Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാഗിങിൽ തെളിഞ്ഞ പാട്ട്: മകനെ കുറിച്ച് ജി.വേണുഗോപാൽ

g-venugopal-and-son

വിടർന്ന കണ്ണുകളുള്ള രാധയോടുളള പ്രണയരാഗമായി മാറിയ ആ പാട്ട്, പാച്ചുവിന്റെ മുത്തച്ഛന്റെ സ്നേഹക്കടലായ ഒരു പാട്ട്, നിലാവുള്ളൊരു രാത്രിയിൽ കണ്ട കിനാവിലെത്തിയ മകളെക്കുറിച്ചുള്ള വാൽസല്യ ഗീതം.. ഈ മുഖവുരകൾ കേട്ടാൽ മതി പാട്ടുകളേതെന്നു തിരിച്ചറിയാം, ഗായകനെയും. ജി. വേണുഗോപാൽ ഒരു പ്രത്യേക ഭംഗിയുള്ള പാട്ടുകളുടെ പാട്ടുകാരനാണ്. അദ്ദേഹം പാടിയ ഗാനങ്ങൾ എത്ര നല്ല സ്വരമുള്ള ഗായകനോ ഗായികയോ എത്രതന്നെ മനോഹരമായി പാടിയാലും നമ്മൾ മലയാളികളുടെ മനസ്സു നിറയില്ല. അനുകരണങ്ങൾക്കപ്പുറമാണ് വേണുഗോപാൽ ഗാനങ്ങൾ. ഈ പാട്ടുകളെക്കുറിച്ചോ ജി.വേണുഗോപാലിനെ കുറിച്ചോ അല്ല വായിക്കാൻ പോകുന്നത്, പാട്ടുകാരനായ അച്ഛന്റെ മകന്‍ അരവിന്ദിനെക്കുറിച്ചാണ്. അടുത്തിടെയിറങ്ങിയ സൺഡേ ഹോളിഡേ എന്ന ചിത്രത്തിൽ അരവിന്ദ് പാടിയൊരു പാട്ട് ഏറെയിഷ്ടത്തോടെയാണ് നമ്മൾ കേട്ടത്.

ജി. വേണുഗോപാലിന്റെ മുൻ അഭിമുഖങ്ങളിലെല്ലാം അരവിന്ദിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഒരിടത്തും അടങ്ങിയൊതുങ്ങിയിരിക്കാത്ത വികൃതിയായ മകനെ കുറിച്ച്. ആ ചെറിയ കുട്ടി ഇന്ന് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. അഞ്ജലി മേനോന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുകയാണ് ഇപ്പോൾ. പിയാനോ പഠിച്ചിട്ടുണ്ട് അരവിന്ദ്്, വലിയൊരു സംഗീത കുടുംബത്തിന്റെ വേരുകളും ഒപ്പമുണ്ട്. എങ്കിലും സംഗീതത്തേക്കാൾ അരവിന്ദിനു കമ്പം സംവിധാനത്തോടാണ്. അതെന്തായാലും ഏതൊരു ഗായകനും സിനിമയിലേക്കെത്തുന്നതിനു പിന്നിലൊരു കഥയുണ്ടല്ലോ. പ്രത്യേകിച്ച് ഗായകന്റെ മകനാകുമ്പോൾ. ആ കഥയാണിത്.

കർണാട്ടിക് സംഗീതത്തിലും സിനിമാ സംഗീതത്തിലും തിളങ്ങി നിന്ന, നിൽക്കുന്ന പ്രതിഭകളുടെ കുടുംബമാണ് ജി. വേണുഗോപാലിന്റേത്. ജേണലിസത്തിൽ ബിരുദാനന്തര ബിരുദമുള്ള ജി.വേണുഗോപാലിലേക്കു സംഗീതമിങ്ങനെ ചേർന്നുനിൽക്കുന്നതും അതുകൊണ്ടാണ്. അമ്മയായിരുന്നു േവണുഗോപാലിന്റെ ആദ്യ ഗുരു. തിരുവനന്തപുരം വിമൻസ് കോളജിലെ സംഗീത വിഭാഗം മേധാവിയായിരുന്ന ആ അമ്മ തന്നെയാണ് അരവിന്ദിലെ സംഗീതവും തിരിച്ചറിഞ്ഞത്. മദ്രാസിലെ വേണുഗോപാലിന്റെ വീട്ടിൽ ഇടയ്ക്കെത്തുമ്പോഴെല്ലാം കൊച്ചുമകന് ചെറിയ കീർത്തനങ്ങളൊക്കെ പഠിപ്പിച്ചു നൽകിയിരുന്നു അമ്മ. 

