Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകൻ എന്ന അപൂർവ്വ ഭാഗ്യം

gopi-sundar-pulimurugan-songs

ജനകീയമായ ഒട്ടേറെ ഗാനങ്ങൾ മുന്നിൽ ഈണമിടുവാനുള്ള ചിത്രങ്ങളുടെ വലിയ കൂട്ടം. പോയ വർഷത്തെ ഇക്കഥ ഗോപീ സുന്ദർ ഇപ്പോഴും ആവർത്തിക്കുകയാണ്. അതിൽ നമ്മൾ വീണ്ടും കേൾക്കുവാൻ കൊതിച്ചിരിക്കുന്ന പാട്ട് മോഹൻലാൽ ചിത്രമായ പുലിമുരുകനിലേതു തന്നെ. വ്യത്യസ്ത സംഗീതത്തിന്റെ സംഗീതസംവിധായകൻ പുലിമുരുകനായി ഒരുക്കിയ ഈണങ്ങളെന്താണ്...ഗോപീ സുന്ദർ സംസാരിക്കുന്നു....

പുലിമുരുകന്‍ സമ്മർദ്ധമുണ്ടാക്കിയോ?

ആകെ രണ്ടു പാട്ടുകളേ ചിത്രത്തിലുള്ളൂ. പിന്നെ ഒരു തീം സോങും. രണ്ടും മെലഡികളാണ്. ഒന്ന് ദാസേട്ടനും ചിത്ര ചേച്ചിയും ചേർന്നു പാടിയത്. രണ്ടാമത്തേത് വാണിയമ്മയും പാടി. സിനിമയുടെ സന്ദർഭത്തിനനുസരിച്ചുള്ള പാട്ടുകൾ.സമ്മർദ്ധത്തിൽ നിന്നൊരിക്കലും സംഗീതമുണ്ടാകില്ല. അതുകൊണ്ടു തന്നെ എത്ര വലിയ സിനിമയായാലും ആ ഒരു ഘടകം കയറിവരാറില്ല. അങ്ങനെ വന്നാൽ നല്ല പാട്ടുകൾ ചെയ്യുവാനാകില്ല. വലിയ സിനിമയെന്നോ ചെറിയ സിനിമയെന്നോ ഉള്ള വേർതിരിവു വയ്ക്കാറില്ല. സിനിമയിലെ സന്ദർഭത്തിനാണു പ്രാധാന്യം നൽകുന്നത്. ഇവിടെയും അങ്ങനെ തന്നെ. എപ്പോഴത്തേയും പോലെ വളരെ പെട്ടന്നാണ് പുലിമുരുകനു വേണ്ടിയും സംഗീതം ചെയ്തു തീർത്തത്. നമുക്ക് കിട്ടുന്ന പ്രോജക്ടുകൾ ഏറ്റവും നന്നായി ചെയ്തു തീർക്കണം എന്നേ ആഗ്രഹിക്കുന്നുള്ളൂ.

പിന്നെ വ്യത്യസ്തമായ സംഗീതമാണോ എന്നതു കേൾവിക്കാരാണു തീരുമാനിക്കേണ്ടത്. പശ്ചാത്തല സംഗീതവും എളുപ്പത്തിൽ ചെയ്യുവാനായി. നമുക്ക് എവിടെ വച്ചാണോ പശ്ചാത്തല സംഗീതമൊരുക്കുന്നത് വളരെ ബുദ്ധിമുട്ടേറിയതായി തോന്നുന്നത് അതിനർഥം നമ്മൾ ആ ചിത്രത്തെ ശരിക്കു പഠിച്ചിട്ടില്ല എന്നാണ്. ഇവിടെ എനിക്ക് അങ്ങനെയൊരു അനുഭവമൊന്നുമുണ്ടായില്ല. പിന്നെ പശ്ചാത്തല സംഗീതത്തിനെന്താണു പ്രത്യേകതയെന്ന് ഇപ്പോൾ ഞാൻ പറയുന്നില്ല. അതു നിങ്ങൾ കേട്ടിട്ടു തന്നെ പറയൂ. കാരണം കലി സിനിമയിലെ പശ്ചാത്തല സംഗീതത്തിന്റെ പ്രേത്യകതയെ കുറിച്ച് ഒരുപാടു പേർ ചോദിച്ചിരുന്നു. സിനിമയിറങ്ങും മുൻപ് ഒരു അഭിമുഖത്തിലും അതേപ്പറ്റി ഞാന്‍ വ്യക്തമായി പറഞ്ഞിരുന്നില്ല. പക്ഷേ അതിൽ ചെണ്ടയായിരുന്നു മാസ്റ്റർ പീസ്. സിനിമ കണ്ടിട്ടും പിന്നെ അതിന്റെ ട്യൂണുകൾ ഇറങ്ങിയപ്പോഴും ഒരുപാടു പേർ വിളിച്ചിരുന്നു അതു ശ്രദ്ധിച്ചിട്ട്. ഇവിടെയും അങ്ങനെ തന്നെയാകട്ടെ.

