Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുല്ലാങ്കുഴലൂതി കബാലിയിലൂടെ ഗപ്പിയിലേക്ക്

vishnu-guppy

കടലാഴങ്ങളിലേക്ക് എപ്പോഴെങ്കിലും ഊളിയിട്ടിട്ടുണ്ടോ? ചിത്രശലഭങ്ങളെ പോലെ മീനുകൾ പവിഴപ്പുറ്റുകളേയും തിരമാലകളേയും പിന്നെ കടലൊളിപ്പിച്ച കൗതുകങ്ങളേയും തൊട്ടുതഴകി യാത്ര ചെയ്യുന്നതു കണ്ടിട്ടുണ്ടോ? കടല്‍ കാഴ്ചകൾ കണ്ടിരിക്കുമ്പോൾ ഒന്നു കാതോര്‍ത്താൽ കേൾക്കാം നമ്മൾ കാണാത്ത ഈ യാത്ര സൃഷ്ടിക്കുന്ന ഈണം. ഗപ്പി എന്നൊരു ചിത്രം വരുന്നുവെന്നറിഞ്ഞപ്പോൾ ആദ്യം മനസിലേക്കോടി വന്നത് അങ്ങനെയുള്ളൊരു ഈണമാണ്. പ്രതീക്ഷ തെറ്റിയില്ല. ഗപ്പിയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും മനോഹരം. ആദ്യ സിനിമയിലൂടെ പ്രേക്ഷകന്റെ മനസില്‍ നല്ല സ്വരഭേദങ്ങളൊരുക്കി ചേക്കേറിയ യുവ സംഗീതജ്ഞൻ വിഷ്ണു വിജയനൊപ്പം കുറച്ചു നേരം.

അച്ഛനെന്ന ഗുരു

അച്ഛൻ അമ്പലപ്പുഴ വിജയൻ തിരുവനന്തപുരം സംഗീത കോളെജിലെ പ്രൊഫസറായിരുന്നു. വീട്ടിലും അച്ഛൻ സംഗീതം പഠിപ്പിച്ചിരുന്നു. അതുകേട്ടാണു വളർന്നത്. പിന്നെ അച്ഛന്‍ ആദ്യ ഗുരുവായി. കുടമാളൂർ ജനാര്‍ദ്ദനൻ എന്ന മറ്റൊരു പ്രതിഭാധനനു കീഴിൽ എന്നെ പുല്ലാങ്കുഴൽ പഠിക്കാനയച്ചു. സംഗീതത്തിൽ എനിക്കെന്തെങ്കിലുമൊക്കെ ചെയ്യുവാനായെങ്കിൽ അത് അച്ഛന്റെ നല്ല തീരുമാനങ്ങളുടെ ഫലമാണ്. നല്ലൊരു ഗുരുവിനു കീഴിൽ പഠിപ്പിച്ചു. ശാസ്ത്രീയ സംഗീതം പഠിക്കണം സിനിമയ്ക്കൊപ്പം പോകണം എന്നൊരു വാശി അച്ഛനില്ലായിരുന്നു. സംഗീതം ചിട്ട‌യോടെ പഠിക്കണം, അതിൽ നല്ല അറിവുണ്ടായിരിക്കണം എന്നു മാത്രമേ അച്ഛൻ ആഗ്രഹിച്ചിരുന്നുള്ളൂ. അച്ഛൻ മാത്രമല്ല ജനാർദ്ദനൻ സാറും. സംഗീതത്തിൽ ഞാനെന്തായി തീരണം എന്നതിനുള്ള സ്വാതന്ത്ര്യം തന്നു. അതാണ് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ കാര്യം.

സ്കൂള്‍ കാലം

ഒന്നാം ക്ലാസ് മുതൽക്കേ പുല്ലാങ്കുഴൽ പഠിച്ചു തുടങ്ങിയിരുന്നു. അതിനു കാരണം എന്റെ ഒരു കസിനാണ്. ഗിരീഷ് ചേട്ടൻ. അദ്ദേഹം വീട്ടിലിരുന്നു പുല്ലാങ്കുഴൽ വായിക്കുന്നതു കേട്ടു തുടങ്ങിയ കൗതുകമാണു എന്നെയും അതിലേക്കെത്തിച്ചത്.