അമ്മ പറഞ്ഞ വാക്ക്

മകനിങ്ങനെ സിനിമയിൽ പാടുമെന്നോ സംഗീതം പഠിക്കുമെന്നോ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് വേണുഗോപാലിന്റെ പക്ഷം. കാരണം ഗുരു ഇരുന്നുകൊണ്ട് പാട്ട് പഠിപ്പിച്ചപ്പോൾ അതിനോട് വലിയ മൈൻഡ് ഒന്നുമില്ലാതെ തറയിൽ കിടന്ന് കേട്ടു പഠിച്ച വിദ്യാർഥിയായിരുന്നു അരവിന്ദ്. "സിനിമപ്പാട്ടൊന്നും അമ്മയ്ക്ക് അറിയില്ലായിരുന്നു. കീർത്തനങ്ങളാണ് അതുകൊണ്ടു പാടിക്കൊടുത്തിരുന്നത്. വെറുതെ ചെയ്തതാണത്. കുറച്ചു രാഗങ്ങളൊക്കെ പറഞ്ഞുകൊടുക്കുമായിരുന്നു. എന്നിട്ട് അമ്മ പാടാൻ പറയുമായിരുന്നു. അതൊക്കെ നന്നായിട്ട് അവൻ പാടുകയും ചെയ്തിരുന്നു. അന്ന് എട്ടോ ഒമ്പതോ വയസ്സേയുള്ളൂ അവന്. അവനെ സംഗീതം പഠിപ്പിക്കണം എന്നൊന്നും അന്ന് ചിന്തിച്ചിരുന്നേയില്ല. അവരുടെ പാഷനൊപ്പം പോകട്ടെയെന്നേ കരുതിയിരുന്നുള്ളൂ. പക്ഷേ അമ്മ പറഞ്ഞു, നീ ഇവനെ സംഗീതം പഠിപ്പിച്ചില്ലെങ്കിൽ അത് നീ ചെയ്യുന്ന വലിയ തെറ്റായിരിക്കുമെന്ന്. അങ്ങനെയാണ് അവനെയും പാട്ടിലേക്കു കൈപിടിച്ചത്- വേണുഗോപാൽ പറയുന്നു. 

ഉഴപ്പിയ പഠനം, പിന്നെ പിയാനോയിലൂടെ ഒരു തിരിച്ചുവരവ്

ജി.വേണുഗോപാലിന്റെ ഗുരുവായ വൈക്കം ജയചന്ദ്രനിലൂടെയാണ് അരവിന്ദും സംഗീതം പഠിച്ചു തുടങ്ങിയിരുന്നത്. അദ്ദേഹം ചെന്നൈയിലെത്തി വേണുഗോപാലിന് ക്ലാസ് എടുക്കുമായിരുന്നു. അച്ഛന്റെ ക്ലാസ് കഴിഞ്ഞ് ആ ഗുരു മകനെ പഠിപ്പിക്കാൻ തുടങ്ങി. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പഠനത്തിന്റെ സ്ഥിതിയെന്താണെന്ന് ശരിക്കും മനസിലായത്. ഗുരു ഇരുന്ന് പാട്ട് പാടി പഠിപ്പിക്കുന്നു അരവിന്ദ് കിടന്ന് അത് പഠിക്കുന്നു. ഇങ്ങനെ പാട്ട് പഠിച്ചാൽ ശരിയാകില്ലെന്നു കരുതി അന്നു തന്നെ ക്ലാസും മതിയാക്കി. 

