Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേