Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാഴ്ച തരൂ, ഒരുമാത്രയെങ്കിലും...’

ravindra-jain

‘എനിക്ക് ഒരു തവണ കാഴ്‌ചശക്‌തി കിട്ടിയാൽ കൊള്ളാമെന്നുണ്ട്.’ അന്ധതയെപ്പറ്റി ഒരിക്കൽപോലും പരിഭവിക്കുകയോ അതൊരു കുറവായി പരിഗണിക്കുകയോ ചെയ്യാതിരുന്ന പ്രശസ്‌ത സംഗീത സംവിധായകൻ രവീന്ദ്ര ജയിൻ ഇതു പറഞ്ഞപ്പോൾ സുഹൃത്തുക്കൾ അമ്പരന്നു. അവർ ചോദിച്ചു. ‘എന്താണ് ഇപ്പോൾ ഇങ്ങനെയൊരു ആഗ്രഹം?’

അദ്ദേഹം പറഞ്ഞു. ‘യേശുദാസിനെ ഒന്നു കാണാൻ’

അത്രയ്‌ക്കത്രയ്‌ക്ക് ഇഷ്‌ടമായിരുന്നു യേശുദാസിനെ. അതുകൊണ്ടുതന്നെയാണു താൻ ജീവിതത്തിലുണ്ടാക്കിയ ഏറ്റവും പ്രിയപ്പെട്ട ഈണങ്ങൾ പാടാനായി അദ്ദേഹം ദാസിനെ ഹിന്ദിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയത്. ദാസ് അതു ഗംഭീരമാക്കി എന്നു മാത്രമല്ല 1976ലെ മികച്ച ഗായകനുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കുകയും ചെയ്‌തു. ഒരുമലയാളി ഹിന്ദിയിൽപാടി ദേശീയ പുരസ്കാരം വാങ്ങുക ചില്ലറക്കാര്യമല്ല. ഓരോ ഇന്ത്യക്കാരന്റെയും ചുണ്ടിലുണ്ട് ആ പാട്ട്. ‘ഗോരി തേര ഗാവ് ബഡാ പ്യാരാ...’ (ചിത്രം: ചിത് ചോർ).

ഹിന്ദിയിൽ യേശുദാസ് തൊട്ടതെല്ലാം ഹിറ്റായപ്പോൾ തദ്ദേശീയരുടെ വലിയ എതിർപ്പുണ്ടായി. രവീന്ദ്ര ജയിൻ മാത്രം എതിർപ്പിനെയൊന്നും ഭയന്നില്ല. ഒരുപക്ഷേ, ആഗ്രഹിച്ച പാട്ടുകളെല്ലാം യേശുദാസിനെക്കൊണ്ട് ഹിന്ദിയിൽ പാടിച്ച ഏക സംഗീത സംവിധായകനും രവീന്ദ്ര ജയിൻ ആയിരുന്നു. ‘ഇന്ത്യയുടെ ശബ്ദം’ എന്നുവരെ യേശുദാസിനെ അദ്ദേഹം വിശേഷിപ്പിച്ചു.

അകക്കണ്ണിന്റെ കാഴ്ചകൾ!

മറ്റൊരു വിസ്‌മയം കൂടി ‘ഗോരി തേരാ...’യ്ക്ക് ഉണ്ട്. ഇത് എഴുതിയിരിക്കുന്നതും രവീന്ദ്ര ജയിൻതന്നെയാണ്. അന്ധനായ അദ്ദേഹം അകക്കണ്ണുകൊണ്ട് ഒരു ഗ്രാമത്തിലെ ശാലീന കാഴ്‌ചകൾ കണ്ടു എന്നത് അദ്ഭുതമായിരിക്കുന്നു! താനൊരിക്കലും കണ്ടിട്ടില്ലാത്ത കാഴ്‌ചകളാണു പാട്ടിന്റെ വിഷയം. കിളികൾ പാടിപ്പാറി പറക്കുന്നു, മയിലുകൾ കാലിൽ ചിലങ്കകെട്ടിയാടുന്നു, ചന്ദ്രൻ നിലാവ് ചൊരിയുന്നു, തലയാട്ടിച്ചിരിക്കുന്ന പൂക്കൾ...

തന്റെ കൺമുന്നിലെ കട്ടപിടിച്ച ഇരുട്ടിലൂടെ എങ്ങനെ ഇതെല്ലാം അദ്ദേഹം കണ്ടു. ജയിൻതന്നെ പറയുന്നു ‘പ്രകൃതിയെ ഞാൻ അറിയുന്നതു കാതുകളിലൂടെയാണ്. കിളികളുടെ കിന്നാരവും കാറ്റിന്റെ ചിറകടിയും മഴയുടെ മർമരവുമെല്ലാം ശബ്‌ദത്തിലൂടെ ഞാനറിയുന്നു.’

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.