പിന്നീട് 2003 ൽ മദ്രാസ് ജീവിതത്തിൽനിന്നു തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് വീണ്ടും പാട്ടിനൊപ്പം ഒന്നുകൂടി മകനെ വിട്ടാലോ എന്നു ചിന്തിക്കുന്നത്. സുഹൃത്തിന്റെ കയ്യിലുള്ള ചെറിയ കീബോർഡ് വായിക്കുന്നത് കണ്ടപ്പോൾ അതിൽ താൽപര്യമുണ്ടെന്ന് തോന്നിയതോടെയായിരുന്നു അത്. താനും കൂടിയിരുന്നാൽ പഠിച്ചേക്കും എന്ന ഉപായം കണ്ടെത്തി വീട്ടിലൊരു പിയാനോയും ബിജു രാജൻ എന്നൊരു നല്ല അധ്യാപകനെയും കണ്ടെത്തി വേണുഗോപാൽ ഒരിക്കൽ കൂടി വിദ്യാർഥിയായി. ആ ഉപായം ഫലിക്കുകയായിരുന്നു പിന്നീട്. മൂന്നു മാസം കഴിഞ്ഞ് േവണുഗോപാൽ പഠനം പതിയെ മതിയാക്കുമ്പോൾ അരവിന്ദ് അക്കാര്യത്തിൽ സീരിയസ് ആയിരുന്നു. ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക്കിന്റെ പരീക്ഷ പാസായി ആദ്യ ഗ്രേഡുകൾ വളരെ വേഗം അരവിന്ദ് സ്വന്തമാക്കി. എട്ട് ഗ്രേഡ് വരെ പഠിക്കുകയും ചെയ്തു.

റാഗിങ് വഴി പാട്ടുകാരനിലേക്ക്

സംഗതി ഇതൊക്കെയാണെങ്കിലും അപ്പോഴും പൊതുസ്ഥലത്തു പാടാനോ പിയാനോ വായിക്കാനോ ഒരുക്കമായിരുന്നില്ല അരവിന്ദ്. മദ്രാസ് ക്രിസ്ത്യൻ കോളജിലേക്ക് ഡിഗ്രി പഠനത്തിന് പോയതോടെയാണ് അരവിന്ദ് അങ്ങനെയുള്ള പാട്ടുകാരനായത്. സീനിയർ വിദ്യാർഥികള്‍ക്കാണ് വേണുഗോപാൽ അതിന്റെ ക്രെഡിറ്റ് നൽകുന്നത്. 

നിന്റെ അച്ഛൻ പാട്ടുകാരനല്ലേ, നീയും ഒരു പാട്ടു പാട് എന്നു പറഞ്ഞായിരുന്നു റാഗിങ് വീരൻമാർ എത്തിയത്. വിരട്ടിലിലൊന്നും വീഴാതെ അരവിന്ദ് പാടിയതോടെ ഹോസ്റ്റലിലെ സ്ഥിരം ഗായകനായി മാറുകയായിരുന്നു. നാലു ഹോസ്റ്റലുകളാണ് അവിടെയുണ്ടായിരുന്നത്. ഹോസ്റ്റലുകൾ തമ്മിലുള്ള കലാ മത്സരത്തിൽ സ്വന്തം ഹോസ്റ്റലിനായി പാട്ടുപാടി സമ്മാനം നേടുകയും ചെയ്തു. സീനീയേഴ്സ് രൂപം നൽകിയ ബാൻഡിലെ പാട്ടുകാരനായി അരവിന്ദിന് പ്രൊമോഷനും കിട്ടി അതോടെ.

മെർവിൻ സോളമൻ എന്ന കീബോർഡ് പ്ലേയറൊക്കെയുള്ള സംഘമായിരുന്നു അത്. മെർവിൻ ഇന്ന് തിരക്കേറിയ സംഗീത സംവിധായകനാണ് ടോളിവുഡിൽ. റിഥം എക്സ് എന്നായിരുന്നു ആ ബാൻഡിന്റെ പേര്. ഐഐടി ഉൾപ്പെടെയുള്ള ക്യാംപസുകളിലേക്ക് ബാൻഡിനൊപ്പം മത്സരത്തിനു പോയി. സിനിമയിലേക്കുള്ള വഴിത്തിരിവ് അവിടെയായിരുന്നു.

ആ കഥ ഇങ്ങനെ

എല്ലാ പാട്ടുകാരും സിനിമയിലെത്തിയതിനു പിന്നിലൊരു കഥയുണ്ടാകുമല്ലോ. ഇവിടത്തെ ആ നായകൻ ശ്രീനിവാസനാണ്. ഗായകന്‍ ശ്രീനിവാസ്. അരവിന്ദ് ജേതാവായ ഒരു കലാപരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ശ്രീനിവാസന്‍. സമ്മാനമൊക്കെ നൽകി ശ്രീനിവാസൻ മടങ്ങി.

