Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിലെ രവീന്ദ്ര സംഗീതം

yesudas-ravindra-jain

യേശുദാസുമായുള്ള ബന്ധം രവീന്ദ്ര ജെയിനെ മലയാളത്തിലുമെത്തിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമിച്ചു ഹരിഹരൻ സംവിധാനം ചെയ്‌ത സുജാത(1977) എന്ന സിനിമയ്ക്കാണ് ആ ഭാഗ്യം ലഭിച്ചത്. യേശുദാസ് തന്നെയാണ് സംഗീതസംവിധായകനായി ജെയിനെ നിർദേശിച്ചത്.

യേശുദാസ് രണ്ടു പാട്ടു പാടി. ‘താലിപ്പൂ പീലിപ്പൂ താഴമ്പൂ ചൂടി വരും..., കാളിദാസന്റെ കാവ്യഭാവനയെ കാൽച്ചിലമ്പണിയിച്ച സൗന്ദര്യമേ... എന്നിവ. ആശാ ഭോസ്‌ലേയെ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചതും രവീന്ദ്ര ജയിനാണ്.. സുജാതയിലെതന്നെ ‘സ്വയംവര ശുഭദിന മംഗങ്ങൾ അനുമോദനത്തിന്റെ ആശംസകൾ...’ എന്ന ഗാനത്തിലൂടെ. ഹേമലത പാടിയ ‘ആശ്രിത വൽസലനേ...’ എന്ന പാട്ടും ഒരുപാടു പേരുടെ പ്രിയ സാന്ത്വനഗാനമാണ്. എല്ലാ പാട്ടുകളും സുപ്പർ ഹിറ്റുകളായി. ഇതിൽ ‘താലിപ്പൂ പീലിപ്പൂ...’ എന്ന ഗാനത്തിന്റെ പ്രസന്റേഷൻ ‘ഗോരി തേരാ...’പോലെതന്നെ ഹൃദയം കവരുന്നു, ഒരു ഗ്രാമത്തിന്റെ വിശുദ്ധിയിലേക്കും സ്വച്‌ഛതയിലേക്കും നമ്മെ പറക്കും തളികയിൽ കൊണ്ടുപോകുന്നു. ചേതനയെ സ്വർഗത്തിൽ പിടിച്ചിരുത്തുന്നു... അതേ, അന്ധനായ രവീന്ദ്ര ജയിന്റെ അകക്കണ്ണിലൂടെ കേരളത്തിന്റെ ഗ്രാമസൗന്ദര്യത്തിൽ നാം മോഹിതരാവുന്നു.

അന്യഭാഷയിൽ സംഗീതം ചെയ്യുന്നവരെല്ലാം ആദ്യം സംഗീതം ചെയ്യുകയും അതിനനുസരിച്ച് വരികൾ എഴുതുകയുമാണു രീതി. ‘സുജാത’യ്ക്കു ഗാനരചന നിർവഹിച്ചു മങ്കൊമ്പ് ഗോപാലകൃഷ്ണൻ പങ്കുവയ്ക്കുന്ന കൗതുകം കേൾക്കൂ. ‘ മുംബൈയിലെ അദ്ദേഹത്തിന്റെ വീട്ടിൽവച്ചായിരുന്ന കംപോസിങ്. ഒരു ഈണം പോലും അദ്ദേഹം മുൻകൂട്ടി ഉണ്ടാക്കിയില്ല. എന്നോട് എഴുതാൻ പറഞ്ഞു. ഓരോ ഈരടിയും പൂർത്തിയാവുമ്പോൾ അദ്ദേഹത്തെ ഞാൻ വായിച്ചു കേൾപ്പിക്കും. കാരണം, അന്ധനായ അദ്ദേഹതതിനു വായിക്കാൻ സാധിക്കില്ലല്ലോ. അദ്ദേഹം മനപാഠം ആക്കുന്നതുവരെ ഞാൻ വായിച്ചുകൊടുക്കും. അതു മനഃപാഠം ആക്കിയിട്ട് അദ്ദേഹം ഈണമിടും. മൂന്നു നാലു ദിവസംകൊണ്ട് രചനയും കംപോസിങ്ങും പൂർത്തിയാക്കി.

യേശുദാസും ഹേമലതയുമൊക്കെ ഈ സമയത്ത് അവിടെയുണ്ടായിരുന്നു. അദ്ദേഹം നല്ല ഗാനരചയിതാവായിരുന്നതുകൊണ്ടുതന്നെ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. ആ പെരുമാറ്റത്തിലെ സൗമ്യത ഇന്നും മായാതെ നിൽക്കുന്നു. ’ സുഖം സുഖകരം, ആകാശത്തിന്റെ നിറം എന്നീ സിനിമകൾക്കും രവീന്ദ്ര ജെയിൻ സംഗീതം നൽകി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.