Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതമേ ജീവിതം

K S Chithra

കെ എസ് ചിത്ര എന്നുകേൾക്കുമ്പോൾ സംഗീതത്തെക്കുറിച്ചല്ലാതെ മറ്റൊന്നും സംഗീത പ്രേമികൾക്ക് ഓർമവരില്ല. മലയാളത്തിന്റെ സ്വന്തം വാനമ്പാടി നടന്നുകയറാത്ത ഉയരങ്ങളില്ല. സംഗീതലോകത്തിന് മറക്കാനാവാത്ത നിരവധി ഗാനങ്ങൾ സംഭാവന ചെയ്ത കെ എസ് ചിത്ര ബഹുഭാഷകളിലെ സംഗീതജ്ഞരുടെ ഇഷ്ടഗായികയാണ്. തന്റെ സംഗീതാനുഭവങ്ങൾ മനോരമ ഓൺലൈനിനോട് പങ്കിടുന്നു.

അച്ഛൻ ആദ്യ ഗുരു

അച്ഛനാണ് ആദ്യ ഗുരു. ചെറിയ ലളിതഗാനങ്ങളെല്ലാം അച്ഛൻ പറഞ്ഞു തന്നിരുന്നു. കൂടാതെ അമ്മ സന്ധ്യാ കീർത്തനങ്ങളും പറഞ്ഞു തന്നിട്ടുണ്ട്. മാവേലിക്കര പ്രഭാവർമ്മ സാറിന്റെയും ഹരിഹരന്റേയും ശിഷ്യയാണ് ചേച്ചി, അതുകേട്ട് പഠിച്ചാണ് മത്സരങ്ങളിൽ പങ്കെടുത്തത്, അതിന് ശേഷം കേന്ദ്രസർക്കാറിന്റെ കൾച്ചറൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പും ലഭിച്ചു. സ്കോളർഷിപ്പ് ലഭിച്ചതിന് ശേഷമാണ് ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ സംഗീതം അഭ്യസിക്കാൻ തുടങ്ങിയത്. പിന്നീട് സംഗീതത്തിൽ ബിരുദം എടുത്തു, പിന്നണിഗാനരംഗത്തെ തിരക്കുകാരണം ബിരുദാനന്തര ബിരുദത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല.

അട്ടഹാസത്തിൽ തുടക്കം

ആദ്യ ഗാനം പാടിയത് 1979ലാണ്. അട്ടഹാസം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത് എന്നാൽ ആദ്യ പുറത്തുവന്ന ഗാനം 1982 ൽ പുറത്തു വന്ന ഞാൻ ഏകനാണ് എന്ന ചിത്രത്തിലേതാണ്. സത്യൻ അന്തിക്കാടായിരുന്നു അതിന്റെ വരികൾ എഴുതിയത്. ദാസേട്ടന്റെ കൂടെയാണ് പുറത്തിറങ്ങിയ ആദ്യ ഗാനം. എംജി രാധാകൃഷ്ണനായിരുന്നു ഗാനത്തിന് ഈണം പകർന്നത്.

Manorama Online | I Me Myself | K S Chithra

ആയിരം കണ്ണുമായ്... ആദ്യമായി ശ്രദ്ധിക്കപ്പെട്ട ഗാനം

ജെറി അമൽ ദേവിന്റെ സംഗീതത്തിൽ നോക്കത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന് വേണ്ടി പാടിയ ആയിരം കണ്ണുമായി എന്ന ഗാനം പുറത്തിറങ്ങിയതുമുതലാണ് ചിത്ര എന്ന ഗായികയെ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഫിലിം ക്രിട്ടിക്സ് പുരസ്കാരവും ആ ഗാനത്തിലൂടെ ലഭിച്ചു, ആദ്യത്തെ പുരസ്കാരവും അതുതന്നെയായിരുന്നു. ആ സമയത്ത് കുറേ നല്ല പാട്ടുകൾ പാടാൻ സാധിച്ചിട്ടുണ്ട്. പൂമാനമെ എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും, നഖക്ഷതങ്ങളിലെ ഗാനത്തിലൂടെ മികച്ച പിന്നണി ഗായികയ്ക്കുള്ള കേന്ദ്രസർക്കാറിന്റെ പുരസ്കാരവും ലഭിക്കുന്നത് ആ കാലഘട്ടത്തിലാണ്.

