലാവരും ഭക്തിഗാനമായാണ് ആ പാട്ടിനെ കരുതുന്നത്. പക്ഷേ, അതിനെ ഒരു യഥാർഥ വിപ്ലവഗാനം എന്നു വിളിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. രാഷ്ട്രീയ വിപ്ലവം മാത്രമല്ലല്ലോ വിപ്ലവം. ഏതുമേഖലയിലെയും മാറ്റം വിപ്ലവം തന്നെ. സാംസ്കാരികമായ വലിയൊരു അഴിച്ചുപണിയ്ക്കുള്ള ആഹ്വാനമാണ് ഈ ഗാനം.’ ശരത്ചന്ദ്രവർമ പറയുന്നു. തന്റെ നിരീക്ഷണത്തിന് ഉപോദ്ബലകമായി ഗാനത്തിലെ ചരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘പുതിയൊരു പുരുഷാർഥത്തിനെ യാഗ–

പ്പുരകളിൽ വച്ചു വളർത്താൻ ..... പ്രപഞ്ചസത്യം ചിതയിൽ കരിയും

ബ്രഹ്മസ്വങ്ങൾക്കുള്ളിൽ

ദ്രവിച്ച പൂണൂൽ ചുറ്റി മരിക്കും

ധർമാധർമങ്ങൾ

ചിറകു മുറിച്ചൊരു ഭാരത ജീവിതമുണരാൻ

പ്രകൃതിച്ചുമരുകളോളം സർഗ

പ്രതിഭ പറന്നു നടക്കാൻ’

വയലാർ രചിച്ച സാബ്രദായിക വിപ്ലവഗാനങ്ങളിൽ ശരത്തിന് ഏറ്റവും ഇഷ്ടം ‘നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി’ (1970) എന്ന സിനിമയിലെ

പല്ലനയാറിൻ തീരത്ത്

പത്മപരാഗ കുടീരത്തിൽ

വിളക്കു വയ്ക്കും യുഗകന്യകയൊരു

വിപ്ലവ ഗാനം കേട്ടി

മാറ്റുവിൻ ചട്ടങ്ങളേ

മാറ്റുവിൻ ചട്ടങ്ങളേ

മാറ്റുവിൻ, മാറ്റുവിൻ’

എന്ന ഗാനമാണ്. ‘ ദുഷിച്ച സംവിധാനങ്ങൾ മാറ്റാൻ സമയമായിരിക്കുന്നു, മാറിയില്ലെങ്കിൽ അവ നിങ്ങളെത്തന്നെ മാറ്റും. വ്യവസ്ഥിതിയെ മാറ്റുന്നതിൽ എഴുത്തുകാർക്ക് വലിയ പങ്കുണ്ട് എന്നും സൂചിപ്പിക്കുന്ന ഗാനമാണിത്. ഈ വരികൾ ശ്രദ്ധിക്കൂ

‘പൂർവദിങ്മുഖമൊന്നു ചുവന്നു

പുതിയ മനുഷ്യനുണർന്നു

പ്രതിഭകൾ കാവ്യപ്രതിഭകളങ്ങനെ

പുതിയ പ്രചോദനമുൾക്കൊണ്ടു’

എക്കാലത്തും പാടാം എന്നതാണ് ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. പ്രത്യേകിച്ച് ഇക്കാലത്ത് ഈ ഗാനത്തിന്റെ പ്രസക്തി വർധിച്ചിരിക്കന്നു. മുമ്പ് അഭിപ്രായ വ്യത്യാസങ്ങളെ വാക്കുകൾക്കൊണ്ടാണു നേരിട്ടിരുന്നത്. ഇന്ന് കുറേ അപരിചിതർ വാഹനത്തിൽ വടിവാളുമായി വന്നാണു മറുപടി നൽകുന്നത്. ഇവിടെ ജീർണ വ്യവസ്ഥകൾ മാറ്റാൻ എഴുത്തുകാരൻ മുൻകൈ എടുക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു പറയുന്ന ഗാനമാണ്

പല്ലനയാറ്റിൻ തീരത്ത്...

‘വീണ പൂക്കളെ വീണ്ടുമുയർത്തിയ

ഗാനം നമ്മെ നയിക്കുന്നു’ –ശരത്ചന്ദ്രവർമ ചൂണ്ടിക്കാട്ടി.

തന്റെ പിതാവിന്റെ പ്രിയഗാനങ്ങളായ വയലാർ ശരത് ചൂണ്ടിക്കാട്ടിയ രണ്ടു പാട്ടിന്റെയും സംഗീതം ദേവരാജനാണ്. ആദ്യത്തേതു പാടിയിരിക്കന്നത് യേശുദാസ്. രണ്ടാമത്തേതിലെ പ്രധാന ഗായിക പി.സുശീല. അതിൽ സുശീലയ്ക്കൊപ്പം നാം കേൾക്കുന്ന പുരുഷശബ്ദം ആരുടേതാണെന്നോ? എം.ജി. രാധാകൃഷ്ണന്റേത്. അതേ, സാക്ഷാൽ സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണൻ തന്നെ.!

Your Rating: