Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റുമ്മേൽ പതുങ്ങി പറന്നു വന്നു കൂടുകൂട്ടിയവൻ

hisham-abdul-wahab

അനുവാദമൊന്നും ചോദിക്കാതെ അപ്പുപ്പൻതാടി പോലെ വന്ന് കൂട്ടുകൂടുന്ന പാട്ടുകൾ. കെട്ടുപിണഞ്ഞ വരികളും സങ്കീർണമായ ഈണങ്ങളുമില്ലാത്ത പാട്ടുകൾ. അങ്ങനെ ചുണ്ടത്തെപ്പോഴും ഒരു മൂളിപ്പാട്ടായി കൂടുകൂട്ടുന്ന പാട്ട്. കാറ്റുമ്മേൽ....എന്ന തുടങ്ങുന്ന പാട്ടും അങ്ങനെയാണ്. പാടത്തൂടെ മഞ്ഞുതൊട്ട തൊടികളിലൂടെ പായൽ പിടിച്ച ഓടിലൂടെ പഴമയുടെ കഥ പറഞ്ഞ് കളിച്ചു തിമർത്ത കുട്ടിക്കാലത്തേയും അതിന്റെ കളിക്കൂട്ടുകാരനായിരുന്ന ഗ്രാമത്തേയും ഓർമയിലേക്ക് കൊണ്ടുവന്ന പാട്ട്. വരികൾക്ക് ഈണം നൽകിയത് ഹിഷാം അബ്ദുൽ വഹാബെന്ന നവ സംഗീതജ്ഞനാണ്. സൗണ്ട് എഞ്ചിനീയറിങും റിയാലിറ്റി ഷോയും മ്യൂസിക് ആൽബവുമൊക്കെയായി സംഗീത ലോകത്ത് നേരത്തേ സ്ഥാനമുറപ്പിച്ചു ഹിഷാം. പാട്ടുകൂട്ടു വന്ന വഴിയെ കുറിച്ച് ഹിഷാം പറയുന്നു...

നാലു ചുവരുകൾക്കുള്ളിലെ സംഗീത ലോകം

ഒരു പാട്ടു കേട്ടാൽ അത് കേട്ട് കഴിഞ്ഞ വഴിയിലേക്ക് ഉപേക്ഷിച്ചു പോകുമായിരുന്നില്ല. കുഞ്ഞിലേ മുതൽക്കേ എന്തോ അങ്ങനെയാണ്. പാട്ട് ഒരേ സമയം ഒരാസ്വാദനവും അതുപോലെ ഒരു പഠന വസ്തുവുമായിരുന്നു. എന്റർടെയിൻമെന്റ് എന്നിതിനപ്പുറം ഒരു പാഷൻ ആയിരുന്നു പാട്ടുകൾ. പാട്ടു തന്നെയാണ് ജീവിതത്തിലെന്ന് തീരുമാനിച്ചിരുന്നു അന്നേ. ഓരോ പാട്ടു കേൾക്കുമ്പോഴും അതിന്റെ സംഗീതവും ഉപയോഗിച്ചിരുന്ന വാദ്യോപകരണങ്ങളുമൊക്കെ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ നാലു വർഷമായി സംഗീത സംവിധാനത്തിൽ ശ്രദ്ധിക്കുകയായിരുന്നു. സൗദിയിലായിരുന്നു പ്ലസ് ടു വരെ പഠിച്ചത്. നാട്ടിലെ സ്വാതന്ത്ര്യമൊന്നും ഒരിക്കലും അവിടെ കിട്ടില്ലല്ലോ. എങ്കിലും പാട്ട് പഠിക്കാൻ കഴിയുന്ന കേൾക്കാൻ കഴിയുന്ന ഒരവസരവും പാഴാക്കിയില്ല. ഒരുപക്ഷേ ആ സാഹചര്യത്തിൽ ജീവിച്ചതുകൊണ്ടാകാം ഇത്രയേറെ പാട്ടുകൾ കേൾക്കാൻ ആർജ്ജവുമുണ്ടാക്കിയത്.

