Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുഞ്ചിരി പിണങ്ങി, ഒരിക്കൽ മാത്രം

Muhammad Rafi

റഫിയുടെ ദുഃഖ ഗാനങ്ങളെല്ലാം ചേർത്ത് ഒരു ആൽബം ഇറക്കാൻ ഒരിക്കൽ എച്ച് എം വി തീരുമാനിച്ചു. ഗാനങ്ങളെല്ലാം ശേഖരിച്ച് ആൽബം തയാറാക്കി. ഇനി ആൽബത്തിനു പുറത്ത് ചേർക്കാനായി റഫിയുടെ ഒരു ചിത്രം വേണം. ദുഃഖ ഗാനങ്ങൾ ആയതുകൊണ്ട് റഫിയുടെ വിഷാദം സ്‌ഫുരിക്കുന്ന ഒരു ചിത്രമായിരിക്കും അനുയോജ്യം. റഫിയുടെ വിഷാദ ചിത്രങ്ങളെല്ലാം കൊണ്ടുവരാൻ എച്ച്​എംവി ലൈബ്രറിയിലേക്കു സന്ദേശം പോയി. കുറേക്കഴിഞ്ഞപ്പോൾ ലൈബ്രറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ആൽബത്തിന്റെ ചുമതല വഹിക്കുന്നയാളുടെ അടുത്തെത്തി പറഞ്ഞു. ‘ക്ഷമിക്കണം, റഫിയുടെ വിഷാദമുഖമുള്ള ഒരു ചിത്രം പോലും നമ്മുടെ ലൈബ്രറിയിൽ ഇല്ല.’ റഫിയുടെ ആയിരക്കണക്കിനു ചിത്രങ്ങളുടെ എച്ച്​എംവി ലൈബ്രറിയിൽ ആൽബത്തിനു ചേർന്ന ഒരു ഫോട്ടോ പോലും ഇല്ലന്നോ? അവിടെ ഉണ്ടായിരുന്നവരെല്ലാം കൂടി ലൈബ്രറി പരതി. വിഷാദ മുഖം കിട്ടിയില്ല എന്നു മാത്രമല്ല, ഒരു സത്യം കൂടി അവർ തിരിച്ചറിഞ്ഞു. പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ റഫിയുടെ ഒരു ചിത്രവും ലൈബ്രറിയിൽ ഇല്ല.

ഒടുവിൽ ചിരിക്കുന്ന മുഖചിത്രം വച്ചുതന്നെയാണ് ആ ആൽബവും പുറത്തുവന്നത്. റഫിക്കു ദുഃഖങ്ങൾ ഇല്ലാതിരുന്നിട്ടല്ല; അതാർക്കും അദ്ദേഹം പകർന്നുകൊടുത്തില്ല. എന്നും എല്ലാവർക്കും പുഞ്ചിരി മാത്രം നൽകി. ഇനി നമുക്കും ആലോചിക്കാം, പുഞ്ചിരിക്കുന്ന റഫിയുടെ ചിത്രങ്ങളല്ലേ എല്ലായിടത്തും കണ്ടിട്ടുള്ളൂ. എല്ലാവരോടും സ്‌നേഹത്തോടെയും പുഞ്ചിരിയോടെയും മാത്രം പെരുമാറിയ റഫി ആരോടെങ്കിലും പിണങ്ങിയിട്ടുണ്ടോ? ഉണ്ട്, ഒരിക്കൽ മാത്രം. അതു ലതാ മങ്കേഷ്‌കറോട് ആയിരുന്നു. എത്രയോ ഹിറ്റ് യുഗ്മഗാനങ്ങൾ സമ്മാനിച്ച ആ ജോഡി പിരിഞ്ഞതു പാട്ടിന്റെ റോയൽറ്റിയെ ചൊല്ലിയായിരുന്നു. റോയൽറ്റി തർക്കത്തിൽ രണ്ടു പേരും രണ്ടു പക്ഷത്തായി.

പാട്ടിന്റെ റോയൽറ്റി പാട്ടുകാർക്കും കിട്ടണമെന്നു ലത വാദിച്ചു. പക്ഷേ, ഒരിക്കൽ പ്രതിഫലം വാങ്ങിയാൽ പിന്നീടു പണം ചോദിക്കുന്നതു ശരിയല്ലെന്നായിരുന്നു റഫിയുടെ മതം. പിണക്കം ആറു വർഷം നീണ്ടുനിന്നു. അക്കാലം ഒരു പാട്ടുപോലും അവർ ഒന്നിച്ചു പാടിയില്ല. ഹിന്ദി സിനിമയുടെ ദരിദ്ര കാലഘട്ടം. പിന്നീടു മുംബൈയിൽ നടന്ന ഒരു എസ്‌ഡി ബർമൻ മ്യൂസിക്കൽ നൈറ്റിൽ സംഘാടകരുടെ നിർബന്ധം മൂലം ഒരു യുഗ്മഗാനം പാടിയാണ് ആ പിണക്കം അവസാനിച്ചത്. പിന്നീട് ഒട്ടേറെ ഹിറ്റുകൾ ഇരുവരും ചേർന്നു സൃഷ്‌ടിച്ചു.

ഒരിക്കലും ഒരു നിർമാതാവിനോടും സംഗീത സംവിധായകനോടും റഫി പ്രതിഫലം ഇത്രവേണം എന്നു വാശിപിടിച്ചിട്ടില്ല. സൗജന്യമായും ഒരു രൂപ മാത്രം പ്രതിഫലം വാങ്ങിയും അദ്ദഹം സിനിമകളിൽ പാടിയിട്ടുണ്ട്. റഫിയുടെ പാട്ടിനോട് ഇഷ്‌ടമുള്ളവരും ഇല്ലാത്തവരും ബോളിവുഡിൽ ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സ്വഭാവ നൈർമല്യത്തെ എല്ലാവരും ബഹുമാനിച്ചിരുന്നു. ഒരു പിഞ്ചുകുഞ്ഞിന്റെ നിഷ്‌ക്കളങ്കതയായിരുന്നു ആ പുഞ്ചിരിക്ക്. അതുകൊണ്ടാണ് റഫി മരിച്ചപ്പോൾ ലതാ മങ്കേഷ്‌കർ ഇങ്ങനെ പറഞ്ഞത്. ‘നമുക്കു ചുറ്റും ഇരുട്ട് പടർന്നിരിക്കുന്നു, പൂർണചന്ദ്രനാണ് അസ്‌തമിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.