Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പയ്യെ വീശുന്ന' കാറ്റു പോലൊരു സ്വരം

ashwin-gopakumar

ചെവിയിൽ ഒരു നനുത്ത കാറ്റുപോലെ നിറയുന്നുണ്ട് ആനന്ദത്തിലെ പയ്യേ വീശും കാറ്റ് എന്ന ഗാനം. മൊബൈലിലെ മ്യൂസിക് പ്ലേ ലിസ്റ്റിൽ ലൂപ് മോഡിലുള്ള ഗാനങ്ങളിലൊന്ന്. യുവാക്കളുടെ ചുണ്ടിൽ നിറഞ്ഞു  നിൽക്കുന്ന പാട്ട്. ഗായകൻ അശ്വിൻ ഗോപകുമാറിന് ഈ പാട്ടുനൽകുന്ന സന്തോഷം ചെറുതല്ല. വെൻ ചായ് മെറ്റ് ടോസ്റ്റ് എന്ന ബാൻഡിന്റെ ഫ്രണ്ട് മാൻ. എൻജിനീയറിങ്ങിന്റെ വഴിയിൽ നിന്നു പാട്ടിന്റെ ലോകത്തെത്തിയ അശ്വിൻ തന്റെ പാട്ടുലോകത്തെക്കുറിച്ച്. 

സംഗീതമെന്ന സന്തോഷം

അച്ഛനും  അമ്മയുമെല്ലാം  സംഗീതത്തിന്റെ  ഇഷ്ടക്കാരാണ്. ചെറുപ്പത്തിൽ കർണാടിക് സംഗീതം പഠിക്കാൻ വിട്ടിരുന്നെങ്കിലും അതൊന്നും വലിയ കാര്യമായി എടുത്തിരുന്നില്ല. സത്യത്തിൽ 12ാം ക്ലാസിലെത്തിയപ്പോഴാണു പാട്ടിന്റെ ലോകം കൂടുതലായി കേട്ടു തുടങ്ങിയത്. സ്കൂളിൽ ഒരു ബാൻഡുണ്ടായിരുന്നു. അവർക്കു വേണ്ടി പലപ്പോഴും പാടാൻ കൂടി. ബാൻഡിലെ സുഹൃത്തുക്കളാണു റോക്കും മെറ്റലുമെല്ലാം  പരിചയപ്പെടുത്തുന്നത്. വെസ്റ്റേൺ മ്യൂസിക്കിന്റെയും  റോക്കിന്റെയുമെല്ലാം ലോകം കൂടുതൽ അടുത്തു. പാട്ടും സംഗീതവുമെല്ലാം അറിയുന്നതും അങ്ങനെയാണ്. 

പാട്ടിന്റെ എൻജിനീയറിങ്

തിരുവനന്തപുരം പാപ്പനംകോട് എസ്‌സി‌ടി കോളജിലാണ് എൻജിനീയറിങ് പഠിച്ചത്. സത്യത്തിൽ പാട്ടിന്റെ വഴിയിലൂടെയാണ് ആ നാലു വർഷവും സഞ്ചരിച്ചത്. ബാൻഡ് പെർഫോമൻസ്,പുതിയ പാട്ടുകളുടെ എഴുത്ത്, സ്റ്റേജ് ഷോകൾ ഓർഗനൈസ് ചെയ്യുക. അങ്ങനെ പല വഴികൾ. പലതരം പാട്ടുകൾ കൂടുതലായി ചെവിയിലെത്തിയത് ആ നാളുകൾ. എൻജിനീയറിങ് പഠനം പൂർത്തിയായതോടെ  പാട്ടാണു ലോകമെന്നു തിരിച്ചറിഞ്ഞു. തുടർന്നു പോണ്ടിച്ചേരിയിലെ സ്വർണഭൂമി അക്കാദമി ഓഫ് മ്യൂസിക്കിൽ ആറുമാസം പഠനം. പിന്നീടു യുഎസിലെ ലോസാഞ്ചൽസിൽ മ്യൂസിക് മാനേജ്മെന്റ് പഠിക്കാൻ ചേർന്നു. അങ്ങനെ മ്യൂസിക്കിന്റെ സുന്ദര ലോകത്തേക്ക്. 

