Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിമ്പിൾ ആൻഡ് ഹമ്പിൾ; പാട്ടും വിശേഷങ്ങളുമായി അപർണ രാജീവ്

aparna-rajeev

കവിതയും സംഗീതവും വിടരുന്നൊരു വീടാണ് തിരുവനന്തപുരത്തെ  ഇന്ദീവരം. കഴിഞ്ഞ വര്‍ഷം വരെ ഈ വീടിന്‍റെ ഉമ്മറത്ത് ഒഎന്‍വി കുറുപ്പ് എന്ന മലയാണ്മയുടെ വസന്തമുണ്ടായിരുന്നു. പ്രിയകവിയുടെ സംഗീതപാരമ്പര്യം മകന്‍ രാജീവിലൂടെ ഇപ്പോള്‍  കൊച്ചുമകള്‍ അപര്‍ണ്ണയിലെത്തി നില്‍ക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഇ എന്ന ചിത്രത്തിൽ അപർണ ആലപിച്ച ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. സംഗീത പരിപാടികളിലും അപർണ നിറസാന്നിധ്യമാണ്.  അപര്‍ണ്ണ രാജീവിന്റെ ഓണവിശേഷങ്ങളിലേക്കും പാട്ടു വിശേഷങ്ങളിലേക്കും...

ഇത്തവണത്തെ ഓണം 

മുത്തശ്ശന്‍ പോയത് കൊണ്ട് കഴിഞ്ഞ വർഷം ഞങ്ങള്‍ക്ക് ഓണം ഉണ്ടായിരുന്നില്ല. സാധാരണ എല്ലാ ഓണത്തിനും വീട്ടിലുള്ള പൂക്കളിറുത്ത് ഞങ്ങള്‍ പൂക്കളമിടും. അമ്മയുടെ വീട് എറണാകുളത്താണ്. അച്ഛന്റെ അമ്മയുടെത് ഷോര്‍ണൂരും. കുഞ്ഞായിരുന്നപ്പോള്‍  ഞങ്ങള്‍ ഈ രണ്ടിടത്തുമായിട്ടാരുന്നു ഓണം. കുറച്ച് ദിവസം നല്ല മേളമായിരിയ്ക്കും. കസിന്‍സ് എല്ലാരും കൂടെ നല്ല രസമാണ്. ഷൊർണൂർ ശരിക്കും നാട്ടിൻപുറമാണ്. ഊഞ്ഞാലൊക്കെയിട്ട് വളരെ രസകരമായിട്ടാണ് ഓണം നാളുകൾ ആഘോഷിച്ചിരുന്നത്.

ഇപ്പൊ ഓണത്തിന് വീട്ടില്‍ ഇരിക്കാനുള്ള സമയം കുറവാണ്. ഒത്തിരി സംഗീത പരിപാടികളുണ്ട്. 

എന്റെ പ്രിയപ്പെട്ട പാട്ട്

ഏറ്റവും അടുത്തായി ഇ എന്ന സിനിമയില്‍ ഒരു പാട്ട് പാടിയിട്ടുണ്ട്. അത് ഇഷ്ടമാണ്. ഇഷ്ടമുള്ള  കുറെ പാട്ടുകള്‍ ഉണ്ട്. മഴവില്‍ക്കൊടി കാവടി, എന്തിനീ ചിലങ്കകള്‍ ഒക്കെ ഒരുപാടിഷ്ടമാണ്. ഓര്‍ക്കസ്ട്ര സഹിതം ആദ്യായിട്ട് സ്റ്റേജില്‍ പാടുന്നത് മുത്തശ്ശന്‍ തന്നെ എഴുതിയ മഴവില്‍ക്കൊടി കാവടി എന്ന പാട്ടാണ്. മുത്തശ്ശന്റെ ഒരു ഒരു പരിപാടി  ആയിരുന്നു. അദ്ദേഹം സ്റ്റേജില്‍ ഇരിയ്ക്കുകയായിരുന്നു. അന്നെനിക്ക് പന്ത്രണ്ട് വയസാണ്. സിനിമയിലും ആദ്യമായി പാടുന്നത് അദ്ദേഹത്തിന്റെ പാട്ടാണ്. രാജീവ് അഞ്ചലിന്റെ മെയ്ഡ് ഇന്‍ യുഎസ്എ എന്ന ചിത്രത്തില്‍ വിദ്യാസാഗര്‍ സംഗീതം നല്‍കിയ  'പുന്നെല്ലിന്‍ കതിരോല' എന്ന പാട്ട്. മുത്തശന്റെ പാട്ടുകളില്‍ മിക്കവാറും  പ്രകൃതിയുടെ എലമെന്റ്സ്  ധാരാളം ഉണ്ടാവും. സിമ്പിള്‍ ആയിരിയ്ക്കും.