പലപ്പോഴും പുതിയ പാട്ടുകാരെയാണു പരിഗണിക്കാറ്. ഈ സിനിമയ്ക്കു വേണ്ടി അതുണ്ടായില്ലല്ലോ

ഏതൊരു സംഗീത സംവിധായകന്റെയും ആഗ്രഹമാണ് ദാസേട്ടനേയും ചിത്ര ചേച്ചിയേയും വാണിയമ്മയേയും പോലുള്ള ഇതിഹാസ ഗായകരെ കൊണ്ടു സ്വന്തം സംഗീതത്തിൽ പാടിക്കുകയെന്നത്. എനിക്കും അങ്ങനെ തന്നെ. പിന്നെ സംഗീത സംവിധാന രംഗത്തെത്തിയിട്ട് എന്തുകൊണ്ടു ഇത്രയും വർഷമെടുത്തു ഇവരിലേക്കെത്തുവാൻ എന്നതിനുത്തരം അവരെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നുണ്ട് എന്നതു തന്നെ.

അമ്മയിൽ മടയിൽ കിടക്കുന്ന കാലം തൊട്ടേ കേൾക്കുന്ന പാട്ടുകാരാണിവരെല്ലാം. അപ്പോൾ അവരെക്കൊണ്ടു പാടിക്കുമ്പോൾ അതൊരു റൈറ്റ് ഓപ്പർച്യൂണിറ്റിയായിരിക്കണം. എങ്കിലേ ആ ബഹുമാനത്തിന് അർഥമുള്ളൂ. ഈ സിനിമയിൽ അത്തരമൊരു സാഹചര്യം ഉണ്ടെന്നെനിക്കു തോന്നി. അതാണ് അവരിലേക്കെത്തിയത്.

വാണിയമ്മയും ജയേട്ടനും(പി.ജയചന്ദ്രനും) നേരത്തെ എന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. ഓലേഞ്ഞാലിക്കുരുവി എന്ന ഗാനം. അതിനു വലിയ ശ്രദ്ധയാണു പ്രേക്ഷക പക്ഷത്തു നിന്നു കിട്ടിയത്. ചിത്ര ചേച്ചിേയയും ദാസേട്ടനേയും ഞാൻ സിനിമയിലെത്തുന്നതിനും മുൻപേ കാണുന്നവരാണ്. അവർ എന്നെ മകനെ പോലെയാണു കാണുന്നതെന്നെനിക്കു തോന്നുന്നു. 14 വർഷം ഔസേപ്പച്ചൻ സാറിന്റെ അസിസ്റ്റൻറെ് ആയിരുന്നു. അതിനു ശേഷമാണ് സ്വതന്ത്ര സംഗീത സംവിധാനത്തിലേക്കെത്തിയത്. എന്നിട്ട് എട്ടു വർഷം കഴിഞ്ഞാണ് അവരെക്കൊണ്ടു പാടിക്കുവാനായത്. പക്ഷേ ഇപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. മറക്കാനാകാത്ത അനുഭവം. കാലഘട്ടത്തിലെ വലിയ വലിയ സംഗീതജ്ഞർ. ആ കാലയളവിൽ ജീവിക്കതാനാകുന്നതും അവരെക്കൊണ്ടു പാടിക്കുവാനാകുന്നതും ജന്മാഭിലാഷമാണ്.