മോഡൽ സ്കൂളിലായിരുന്നു സ്കൂൾ പഠനം. അവിടെ അന്നു പഠിപ്പിച്ചിരുന്ന പത്മനാഭായ്യർ സാർ ഒത്തിരി പിന്തുണച്ചിരുന്നു. കലാമത്സരങ്ങളിലൊക്കെ സാറിന്റെ പ്രോത്സാഹനം ഏറെ സഹായിച്ചു. നമ്മുടെ കഴിവുകളെ പ്രകടിപ്പിക്കുവാനുള്ള വേദികളൊരുക്കി തരുവാൻ അദ്ദേഹത്തിനെപ്പോഴും ഉത്സാഹമായിരുന്നു. പിന്നെ മോഡൽ സ്കൂൾ ജീവിതം വലിയൊരു വഴിത്തിരിവായി. സംഗീതവുമായി ബന്ധമുള്ള ഒരുപാടു സുഹൃത്തുക്കളെ കിട്ടി. അതിലൊരാളാണു മസാല കോഫി ബാൻഡിലെ സൂരജ് സന്തോഷ്. സൂരജും ഒരു പാട്ട് ഗപ്പിയിൽ പാടിയിട്ടുണ്ട്.

കലോത്സവ വേദികളിലും താരമായിരുന്നു വിഷ്ണു. 2000 മുതൽ 2006 വരെയുള്ള സ്കൂൾ കലോത്സവത്തില്‍ പുല്ലാങ്കുഴലിൽ ഒന്നാമതെത്തിയിരുന്നു. പിന്നെ കോളെജ് പഠനകാലത്തും സംഗീത കോളെജിനു സമ്മാനങ്ങൾ നേടിക്കൊടുത്തു. ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിലും ആ വിജയം വിഷ്ണുവിന് ആവർത്തിക്കാനുമായി.

ചെന്നൈയിലേക്ക്, കബാലി വരെ

കോളജ് പഠനം കഴിഞ്ഞു നേരെ ചെന്നൈയിലേക്കു പോയി. കയ്യിൽ നിറയെ പുല്ലാങ്കുഴലുമായി. ഇരുപതോളം വ്യത്യസ്തമായ പുല്ലാങ്കുഴലുകളും അപ്പോൾ ഒപ്പമുണ്ടായിരുന്നു. വിവിധ വേദികളിലെ വായന സിനിമയിലേക്കെത്തിച്ചു. കബാലിയിലെ വാനം പാർത്തേ, മായാ നദി എന്നീ ഗാനങ്ങൾക്കും പുല്ലാങ്കുഴൽ വായിച്ചു. പശ്ചാത്തല സംഗീതത്തിലും ഭാഗമായി.

സംഗീതത്തിന്റെ കാര്യത്തിൽ വളരെ ഓപ്പൺ ആയി സംസാരിക്കുന്നയാളാണു സന്തോഷ് നാരായണന്‍. ഇരൈവി എന്ന സിനിമയിൽ തുടങ്ങിയ ബന്ധമാണ്. അതിൽ ദുദുക് എന്നൊരു ഉപകരണം വായിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ മുതിർന്ന സംഗീതജ്ഞർക്കൊപ്പമൊക്കെ പ്രവർത്തിക്കുവാനായി. അതൊരു വലിയ എക്സ്പീരിയൻസ് തന്നെയായിരുന്നു. ശരിക്കും പഠനകാലം.

സിങ്കം ടു, മാൻ ഹു ന്യൂ ഇൻഫിനിറ്റി ഉൾപ്പെടെയുള്ള സിനിമകളിൽ പ്രവർത്തിച്ചു. മാൻ ഹു ന്യൂ ഇൻഫിനിറ്റിയെന്ന ഇംഗ്ലിഷ് ചിത്രത്തിൽ കർണാടിക് പുല്ലാങ്കുഴൽ വായിച്ചു. സന്തോഷ് നാരായണൻ ഈണമിടുന്ന അടുത്ത വിജയ്‍യുടെ  അടുത്ത ചിത്രമുൾപ്പെടെ വിഷ്ണുവിനു മുൻപിലുണ്ട്.

കോളെജ് കാലത്തെ ചങ്ങാതിയാണ് സംവിധായകൻ

ഗപ്പിയുടെ സംവിധായകൻ ജോൺ പോൾ കോളെജ് കാലം മുതൽക്കേ എന്റെ സുഹൃത്താണ്. എട്ട് ഒൻപത് വർഷമായുള്ള പരിചയം. അന്നേ ഞങ്ങളുടെ രണ്ടാളുെടയും സ്വപ്നമായിരുന്നു സിനിമ. ജോൺ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി നോക്കിയപ്പോൾ ഞാൻ മ്യൂസികിൽ അസിസ്റ്റന്റായി. ഇപ്പോഴാണു രണ്ടു പേരുടെയും സ്വപ്നം യാഥാർഥ്യമായത്.

ജോൺ എന്ന സുഹൃത്തുള്ളതുകൊണ്ടാണു ‍സിനിമയിലേക്ക് എത്തിപ്പെടുവാനുള്ള ശ്രമം ഇത്രയേറെ എളുപ്പമായത്. ആദ്യ സിനിമ ഒരുമിച്ചു ചെയ്യണമെന്നു വലിയ ആഗ്രഹമായിരുന്നു ഞങ്ങൾക്ക്. അത്രയ്ക്ക് ആത്മബന്ധമുണ്ട് ഞങ്ങൾക്കിടയിൽ.