പാട്ടും പഠനവും ഒരുമിച്ച്?

മുത്തശ്ശന് ഞാൻ പാട്ട് പഠിക്കണമെന്ന് നല്ല  ആഗ്രഹമുണ്ടായിരുന്നു. അച്ഛന്‍ റെയില്‍വേയിലാണ്. ആര്‍ ആര്‍ ബി ചെയര്‍മാന്‍. ജോലിത്തിരക്കിനിടയിലും സംഗീതത്തിന് വേണ്ടി സമയം കണ്ടെത്താറുണ്ട്. മുത്തശന്റെ കവിതകള്‍ക്ക് അച്ഛന്‍ ഈണം നല്‍കിയിട്ടുണ്ട്. അച്ഛന്റെ കയ്യില്‍ പഴയ പാട്ടുകളുടെ വലിയ ഒരു കളക്ഷന്‍ തന്നെയുണ്ട്. അമ്മയുടെ അച്ഛനും അമ്മയും പാട്ട് ഇഷ്ടമുള്ളവര്‍ ആയിരുന്നു. നാലു വയസ് വരെ ഞാൻ അവിടെയായിരുന്നല്ലോ. എപ്പോഴും പാട്ട് കേള്‍പ്പിച്ച് തരും. ഉറക്കുന്നതൊക്കെ പാട്ട് കേൾപ്പിച്ചായിരുന്നു.

കുഞ്ഞിലെ പാട്ടില്‍ അഭിരുചിയുണ്ട് എന്ന്  അവരൊക്കെ ശ്രദ്ധിച്ചു. അപ്പം വേണോ അട വേണോ, കുന്നിമണി എന്നീ പാട്ടുകളൊക്കെ വാക്കുകള്‍ ക്ലിയര്‍ അല്ലെങ്കിലും പാടി നടക്കുമായിരുന്നു. ഏഴാം വയസ്സിലാണ്  ഓമനക്കുട്ടി ടീച്ചറുടെ അടുത്ത്  പാട്ട്  പഠിക്കാൻ തുടങ്ങുന്നത്. പിന്നീട് ആലപുഴ ശ്രീകുമാര്‍ സാറിന്റെ കീഴിലും പഠിച്ചു. എം ബി എ ചെയ്തിരുന്ന സമയത്ത് പാട്ട് കുറവായിരുന്നു. എങ്കിലും വിട്ടിരുന്നില്ല. അച്ഛന്റെ സഹോദരി ഡോക്ടർ ആണ്. വളരെ തിരക്കുള്ള പ്രൊഫഷനല്‍ ജീവിതത്തിനിടയിലും നൃത്തത്തിന് സമയം കണ്ടെത്തും അവര്‍. ക്ലാസുകള്‍ നടത്തുന്നുണ്ട്. വീട്ടില്‍ എല്ലാര്‍ക്കും കല എപ്പോഴും  പ്രധാനമായിരുന്നു. പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും അതിന് വേണ്ടി സമയം കണ്ടെത്തുക എന്നൊക്കെയുള്ള അന്തരീക്ഷമായിരുന്നു വീട്ടില്‍. ആ ഒരു രീതിയാണ് എനിക്കും.

