Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാളിദാസന്റെ കവിത: ഇത് ഈ ചങ്ങാതിമാരുടെ ജീവിതം

interview-with-kadavathoru-thoni-makers

നമ്മൾടെ കോളജിൽ അല്ലെങ്കിൽ നമ്മളെന്നും സന്ദർശിക്കുന്ന വളരെ കംഫർട്ടബിൾ ആയ ഒരിടത്തെ രണ്ടു ചേട്ടൻമാർ. ഒരാൾക്ക് കവിതയോടും മറ്റേയാൾക്കു പാട്ടിനോടുമാണ് ഇഷ്ടം. രണ്ടിനോടും വളരെ സത്യസന്ധമായി സമീപിക്കുന്നവർ. കുറേ വർഷമായി അതിനു പിന്നാലെ തന്നെയാണിവർ. ജീവിതത്തിലെ ആർഭാടങ്ങളോടും മറ്റു കാര്യങ്ങളോടും ഈ ഇഷ്ടം കാരണം സമരസപ്പെട്ടവര്‍. ഒരുനാൾ അവരുടെ സ്വപ്നം പോലെ കാര്യങ്ങൾ സംഭവിക്കുന്നു. അവരുടെ പാട്ട് നാടു മുഴുവൻ ഏറ്റുപാടുന്നു, ഇവർ ആരാണെന്ന് കുറേ പേർ തിരയുന്നു, അഭിന്ദനങ്ങളും നല്ല വാക്കുകളുമായി. അതുകാണുമ്പോൾ നമുക്ക് വല്ലാത്തൊരു അനുഭൂതിയല്ല. സങ്കടവും സന്തോഷവും ഒന്നുചേർന്നപോലെ. അജീഷ് ദാസനേയും ലീല.എല്‍.ഗിരിക്കുട്ടനേയും അറിയാവുന്നവർക്കെല്ലാം ഇപ്പോൾ ആ ഒരു അനുഭവത്തിലാണ്. അജീഷ് പാട്ടെഴുതി ലീല.എൽ.ഗിരിക്കുട്ടൻ ഈണമിട്ട പൂമരം എന്ന ചിത്രത്തിലെ കടവത്തെ തോണിയെന്ന പാട്ടാണ് ജീവിതത്തിലെ മറ്റെല്ലാ തിരിക്കിനുമപ്പുറം ചെന്ന് നമ്മൾ കാതോർക്കുന്ന പുതു ഈണങ്ങളിലൊന്ന്. ഇരുവർക്കുമൊപ്പം കുറച്ചു നേരം. 

ഈ പാട്ടിന്റെ കഥ

ഓരോ പാട്ടിനു പിന്നിലുമുണ്ടാകും ഒരു കഥ. പക്ഷേ ആ കഥ ആ പാട്ടിനേക്കാൾ മാധുര്യമുള്ളതാകുന്നത് അപൂർവമായിട്ടല്ലേ കാണുകയുള്ളൂ. അടുത്തകാലത്ത് മുത്തശ്ശിക്കഥ പോലെ സുന്ദരമായൊരു പാട്ടുകഥ നമ്മൾ കേട്ടത് പൂമരം എന്ന ചിത്രത്തിൽ നിന്നായിരുന്നു. ചിത്രത്തിലെ രണ്ടാം ഗാനവും പുറത്തിറങ്ങുമ്പോൾ ആദ്യ ഗാനത്തിന്റെ പിന്നാമ്പുറങ്ങളിലുള്ളതുപോലെ തന്നെയൊരു കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖം തോന്നുന്നൊരു കഥ ഈ പാട്ടിനുമുണ്ട്. ആദ്യ ഗാനമായ പൂമരത്തിലെ പാട്ടിലെ കഥാപാത്രങ്ങൾ ഫൈസൽ റാസിയും ആശാൻ ബാബുവും ദയാൽ സിങുമാണെങ്കിൽ ഇവിടെയത് അജീഷ് ദാസനും ലീല.എല്‍.ഗിരിക്കുട്ടനുമാണ്. 