നീ താന അന്ത കുയിലൂടെ തമിഴിലേക്ക്

ഭാരതിരാജ സാറിന്റെ ചിത്രത്തിൽ ഇളയരാജ സാറിന്റെ സംഗീതത്തിൽ 1984 ലാണ് തമിഴിൽ ആദ്യമായി പാടുന്നത്. നേക്കത്താ ദൂരത്ത് കണ്ണും നട്ടിന്റെ തമിഴ് പതിപ്പിന് വേണ്ടിയാണ് വോയിസ് ടെസ്റ്റ് ചെയ്തത്, എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഭാരതിരാജയുടെ നീ താനാ അന്ത കുയിൽ എന്ന ചിത്രത്തിൽ പാടാനുള്ള ഭാഗ്യം ലഭിച്ചു. ഇളയരാജയുടെ കീഴിൽ പാടിയതിന് ശേഷമാണ് മറ്റ് തമിഴ്, തെലുങ്ക് സംഗീതസംവിധായകർ എന്നെക്കൊണ്ട് പാടിക്കാൻ ധൈര്യം കാണിച്ചത്. പിന്നീട് കന്നടയിലും പാടി.

രവീന്ദ്രൻ മാസ്റ്ററിന് താൻ മകളെപ്പോലെ

രവീന്ദ്രൻ മാസ്റ്ററിന് താൻ മകളെപ്പോലെയായിരുന്നു. ഗായിക എന്ന നിലയിൽ ഏറെ സ്വാതന്ത്രം അനുവദിച്ച് തന്നിട്ടുള്ള സംഗീത സംവിധായകനാണ് മാസ്റ്റർ, അദ്ദേഹത്തിന്റെ ഗാനങ്ങൾ പാടുമ്പോൾ എനിക്ക് ഭയം തോന്നിയിട്ടില്ല. വാർമുകിലെ എന്ന പാട്ട് റെക്കോർഡ് ചെയ്തത് മറക്കാനാവാത്ത ഓർമ്മയാണ്. മാസ്റ്ററിന്റെ വീട്ടിൽ വെച്ചായിരുന്നു ആ ഗാനത്തിന്റെ റിക്കൊർഡിങ്. പാട്ട് പഠിപ്പിച്ച ശേഷം മാസ്റ്റർ പുറത്തേക്ക് പോയി. ആദ്യത്തെ റിക്കോർഡിങ്ങിൽ കുറച്ച് തെറ്റുകളുണ്ടായിരുന്നു അത് മാറ്റി രണ്ടാമത് പാടിക്കഴിഞ്ഞപ്പോൾ അദ്ദേഹം ഓകെ പറഞ്ഞു. പിന്നീട് ഗാനം യൂസഫ്അലിയെ കേൾപ്പിക്കട്ടെ എന്ന് പറഞ്ഞ് എന്റെ മോള് പാടിയ ഗാനം കേട്ടോ എന്ന് ചോദിച്ചു. അത് കേട്ടപ്പോഴാണ് പാടിയത് അദ്ദേഹത്തിന് വളരെ അധികം ഇഷ്ടപ്പെട്ടു എന്ന് മനസിലായത്.

കൃഷ്ണൻ കേട്ട പാട്ട്

നന്ദനത്തിലെ രണ്ട് ഗാനങ്ങളും മാസ്റ്ററിന്റെ നിർബന്ധപ്രകാരം പാടിയത്. അന്നത്തെ എന്റെ മാനസികാവസ്ഥയിൽ പാടാൻ ഞാൻ വിസമ്മതിച്ചെങ്ങളിലും എന്റെ മോൾക്ക് വേണ്ടിയാണ് ആ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും അത് പാടണമെന്നും മാസ്റ്റർ നിർബന്ധം പിടിച്ചു. അതിനു ശേഷമാണ് നന്ദനത്തിലെ രണ്ട് ഗാനങ്ങളും പാടിയത്. ആ സമയത്തെ എന്റെ മാനസികാവസ്ഥകൊണ്ടാണ് കാർമുകിൽ വർണ്ണനെന്ന ഗാനം നന്നായി പാടാൻ കഴിഞ്ഞത്. ഗാനം പാടിക്കഴിഞ്ഞാണ് ഗർഭം ധരിക്കുന്നത്, അതറിഞ്ഞ ദാസേട്ടൻ എന്ന വിളിച്ച് നിന്റെ പാട്ട് കൃഷ്ണൻ കേട്ടു, എങ്ങനെ കേൾക്കാതിരിക്കും നീ അങ്ങനെയല്ലേ വിളിച്ചതെന്ന്.

എ ആർ റഹ്മാൻ മനുഷ്യ സ്നേഹി

സഹജീവികളോട് കരുണയും സ്നേഹവുമെല്ലാമുള്ളൊരു മനുഷ്യ സ്നേഹിയാണ് എ ആർ റഹ്മാൻ. മറ്റ് റിക്കോർഡിങ്ങുകളിൽ നിന്ന് വ്യത്യസ്തമാണ് റഹ്മാന്റെ റിക്കോർഡിങ്. ആദ്യം പാട്ടുപഠിപ്പിച്ചത് ശേഷം അതു കേട്ടിട്ടാണ് ഓർക്കസ്ട്രേഷൻ എങ്ങനെ വേണം എന്ന തീരുമാനിക്കുന്നത്. അന്നുവരെ ശീലിച്ച രീതിയിൽ നിന്ന് വ്യത്യാസമുള്ളതായിരുന്നു അത്. തമിഴിൽ ചിത്ര എന്ന ഗായികയെ ഓർമ്മിക്കാൻ തക്ക നിരവധി പാട്ടുകൾ റഹ്മാൻ എനിക്ക് സമ്മാനിച്ചിട്ടുണ്ട്.