രണ്ട് തലമുറയിലെ സംഗീതജ്ഞരുടെ പാട്ടുകള്‍ പാടാനുള്ള ഭാഗ്യം

അതെനിക്ക് വലിയ ഒരു ഭാഗ്യമായിരുന്നു. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഒപ്പം പാട്ട് ചെയ്തിട്ടുണ്ട്. ദേവരാജന്‍ അപ്പൂപ്പന്‍ അവസാനം ചെയ്ത ആല്‍ബത്തില്‍ പാടാന്‍ പറ്റി. പിന്നെ അർജുനന്‍ മാഷിന്റെ കെപിഎസി നാടക ഗാനങ്ങള്‍. എം ജി രാധാകൃഷണന്‍ സര്‍, ഔസേപ്പച്ചന്‍ സര്‍ ഇവരുടെയൊപ്പം. എല്ലാം ഭാഗ്യം. ഇപ്പോഴത്തെ തലമുറ സംഗീത സംവിധായകരുടെ കൂടെയും അവസരങ്ങള്‍ ലഭിച്ചു. രീതികള്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നുമില്ല. പുതിയ സംഗീത സംവിധായകര്‍ നമ്മുടെ കോണ്‍ട്രിബ്യൂഷന് കുറച്ച് കൂടെ സ്പെയ്സ് തരും. നമ്മളുടെ ആശയങ്ങള്ഡ ഇഷ്ടപ്പെട്ടാല്‍ അവര്‍ക്ക് അത് ചേര്‍ക്കാന്‍ സന്തോഷമേയുള്ളൂ. പഴയ തലമുറ സംവിധായകര്‍ക്ക് അവരുടെതായ കറക്ട് പ്ലാന്‍ ഉണ്ടായിരിക്കും. അത് നമ്മള്‍ കൃത്യമായി പഠിച്ച്  ചെയ്യുക എന്നതാണ്..ദേവരാജന്‍ അപ്പൂപ്പന്റെ ആല്‍ബം  ചെയ്തത് പഴയ രീതിയില്‍ ലൈവ്  ഓര്‍ക്കസ്ട്രവച്ചായിരുന്നു. അദ്ദേഹം തന്നെയാണ് പാട്ട് പഠിപ്പിച്ചത്..ലൈവ് ആകുമ്പോ സ്വാഭാവികമായും ടെന്‍ഷന്‍ ഉണ്ടാവും. ഞാന്‍ ടെന്‍ഷനാകാതിരിക്കാൻ അദ്ദേഹം പറഞ്ഞു ആദ്യം റിഹേഴ്സല്‍ എടുത്ത് ശരിയായിട്ട് ടേക്ക് പോകാമെന്ന്. റിഹേഴ്സല്‍ ആണെന്നോര്‍ത്ത് ഞാന്‍ ടെന്‍ഷന്‍ ഇല്ലാതെ  പാടി. പാടിക്കഴിഞ്ഞപ്പോഴാണ് അത് ടേക്ക് ആയിരുന്നു എന്ന് പറഞ്ഞത്!

ഇഷ്ടമുള്ള  പാട്ടുകാരും  പാട്ടുകളും

പണ്ടാണെങ്കിലും ഇപ്പോഴാണെങ്കിലും എല്ലാവരും ടാലന്‍റഡ് ആണ്. പണ്ടത്തെ കാര്യം പിന്നെ പറയേണ്ടല്ലോ. ദാസേട്ടന്‍,ചിത്ര ച്ചേച്ചി,സുജാതച്ചേച്ചി എത്ര പേരാണ്. എല്ലാവർക്കും അവരുടേതായ ഐഡന്റിറ്റിയുമുണ്ട്. എല്ലാവരുടെയും പാട്ടുകള്‍ കേള്‍ക്കും. എങ്ങനെയാണ് അവര്‍ ആ ആ പാട്ടിനെ സമീപിച്ചിരിക്കുന്നത് എന്നൊക്കെ ശ്രദ്ധിക്കും. ഇമിറ്റേറ്റ് ചെയ്യാന്‍ ശ്രമിക്കാറില്ല.പുതിയവരില്‍ വിജയ്‌,ശ്വേത തുടങ്ങി എല്ലാവര്‍ക്കും  അവരുടെതായ സ്പെയ്സ് ഉണ്ട്. എല്ലാവരേയും ഇഷ്ടം മാത്രം. 

