Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോയിക്കോട് പാട്ടിലെ ആ വേറിട്ട സ്വരം

abhaya-hiranmayi-interview

കുപ്പിഭരണികളിൽ ചിരിക്കുന്ന നാരങ്ങാ മിഠായികളെ പോലെയാണ് ചില പാട്ടുകള്‍. വെളുത്ത മേഘമാലക്കെട്ടു മാത്രമുള്ള കടലോരത്തിന്റെ ആകാശത്ത് പാറുന്ന പട്ടങ്ങളെപ്പോലെ അവയങ്ങനെ നമ്മുടെ മനസില്‍ കൂടൊരുക്കും. ആ പാട്ടിൽ നമുക്കു പ്രിയമുള്ളതെല്ലാമുണ്ടാകും‍. കാണാന്‍ കൊതിക്കുന്ന കാഴ്ചയും നാവിന്‍ തുമ്പിലെ രുചികളും മറക്കാത്ത സ്‌നേഹവും എപ്പോഴും മൂളുന്ന പാട്ടുകൾ‍. അങ്ങനെയൊരു പാട്ടാണ് ഈ പാട്ടുകാരി പാടിയ കോഴിക്കോട് പാട്ട്.

അഭയ ഹിരണ്‍മയി, പേരു പോലെ മനോഹരവും വ്യത്യസ്തവുമായ സ്വരമുള്ള ഗായിക. ഭക്ഷണം കഴിക്കാന്‍ മാത്രം കോഴിക്കോടു പോയിട്ടുള്ള ഈ തിരുവനന്തപുരം സ്വദേശിനി, കോഴിക്കോടിനെക്കുറിച്ചൊരു പാട്ടു പാടിയതിന്റെ ത്രില്ലിലാണ്. ഇതിനകം വൈറലായിക്കഴിഞ്ഞ ഈ ‘കോഴിക്കോടൻ’ പാട്ടുകാരിയോടൊത്ത് അല്‍പനേരം...

പ്രിയമുള്ള നാട്, കോഴിക്കോട്

എനിക്കൊരുപാടു പ്രിയപ്പെട്ട നാടാണ് കോഴിക്കോട്. അവിടുന്നു വന്ന പാട്ടായാലും ആളുകളായാലും അവിടത്തെ വഴികളും ഭക്ഷണവും ഒക്കെയായാലും എന്തോ ഒരു പ്രത്യേക രസമാണ്. പിന്നെ, ഈ ഗാനം നന്നായി പാടിയതിന്റെ ക്രെഡിറ്റ് ഞാന്‍ രചയിതാവ് ബി.െക. ഹരിനാരായണനു നൽകും. അത്രമേല്‍ രസകരമായിട്ടാണ് അദ്ദേഹം ഈ വരികളെഴുതിയത്. കോഴിക്കോടിന്റെ ഭാഷാ ശൈലി അതേപടി പകർത്താൻ അദ്ദേഹത്തിനു സാധിച്ചു.

മിഠായി എന്നാണല്ലോ ശരിയായ ഉച്ചാരണം. പക്ഷേ കോഴിക്കോട്ടുകാർ പറയുന്നത് മിട്ടായി എന്നാണ്. അത് അതുപോലെ വരികളിൽ പകർത്തി. അതിനാൽ പാടാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. കോഴിക്കോടിനോടുള്ള ഇഷ്ടം കൊണ്ടു കൂടിയാണ് ആ പാട്ട് ഫീല്‍ ചെയ്ത് പാടാനായത്. എനിക്ക് ഏറെ അടുപ്പമുള്ള സുഹൃത്തുക്കൾ കോഴിക്കോടുണ്ട്.