എപ്പോൾ ചെന്നൈയിലെത്തിയാലും ശ്രീനിവാസനെ വിളിക്കാറുണ്ട് ജി.വേണുഗോപാൽ. അങ്ങനെയാണ് ഒരിക്കൽ വിളിച്ചതും... ‘എടാ എന്റെ കയ്യിലൊരു പാട്ടുണ്ട്. നിന്റെ മകന്റെ വോയ്സ് അതിന് ചേരുമോ എന്നു നോക്കാം. എനിക്ക് പക്ഷേ ഇപ്പോൾ ഓകെ പറയാനാകില്ല. അതുകൊണ്ട് സിനിമയിലേക്കാണെന്ന് പറയണ്ട. നീ അവനേയും കൂട്ടി വെറുതെ ഒന്നു വാ’ എന്നു പറ‍ഞ്ഞു ശ്രീനി. ശ്രീനിവാസന്റെ വീട്ടിൽ തന്നെയുള്ള ചെറിയൊരു സ്റ്റുഡിയോയിൽ പാടി. അങ്ങനെയാണ് ജയരാജിന്റെ, ദ് ട്രെയിന്‍ എന്ന മമ്മൂട്ടി ചിത്രത്തിൽ ശ്രീനിവാസന്റെ മകളായ ശരണ്യക്കൊപ്പം അരവിന്ദ് ഒരു പാട്ടു പാടുന്നത്. ആദ്യ സിനിമാഗാനത്തിനു ശേഷം പിന്നെയും മൂന്നു നാലു ചിത്രങ്ങളിൽ അരവിന്ദ് പിന്നണി ഗായകനായി. നത്തോലി ഒരു ചെറിയ മീനല്ല, മൈ ലൈഫ് പാർട്ണർ, ഏഞ്ചൽസ് എന്നീ ചിത്രങ്ങളിലൊക്കെ പാടിയെങ്കിലും സൺ‍ഡേ ഹോളിഡേയ്സിലെ ‘മഴ പാടും’ എന്ന ഗാനമാണ് അരവിന്ദ് പാടിയ പാട്ടുകളിൽ പ്രേക്ഷകര്‍ക്ക് ഒരുപാടിഷ്ടമായത്.

പഠിത്തത്തിനിടയിലെ ഇടവേള

ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ മാസ് കമ്യൂണിക്കേഷനിൽ തുടർ പഠനം നടത്തുമ്പോൾ പാട്ടും കൂടി ഒപ്പം കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല അരവിന്ദിന്. പിന്നീട് അമേരിക്കയിലേക്ക് വീണ്ടും പഠനത്തിനായി. ഈ ഇടവേളയിലാണ് ഏഞ്ചൽസ് എന്ന ചിത്രത്തിൽ പാടുന്നതും പിന്നെയൊരു ചാനലിൽ അച്ഛനൊപ്പം ഒരു പാട്ടു പാടുന്നതും. അരവിന്ദ് അമേരിക്കയിൽ പോകുമ്പോൾ ഈ രണ്ടു പാട്ടുകളും ഇവിടെ ഹിറ്റ് ആയിരുന്നു. അമേരിക്കയിൽ നിന്ന് തിരിച്ചെത്തി സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാപ്പോഴാണ് പുതിയ പാട്ട് തേടിയെത്തുന്നത്. ദീപക് ദേവ് ആണ് സൺഡേ ഹോളിഡേയ്സിലെ ഗാനത്തിന് ഈണമിട്ടത്. ദീപകിന്റെ മറ്റൊരു ഗാനം അരവിന്ദ് പാടുന്നത് കേട്ടതോടെയാണ് പുതിയ പാട്ട് അരവിന്ദിനെ കൊണ്ടു പാടിക്കണം എന്നു തീരുമാനിച്ചത്.

കുരുത്തക്കേടുകളുടെ കാലം!