വിശ്വസിച്ചതിന് നന്ദി

സൗണ്ട് എഞ്ചിനീയറിങ് പഠനവും ഒരാൽബം സ്വന്തമായി ചെയ്തതിന്റെ ആത്മവിശ്വാസവും വച്ച് ഒട്ടേറെ സംവിധായകർക്ക് ബയോഡേറ്റ അയച്ചിരുന്നു. പക്ഷേ പുതിയൊരു ആളിന്‍റെ കയ്യിൽ സംഗീത സംവിധാനം ഏൽപ്പിക്കാനുള്ള ധൈര്യം അവർക്കില്ലായിരുന്നു. ഇങ്ങനെ കുറേ നല്ല പാട്ടുകൾ ചെയ്യാനായതിന്റെ ക്രെഡിറ്റും നന്ദിയും മുഴുവനും രാജേഷ് നായർക്കാണ്.

കാറ്റുമ്മേൽ അവസാനമെത്തിയത്

കാറ്റുമ്മേൽ ആദ്യം ചിത്രത്തിലുണ്ടായിരുന്നില്ല. അവസാന നിമിഷമാണ് ആ പാട്ട്കൂടി ഉൾപ്പെടുത്തിയത്. അത് ഞാൻ തന്നെ പാടി. സത്യത്തിൽ പാടണമെന്ന് വിചാരിച്ചിരുന്നില്ല. സാഹചര്യം പാട്ടുകാരനാക്കി എന്നു പറഞ്ഞാൽ മതിയല്ലോ.

റഹ്മാനും സാമി യൂസഫും

റഹ്മാന്റെ പാട്ടുകളാണ് സംഗീത സംവിധാനമെന്ന മാന്ത്രികതയെ പരിചയപ്പെടുത്തിയത്. ആ സംഗീതത്തിന് പകരവയ്ക്കാനൊന്നില്ല. സാമി യൂസഫെന്ന പ്രതിഭയോടൊപ്പമുള്ള പരിചയ സമ്പന്നതയും പാട്ടുവഴികളിൽ ആത്മവിശ്വാസം തന്നു. അദ്ദേഹത്തിന്റെ സൗണ്ട് എഞ്ചിനീയറായിരുന്നു ദുബായിൽ. ഇപ്പോഴും വർക്കുകൾ ചെയ്തുകൊടുക്കാറുണ്ട്. സൗണ്ട് എഞ്ചിനീയറായിരുന്നെങ്കിലും സംഗീതത്തെ കുറിച്ച് കുറേ അറിവുകൾ അദ്ദേഹം തന്നു.

ആദ്യ പാട്ടിലെ പെടാപ്പാടുകൾ

വെല്ലുവിളി നിറഞ്ഞതു തന്നെയായിരുന്നു ആദ്യ പാട്ട്. എല്ലാവർക്കും പാടി നടക്കാൻ കഴിയുന്ന വളരെ ലളിതമായ ഈണം നൽകണമെന്ന നിർബന്ധമുണ്ടായിരുന്നു. അത് തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പിന്നെ നമ്മളെ ലോകത്തിന് പരിചയപ്പെടുത്തേണ്ടത് ഈ പാട്ടിലൂടെയല്ലേ...അതു മറ്റൊരു പ്രശ്നവും. രണ്ടും അത്യാവശ്യം നന്നായി പരിഹരിക്കാനായെന്ന് കരുതുന്നു.

മേരി ദുവാ യിൽ നിന്ന് കാറ്റുമ്മേൽ വരെ

സംഗീത സംവിധാനത്തിലെ തുടക്കം മേരി ദുവായെന്ന വീഡിയോ ആണ്. അതൊരു ചെറിയ വീഡിയോ സോങ് ആയിരുന്നു. പിന്നീട് പതിനൊന്നു പാട്ടുകളടങ്ങിയ ഖദം ബദ്ഹായെന്ന ആൽബമിറക്കി. പതിനൊന്നു പാട്ടുകളടങ്ങിയ ആൽബം സംഗീത ജീവിതത്തിലെ എക്കാലത്തേയും സുന്ദരമായ ഒരേടായി.