ഭക്ഷണത്തിന്റെ കോഴിക്കോട്

പാട്ടു പോലെ ഭക്ഷണവും പ്രിയമാണെനിക്ക്. ഭക്ഷണം കഴിക്കാൻ മാത്രം കോഴിക്കോടു പോയിട്ടുണ്ട്. ‘അമ്മ മെസി’ല്‍ പോയി ചോറും മീന്‍കറിയും മീന്‍ പൊരിച്ചതും വയറു നിറയെ കഴിക്കാറുണ്ട്. ബോംബെ ഹോട്ടലിലെ കോഫിയും പലഹാരവും ഹോര്‍ലിക്‌സും; രാത്രി റഹ്മത്തില്‍ നിന്ന് ബീഫ് ബിരിയാണി. പിന്നേം സമയം ഉണ്ടെങ്കില്‍ പാരഡൈസില്‍ നിന്ന് ചിക്കന്‍ ബിരിയാണിയും. കോഴിക്കോട് ബീച്ചിലേക്കു പോകുകയാണെങ്കില്‍ അവിടെ കിട്ടുന്ന രുചികളെല്ലാം നോക്കാറുണ്ട്.

കോഴിക്കോടിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ‘ഹാപ്പിനെസിന്റെ നാടാണ്’ എന്നതാണ്. കയ്യില്‍ പൈസയൊന്നുമില്ലാതെ വണ്ടി കയറിയാലും അവിടുത്തെ കാഴ്ചകള്‍ കാണുമ്പോള്‍ മനസില്‍ അറിയാതെ സന്തോഷം നിറയും.

ഇഷ്ടപ്പെട്ടൊരു കമന്റ്...

പാട്ട് ഹിറ്റാകും എന്ന് റെക്കോര്‍ഡിങ് കഴിഞ്ഞപ്പോഴേ എല്ലാവരും പറഞ്ഞിരുന്നു. എന്നാലും ഇത്രയധികം പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. എവിടെയോ കേട്ട ഒരു കമന്റ് എനിക്ക് വല്ലാതെ ഇഷ്ടമായി. പാട്ടു കേട്ട് രോമാഞ്ചം വന്ന് എഴുന്നേറ്റു നിന്നുവത്രേ. ആ കമന്റ് എഴുതാനും വേണമല്ലോ രസികമായൊരു മനസ്സും ക്രിയാത്മകതയും.

വിചാരിച്ചിരുന്നേയില്ല, പാട്ടുകാരിയാകുമെന്ന്്

ഞാന്‍ പാടിയ അഞ്ചു ഗാനങ്ങളും ഗോപി സുന്ദറിന്റേതാണ്. അവിചാരിതമായിട്ടാണ് അദ്ദേഹം എന്റെ പാട്ടു കേള്‍ക്കുന്നത്. എന്റെ സ്വരം വ്യത്യസ്തമാണെന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് ആദ്യ ഗാനം പാടാന്‍ വിളിക്കുന്നത്. നാക്കു പെന്റ നാക്കു ടാക്കു എന്ന പാട്ടായിരുന്നു ആദ്യ സിനിമാ ഗാനം. ആഫ്രിക്കന്‍ ഭാഷയിലുള്ള പാട്ടാണത്. അതൊക്കെ പാടി ഫലിപ്പിക്കാനുള്ള ധൈര്യം തന്നത് ഗോപി സുന്ദറാണ്. ഇപ്പോഴും ഒരു ഗായിക എന്നു പരിചയപ്പെടുത്താനുള്ള ആത്മവിശ്വാസം എനിക്കില്ല. ഏതൊക്കെ പാട്ട് പാടണം, എവിടെ പാടണം എന്നൊന്നും സ്വപ്‌നം കാണാനും തുടങ്ങിയിട്ടില്ല. പാട്ട് ഇഷ്ടമാണ്, ഒരുപാട്.

എന്റെ അമ്മ ലതികയും നന്നായി പാടും. അമ്മയാണ് അഭയ ഹിരണ്‍മയി എന്നു പേരിട്ടത്. പാട്ടു പഠിച്ചു തുടങ്ങിയതും അമ്മയിൽനിന്നു തന്നെ. അച്ഛന്‍ ദൂരദര്‍ശനില്‍ പ്രൊഡ്യൂസറായിട്ടാണ് വിരമിച്ചത്. പാട്ടു പഠിക്കാൻ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. ഗായകന്‍ മിഥുന്‍ ജയരാജിന്റെ ഭാര്യ ഇന്ദുവാണ് സംഗീതം പഠിപ്പിക്കുന്നത്.