‘ഒരുപാട് കുസൃതിയുള്ള കുട്ടിയായിരുന്നു അരവിന്ദ്. ഹൈപ്പർ ആക്ടീവ്. തല രണ്ടു തവണ പൊട്ടി, കൈയിൽ മൂന്നു തവണ പ്ലാസ്റ്റർ ഇടേണ്ടി വന്നു. അത്രമാത്രം വികൃതിയായിരുന്നു. പക്ഷേ ഒരു പ്രായം കഴിഞ്ഞപ്പോൾ അതൊക്കെ മാറി. വളരെ വിജയകരമായി മ്യൂസിക്കിലേക്ക് അവനെ എത്തിക്കാനും സാധിച്ചു. കുരുത്തക്കേടുകൾക്ക് ചെലവഴിക്കുന്ന ഊർജം അതിലേക്കു വഴിമാറിയല്ലോ എന്നായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം.’- വേണുഗോപാൽ പറയുന്നു.

പാട്ടിലേക്കു വരുമെന്നു കരുതി, പക്ഷേ!

അരവിന്ദ് പാട്ടൊക്കെ നന്നായി പാടുകയും പിയാനോ വായിക്കുകയുമൊക്കെ ചെയ്യുന്നതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്ന് വേണുഗോപാൽ. ‘ഒരുപാട് നല്ല പാട്ടുകാരുള്ള കുടുംബമാണ് എന്റേത്. അടുത്ത തലമുറയിലും ഒരാൾ ആയല്ലോ എന്ന് സ്വാഭാവികമായും സന്തോഷിച്ചു. പക്ഷേ പത്താം ക്ലാസ് മുതൽക്കേ അവന് കമ്പം സിനിമയോടായിരുന്നു. വിദേശ സിനിമകളൊക്കെ കലക്ട് ചെയ്ത് അതിങ്ങനെ കണ്ടിരിക്കുകയായിരുന്നു സന്തോഷമുള്ള കാര്യം. അവന്റെ കയ്യിൽ നിന്ന് സിനിമ എടുത്ത് ഞാനും കാണുമായിരുന്നു. ഏത് സിനിമ റിലീസ് ചെയ്താലും അന്നു തന്നെ കാണും. എത്ര തള്ളു കൊണ്ടായാലും അത് കണ്ടിരിക്കും. ഷർട്ടൊക്കെ തിരക്കിനിടയിൽ കീറിപ്പോകും. അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു. അത്രയ്ക്ക് പാഷനായിരുന്നു.’ 

സന്തോഷം മാത്രം!

‘അവന്‍ പാട്ടിന്റെ വഴി പൂർണമായും തിരഞ്ഞെടുക്കാത്തതിൽ എനിക്ക് സങ്കടമൊന്നുമില്ല. എന്തു ചെയ്താലും അത് ഒരുപാട് ഇഷ്ടത്തോടെ സ്നേഹിച്ച് ചെയ്യണം എന്നേയുളളൂ. അവന് സിനിമയോട് അങ്ങനെയുള്ളൊരു ഇഷ്ടവും അടുപ്പവുമാണ്. അതു കാണുമ്പോൾ എനിക്ക് സന്തോഷമേയുള്ളൂ. ഞാൻ പറയുന്ന പോലെ എന്റെ മക്കൾ വരണം എന്നുള്ള നിർബന്ധമൊന്നുമില്ല. സംഗീതത്തിൽ ചെയ്യുന്നതെന്തും വളരെ ഭംഗിയായി ചെയ്യണമെന്നൊരു നിർബന്ധമുണ്ട്. അത്രേയുള്ളൂ. മകൾ അനുപല്ലവി ഹ്യുമാനിറ്റീസ് എടുത്ത് പ്ലസ് വണിനു പഠിക്കുന്നു. അവളെയും പിയാനോ പഠിക്കാൻ ആക്കിയെങ്കിലും ഫസ്റ്റ് ഗ്രേഡ് പോലും അവൾ എഴുതിയെടുത്തില്ല. അവൾ നന്നായി ഡാൻസ് ചെയ്യും. 

g-venugopal-and-son-photo

നാലോ അഞ്ചോ സിനിമയിൽ പാടിയെന്നു പറഞ്ഞ് നമ്മൾ എങ്ങും എത്തില്ലല്ലോ. സംഗീതത്തിൽ അവൻ ഇനിയും ഒരുപാടൊരുപാട് പഠിക്കാനുണ്ട്. അമെച്വർ ലെവൽ മാത്രമാണ്. അവന്‍ സംഗീതം ഒരു ജീവിതമാർഗം ആക്കുമെന്നൊന്നും തോന്നുന്നില്ല. ഇംഗ്ലിഷിൽ എഴുതിയാണ് മലയാളം പാടുന്നത്. അത് മാറ്റിയെടുക്കണം. ചെന്നൈയിൽ പഠിച്ചതിന്റെ പ്രശ്നമാണത്. അതുകൊണ്ട് കുറേ പുസ്തകങ്ങളൊക്കെ വാങ്ങിക്കൊടുത്തിട്ടുണ്ട് ഞാൻ. 

