Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ അനന്തവിഹായസ്സിൽ....

Gilu Joseph ജിലു ജോസഫ്

വിമാനത്തിന്റെ ശബ്ദം കേട്ടാൽ ഉടനെ ഓടി മുറ്റത്തിറങ്ങി ആകാശത്തേക്ക് നോക്കും. ഇത് ഞങ്ങൾ ഇടുക്കിക്കാരുടെ ഒരു ശീലമാ...സ്വപ്നം കാണാൻ തുടങ്ങും മുമ്പെ ആകാശത്ത് പറന്ന് നടക്കാൻ ആഗ്രഹിച്ച ഒരു മിടുക്കി ഇടുക്കിക്കാരി പെൺകുട്ടി.

കുട്ടിക്കാലത്ത് പലർക്കും സ്വപ്നങ്ങളുണ്ടാകും. ചിലർക്ക് ഡോക്ടർ ആകണം, ടീച്ചർ ആകണം, എഞ്ചിനിയർ ആകണം അങ്ങനെ അങ്ങനെ... എന്നാൽ ഈ ഒൻപതാം ക്ലാസുകാരിയുടെ സ്വപ്നം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. കേട്ടവർക്കൊന്നും ഇതെന്താണെന്ന് പോലും പിടികിട്ടിയല്ല. എന്തൊരു വട്ടൻ സ്വപ്നമെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കുമായിരുന്നു. ജീവിതത്തിൽ ആരാകാനാണ് ആഗ്രഹമെന്ന് ചോദിക്കുന്ന ടീച്ചർമാരോടും മാതാപിതാക്കളോടും കൂട്ടുകാരോടും ജിലു ജോസഫ് എന്ന കുട്ടിക്ക് ഒരുത്തരമേ ഉണ്ടായിരുന്നൊള്ളൂ. എയർഹോസ്റ്റസ്.

Gilu Joseph

എന്നാൽ എയർഹോസ്റ്റസ് ആവാൻ എന്തു ചെയ്യണമെന്ന് ആ കുട്ടിക്ക് അറിയില്ലായിരുന്നു. മനസ്സിൽ അവൾ ആ ആഗ്രഹം കൊണ്ടുനടന്നു. അറിവുവളർന്നപ്പോൾ അതിനെക്കുറിച്ച് കൂടുതൽ തിരക്കി. അങ്ങനെ പതിനെട്ടാം വയസ്സിൽ അവൾ എയർഹോസ്റ്റസ് ആയി, ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ കയറി ദുബായിലേക്ക് പറന്നു.

ദുബായിലെ ഫ്ലൈ ദുബായ് എന്ന വിമാനക്കമ്പനിയിൽ എയർഹോസ്റ്റസായി ജോലി ചെയ്യാനാരംഭിച്ച ജിലു പക്ഷേ അതു കൊണ്ടും തൃപ്തയായില്ല. തിരക്കേറിയ ജോലികൾക്കിടയിലും ജിലു കവിതകളും നോവലുകളും വായിക്കാൻ സമയം കണ്ടെത്തി. അങ്ങനെ അക്ഷരങ്ങൾ ജിലുവിന് പുതിയ കൂട്ടുകാരായി. കവിതകളെ സ്നേഹിക്കാൻ തുടങ്ങി.

നനയുമീ മഴപോലെന്റെ മനസ്സേ...

അങ്ങനെ ജിലു കവിതകൾ എഴുതാൻ തുടങ്ങി. പണ്ട് ഓർക്കുട്ട് ഉണ്ടായിരുന്ന കാലത്ത് തുടങ്ങിയ ശീലം. പിന്നീട് ഓർക്കുട്ടിനെ ഏവരും മറന്നു, എന്നാൽ ജിലു കവിതകളെ ബ്ലോഗിനുള്ളിൽ ഉൾപ്പെടുത്താൻ തുടങ്ങി. ആദ്യമൊക്കെ നേരംപോക്കിന് തുടങ്ങിയ ശീലം പിന്നീട് ജിലു കാര്യമായി തന്നെ എടുത്തു.

ഇന്റർനെറ്റിലൂടെ ആളുകളും ജിലുവിന്റെ കവിതകൾ തേടിയെത്തി. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ജിലുവിനും ഉത്സാഹമായി. അങ്ങനെ കവിതാരചന പാട്ടെഴുത്തിന് വഴിമാറി. പുഴപാടും ഈണം എന്നതാണ് ആദ്യ ആൽബം. ഒടുവിൽ സിനിമയ്ക്ക് വരെ പാട്ടെഴുതി ജിലു.

Gilu Joseph

ഗോപീസുന്ദർ സംഗീതസംവിധാനം നിർവഹിച്ച കൂതറ എന്ന സിനിമയിലൂടെയാണ് ജിലു ആദ്യമായി ഒരു സിനിമയ്ക്ക് പാട്ടെഴുതുന്നത്. പിന്നീട് മറ്റൊരു സൗഭാഗ്യം കൂടി ജിലുവിനെ തേടിയെത്തി. മലയാളസിനിമയിലെ പ്രമുഖസംവിധായകനായ ജോഷിയുടെ മോഹൻലാൽ ചിത്രമായ ലൈല ഓ ലൈലയിൽ ഒരു ഗാനമെഴുതാൻ ജിലുവിന് സാധിച്ചു. ’നനയുമീ മഴപോലെന്റെ മനസ്സേ...’ എന്ന ഗാനമാണ് ചിത്രത്തിൽ ജിലു എഴുതിയത്. സിനിമയ്ക്കായി എഴുതിയ രണ്ടു ചിത്രങ്ങളിലും മോഹൻലാൽ നായകനായി എത്തിയെന്നതും ജിലു ഭാഗ്യമായി തന്നെ കരുതുന്നു.

കവിത എഴുത്ത് തുടർന്നുകൊണ്ടുപോകാൻ തന്നെയാണ് ജിലുവിന്റെ തീരുമാനം. തിരക്കേറിയ ജോലിക്കിടയിലും തന്‍റെ സര്‍ഗാത്മകവിനോദം ഫലപ്രദമായി മുന്നോട്ട്കൊണ്ട് പോകാനും തന്‍റെ സ്വപ്നങ്ങള്‍ സഫലമാക്കാനും ജിലു സമയം കണ്ടെത്താറുണ്ട്. കർഷകരായ ജോസഫ് —അന്നമ്മ ദമ്പതികളുടെ ഇളയ മകളാണ് ജിലു.