Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേയൊരു ദേശീയ അവാർഡ്!

006

ഇന്ത്യൻ സംഗീതത്തിന്റെ പര്യായമായ, ഇന്ത്യ കണ്ട ഏറ്റവും വലിയ ഗായകൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദ് റഫിക്ക് പക്ഷേ, ഒരേയൊരു ദേശീയ ചലച്ചിത്ര അവാർഡേ കിട്ടിയിട്ടുള്ളൂ. 1977ൽ ‘ഹം കിസിസേ കം നഹി’ എന്ന ചിത്രത്തിൽ ‘ക്യാ ഹുവാ തേരാ വാദാ...’ എന്ന ഗാനത്തിന്. മജ്റൂഹ് സുൽത്താൻപുരിയുടെ രചനയിൽ ആർ.ഡി. ബർമൻ സംഗീതം നൽകിയ ഗാനം.

ദേശീയ അവാർഡ് ലഭിക്കുന്നതിനു പത്തു വർഷം മുമ്പ് 1967ൽ റഫിക്കു പദ്മശ്രീ ലഭിച്ചിരുന്നു. എന്നിട്ടും ദേശീയ അവാർഡ് പരിഗണനയിൽനിന്നു റഫി മാറ്റിനിർത്തപ്പെട്ടു. ‘ക്യാ ഹുവാ തേരാ വാദാ...’ റഫിയുടെ ആലാപന മികവ് അത്രയൊന്നും ആവശ്യപ്പെടുന്ന ഗാനമല്ല. അതിലും വെല്ലുവിളിയായ എത്രയോ ഗാനങ്ങൾ അതിനെല്ലാം വർഷങ്ങൾ മുമ്പേ റഫി പാടിവച്ചിട്ടുണ്ട്. പക്ഷേ, ജനങ്ങളുടെ അവാർഡ് എന്നറിയപ്പെടുന്ന ഫിലിം ഫെയർ അവാർഡുകളുടെ ചരിത്രത്തിലെ റെക്കോർഡാണ് റഫി. 23 നോമിനേഷൻ അദ്ദേഹത്തിനു ലഭിച്ചു. ആറ് തവണ പുരസ്കാരം ലഭിക്കുകയും ചെയ്തു.

1960ൽ ‘ചൗദ്​വീൻ കാ ചാന്ദ്’ എന്ന ചിത്രത്തിലെ ‘ചൗദ്​വീൻ കാ ചാന്ദ് ഹോ...’ എന്ന ഗാനത്തിനാണ് ആദ്യ ഫിലിം ഫെയർ നോമിനേഷൻ ലഭിച്ചത്. ആദ്യ നോമിനേഷനുതന്നെ പുരസ്കാരം ലഭിക്കുകയും ചെയ്തു. റഫി പാടിയ ഗാനങ്ങളിൽ ഏറ്റവും കാല്പനികമായ രചന ഇതാണെന്ന് അഭിപ്രായമുള്ളവരുണ്ട്. ഷക്കീൽ ബദായിനിയുടെ ഭാവനാ സുരഭിലമായ സൗന്ദര്യവർണനയാണ് ഈ ഗാനം. സംഗീതം നൽകിയത് ആരാണെന്നോ? രവി. അതേ, മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ രവി ബോംബെ!

Kya hua tera wada...

1961ൽ ‘സസുരാളി’ലെ ‘തേരി പ്യാരി പ്യാരി സുരാത് കോ...’ (ശങ്കർ ജയ്കിഷൻ– ഹസ്റത്ത് ജയ്പുരി), 1964ൽ ‘ദോസ്തി’യിലെ ‘ചാഹൂംഗാ മേ തുഝേ...’ (ലക്ഷ്മികാന്ത് പ്യാരേലാൽ– മജ്റൂഹ് സുൽത്താൻപുരി), 1966ൽ ‘സുരാജി’ലെ ‘ബഹാരോ ഫൂൽ ബർസാവോ...’(ശങ്കർ ജയ്കിഷൻ– ഹസ്റത്ത് ജയ്പുരി), 1968ൽ ‘ബ്രഹ്മചാരി’യിലെ ‘ദിൽ കെ ഝാരോകെ മേ...’ (ശങ്കർ ജയ്കിഷൻ– ഹസ്റത്ത് ജയ്പുരി), 1977ൽ ‘ഹം കിസിസേ കം നഹി’യിലെ ‘ക്യാ ഹുവാ തേരാ വാദാ...’ (ആർ.ഡി. ബർമാൻ–മജ്റൂഹ് സുൽത്താൻപുരി) എന്നിവയാണ് റഫിക്കു ലഭിച്ച മറ്റ് ഫിലിം ഫെയർ പുരസ്കാരങ്ങൾ.

തന്റ സംഗീത ജീവിതത്തിന്റെ ആദ്യകാലത്ത് റഫിയെത്തേടി ഒരു വിശേഷ പുരസ്കാരം എത്തിയിട്ടുണ്ട്. 1948ൽ സ്വാതന്ത്ര്യത്തിന്റെ ആദ്യ വാർഷികാഘോഷച്ചടങ്ങിൽ പ്രധാനമന്ത്രി നെഹ്റു അദ്ദേഹത്തെ വെള്ളി മെഡൽ അണിയിച്ചു. 2001ൽ സ്റ്റാർഡസ്റ്റ് മാസികയും ഹീറോ ഹോണ്ടയും ചേർന്നു കഴിഞ്ഞ സഹസ്രാബ്ദത്തിലെ ഏറ്റവും മികച്ച ഗായകനെ തിരഞ്ഞെടുത്തു. മറ്റാരുമായിരുന്നില്ല, റഫി തന്നെ. ഹിന്ദി സിനിമ കണ്ട എക്കാലത്തെയും മികച്ച ശബ്ദം കണ്ടുപിടിക്കാൻ സിഎൻഎൻ–ഐബിഎൻ 2013ൽ നടത്തിയ തിരഞ്ഞെടുപ്പിലും റഫി തന്നെ ഒന്നാമതെത്തി. പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റുവും മൻമോഹൻ സിങ്ങും റഫിയുടെ ആരാധരായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.