പാട്ടിലെ കൂട്ട് 

ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം പല കമ്പനികൾക്കും വേണ്ടി പല ജോലികൾ ചെയ്തു. കൗണ്ടർ കൾച്ചർ, അൺമ്യൂട്ട് , കൊച്ചിയിലെ സ്പ്രിങ്ങർ. മ്യൂസിക് ബാൻഡുകൾക്കു വേണ്ടി സോഷ്യൽ മീഡിയ മാർക്കറ്റിങ്, ഷോ ബുക്കിങ്, ആർട്ടിസ്റ്റിക് മാനേജർ അങ്ങനെ പല ജോലികൾ. ഇതിനിടെ പലർക്കും വേണ്ടി പാട്ടുകൾ പാടുകളും എഴുതുകയുമെല്ലാം ചെയ്തിരുന്നു. കൊച്ചിയിലെ സ്പ്രിങ്ങർ  സ്റ്റുഡിയോയിൽ വച്ചാണു അച്യുത് ജയഗോപാലിനെ പരിചയപ്പെടുന്നത്. അച്യുതിന്റെ ഒരു സോളോ ആൽബത്തിനു വേണ്ടി ഒപ്പം പ്രവർത്തിക്കുകമ്പോഴായിരുന്നുവത്.   ആൽബത്തിലെ ഒരു പാട്ട് ഞാൻ പാടി. ഞങ്ങളുടെ സംഗീതങ്ങൾക്ക് ഏറെ സാമ്യമുണ്ടെന്നു കണ്ടതോടെ  ഒരുമിച്ചു  പ്രവർത്തിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. അങ്ങനെയാണു വെൻ ചായ് മെറ്റ് ടോസ്റ്റ് എന്ന ബാൻഡ് ആരംഭിക്കുന്നത്. ആനന്ദത്തിന്റെ സംവിധായകൻ ഗണേശ് രാജിന്റെ ഒരു കൂട്ടി ചോദ്യം എന്ന ഷോർട്ട് ഫിലിമിനു വേണ്ടി ഒരു ചെറിയ പാട്ടു ചെയ്തിരുന്നു അക്കാലത്ത്. 

സുന്ദരലോകം

ബാൻഡ് എങ്ങനെ മുന്നോട്ടു പോകുമെന്നൊന്നും ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. മ്യൂസിക് മോജോയ്ക്കു വേണ്ടി ചെയ്ത ബ്യൂട്ടിഫുൾ വേൾഡ് എന്ന പാട്ട് ഹിറ്റായതോടെയാണു  ബാൻഡ് ശ്രദ്ധ നേടിയത്. ഒരിക്കലും  പ്രതീക്ഷിച്ചിരുന്നില്ലത്. പക്ഷെ ഏറെ ഹിറ്റായി. പിന്നീടു പല ഗാനങ്ങളും പുറത്തെത്തി. വെൻ ചായ് മെറ്റ് ടോസ്റ്റിനെ കൂടുതൽ ആളുകൾ കേട്ടു. കേട്ടവർ മറ്റുള്ളവരോടു പറഞ്ഞു. ഏറെ സ്റ്റേജ് ഷോകൾ. ആദ്യ ഇപി ലോഞ്ച് ചെയ്യുന്നതിനു മുൻപുള്ള ജോയ് ഓഫ് ലിറ്റിൽ തിങ്സ് എന്ന ടൂറിലാണിപ്പോൾ. 

സ്വർഗരാജ്യത്തിലെ  ദുബായ് പാട്ട്

ബ്യൂട്ടിഫുൾ വേൾഡ് ഹിറ്റായതിനു പിന്നാലെ ഒരു സിനിമയ്ക്കു വേണ്ടി ക്ഷണമെത്തിയിരുന്നു. പക്ഷെ ഞാൻ ആ സമയം യുഎസിലായിരുന്നതിനാൽ അതു ചെയ്യാൻ പറ്റിയില്ല. ബ്യൂട്ടിഫുൾ വേൾഡ് ഇഷ്ടപ്പെട്ടെന്നു  വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു. വീനീത് അതു ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്തു. ജേക്കബിന്റെ സ്വർഗരാജ്യത്തിനു വേണ്ടി ഒരു ഇൻട്രോ സോങ് ഇംഗ്ലീഷിലുള്ളതു വേണമെന്ന ആവശ്യവുമായി വിനീതാണ് ഒരു ദിവസം വിളിക്കുന്നത്. പാട്ടിന്റെ വരികൾ എഴുതാനായിരുന്നു ആവശ്യം. അച്യുതുമൊത്താണു ഷാൻ റഹ്മാന്റെ സ്ഥലത്തെത്തിയത്. ട്യൂൺ കേട്ട് പാട്ടെഴുതി. പാട്ടൊന്നു പാടാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ  പാടുകയും ചെയ്തു. പക്ഷെ സിനിമയ്ക്കു വേണ്ടി മറ്റാരോ ആണു പാട്ട് പാടുന്നതെന്നാണു കരുതിയിരുന്നത്. പാട്ടാരാ പാടുന്നതെന്നു ചോദിച്ചപ്പോൾ  അതു നീയല്ലേ പാടിയതെന്നായിരുന്നു വിനീതിന്റെ  പ്രതികരണം. സത്യത്തിൽ ഏറെ അത്ഭുതപ്പെട്ടു പോയി. അവിചാരിതമായി  സിനിമയിൽ പാട്ടുകാരനായ വ്യക്തിയാണ് ഞാൻ. 

