Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിലെ റഫി

002

മലയാളത്തിലില്ലെങ്കിലും മലയാള സിനിമയിൽ റഫി പാടിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ഇന്ത്യൻ ഭാഷകളിൽ പാടിയ ഗായകനാണ് മുഹമ്മദ് റഫി. 14 ഭാഷകളിൽ. നാല് വിദേശ ഭാഷകളിലും അദ്ദഹം പാടി. ഏതു ഭാഷയിൽ പാടുന്നതിനുമുമ്പും ആ ഗാനത്തിന്റെ അർഥം നന്നായി മനസ്സിലാക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധം ഉണ്ടായിരുന്നു.

ഇംഗ്ലിഷ് പരിജ്ഞാനം കുറവായിരുന്ന അദ്ദേഹം ഹരീന്ദ്രനാഥ് ചതോപാധ്യായ എന്ന അധ്യാപകന്റെ കീഴിൽ പഠിച്ചശേഷമാണ് ഇംഗ്ലിഷിൽ പാടിയത്. Although we hail..., The She I love... എന്നിവയായിരുന്നു അദ്ദേഹം പാടിയ ഇംഗ്ലിഷ് ഗാനങ്ങൾ. ഹിന്ദിയിലല്ലാതെ പാടിയ ഗാനങ്ങളെല്ലാം കൂടി 162 എണ്ണമേ വരൂ. അർഥമറിഞ്ഞേ പാടൂ എന്ന അദ്ദഹത്തിന്റെ നിർബന്ധബുദ്ധിയാണ് അന്യഭാഷാ ഗാനങ്ങളുടെ എണ്ണം കുറയാൻ കാരണം.

ഇങ്ങനെയൊക്കെയാണെങ്കിലും, റഫിയുടെ ഒരു മലയാളഗാനം പോലും കേൾക്കാനുള്ള ഭാഗ്യം നമുക്കുണ്ടായില്ല. പ്രശസ്ത സംഗീത സംവിധായകൻ ബാബുരാജ് അടക്കം പലരും ശ്രമിച്ചെങ്കിലും ഒരിക്കലും റഫി മലയാളത്തിൽ പാടിയില്ല. റഫിക്കും ആഗ്രഹമുണ്ടായിരുന്നു മലയാളം പാടാൻ. പക്ഷേ, പല തവണ ശ്രമിച്ചെങ്കിലും മലയാള ഉച്ചാരണവും നീണ്ട വാക്കുകളും അദ്ദേഹത്തിനു വഴങ്ങിയില്ല. അതുകൊണ്ടുതന്നെ ഓരോ അഭ്യർഥനയെയും അദ്ദേഹം സ്‌നേഹപൂർവം നിരസിച്ചുപോന്നു. റഫിയെക്കൊണ്ടു പാടിക്കാൻ ബോംബേക്കു വണ്ടികയറിയവരെല്ലാം നിരാശരായിത്തന്നെ തിരികെ വന്നുകൊണ്ടിരുന്നു.

പക്ഷേ, മലയാളികളുണ്ടോ വിടുന്നു, ‘മലയാളത്തിൽ വയ്യെങ്കിൽ ഹിന്ദിയിൽ പാടിക്കോളൂ ...’ അങ്ങനെ റഫിയെക്കൊണ്ട് ഒരു ഹിന്ദി ഗാനം പാടിച്ചു മലയാള സിനിമയിൽ ചേർത്തു. നിർമാതാവ് അബ്‌ദുൽ ഖാദറിന്റെ കടുത്ത റഫി ആരാധനയാണ് 1980ൽ ഇറങ്ങിയ ‘തളിരിട്ട കിനാക്കൾ’ എന്ന സിനിമയിൽ ‘ഷബാബ് ലേകേ ദോ...’ എന്ന ഗാനം ഉൾപ്പെടുത്താൻ കാരണം.

മുഹമ്മദ് റഫി എന്ന അനശ്വര ഗായകനെക്കൊണ്ട് ഒരു മലയാള സിനിമയിൽ പാടിക്കാനുള്ള അസുലഭ ഭാഗ്യം ലഭിച്ചത് ആലപ്പുഴക്കാരൻ ജിതിൻ ശ്യാം എന്ന സംഗീത സംവിധായകന്. (മുഹമ്മദ് ഇസ്മായീൽ എന്നായിരുന്ന ജിതിൻ ശ്യാമിന്റെ യഥാർഥ പേര്. സിന്ദകി കെ രാസ്തേ, മന്ദിർ മസ്ജിദ് എന്നീ ഹിന്ദി ചിത്രങ്ങളിൽ ജിതിൻ ശ്യാമിന്റെ സംഗീതത്തിൽ റഫി അഞ്ച് പാട്ടു പാടിയിട്ടുണ്ട്. റഫിയുമായുള്ള ഈ പരിചയം പരിഗണിച്ചാണ് ‘ഷബാബ് ലേകേ ദോ...’യുടെ സംഗീത നിർവഹണം നിർമാതാവ് അദ്ദേഹത്തെ ഏല്പിച്ചത്). മുംബൈയില ബോംബെ സൗണ്ട് സർവീസ് സ്‌റ്റുഡിയോയിലായിരുന്നു റെക്കോഡിങ്.

മുഹമ്മദ് റഫിയുടെ ശബ്ദത്തിൽ പാടി അഭിനയിക്കുക എന്ന അസുലഭ ഭാഗ്യം ലഭിച്ച ആ മലയാള നടൻ ആരാണെന്നോ? കുതിരവട്ടം പപ്പു. ജോഡിയായി വന്നത് അടൂർ ഭവാനി. നോക്കണേ ചിലരുടെയൊക്കെ ഭാഗ്യങ്ങൾ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.