Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമര്‍ശകരെ ആരാധകരാക്കി മാറ്റിയ മുക്കത്തേ പെണ്ണ്

Gopi Sunder ഗോപി സുന്ദര്‍

സമാനതകളില്ലാത്ത പ്രണയ ചേരുവയുടെ ഈണമാണ് എന്ന് നിന്റെ മൊയ്തീനിൽ പെയ്തിറങ്ങിയത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രനും രമേശ് നാരായണനും ഗോപി സുന്ദറും ഒന്നിച്ചപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് എന്നെന്നും മനസ്സിനെ ആര്‍ദ്രമാക്കുന്ന ഒരുപിടി നല്ല ഗാനങ്ങളാണ്‌. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും മുക്കത്തേ പെണണ്‍ എന്ന ഗാനവും കമ്പോസ് ചെയ്‌തത് ഗോപിസുന്ദറാണ്‌. ഒരു നിയോഗം പോലെ തന്നിലേക്ക് എത്തിയ ആ ഗാനത്തെക്കുറിച്ച്, റെക്കോര്‍ഡിങ് വേളയില്‍ ഉടനീളം തനിക്ക് അനുഭവപ്പെട്ട മൊയ്തീന്‍റെ അദൃശ്യ സാന്നിധ്യത്തെക്കുറിച്ച്, തന്‍റെ പുതിയ പ്രൊജക്റ്റുകളെക്കുറിച്ചൊക്കെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ വാചാലാനാകുന്നു.

‘എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ

മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ

എന്നിലെ ഇഷ്ഖിന്‍റെ നൂറേ...

ആരും കാണാ ഒളിയും നീയേ

എന്‍റെ കിതാബിലെ പെണ്ണേ...’

മൊയ്തീന്‍റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയത്തെ വികാരവായ്പ്പോടെ ഏറ്റുവാങ്ങിയ പ്രേക്ഷകര്‍ ഈ ഗാനത്തെയും ഹൃദയത്തിലേറ്റി കഴിഞ്ഞു. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ ഒരു പ്രണയനൊമ്പരമായി ഈ ഗാനം അനുയാത്ര നടത്തുന്നു.

വിമര്‍ശകരെ പോലും ആരാധകരാക്കി മാറ്റിയ മുക്കത്തേ പെണ്ണ്

ഞാന്‍ എപ്പോഴും പറയാറുണ്ട് എന്‍റെ ശക്തി ഒരേസമയം എന്‍റെ സംഗീതത്തിന്‍റെ വിമര്‍ശകരും ആരാധകരുമാണെന്ന്. എന്‍റെ പാട്ടുകളെ വിമര്‍ശിച്ചപ്പോഴും പരിഹസിച്ചപ്പോഴും അതിനെ അസഹിഷ്ണതയോടെ കണ്ടിട്ടില്ല. നീ പോയി പണി നോക്കേടാ എന്നും പറഞ്ഞിട്ടില്ല. വിമര്‍ശനങ്ങള്‍ക്കുള്ള ഉത്തരം വാചക കസര്‍ത്താണെന്ന് കരുതുന്നില്ല. ഞാന്‍ മറുപടി പറയുന്നത് എന്‍റെ പ്രവൃത്തിയിലൂടെ എന്‍റെ സംഗീതത്തിലൂടെയാണ്. ഒരു പരിധിയിലധികം എനിക്കു നേരേ ഉയര്‍ന്ന വിമര്‍ശനങ്ങളെ നിശബ്ദമാക്കാന്‍ മുക്കത്തെ പെണ്ണേ എന്ന പാട്ടിനു കഴിഞ്ഞിട്ടുണ്ട്.

FB Post

‘വാതിലില്‍ ആ വാതിലില്‍’, ‘ഖല്‍ബിലെത്തി’, ‘മുക്കത്തേ പെണ്ണേ’ ഹിന്ദുസ്ഥാനി, സൂഫി ടച്ചുള്ള ഗാനങ്ങള്‍ ചെയ്യുമ്പോള്‍ പ്രത്യേക ഫീലാണല്ലോ?

അങ്ങനെ പറയാന്‍ പറ്റില്ല. ഹിന്ദുസ്ഥാനിയും സൂഫി ടച്ചും ഒന്നുമില്ലാത്ത എന്‍റെ ഗാനങ്ങളും ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകുമ്പോള്‍ പാട്ടിന്‍റെ റീച്ച് കൂടുന്നു. സൂഫിസത്തിനൊ ഹിന്ദുസ്ഥാനിക്കോ പ്രധാന്യമുള്ള സിനിമകളില്‍ നല്ല ഗാനങ്ങള്‍ പിറവിയെടുത്തേക്കാം. പക്ഷേ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയാല്‍ ചിലപ്പോള്‍ ആ പാട്ടുകള്‍ക്ക് റീച്ച് ലഭിക്കണമെന്നില്ല.

പിന്നെ പണ്ടു മുതല്‍ക്കേ എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള സംഗീത സംവിധായകന്‍ എം.എസ് ബാബുരാജാണ്. ബാബുക്കയുടെ ഹിന്ദുസ്ഥാനി ടച്ചുള്ള ഗാനങ്ങള്‍ നിരന്തരം കേട്ടത്തിന്‍റെ സ്വാധീനവും എന്‍റെ സംഗീതത്തിലുണ്ടായിരിക്കും.

‘എന്ന് നിന്‍റെ മൊയ്തീന്‍’ മറ്റു ചിത്രങ്ങളില്‍ നിന്ന് എങ്ങനെയാണ് വ്യത്യസ്ത അനുഭവമാകുന്നത്?

മൊയ്തീന്‍റെ പ്രത്യേകത അതൊരു കെട്ടുകഥയല്ല മറിച്ച് അതിലെ ഓരോ കഥാപാത്രങ്ങളും ജീവിച്ചിരുന്നവരോ ഇപ്പോഴും ജീവിച്ചിരിക്കുന്നവരുമാണ്. അതിന്‍റെയൊരു നന്മയും സ്വാഭവികതയും സിനിമയിലും പ്രതിഫലിക്കുന്നുണ്ട്. വളരെ വിരളമായിട്ടെ അത്തരം സിനിമകള്‍ ഉണ്ടാകുന്നുള്ളു.

എന്നെ സംബന്ധിച്ചിടത്തോളം മൊയ്തീന്‍ ഒരു നിയോഗമായിരുന്നു. മൊയ്തീന്‍റെ പാട്ടുകളൊരുക്കാന്‍ ആദ്യം പൃഥ്വിരാജ് എന്നെയാണ് സമീപിക്കുന്നത്. പക്ഷേ അന്ന് ബംഗ്ലളൂര്‍ ഡേയ്സിന്‍റെ തിരക്കിലായിരുന്നു. പിന്നീട് ബന്ധപ്പെടുമ്പോള്‍ അവര്‍ സംഗീത സംവിധായകരെ തീരുമാനിച്ചു കഴിഞ്ഞിരുന്നു. പിന്നെ പശ്ചാത്തല സംഗീതം ഒരുക്കാന്‍ അവസരം ലഭിച്ചു. സിനിമയുടെ ഒരു ഭാഗത്ത് വല്ലാത്ത ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു. ആ സമയത്ത് ആര്‍.എസ്. വിമലും പൃഥ്വിരാജും പെട്ടെന്ന് ഒരു ഗാനം ഒരുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

റീറെക്കോര്‍ഡിങില്‍ ചില ഹമ്മിങുകള്‍ പാടാന്‍ വേണ്ടി വന്ന മുഹമ്മദ് മക്ബൂല്‍ മാത്രമാണ് സ്റ്റുഡിയോയില്‍ ഉള്ളത്. അദ്ദേഹത്തോട് എന്തെങ്കിലും എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു നിയോഗം പോലെയാണ് മക്ബൂല്‍ ആ ഗാനം എഴുതുന്നതും പാടുന്നത്. എല്ലാം അഞ്ചു മിനിറ്റില്‍ സംഭവിക്കുകയായിരുന്നു. ദൈവികമായ ഒരു ഇടപെടല്‍ അനുഭവിച്ചറിയുന്ന നിമിഷങ്ങളാണ് അവ. ഇത് ഹൃദയത്തില്‍ നിന്നുണ്ടായ ഈണമാണ് അത് ഹൃദയത്തില്‍ നിന്ന് ഹൃദയങ്ങളിലേക്ക് യാത്ര ചെയ്യുമെന്ന് എനിക്ക് തീര്‍ച്ചയായിരുന്നു.

മുക്കത്തേ പെണ്ണേ...

ചിത്രത്തിന്‍റെ കംപോസിഷന്‍ സമയങ്ങളില്‍ ഉടനീളം മൊയ്തീന്‍റെ അദൃശ്യ സാന്നിധ്യം സ്റ്റുഡിയോയില്‍ ഞാന്‍ അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. ഉസ്താദ് ഹോട്ടലിനു ശേഷം ഒരു സംഗീത സംവിധായകന്‍ എന്ന നിലയില്‍ എന്നെ ഏറ്റവും ഹോന്‍ഡ് ചെയ്തിട്ടുള്ള ചിത്രവും എന്ന് നിന്‍റെ മൊയ്തീനാണ്.

മൊയ്തീന്‍റെ റെക്കോര്‍ഡിങ് വേളയില്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‍റെ കണ്ണില്‍ നിന്ന് കുന്നികുരുവോളം കണ്ണീര്‍ പൊടിയുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ആഹ്ലാദമുണ്ട്. ആ ഓരോ കണ്ണീര്‍തുള്ളിയും എനിക്ക് ഓസ്കാറാണ്.

പുതിയ പ്രൊജക്റ്റുകള്‍

തെലുങ്കില്‍ നിന്ന് കൈനിറയെ ചിത്രങ്ങളാണ്. പ്രേമത്തിന്‍റെ തെലുങ്ക് റീമേക്കില്‍ സംഗീതം നിര്‍വ്വഹിക്കുന്നത് ഞാനാണ്. നാഗാര്‍ജുനയും കാര്‍ത്തിയും ഒന്നിക്കുന്ന ഓപിരി(തെലുങ്ക്) അതിന്‍റെ തമിഴ് പതിപ്പ് തോഴാ എന്നിവയിലും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. നാഗചൈതന്യയുടെ രണ്ട് സിനിമകളിലും സംഗീതം ചെയ്യുന്നുണ്ട്. റിലീസായ നാനിയുടെ പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മലയാളത്തില്‍ ആക്ഷന്‍ ഹീറോ ബിജുവിന്‍റെ പശ്ചാത്തലം സംഗീതം ഒരുക്കുന്നു. ലാലട്ടേന്‍റെ പുലിമുരുകന്‍ ദുല്‍ഖറിന്‍റെ ചാര്‍ളി എന്നിവയാണ് റിലീസിങിനു തയ്യാറെടുക്കുന്ന മറ്റു ചിത്രങ്ങള്‍. പുലിമുരുകനില്‍ ജാനകിയമ്മയുടെ ഒരു മനോഹര ഗാനമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.