gopi-sundar-k-s-chithra-pulimurugan

അതൊരു അപൂർവ്വ ഭാഗ്യം

നിറഞ്ഞ കണ്ണുകളോടെയാണ് ദാസേട്ടന്റെ പാട്ട് റെക്കോർഡ് ചെയ്തത്. എത്ര വർഷമായി പാട്ടു ചെയ്യുവാൻ തുടങ്ങിയിട്ട്. എത്രയോ ഗായകരെ കൊണ്ടു പാടിച്ചിരിക്കുന്നു. പക്ഷേ ഇത്രയും കംഫർട്ടബിൾ ആയി തോന്നിയിട്ടില്ല മറ്റൊരു ഗായകരേയും.

ദാസേട്ടന്‍ എങ്ങനെയാണൊരു ഗാനത്തെ സമീപിക്കുന്നതെന്നും അതു പഠിക്കുന്നതെന്നും ഇന്നത്തെ പുതിയ തലമുറ കണ്ടറിയേണ്ടൊരു കാര്യമാണ്.  പാട്ട് വളരെ ഡീറ്റെയ്ൽഡ് ആയി എഴുതിയെടുത്ത് ശ്രദ്ധയോടെയാണ് പഠിക്കുക. അതിനിടയിൽ അദ്ദേഹത്തിന്റെ മനസിൽ തെളിഞ്ഞു വരുന്ന, പാട്ടിനു നൽകാവുന്ന വ്യതിയാനങ്ങളെ കുറിച്ചു നമ്മളോടു പറയും. ഒരുപാട് ഓപ്ഷൻസ് നമുക്കു മുൻപിൽ അദ്ദേഹം വയ്ക്കും. എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ അതു നമ്മളോടു ചോദിച്ചിട്ടേ ചെയ്യുകയുള്ളൂ.

ഒരു വലിയ കാലയളവിന്റെ സ്വരമാണ് യേശുദാസ്. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഗന്ധർവ്വൻ എന്നു വിളിക്കുന്നതെന്നു പാട്ട് റെക്കോർഡ് ചെയ്തപ്പോഴാണ‌ു ശരിക്കും മനസിലാക്കിയത്. ഈ പ്രായത്തിലും ഒരു പാട്ടിനു വേണ്ടി അദ്ദേഹമെടുക്കുന്ന പ്രയത്നം വാക്കുകൾക്ക് അതീതമാണ്. രണ്ടു നിലയുള്ള എന്റെ റെക്കോർഡിങ് സ്റ്റുഡിയോയിലേക്കു നടന്നെത്തി വളരെ സന്തോഷത്തോടെ പാടി മടങ്ങിയത്. ഒരു പാട്ടു പാടുന്നു എന്നതിനേക്കാൾ ആ ഗാനം എന്തിനു വേണ്ടിയാണു സൃഷ്ടിച്ചതെന്ന തിരിച്ചറിവാണ് ഓരോ പാട്ടുകാർക്കും ആദ്യമുണ്ടാകേണ്ടത്. അതാണു ദാസേട്ടനുള്ളതും. അക്കാര്യം മനസിൽ ചേർത്തുവച്ച് അദ്ദേഹം പാടുന്നതു കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭവമാണ്.