എറണാകുളത്തെ കാക്കനാടുള്ള ഒരു പ്രമുഖ പബ്ലിഷിങ് ഹൗസിലെ ജീവനക്കാരനായിരുന്നു അജീഷ് ദാസൻ. കവിതയെഴുത്തും കൂട്ടുകാർക്കൊപ്പം പുതിയ പുസ്തകങ്ങളെ കുറിച്ചും സിനിമകളേയും എഴുത്തിനേയും കുറിച്ച് സംസാരിച്ചും സംവദിച്ചും കഴിഞ്ഞു പോന്നിരുന്നൊരാള്‍. ഔപചാരികതകൾക്ക് ഒട്ടുമേയിടമില്ലാത്ത ചങ്ങാതിക്കൂട്ടങ്ങളവിടെയുണ്ടായിരുന്നു. ആ ചങ്ങാതിക്കൂട്ടത്തിലെ രണ്ടു പേരാണിവർ. അജീഷ് ദാസനും ലീല.എല്‍.ഗിരിക്കുട്ടനും. അജീഷിനു കവിതയോടും ലീല.എല്‍.ഗിരിക്കുട്ടനു സംഗീതത്തോടുമാണ് ഭ്രാന്ത്. ഇവരുടെ മടയിലേക്ക് സ്ഥിരമായി എത്താറുള്ള ഒരു ചങ്ങാതിയായിരുന്നു രാജേഷ് വർമയാണ് എബ്രിഡ് ഷൈനിന്റെ പുതിയ ചിത്രത്തിലേക്ക് പാട്ടെഴുതാനും സംഗീതം ചെയ്യാനുമുള്ള ആളുകളെ തിരയുന്നുണ്ടെന്ന കാര്യം അറിയിച്ചത്. ഇരുവരും അങ്ങനെയാണു പൂമരത്തിന്റെ ഭാഗമാകുന്നത്. അഞ്ചു പാട്ടുകളാണ് ഇതിലേക്ക് ഇവർ സൃഷ്ടിച്ചത്. 

കവിതയും പാട്ടും

സിനിമയോട് അജീഷ് ദാസൻ ആദ്യമായിട്ടാണ് കൂട്ടുകൂടുന്നത്. മാധ്യമപ്രവർത്തകനായിരുന്നു ഇതിനിടെ. പിന്നെ പബ്ലിഷിങ് ഹൗസിലെ ജോലിയിലേക്ക്. ഇപ്പോൾ എല്ലാം വിട്ട് എബ്രിഡ് ഷൈനോടൊപ്പം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കാൻസർ വാർഡ്, കോട്ടയം ക്രിസ്തു എന്നീ കവിതാ സമാഹാരങ്ങളുടെ സൃഷ്ടാവാണ് ഇദ്ദേഹം. ഗിരിക്കുട്ടനും വര്‍ഷങ്ങളായി സംഗീത രംഗത്ത് സജീവം. എന്തായാലും രണ്ടുപേരുടേയും ജീവിതത്തിൽ ഒരു ബ്രേക് ആയത്, മുൻപോട്ടുള്ള യാത്രയ്ക്ക് പ്രചോദനമാകുന്ന കുറേ അഭിനന്ദനങ്ങൾ തേടിയെത്തിയത് ഇപ്പോഴാണ്. 

അജീഷ് കവിതയെഴുതി തുടങ്ങിയത് 15ാം വയസിലാണ്. അക്ഷരം കൂട്ടിവായിക്കാൻ 21 വർഷമായി കവിതകളെ പ്രണയിച്ചു തുടങ്ങിയിട്ടെന്നു സാരം. കവിതയെഴുത്തും ചെറിയൊരു ജോലിയുമായി കുറച്ചൊക്കെ കഷ്ടപ്പെട്ടു ജീവിച്ചപ്പോൾ അജീഷിനും പ്രതീക്ഷയുണ്ടായിരുന്നു. പാട്ടും കവിതയെഴുത്തുമായുള്ള ഇരുവരുടെയും പത്തു വർഷത്തോളം നീണ്ട അലച്ചിലിനുള്ള സമ്മാനം. ദൈവത്തിന്റെ സമ്മാനം എന്നാണ് അജീഷിന്റെ ഭാഷ്യം. 