എത്ര പാടിയാലും മതിവരാത്ത ആ പാട്ട് 

'മഴവില്‍ക്കൊടി കാവടി' ഒരുപാടിഷ്ടമാണ്. അതാണല്ലോ ആദ്യം സ്റ്റേജില്‍ പാടിയ പാട്ട്. എപ്പോള്‍ വേണമെങ്കിലും പാടാം എന്ന് നമുക്ക് കോണ്‍ഫിഡന്‍സ് ഉള്ള ചില പാട്ടുകള്‍ ഉണ്ടാവും. നന്നായി എന്ന് പലരും പറയുന്നത്. ചിലത് നമുക്ക് വേണ്ടി എന്നൊക്കെ തോന്നും. നമ്മള്‍ പാടിയാല്‍ നന്നാവും എന്ന് നമുക്ക് തന്നെ ഉറപ്പുള്ളത്. 'ഇന്ദ്രനീലിമയോലും' ഒക്കെ അങ്ങനെയാണ്. വ്യക്തിപരമായി എനിക്ക് ചേരും എന്ന് തോന്നിയിട്ടുള്ളത് മെലഡികള്‍ തന്നെയാണ്.

ജീവിതത്തില്‍ ലഭിച്ച ആ ബെസ്റ്റ് കോമ്പ്ലിമെന്റ്

ദേവരാജന്‍ അപ്പൂപ്പന്‍ അവസാന വര്‍ഷങ്ങളില്‍ തിരുവനന്തപുരത്താണ് ഉണ്ടായിരുന്നത്. അന്ന് കുറെ പ്രോഗ്രാംസ് അദ്ദേഹം ചെയ്തിരുന്നു. അതിലൊക്കെ എന്നെയും ചേര്‍ത്തിരുന്നു എന്നത് ഒരുപാട് അഭിമാനമുണ്ട്. അദ്ദേഹം തന്നെയാണ് പാട്ടുകള്‍ പഠിപ്പിക്കുന്നത്. പഠിപ്പിക്കാന്‍ വരുമ്പോള്‍ റെക്കോഡുകള്‍ കേട്ടിട്ട് വരരുത് എന്ന് പറയും. അദ്ദേഹം ഉദ്ദേശിയ്ക്കുന്നതില്‍ നിന്നും വ്യത്യാസമുണ്ടാകും എന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത്. 'നളചരിതത്തിലെ' എന്ന ഗാനം അദ്ദേഹം പഠിപ്പിച്ചു. പൊതുവേ പരിപാടി നടക്കുമ്പോള്‍ അദ്ദേഹവും സ്റ്റേജില്‍ തന്നെയുണ്ടാവും. ആ പാട്ട് ഞാന്‍ പാടിക്കഴിഞ്ഞപ്പോള്‍ വളരെ നന്നായി എന്ന് അദ്ദേഹം സ്റെജില്‍ ഇരുന്ന് മൈക്കില്‍ക്കൂടി പറഞ്ഞു. അതെനിക്ക് ഒരു അവാര്‍ഡ്‌ പോലെയാണ് തോന്നിയത്.

എന്റെ ആശംസ

നാലുവയസ് വരെ ഞാന്‍ എറണാകുളത്താണ് വളര്‍ന്നത്. നാല് വയസ് മുതല്‍ കല്യാണം വരെ തിരുവനന്തപുരത്തും. പിന്നെ ഒരു വർഷം ഡല്‍ഹിയില്‍. ഒരു വർഷം മസ്കറ്റില്‍. ശരിക്കും രണ്ടര വര്‍ഷമേ നാട്ടില്‍ നിന്ന് മാറിനിന്നുള്ളൂ. പക്ഷെ  ആള്‍ക്കാര്‍ക്ക് ഞാന്‍ കുറേക്കാലം എവിടെയോ പോയി എന്ന ധാരണയുണ്ട്. പലരും ചോദിയ്ക്കാറുണ്ട്  പുറത്തായിരുന്നല്ലേ എന്നൊക്കെ. എങ്ങനെ ആ ധാരണ വന്നു എന്നറിയില്ല!. എന്നാലും എല്ലാവർക്കും വലിയ സ്നഹേവും പ്രോത്സാഹനവുമാണ്. എല്ലാവര്‍ക്കും സമാധാനമുള്ള ഒരു നല്ല ഓണം ആശംസിക്കുന്നു. പാട്ടുകള്‍ കേട്ട് എന്നെ പ്രോത്സാഹിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണം. ഇതുവരെ തന്ന സ്നേഹം ഇനിയും പ്രതീക്ഷിയ്ക്കുന്നു.