പതിയെ വീശിയെത്തിയ കാറ്റ്

ആനന്ദത്തിലെ ഗൗതം എന്ന കഥാപാത്രം ഒരു മെറ്റൽ ഹെഡാണ്. ആ കഥാപാത്രത്തിനു പറ്റിയ ചില ട്യൂണുകൾ തയാറാക്കുന്നതിന്റെ ഭാഗമാണു സച്ചിൻ വാര്യർ എന്നെ ആദ്യം വിളിക്കുന്നത്. ഒരു പാട്ടുണ്ട്, പിന്നീടു പറയാമെന്ന് അപ്പോൾ സൂചിപ്പിച്ചിരുന്നു. ഒരു മാസത്തിനു ശേഷം വിളിച്ച് പയ്യെ വീശും കാറ്റിന്റെ കാര്യം പറഞ്ഞു. മലയാളം പാട്ടാണ് ഞാൻ‌ വേണോ എന്നു സച്ചിനോടു ചോദിച്ചെങ്കിലും വിട്ടില്ല. നീ നന്നായി മലയാളം  പറയുന്നുണ്ട്, അതു ധാരാളമാണെന്നു സച്ചിൻ പറഞ്ഞ ഉറപ്പിലാണു സ്റ്റുഡിയോയിലെത്തിയത്. പക്ഷെ പാട്ട് വലിയ ഡിഫിക്കൽറ്റിയായില്ല. ശാന്തമായ പാട്ടിന്റെ ഈണത്തിനൊപ്പം നിൽക്കുന്ന വരികളാണ് അതിന്റെ പ്രത്യേകത. സച്ചിൻ നന്നായി പാട്ടു  പറഞ്ഞു തന്നു. എനിക്ക് എന്റേതായ സ്പേസ് തന്നു. ആ പാട്ടിന്റെ മികവ് അതു തന്നെയാണ്. സ്നേഹയുടെ ശബ്ദവും പാട്ടിനെ  മികച്ചതാക്കി. താഴ്ന്ന സ്ഥായിലുള്ള വരികൾ  സ്നേഹ പാടിയിരിക്കുന്നത് കേട്ട് ഞാൻ പോലും അത്ഭുതപ്പെട്ടു പോയി.  ആൽബത്തിലെ മറ്റു പാട്ടുകളും എത്ര സുന്ദരമായാണ് സച്ചിൻ തീർത്തിരിക്കുന്നത്. പാട്ടിനെക്കുറിച്ച് എല്ലാവരും നല്ലതു പറയുമ്പോൾ ഏറെ സന്തോഷം. 

ഹാപ്പി മ്യൂസിക്ക്

വെൻ ചായ് മെറ്റ് ടോസ്റ്റിലെ പാട്ടുകളെ ഹാപ്പി മ്യൂസിക് എന്ന വിഭാഗത്തിൽപ്പെടുത്താനാണ് എനിക്കിഷ്ടം. എല്ലാത്തരം പാട്ടുകളും ഞാൻ ആസ്വദിക്കാറുണ്ട്. മെറ്റൽ ഹെഡാണ് ഞാൻ. എന്റെ മ്യൂസിക് പ്ലയറിലെ പ്ലേ ലിസ്റ്റിൽ ഏറ്റവും ലേറ്റസ്റ്റ് മെറ്റൽ റോക്കുകളുണ്ട്. പോണ്ടിച്ചേരിയിലെ പഠനകാലത്ത് ജാസ് സംഗീതം ഞാൻ പഠിച്ചിട്ടുണ്ട്. യുഎസിലെ ജീവിതം പോപ്പ് ഗാനങ്ങളുടെ ലോകമാണ് കൂടുതൽ പരിചയപ്പെടുത്തിയത്. പക്ഷെ ഞങ്ങളുടെ സംഗീതം വേറിട്ടു  നിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, ഒരു ഫോക്ക് റോക്കിന്റെ ടച്ചുള്ള ഹാപ്പി മ്യൂസിക് രൂപപ്പെടുന്നത് അങ്ങനെയാണ്. നവംബർ പകുതിയോടെ ഇപി ലോഞ്ച് ചെയ്യും. ആറു പാട്ടുകളുള്ള ആൽബം. രണ്ട് സിനിമകളിൽ നിന്നു വിളി വന്നിട്ടുണ്ട്. പക്ഷെ ഒന്നും ഉറപ്പിച്ചിട്ടില്ല. വെൻ ചായ് മെറ്റ് ടോസ്റ്റ് ഇത്തവണ എൻഎച്ച് സെവൻ വീക്കെൻഡറിലുണ്ട്. അതു മറ്റൊരു സന്തോഷം.