ഞാനും ഗിരീഷ് ചേട്ടനും ഒരുമിച്ചു ചെയ്ത കുറേ പാട്ടുകളുമായിട്ടാണ് എബ്രിഡ് സാറിനെ കാണാൻ പോകുന്നത്. അന്നേരമൊക്കെ ഞാനാകെ ഡൗൺ ആയിരുന്നു. ഒരു സ്ഥിരതയില്ലാതെ, ജീവിതത്തിൽ കെട്ടുപൊട്ടിയ പട്ടം പോലെ പാറിനടക്കുന്നതു പോലെ. പാട്ടും കവിതയുമായി നടക്കുന്നതിനിടയിൽ ജീവിതത്തില്‍ സുരക്ഷിതമാക്കലൊന്നും ന‍ടന്നില്ല. ഒരുപാട് സ്നേഹം എല്ലായിടത്തു നിന്നും കിട്ടിയിരുന്നുവെങ്കിൽ കൂടി...ഗിരീഷ് പറയുന്നു.

സിനിമയുടെ സെറ്റപ്പിൽ ആദ്യമൊന്നു വിരണ്ടെങ്കിലും എബ്രിഡ് സർ തന്ന പിന്തുണ മറക്കാനാകില്ല. ഇടയ്ക്ക് ഒട്ടും എഴുതാനാകാതെയൊക്കെ ഇരുന്നുപോയിരുന്നു. അന്നേരമെല്ലാം അദ്ദേഹമാണു താങ്ങായത്. പിന്നെ എന്റെ അടുത്ത ചങ്ങാതിയ്ക്കൊപ്പമാണല്ലോ പാട്ടൊക്കെ ചെയ്തതും. ഈ പാട്ട് വലിയ മാറ്റം ജീവിതത്തിൽ കൊണ്ടുവരുമോ എന്നൊന്നും അറിയില്ല...പക്ഷേ നല്ലതിനായുള്ള തുടക്കമാണെന്ന് മനസും പറയും പോലെ...എങ്കിലും ഒരു സന്തോഷമുണ്ട്...ഈ പാട്ടുകൾ കേട്ടിട്ട് മനസുനിറഞ്ഞാണ് പൂമരത്തിന്റെ സെറ്റിലുള്ളവരെല്ലാം അഭിനന്ദിച്ചത്...അജീഷ് ദാസൻ പറഞ്ഞു.

ഗിരിക്കുട്ടൻ എന്ന മുത്ത്

ഏഴാം വയസിൽ കേട്ട എ.ആർ.റഹ്മാൻ ഗാനം ചിക് പുക് ചിക് പുക് റൈലേ എന്നതാണ് പാട്ടുകളെ വേണ്ടവിധത്തിൽ ശ്രദ്ധിക്കാൻ ലീല എല്‍.ഗിരിക്കുട്ടന് അഥവാ ഗിരീഷ് കുട്ടന് പ്രേരണയായത്. പാട്ട് ചിട്ടപ്പെടുത്തുന്ന വഴിയെ കുറിച്ചുള്ള കൗതുകം അന്നാണു തുടങ്ങിയതെന്ന് ഗിരീഷ് കുട്ടൻ പറയുന്നു. സംഗീതത്തിനൊപ്പം പോകാൻ എന്തു ത്യാഗത്തിനും തയ്യാറായിട്ടാണു പിന്നീടു ജീവിച്ചതും. ഗിരീഷ് കുട്ടനെ ഇപ്പോഴാണ് കൂടുതൽ അറിഞ്ഞതെങ്കിലും ഒരു ദശാബ്ദക്കാലമായി മലയാള സംഗീത രംഗത്ത് സജീവമാണ് ഇദ്ദേഹം. അറിയപ്പെടുന്ന ഒരു ഗിത്താറിസ്റ്റു കൂടിയാണ് ഗിരീഷ് കുട്ടൻ. പ്രശസ്ത ഗിത്താറിസ്റ്റ് സുമേഷ് പരമേശ്വറിനു കീഴിലായിരുന്നു പഠനം.‌