ഗബ്രിയേലിന്റെ... എന്ന ഗാനം

ഗപ്പിയിലെ ഗബ്രിയേലിന്റെ എന്ന ഗാനം ചെയ്യുമ്പോൾ ഇനിയുള്ള  കാലത്തെ എല്ലാ കരോളുകളിലും എല്ലാവരും ഏറ്റുപാടുന്ന രസകരമായൊരു പാട്ടു വേണം എന്നായിരുന്നു. അതു മനസിൽ കണ്ടാണു പാട്ടു ചെയ്തത്. വളരെ ലളിതമായിട്ടാണു ചെയ്തത്. പിന്നെ അതിൽ ഓർക്കസ്ട്ര ചെയ്തിരിക്കുന്നതെല്ലാം സ്ഥിരം കരോൾ ഗാനങ്ങളിലും ബാൻഡുകളിലും പാടുന്നവരെ വച്ചായിരുന്നു. അതു ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷം. പിന്നെ വിനായക് ശശികുമാറിന്റെ പാട്ടെഴുത്തും എടുത്തു പറയണം. 

സിനിമയിൽ തുടരണം, ഒപ്പം

സിനിമയിൽ തുടരണം, അതിനൊപ്പം ഞാൻ പഠിച്ച കർണാടിക് സംഗീതവും ഒപ്പം കൊണ്ടുപോകണം. പുല്ലാങ്കുഴൽ സംഗീതത്തിനു തന്നെ ഒരുപാട് വൈവിധ്യമുണ്ട്. എന്റെ കയ്യിൽ ഇരുപതു തരം പുല്ലാങ്കുഴലുകളുണ്ട്. അതൊക്കെ വായിക്കും. പിന്നെ പുറത്തേക്കൊക്കെ പോകുമ്പോൾ അവിടത്തെ സംഗീത ശൈലിയും ശ്രദ്ധിക്കും അതൊക്കെ പരീക്ഷിക്കാറുണ്ട്.കുറേ വേദികളിൽ വായിക്കണം, അങ്ങനെയൊക്കെ ആഗ്രഹമുണ്ട്. സിനിമയിൽ എന്തെങ്കിലും പ്രത്യേക രീതിയിലുള്ള സംഗീതം ചെയ്യണമെനിക്ക് ആഗ്രഹമില്ല. അത് സിനിമയെ ആശ്രയിച്ചിരിക്കുമല്ലോ. പക്ഷേ എന്നും സംഗീതത്തിനൊപ്പം തന്നെയായിരിക്കും. നല്ലൊരു ഇൻസ്ട്രുമെന്റലിസ്റ്റാകണം അതിനൊപ്പം സിനിമയും കൊണ്ടുപോകണം.

വെല്ലുവിളികൾ

ഇന്നത്തെ കാലത്ത് ഒരു പാട്ടു ചെയ്താൽ ആദ്യ കേൾവിയിൽ തന്നെ ആളുകൾക്ക് ഇഷ്ടപ്പെടണം‍. അതൊരു വെല്ലുവിളിയായി എനിക്കു തോന്നുന്നില്ല. പക്ഷേ അതൊരു ഭാഗ്യമാണ്. പണ്ട് അഞ്ചും ആറും മിനുറ്റുകളുള്ള പാട്ടായിരുന്നു സിനിമയിൽ വന്നിരുന്നത്. പക്ഷേ ഇന്നു പാട്ടിന്റെ ദൈർഘ്യം കുറവാണ്. മൂന്നര മിനുട്ടൊക്കം മതിയാകും.

സിനിമയിൽ വളരെ ലളിതമായ, ഏറ്റുപാടുവാൻ കഴിയുന്ന സംഗീതമാണു വേണ്ടത്. അങ്ങനെ ചെയ്താലേ അതു സിനിമയ്ക്കും ഉപകാരപ്പെടുകയുള്ളൂ.  അസാധ്യമായതൊന്നുമില്ല എന്നാണു ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് സിനിമയിൽ സംഗീതം ചെയ്യുന്നത് വെല്ലുവിളിയായി തോന്നുന്നില്ല. ആത്മാര്‍ഥമായി ചെയ്യുന്ന സംഗീതത്തെ അംഗീകരിക്കുവാനുള്ള മനസ് എല്ലാവർക്കുമുണ്ട്. അതുതന്നെ വലിയൊരു പ്രോത്സാഹനമാണ്.

