Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസിന്റെ നഷ്ടം

Yesudas

സംഗീത സംവിധായകൻ രവീന്ദ്ര ജെയിനിന് യേശുദാസിനോടുള്ള ആരാധന സുവിദിതമാണ്. 1970കളുടെ അവസാനം, ഇന്ത്യൻ സിനിമയിലെ മഹാഗായകൻ റഫിയെയും യേശുദാസിനെയും ചേർത്ത് ഒരു യുഗ്മഗാനം സൃഷ്ടിക്കാൻ അദ്ദേഹം തീരുമാനിച്ചു. യേശുദാസിനു വലിയ സന്തോഷമായി. ചെറുപ്പം മുതൽ താൻ ആരാധിച്ചിരുന്ന ഗായകനൊപ്പം ഒരു ഗാനം ഭാഗ്യം തന്നെ. മുംബൈയിൽ രവീന്ദ്ര ജെയിനിന്റെ ഓഫിസിൽ വച്ചായിരുന്നു റിഹേഴ്സൽ. റഫി അവിടേക്കു വന്നു. ‘വളരെക്കാലം പരിചയമുള്ള ഒരാളെപ്പോലെയായിരുന്നു പെരുമാറ്റം. നിഷ്ക്കളങ്കമായ ആ പുഞ്ചിരി മറക്കാനാവില്ല.’ യേശുദാസ് ആ ആനുഭവത്തെപ്പറ്റി പറഞ്ഞു.

റിഹേഴ്സലൊക്കെ വിജയകരമായി പൂർത്തിയാക്കി പിരിഞ്ഞു. സിനിമയുടെ കാര്യം അങ്ങനെയാണ്. അവസാനം വരെ അനിശ്ചിതത്വമാണ്. നടന്നാൽ നടന്നു. മാസങ്ങൾ കഴിഞ്ഞ് യേശുദാസ് അറിഞ്ഞു. തനിക്കു പകരം മന്നാഡേ പാടി ആ പാട്ട് റിക്കോർഡ് ചെയ്തു. നിർമാതാവിന്റെ നിർബന്ധമായിരുന്നത്രേ കാരണം. യേശുദാസിന്റെയും റഫിയുടെയും ശബ്ദം ഒരുപോലെ ഇരിക്കുന്നെന്നായിരുന്നു നിർമാതാവ് പറഞ്ഞ ദോഷം.

‘റഫിക്കൊപ്പം ഒരു പാട്ടു നഷ്ടപ്പെട്ടത് ദുഃഖം തന്നെ. പക്ഷേ, അത് റഫിസാബുമായുള്ള ശബ്ദസാമ്യം മൂലമാണെന്ന കാരണം സന്തോഷംതന്നെ. ഒരു ഗായകന് അഭിമാനിക്കാൻ ഇതിൽപ്പരം എന്തുവേണം?’ യേശുദാസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. മുഹമ്മദ് റഫിക്കൊപ്പം വേദിയിൽ പാടാൻ അവസരം ലഭിച്ചവരുണ്ട്. അവരിൽ ഒരാളാണു ഗായത്രീ ശ്രീകൃഷ്ണൻ. (‘രാരിച്ചൻ എന്ന പൗരൻ’ എന്ന സിനിമയിൽ ശാന്താ പി. നായർക്കൊപ്പം ‘നാഴിയൂരി പാലുകൊണ്ട്...’ എന്ന ഗാനം പാടി ഹിറ്റാക്കിയ ഗായത്രി.) റഫിയുടെ കൊച്ചിയിലെ ആദ്യ ഗാനമേള 1953 ഏപ്രിൽ 18ന് തോപ്പുംപടിയിലെ പട്ടേൽ തിയേറ്ററിൽ. കോറസ് പാടാൻ രണ്ടു കുട്ടികളെ വേണമെന്നു റഫി പറഞ്ഞു. അങ്ങനെയാണ് അന്നു സ്കൂൾ വിദ്യാർഥിയായ ഗായത്രിക്കു നറുക്കു വീഴുന്നത്. ‘റഫി സാബ് തന്നെയാണു ഞങ്ങളെ പാട്ട് പഠിപ്പിച്ചത്. ‘ജുഗ് ജുഗ് ജിയോ ജവഹർലാൽ...’ എന്നഗാനമായിരുന്നു അത്.’ ഗായത്രി പിന്നീടൊരിക്കൽ അനുസ്മരിച്ചു.

റാഫിയെ തന്റെ ഏതെങ്കിലും ചിത്രത്തിൽ പാടിക്കണം എന്നു ബാബുരാജിന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. രണ്ട് ശ്രമങ്ങൾ വിജയത്തിനു തൊട്ടരികിൽവച്ചു വഴുതിപ്പോയി. ആദ്യത്തേത് സുബൈദ(1965) എന്ന ചിത്രത്തിലെ ‘പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്...’ ആയിരുന്നു. തിരക്കു മൂലം റഫി അസൗകര്യം അറിയിച്ചു. പകരക്കാരനായി നിശ്ചയിച്ച മെഹബൂബിനു സമയത്ത് എത്തിച്ചേരാൻ കഴിയാതിരുന്നതിനാൽ ബാബുരാജ് തന്നെ പാടി റിക്കോർഡ് ചെയ്തു.

ദ്വീപ് (1977) എന്ന സിനിമയിലെ പ്രശസ്തമായ ഗസൽ ‘കടലേ നീലക്കടലേ...’ആയിരുന്നു മറ്റൊരു ശ്രമം. റഫി ഹജ്ജ് കർമത്തിന്റെ തിരക്കിലായിരുന്നതിനാൽ അത്തവണയും ശ്രമം പാളി. ഒടുവിൽ തലത് മഹമൂദ് പാടി ഗാനം ഹിറ്റാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.