Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതൊന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല:മിൻമിനി

minmini

‘‘അതൊന്നും ഞാൻ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല, പറയാനും താൽപര്യമില്ല. തിരിച്ചുവരവിന്റെ പാതയിലാണ് ഞാനിപ്പോൾ...’’– ചലച്ചിത്ര പിന്നണി ഗായിക മിൻമിനി പറയുന്നു. ഉടൻ റിലീസ് ചെയ്യുന്ന ‘പാവ’ എന്ന സിനിമയിൽ ഞാൻ ഒരു ഗാനം പാടിയിട്ടുണ്ട്. ചിറകൊടിഞ്ഞ കിനാവുകൾ, ലവ് 24, മിലി എന്നീ ചിത്രങ്ങളിലും ഞാൻ പാടിയിരുന്നു. ‘‘എന്റെ ശബ്ദം നിലച്ചു പോയതിനെക്കുറിച്ച് എത്രയോ റൈറ്റപ്പുകൾ വന്നു. എത്ര തവണ പറഞ്ഞിരിക്കുന്നു. പക്ഷേ ഞാൻ വീണ്ടും പാട്ടിലേക്കു വീണ്ടും തിരിച്ചുവന്നു...’’–മിൻമിനിയുടെ വാക്കുകളിൽ ആവേശത്തിന്റെ ശ്രുതിക്കൂട്ട്... മണിരത്നത്തിന്റെ റോജയിലെ ‘‘ചിന്ന ചിന്ന ആസൈ..’’എന്ന ഗാനത്തിലൂടെയാണു മിൻമിനി ഏറെ പ്രസിദ്ധയായത്. 1993ൽ ലണ്ടനിലെ മാഞ്ചസ്‌റ്ററിൽ ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരന്റെ നേതൃത്വത്തിലുള്ള സ്‌റ്റേജ്‌ഷോ നടക്കുന്ന സമയം. മിൻമിനി ആദ്യം ഒരു പാട്ടുപാടി. അപ്പോൾ ശബ്‌ദം അൽപ്പമൊന്ന് ഇടറി. ആർക്കും അത് മനസ്സിലായില്ല. അടുത്ത ഗാനത്തിന് ആദ്യത്തെ ഒരു വരി പാടി. 

പിന്നെ എത്ര ശ്രമിച്ചിട്ടും ശബ്‌ദം പുറത്തേക്കു വന്നില്ല. എല്ലാവരും ഞെട്ടലോടെ നോക്കിനിന്നു. ചികിത്സകൾക്കുശേഷവും ഒരു മാറ്റവുമില്ല. അതുവരെ പാട്ടുപാടി ഓടിനടന്നിരുന്ന മിൻമിനിക്ക് സംസാരിക്കാനോ ഒരു മൂളിപ്പാട്ടു പാടാനോ സാധിക്കുന്നില്ല. ‘‘നിരാശകൾ മനസ്സിനെ മൂടിയ നിമിഷം. ദൈവം എന്നെ കൈവിട്ടില്ല. എന്റെ കുടുംബം, എന്റെ ജീവിത പങ്കാളി നൽകിയ പിന്തുണയാണ് എനിക്കു പിടിച്ചുനിൽക്കാൻ കരുത്തു നൽകിയത്. ശബ്‌ദം തിരിച്ചുകിട്ടിയ ആദ്യകാലത്തൊക്കെ പാടാൻ എനിക്കു മടിയായിരുന്നു. എന്റെ പാട്ട് എങ്ങനെയായിരിക്കും എന്നെനിക്ക് ആശങ്കയുണ്ടായിരുന്നു. മകൻ ജനിച്ചതിനുശേഷം അവനെ താരാട്ടുപാടിയുറക്കുന്ന സമയത്താണ് എന്റെ പാട്ട് പതിയെ എന്നിലേക്കു തിരിച്ചുവരുന്നതു ഞാനറിഞ്ഞത്. പിന്നീട് പതിയെ പതിയെ പാട്ടിലേക്കു ഞാൻ മടങ്ങിവരികയായിരുന്നു.’’–മിൻമിനിയുടെ വാക്കുകൾ.

Your Rating: