Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ജിമിക്കി കമ്മൽ പാടിയ പാട്ടുകാരൻ

renjith-nni-jimmiki-kammal

ഈ ഓണക്കാലത്ത് നാട്ടിലെങ്ങും പാട്ടായ പാട്ടാണ് എന്റമ്മേടെ ജിമിക്കി കമ്മൽ. ലാൽജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിലെ ഗാനം യുവാക്കൾ ഏറ്റെടുത്ത് ഹിറ്റാക്കി. നാടിനെ ഇളക്കിമറിച്ച ഗാനം ആലപിച്ചിരിക്കുന്നത് തൃശൂർ സ്വദേശി രഞ്ജിത്ത് ഉണ്ണിയാണ്. പാട്ടുവിശേഷത്തോടൊപ്പം ഓണവിശേഷങ്ങളും മനോരമന്യൂസ് ഓൺലൈനിനോട് രഞ്ജിത്ത് ഉണ്ണി പങ്കുവെക്കുന്നു.

പാട്ട് സൂപ്പർഹിറ്റായിതിന്റെ പിന്നിലെ രഹസ്യം എന്താണ്?

ഷാൻ റഹ്മാനാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പാട്ട് പാടുന്നതിന് മുമ്പ് തന്നെ അദ്ദേഹം സിനിമയിലെ സീൻ ഏതാണെന്നും ഏത് സാഹചര്യത്തിലുള്ള പാട്ടാണെന്നും പറഞ്ഞു തന്നിരുന്നു. കംഫർട്ടബിൾ ആക്കിയ ശേഷമാണ് പാടിയത്. എന്നോട് ആവശ്യപ്പെട്ട കാര്യം ആരുകേട്ടാലും മൂളണം, അധികം പെർഫക്ഷൻ വേണ്ട എന്നുള്ളതാണ്. സാധാരണക്കാരനും പാടാൻ സാധിക്കുന്ന പാട്ടായിരിക്കണമെന്ന നിർബന്ധമുണ്ടായിരുന്നു. പാട്ട് എങ്ങനെയാകണമെന്ന കൃത്യമായ ധാരണയുണ്ടായിരുന്നു. 

പാടിയതെല്ലാം അടിച്ചുപൊളി പാട്ടുകളാണല്ലോ?

അതെ ഇതിനുമുമ്പും പാടിയത് അടിച്ചുപൊളിയാണ്. വെളിപാടിന്റെ പുസ്തകത്തിലേക്ക് മലയാളത്തിൽ ഞാൻ പാടിയ നാലാമത്തെ പാട്ടാണ്. ഇതിനുമുമ്പ് ഡോക്ടർ ലൗവ് സിനിമയിലെ ക്യാംപസ് ഗാനം, കഥ പറയുന്ന കാലം, അച്ചായൻസിലെ കാണാചിറകു വരും എന്നീ പാട്ടുകളാണ് പാടിയത്. വരുന്നതെല്ലാം അടിച്ചുപൊളി ഗാനങ്ങളാണ്. മെലഡിയും പാടണമെന്ന് ആഗ്രഹമുണ്ട്.

ലാൽജോസും മോഹൻലാലും ഒന്നിച്ച സിനിമയുടെ ഭാഗമായതിനെക്കുറിച്ച്?

ഞാൻ ലാലേട്ടന്റെ ഫാനാണ്. ലാലേട്ടന്റെയും ലാൽജോസിന്റെയും ആദ്യത്തെ സിനിമയാണ്. അതോടൊപ്പം ഷാൻ റഹ്മാനും ഇവരോടൊപ്പം ചേർന്ന് പാട്ടൊരുക്കുന്നത് ആദ്യമായിട്ടാണ്. എനിക്ക് കിട്ടിയ സൗഭാഗ്യമാണ് ഈ പാട്ട്. ലാലേട്ടന്റെ സിനിമയിൽ പാടുക എന്നുള്ളത് എല്ലാ പാട്ടുകാരേയും പോലെ തന്നെയുള്ള സ്വപ്നമായിരുന്നു  ലാലേട്ടന് പാട്ട് ഇഷ്ടപ്പെട്ടു എന്ന് ഷാൻ ഇക്ക പറഞ്ഞു. ഇതുവരെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. നേരിട്ട് കാണുമ്പോൾ ലാലേട്ടന്റെ പടത്തിലെ പാട്ട് ഞാനാണ് പാടിയത് എന്ന് പറയാനുള്ള ധൈര്യം കിട്ടി. വിനീത് ശ്രീനിവാസനൊപ്പവും ഈ പാട്ടിൽ പാടിയിട്ടുണ്ട്. 

അപ്പോൾ ഓണസമ്മാനമാണോ എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന ഗാനം?

കല്യാണം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ ഓണം കൂടിയാണിത്. ഈ ഓണത്തിന് ഇത്രയും നല്ലൊരു സമ്മാനം കിട്ടുക എന്നത് അതിലും വലിയൊരു ഭാഗ്യം ഇല്ല. ദൈവം ആദ്യം നല്ലൊരു ഭാര്യയെതന്നു പിന്നെ ഓണസമ്മാനമായിട്ട് പാട്ടും തന്നു. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണ്. ഈ പാട്ട് പ്രേക്ഷകർ ഇത്രയും ഏറ്റെടുത്തിൽ വീട്ടുകാർക്കാണ് ഏറ്റവും സന്തോഷം.

സംഗീതവാസന ചെറുപ്പം മുതൽ ഉണ്ടോ?

സ്കൂൾ തലങ്ങളിൽ സമ്മാനങ്ങളൊക്കെ വാങ്ങിയിരുന്നു. യുവജനോത്സവ വേദികളിൽ പ്രോഗ്രാം ചെയ്ത് സമ്മാനങ്ങളൊക്കെ വാങ്ങിയപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു എന്റെ കരിയർ മ്യൂസിക് തന്നെയായിരിക്കുമെന്ന്. പോസ്റ്റ്ഗ്രാജുവേഷൻ കഴിഞ്ഞ് എം എഫിൽ പൂർത്തിയാക്കി. കർണാടക സംഗീതം ഇപ്പോഴും അഭ്യസിക്കുന്നു. അതിലാണ് കൂടുതലും ശ്രദ്ധിക്കുന്നതും. ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നുണ്ട്. സംഗീത മേഖലയിൽ എപ്പോൾ വേണമെങ്കിലും വർക്ക് ചെയ്യാൻ താൽപര്യമുണ്ട്. 

കർണാടക സംഗീതത്തിൽ വൈദഗ്ധ്യമുള്ള പാട്ടുകാരനെന്ന നിലയിൽ ശുദ്ധസംഗീതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?

സംഗീതം ഓരോരുത്തരുടേയും അഭിരുചിയിൽ വരുന്നതാണ്. ഒരാൾ ആസ്വദിക്കുന്ന പാട്ട്  മറ്റൊരാൾക്ക് നന്നായി തോന്നണമെന്നില്ല. ശുദ്ധ സംഗീതം എന്നത് നമ്മളെ രസിപ്പിക്കുന്നതെന്തും ശുദ്ധ സംഗീതമാണ്. നമുക്ക് ആസ്വദിക്കാവുന്നതും ഇഷ്ടപ്പെടുന്നതും എല്ലാം ശുദ്ധ സംഗീതം തന്നെയാണ്.

കുടുംബം?

തൃശൂരാണ് സ്വദേശം, എന്നാൽ പഠിച്ചതും വളർന്നതുമെല്ലാം കൊച്ചിയിലാണ്. ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്. ഭാര്യ ക്ലാസിക്കൽ ഡാൻസറാണ്.ശ്രീദേവി എന്നാണ് പേര്. യൂണിവേഴ്സിറ്റി തലങ്ങളിൽ കലാതിലകമായിരുന്നു. അച്ഛനും‌,അമ്മയും, അനുജനുമുണ്ട്. അവർ വിദേശത്താണ്. സംഗീതത്തോട് എല്ലാവർക്കും ഇഷ്ടമുണ്ട്. അച്ഛനും അമ്മയും നൽകിയ പിന്തുണയായിരുന്നു എന്റെ പ്രചോദനം.