നല്ല വിദ്യാഭ്യാസം നേടി  വിദ്യാഭ്യാസ വകുപ്പിൽ ജോലിയും നേടി ഇതിനിടെ ഗിരീഷ്. സർക്കാർ ജോലിയുടെ യാന്ത്രികത നമ്മളെ നമ്മളാക്കുന്ന കവിതയെഴുത്തിനൊരു തടസമാണെന്നു കണ്ടപ്പോൾ ലോങ് ലീവ് എഴുതിക്കൊടുത്താണ് സംഗീത രംഗത്ത് സജീവമായത്. മത്സരങ്ങളുടെ പാട്ടു ലോകത്ത് എന്ന്, എപ്പോൾ, എങ്ങനെ ഒരിടം കണ്ടെത്തും എന്നൊന്നും ഒരു ആശയവുമില്ലാതെ പാട്ടിനോടുള്ള പ്രിയം കൊണ്ടു മാത്രം സുരക്ഷിതത്വം നൽകിയിരുന്നൊരു ജോലി ഉപേക്ഷിച്ചുള്ള ഇറങ്ങിത്തിരിപ്പായിരുന്നു അത്്.  അത്രയേറെ ആത്മവിശ്വാസമുണ്ട് ആ വാക്കുകളിൽ. ‌ആ പോസിറ്റിവ് എനർജിയുടെ പ്രസരിപ്പാണ് പ്രകൃതിയോട് നമ്മളെന്താണ് ചെയ്യുന്നതെന്ന് വളരെ കാവാത്മകമായി സംഗീതാത്മകമായി ഓർമപ്പെടുത്തുന്ന ഒരു പാട്ടിന്റെ ഈണത്തെ ഇത്രയേറെ ലളിത സുന്ദരമാക്കിയത്. 

എല്ലാത്തരം പാട്ടുകളോടും ഗിരീഷിന് ഇഷ്ടമാണ്. ചലച്ചിത്രമാകുമ്പോൾ അതിലെ സാഹചര്യത്തിനനുസരിച്ചാണല്ലോ സംഗീതം വരേണ്ടത്. അതുകൊണ്ട് വേര്‍തിരിവുകളൊന്നുമില്ല...ഗിരീഷ് പറയുന്നു...

ലീല.എൽ.ഗിരിക്കുട്ടൻ എന്ന പേര്...

അതും ഒരു കഥയാണ്. ഓസ്കർ നേടി ഇന്ത്യയുെട അഭിമാനമായ  സൗണ്ട് എഞ്ചിനീയർ റസൂൽ പൂക്കുട്ടിയുടെ ആത്മകഥയായ ശബ്ദതാരാപഥം വായിക്കുകയായിരുന്നു ഗിരീഷ്. അതിൽ പൂക്കുട്ടി പറഞ്ഞ ഒരു കാര്യമുണ്ട്. അദ്ദേഹം ആദ്യമായ ശബ്ദലേഖനം ചെയ്ത ഒരു വിഡിയോ വീട്ടിൽ കാണിച്ചപ്പോഴായിരുന്നു സംഭവം. റസൂലിന്റെ പേര് റസൂൽ.പി എന്നതിൽ നിന്ന് റസൂൽ പൂക്കുട്ടി എന്ന് ആക്കിയത് അപ്പോഴാണ് അദ്ദേഹത്തിന്റെ ഉമ്മ കണ്ടത്. പ്രശസ്തരാകുമ്പോൾ എല്ലാവർക്കും ബാപ്പയെ മതി ഉമ്മയെ വേണ്ടെന്ന് അവർ പറഞ്ഞു. ആ സംഭവം ഗിരീഷിനെ വല്ലാതെ സ്വാധീനിച്ചു. എന്നെങ്കിലുമൊരിക്കൽ തന്റെ പേരും ഇതുപോലെ ടൈറ്റിൽ കാർഡ‍ിൽ വന്നാൽ അതിൽ അമ്മയുടെ പേരും ഒപ്പം ചേർക്കും എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഗിരീഷ് കുട്ടൻ‌ എന്ന പേര് ലീല.എൽ.ഗിരിക്കുട്ടൻ‌ എന്നായത്...

കടവത്തൊരു തോണി യുട്യൂബിൽ തരംഗമാകുമ്പോൾ ഇരുവരോടും എന്താണു പറയാനുള്ളതെന്നു ചോദിക്കുമ്പോൾ സന്തോഷം എന്നു മാത്രം പറഞ്ഞു നിർത്തുന്നു...മറ്റെന്തു പറയാനാണ്.

ഇമോഷണൽ ആയിട്ടാണ് പലരും പാട്ടിനോടു പ്രതികരിക്കുന്നത്. മിക്കവര്‍ക്കും ആ വരികളെ ചുറ്റുമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളോടു ചേർത്തുവായിക്കാൻ കഴിയുന്നുവെന്നറിയുമ്പോൾ സന്തോഷം തോന്നുന്നു...ഇരുവർക്കും പാട്ടിന്റെ ആഫ്റ്റർ ഇഫക്ടിനെ കുറിച്ച് ഒരേ അഭിപ്രായം.