ഒരുപാടു പേരുടെ കാരുണ്യവും പ്രാർഥനയും ദൈവാനുഗ്രഹവും കൊണ്ടാണ് നമ്മൾ ഓരോയിടങ്ങളിൽ എത്തുന്നത്. അതുകൊണ്ട് എപ്പോഴും നമ്മൾ നേരും നെറിയും വിടാതെ ജീവിക്കണം എന്ന് അവരോടു പറയാറുണ്ട് ഞാൻ. എവിടെ ചെന്നാലും നമുക്ക് നമ്മുടെ കുടുംബമായിരിക്കണം വലുത്. താരമാകാതെ ഞാൻ ഞാനായി നിൽക്കണം എന്നാണെന്റെ ആഗ്രഹം. അവന്റെ ഫെയ്സ്ബുക്കിൽ എന്റെയും അവന്റെയും കൂടെയൊരു പടമാണ് പ്രൊഫൈൽ പിക്ചർ ആക്കിയിരിക്കുന്നത്. അതിനൊപ്പം അവന്‍ ഇട്ടിരിക്കുന്ന വാചകങ്ങളുണ്ട്. അതൊക്കെ കാണുമ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നാറുണ്ട്.’ - വേണുഗോപാൽ പറയുന്നു.

ഒരുപാടില്ലെങ്കിലും നല്ല കുറേ പാട്ടുകൾ പാടുകയും അതെന്നും മലയാളികൾ നെഞ്ചോടു ചേർത്തുവയ്ക്കുകയും ചെയ്യുന്നുവെന്നതു മാത്രമല്ല, ജി.വേണുഗോപാൽ എന്ന ഗായകനെ അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ചില കാഴ്ചപ്പാടുകളും അത് തുറന്നുപറയാൻ കാണിക്കുന്ന മനസ്സും കൊണ്ടു കൂടിയാണ്. ഈ അച്ഛന് മാത്രമല്ല അരവിന്ദിനും പറയാനുണ്ട്.

‘പാട്ട് ഒരുപാടൊരുപാടിഷ്ടമാണ് എനിക്ക്. പക്ഷേ സിനിമയോടു പാഷനാണ്. അതുകൊണ്ടാണ് സിനിമയ്ക്കൊപ്പം എപ്പോഴും നിൽക്കണം എന്നു കൊതിക്കുന്നത്. ടാലന്റ് ഉണ്ടെങ്കിലേ മറ്റെന്ത് ഘടകം നമുക്കൊപ്പമുണ്ടെങ്കിലും പിടിച്ചു നില്‍ക്കാനാകൂ. സിനിമയിൽ സംവിധായകനാകാൻ നല്ല അധ്വാനം തന്നെ വേണം. പാട്ടും ഒപ്പമുണ്ടാകും. പാടാൻ അവസരം കിട്ടിയാൽ തീർച്ചയായും പാടുക തന്നെ ചെയ്യും.’- അരവിന്ദ് പറയുന്നു

അച്ഛന്റെ പാട്ടുകളിൽ ഏതാണ് ഏറ്റവുമിഷ്ടം എന്നു ചോദിച്ചാൽ അരവിന്ദിനും കൺഫ്യൂഷനാണ്. 

‘അച്ഛൻ തന്നെ പാടുന്നതു കേൾക്കാനാണ് ഏറെയിഷ്ടം. അതുകൊണ്ട് മൂളുന്നില്ല. ഒന്നാം രാഗം പാടി, ഏതോ വാർമുകിലിൻ, മായാമ‍ഞ്ചലിൽ... അങ്ങനെയങ്ങനെ എല്ലാ പാട്ടുകളോടും ഏറെ പ്രിയം....’- അരവിന്ദ് പറയുന്നു.