മനസിൽ തൊടുന്നത് പാട്ടെഴുതി സംഗീത സംവിധാനം ചെയ്യുന്നത്

വരികൾക്കൊത്ത് സംഗീതം നൽകുന്നതും സംഗീതം നൽകിയിട്ട് പാട്ടെഴുതുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്, എന്നെ സംബന്ധിച്ച് എനിക്ക് രണ്ടും ഒരുപോലെയാണ്. എന്നാൽ പാട്ടെഴുതുന്നയാളിന് കൂടുതൽ സ്വാതന്ത്ര്യം കിട്ടുന്നത് ആദ്യത്തെ രീതിക്കാണ്. മുറുക്കിപ്പിടിത്തങ്ങളില്ലാതെ എഴുതുന്നത് പാട്ടിനെ കൂടുതൽ ഹൃദ്യമാക്കും. അതെളുപ്പം ജനങ്ങളുടെ മനസിൽ പതിയും. എനിക്ക് തോന്നുന്നു പഴയ പാട്ടുകളിപ്പോഴും ആളുകളോർ‌ത്തിരിക്കുന്നത് ഇതുകൊണ്ടാകാമെന്ന്. പക്ഷേ ചില സമയങ്ങളിൽ ഈണത്തിനൊത്ത് വരിയെഴുതുകയേ നിവൃത്തിയുള്ളൂ. സമയമാണ് പ്രശ്നം.

ഇഷ്ട ഗായകൻ ഗായിക

സിനിമയിൽ സാഹചര്യങ്ങൾക്കനുസരിച്ചാണ് പാട്ട് ചെയ്യുന്നത്. ആ സന്ദർഭത്തിന്റെ സ്വഭാവം അനുസരിച്ച്. എന്നെ സംബന്ധിച്ച് അതുകൊണ്ടു തന്നെ ഇന്നയാളെക്കൊണ്ട് പാടിക്കുന്നതാണ് സ്വപ്നം എന്നു പറയാനാകില്ല. ഇക്കാരണം കൊണ്ടു തന്നെയാണത്. വരികളുടെ ഭാ‌വത്തിനനുസരിച്ച് ഒരു ശബ്ദം കണ്ടെത്തി പാടാനുള്ളവരെ ക്ഷണിക്കണം അത്രേയുള്ളൂ. എല്ലാ ഗായകർക്കും അവരുടേതായ കുറേ സ്വഭാവങ്ങൾ കാണും. അതിനോടിണങ്ങുന്ന പാട്ടാണെങ്കിൽ അവരെക്കൊണ്ട് പാടിക്കണം എന്ന്.

സംഗീതം കിട്ടിയത് മുത്തശ്ശനിൽ നിന്ന

വീട്ടിൽ ഉപ്പയും ഉമ്മയും അനിയനുമുണ്ട്. എല്ലാവർക്കും പാട്ടും ഇഷ്ടമാണ് എന്റെ ഫീൽഡും ഒരുപാടിഷ്ടമാണ്. അമ്മയുടെ അച്ഛനിൽ നിന്നാണ് സംഗീതം പകർന്നു കിട്ടിയത്. സൗദിയിലായിരുന്നപ്പോഴും ഇപ്പോഴും കർണാടിക് സംഗീതവും ഹിന്ദുസ്ഥാനിയും പഠിക്കുന്നുണ്ട് ഞാൻ.

സൗണ്ട് എഞ്ചിനീയറിങും റിയാലിറ്റി ഷോയും

ചെന്നൈ എസ്എഇ കോളെജിലാണ് സൗണ്ട് എഞ്ചിനീയറിങ് പഠിച്ചത്. അവിടന്ന് സ്കോളർഷിപ്പോടെ ദുബായിലേക്ക് പോയി. ഒന്നരം വർഷം അവിടെയായിരുന്നു. സൗണ്ട് എഞ്ചിനീയറിങ് പഠനമാണ് സംഗീത ലോകത്തെ കൂടുതൽ അടുപ്പിച്ചത്. ദുബായ് ജീവിതം ഒരുപാട് നല്ല സംഗീതജ്ഞരെ പരിചയപ്പെടുത്തി. ലോകമൊട്ടുക്ക് അവർക്കൊപ്പം പോകാനായി. സാമി യൂസഫിനൊപ്പം പ്രവർത്തിക്കാനായതും അതുകൊണ്ടാണ്.

റിയാലിറ്റി ഷോ ആളുകൾക്കിഷ്ടമുള്ള പാട്ടേതാണ് അവർ കൂടുതൽ ആസ്വദിക്കുന്നതെന്താണ് എന്നൊക്കെ മനസിലാക്കിത്തരുന്നതിൽ ചെറിയൊരു പഠന വസ്തുവായി. അതിൽ ജയിക്കുന്നതും തോൽക്കുന്നതും ഒരു വിഷയമായിരുന്നില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.