ആദ്യ സിനിമയിലെ അനുഭവം

ഞാൻ ഫ്ലൂട്ടിസ്റ്റ് ആയതുകൊണ്ട്  ഈ സിനിമയിൽ അധികവും ഉപയോഗിക്കുന്നത് ഫ്ലൂട്ട് തന്നെയിപ്പോകുമോ എന്നു ചിന്തിച്ചു. ആദ്യം അതുകൊണ്ടു തന്നെ ഒരു മെന്റൽ ബ്ലോക്ക് ഉണ്ടായിരുന്നു. ജോണ്‍ ആണ് ആ ധാരണ തിരുത്തിയത്. അങ്ങനെ ചിന്തിക്കണ്ട, സിനിമയ്ക്ക് ആവശ്യമാണെങ്കിൽ അങ്ങനെ തന്നെ ചെയ്യണം എന്നു പറഞ്ഞു. ജോൺ ഒരുപാട് സ്വതന്ത്ര്യം തന്നിരുന്നു. ഗപ്പിയിലെ ടൈറ്റിൽ സീനിൽ ഒരു നോട്ട് ഉണ്ട്. ഗബ്രിയേലിന്റെ പാട്ടിനിടയിലെ രാജാധി രാജനെന്ന പോർഷനും വേറൊരു ഈണവും ചേർത്താണ് മെയിൻ തീം സൃഷ്ടിച്ചത്. അതു ഞാൻ ജോണിനോടു വായിച്ചു കേൾപ്പിച്ചപ്പോൾ ഈ സിനിമയുടെ എല്ലാ വികാരങ്ങളും ആ ഈണത്തിലൂടെ കൺവേ ചെയ്യാൻ പറ്റും എന്നാണു പറഞ്ഞതു. അതു വലിയ ധൈര്യം പകർന്നു.

ഏത് നാട്ടിൽ പോയാലും ഫ്ലൂട്ട് ഒരു ട്രെഡിഷണൽ ഇൻസ്ട്രുമെന്റാണ്. ഏതുസംഗീത ശൈലിയിലും ഫ്ലൂട്ടിന്റെ ആത്മസ്പർശമുണ്ടാകും. പിന്നെ വികാരങ്ങളെ ഏറ്റവും മനോഹരമായി പ്രകടിപ്പിക്കുവാന്‍ പുല്ലാങ്കുഴലിന്റെ സ്വരത്തിനു സാധിക്കും. അതുകൊണ്ടു തന്നെ സിനിമയിൽ എന്നും ഫ്ലൂട്ടിനു സാധ്യതയുണ്ട്. വ്യക്തിപരമായി ഞാൻ പാട്ടു പാടി ഒരു ആശയം അല്ലെങ്കിൽ ഒരു വികാരം പങ്കുവയ്ക്കുന്നതിനേക്കാൾ പുല്ലാങ്കുഴൽ വായനയിലൂടെ സാധിക്കും. അതുകൊണ്ടു തന്നെ ഗപ്പിയിലെ പല വികാരഭരിതമായ രംഗങ്ങളിലും എന്റെ മനസിലുള്ള സംഗീതം പകർന്നിരിക്കുന്നതു ഫ്ലൂട്ടിലൂടെയാണ്.

പിന്നെ വലിയൊരു സന്തോഷം രണ്ടു പുതിയ പാട്ടുകാരെ കൊണ്ടു പാടിച്ചു. രമേശ് നാരായണൻ സാറിന്റെ മകള്‍ മധുവന്തിയും പിന്നെ ഗായകൻ ശ്രീറാമിന്റെ മകൾ കാഞ്ചന ശ്രീറാമും. ഹൃദയരാഗ തന്ത്രി എന്ന പഴയ പാട്ട് റീവർക്ക് ചെയ്താണു കാഞ്ചന പാടിയത്. അതുപോലെ സംവിധായകൻ ജോണിന്റെ അമ്മയും പാടിയിട്ടുണ്ട്. ഒരു പ്രാര്‍ഥനാ ഗീതമാണത്. വീട്ടിലെ പ്രാർഥനാനിർഭരമായ അന്തരീക്ഷം ജോണിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് അവൻ തന്നെ പറഞ്ഞിട്ടാണ് അമ്മയെ കൊണ്ടു പാടിച്ചത്. അങ്ങനെ മറക്കാനാകാത്തൊരു കൂട്ടായ്മയിൽ ഒത്തിരി നല്ല നിമിഷങ്ങളോടെയാണ് സിനിമ പൂർത്തീകരിക്കുവാനായത്.

കുടുംബം

അച്ഛനും അമ്മയും ചേച്ചിയും. അമ്മ അമ്മിണി മെഡിക്കൽ കോളെജിലെ ഹെഡ് നഴ്സ് ആയിരുന്നു. ചേച്ചി ലക്ഷ്മിയും നഴ്സ് ആണ്.