ഗോപി സുന്ദര്‍ ഗാനങ്ങള്‍ മാത്രം

വേറെ സംഗീത സംവിധായകരൊന്നും പാടാന്‍ വിളിച്ചിട്ടില്ല. തീര്‍ത്തും വ്യത്യസ്തമായ സ്വരമാണ് എന്റേതെന്ന് അഭിപ്രായം കേട്ടിട്ടുണ്ട്. അതിന്റെ ദോഷങ്ങളും ഗുണങ്ങളുമുണ്ട്. എല്ലാ ഗാനങ്ങളും എനിക്കു പാടാനാകില്ല. ചിത്രമ്മ (കെ.എസ്.ചിത്ര) പാടിയ പാട്ട് എന്റെ സ്വരത്തില്‍ കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് അംഗീകരിക്കാന്‍ കഴിയണം എന്നില്ല. എങ്കിലും കുറേ നല്ല പാട്ടുകള്‍ പാടാനാകും എന്ന പ്രതീക്ഷയുണ്ട്.

എല്ലാ പാട്ടും ഇഷ്ടം

ഞാന്‍ എല്ലാത്തരം ഗാനങ്ങളും ഇഷ്ടപ്പെടുന്നയാളാണ്. വെസ്റ്റേണ്‍, ഈസ്റ്റേണ്‍, ക്ലാസിക്കല്‍... അങ്ങനെയെല്ലാം. എല്ലാത്തരം ഗാനങ്ങളും കേള്‍ക്കാറുണ്ട്. കര്‍ണാടിക് സംഗീതമാണു പഠിക്കുന്നത്.

ഗോപി സുന്ദര്‍ എന്ന സംഗീത സംവിധായകന്‍!

സാങ്കേതികത ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ റെക്കോര്‍ഡിങ് ഒക്കെ വളരെ പെട്ടെന്ന് കഴിയും. മിക്കപ്പോഴും ആദ്യ ടേക്കില്‍ തന്നെ ഓകെ എന്നു പറയും. നമുക്ക് വീണ്ടും ടേക്ക് വേണം എന്നു തോന്നിയാല്‍ പോലും അങ്ങനെ പറയാറില്ല. അങ്ങനെ പറയാത്തത് നമ്മുടെ ശബ്ദത്തിന്റെ സ്വാഭാവികത അതേപടി കിട്ടാനാണ്. എന്നിട്ട് ആ സ്വരത്തില്‍ സാങ്കേതികതയും കൂട്ടിച്ചേര്‍ത്ത് സ്വാഭാവിക ഭംഗി നഷ്ടപ്പെടാതെ അതിശയപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്തി കേള്‍പ്പിച്ചു തരും. അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ പാടുന്നതു തന്നെ വളരെ സന്തോഷമാണ്. പാടിക്കഴിഞ്ഞ് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ ആത്മവിശ്വാസം ഉയർന്നിരിക്കും.

പ്രിയപ്പെട്ട ഗോപി സുന്ദര്‍ ഗാനങ്ങള്‍

ഓരോ പാട്ടായിട്ട് അങ്ങനെ പറയാന്‍ കഴിയില്ല. അദ്ദേഹം ഈണമിട്ട മിക്ക പാട്ടുകളും എനിക്കിഷ്ടമാണ്. സിനിമകള്‍ പറയാം. ചാര്‍ലി, ബാംഗ്ലൂര്‍ ഡെയ്‌സ്, അന്‍വര്‍, ഉദാഹരണം സുജാത, ഉസ്താദ് ഹോട്ടല്‍. ഈ ചിത്രങ്ങളിലെ എല്ലാ പാട്ടുകളും എനിക്കു പ്രിയപ്പെട്ടതാണ്.