നൗഷാദിന് വേണ്ടി പാടാൻ പറ്റാത്തത് വലിയ നഷ്ടം

പ്രമുഖ സംഗീതസംവിധായകൻ നൗഷാദ് സംഗീതം നൽകിയ മലയാള ചിത്രം ധ്വനിക്ക് വേണ്ടി പാടാൻ ക്ഷണിച്ചിരുന്നെങ്കിലും ആ സമയത്ത് വിദേശത്തായതുകൊണ്ട് പാടാൻ പറ്റിയില്ല. അത് വലിയ നഷ്ടമാണ്. അതുപൊലെ തന്നെ ഇളയരാജ സാറിന്റെ ഹിന്ദി ചിത്രത്തിൽ കിഷോർ കുമാറിന്റെ കൂടെ പാടാൻ ക്ഷണിച്ചപ്പോഴും വിദേശത്തായിരുന്നു. അതിന് രാജ സാർ എന്നെ ഒരുപാട് ശാസിച്ചിട്ടുണ്ട്. സംഗീതപരിപാടികൾ മാറ്റിവെച്ച് പിന്നണി ഗാനരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്താൻ ഉപദേശിക്കുകയും ചെയ്തു. നമുക്ക് വിധിച്ചത് നമുക്ക് തന്നെ ലഭിക്കും, ലഭിച്ചില്ല എന്ന പരിതപിച്ചിട്ട് കാര്യമില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

K S Chithra

സംഗീതത്തിന് വേണ്ടി സ്വയം സമർപ്പിച്ചു

സംഗീതമാണ് തന്റെ വഴി എന്ന തിരിച്ചറിഞ്ഞതിന് ശേഷം നന്നായി അധ്വാനിച്ചിട്ടുണ്ട്. സംഗീതം കഴിഞ്ഞേ മറ്റെന്തുമുള്ളു, സഹപ്രവർത്തകരെല്ലാം അവധി ആഘോഷിക്കുമ്പോൾ സംഗീതത്തിന് വേണ്ടി അവയെല്ലാം മാറ്റി വെച്ചിട്ടുണ്ട്. കൂടാതെ കിട്ടുന്ന എല്ലാ പാട്ടുകളും സംഗീതസംവിധായകൻ ഓകെ പറയുന്നതുവരെ പാടാൻ ഒരിക്കലും മടികാണിക്കാറില്ല. പുതിയ തലമുറ ഗായകരിൽ ഒരുപാട് നല്ല കഴിവിള്ള ആളുകളുണ്ട് എന്നാൽ അവരിൽ ചിലർക്ക് ഡെഡിക്കേഷനില്ല എന്ന് തോന്നിയിട്ടുണ്ട്. ചെയ്യുന്ന ജോലിയോട് ഒരു ഭക്തിയും ബഹുമാനവുമൊക്കെയുണ്ടാകണം എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്.

നഷ്ടമാകുന്ന ആത്മബന്ധം

ടെക്നോളജിയുടെ വളർച്ച മൂലം ആത്മബന്ധങ്ങൾ നഷ്ടമാകുന്നുണ്ട്. പണ്ട് ഗാനം റിക്കോർഡ് ചെയ്യുമ്പോൾ എല്ലാവരും ഒരു കുടുംബം പോലെയാണ്. എല്ലാവരേയും പരിചയപ്പെടാനുള്ള അവസരവും ലഭിക്കും. പുതിയ ആളുകൾക്കാണെങ്കിൽ ഒരുപാട് സീനിയറായ ആളുകളുടെ കൂടെ ജോലി ചെയ്യാനും അവരുടെ ഉപദേശങ്ങൾ ലഭിക്കാനുമുള്ള അവസരങ്ങൾ ലഭിക്കുമായിരുന്നു എന്നാൽ ഇന്ന് കൂടെ പാടുന്നത് ആരാണെന്ന് പോലും അറിയാതെയാണ് പാടുന്നത്.

ഗായകർക്കു റോയൽറ്റിയാകാം

ഒരു ഗാനം മികച്ചതാക്കുന്നതിൽ സംഗീതസംവിധാകയരെപ്പൊലെ തന്നെ ഗായകർക്കും പങ്കുണ്ട്. ചിലസമയങ്ങളിൽ ഗായകർ അവരുടേതായ ചിലകൂട്ടിച്ചേർക്കലുകൾ വരുത്താറുമുണ്ട്. അതുകൊണ്ട് ഗായകർക്കും റോയൽറ്റിയാകാം എന്നാണ് എന്റെ അഭിപ്രായം.