നമ്മൾ ആവശ്യപ്പെടുന്നതെന്താണോ അതു വളരെ കൃത്യമായും അതിനേക്കാളുപരിയായും പാട്ടിനെ മറ്റൊരു തലത്തിലേക്കുയർത്തുവാൻ കഴിയുന്നവരെയാണല്ലോ നമ്മൾ ലെഡൻഡ്സ് എന്നു വിളിക്കുന്നത്. ദാസേട്ടനെ പോലെയുള്ളവരെ. ഓരോ പാട്ടിലൂടെയും മനസുകൊണ്ടു ജീവിക്കുകയാണ് അദ്ദേഹം. കണ്ണുനിറഞ്ഞു കൊണ്ടു സന്തോഷത്തോടെ ഞാൻ തന്നെയാണ് അദ്ദേഹത്തിന്റെ പാട്ടു റെക്കോർഡു ചെയ്തത്. അപൂർവ്വമായേ അങ്ങനെയൊക്കെ സംഭവിക്കുകയുള്ളൂ.

എസ്. ജാനകിയെ കൊണ്ടു പാടിക്കുമെന്നു കേട്ടിരുന്നുവല്ലോ?

അങ്ങനെ ആലോചിച്ചിരുന്നു. പക്ഷേ പിന്നീട് ഡേറ്റിന്റെയും മറ്റും പ്രശ്നം വന്നപ്പോൾ അതു നടന്നില്ല. സത്യത്തിൽ ഗാനം ചിട്ടപ്പെടുത്തുമ്പോൾ വാണി ജയറാം തന്നെയായിരുന്നു മനസിൽ. പക്ഷേ പിന്നീടെന്തോ അത് ജാനകിയമ്മയിലേക്കെത്തി. എന്തായാലും ഒടുവിൽ വാണിയമ്മ തന്നെ ആ പാട്ടുപാടി. ഓലഞ്ഞാലി കുരുവി പാടിയതിനു ശേഷം വാണിയമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു എന്റെ സംഗീതത്തിൽ ഒരു സോളോ പാടണമെന്ന്. അതാണിപ്പോൾ യാഥാര്‍ഥ്യമായത്.

മുക്കത്തെ പെണ്ണ് എന്ന ഗാനം ഒരു കോടി പ്രാവശ്യമാണല്ലോ യുട്യൂബ് വഴി കണ്ടത്?

ഒരു കോടി പ്രാവശ്യം യുട്യൂബ് വഴി കണ്ടുവെങ്കിൽ അഞ്ചു കോടിയിലധികം ആ പാട്ട് എത്തിയിട്ടുണ്ടാകും എന്നാണെനിക്കു തോന്നുന്നത്. ഒരു ഓസ്കർ അവാർഡ് കിട്ടിയാൽ പോലും ഒരു സംഗീതജ്ഞനു ഇത്രയധികം സന്തോഷം തോന്നണമെന്നില്ല. ഇപ്പോഴും ആ പാട്ടിനെ കുറിച്ച് ആളുകൾ സംസാരിക്കുകയും പാടുകയും ആസ്വദിക്കുകയും ചെയ്യുന്നുവെങ്കിൽ അതു വളരെ അഭിമാനകരമായ ഒരു കാര്യമല്ലേ. ഈ നേട്ടം ഞാൻ എന്നു നിന്റെ മൊയ്തീൻ സിനിമയുടെ ടീമിനു സമർ‌പ്പിക്കുകയാണ്.

പുതിയ ചിത്രങ്ങള്‍?

ദിലീപേട്ടൻ അഭിനയിക്കുന്ന ചിത്രം, മമ്മൂക്കയുടെ ദി ഗ്രേറ്റ് ഫാദർ, തെലുങ്കിൽ നാൻ അഭിനയിക്കുന്ന മജ്നു എന്ന ചിത്രം, പ്രേമത്തിന്റെ തെലുങ്കിൽ രണ്ടു പാട്ടുകൾ, പ്രഭുദേവയും നഗ്മയും അഭിനയിക്കുന്ന ബഹുഭാഷാ ചിത്രമായ ദേവിയുടെ പശ്ചാത്തല സംഗീതം, അമൽ നീരദിന്റെ ദുൽഖർ ചിത്രം, റാസി സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ അഭിനയിക്കുന്ന ചിത്രം, നീരജ് മാധവ് സ്ക്രിപ്റ്റ് എഴുതുന്ന മറ്റൊരു ചിത്രം എന്നിവയൊക്കെയാണ് മുൻപിലുള്ളത്.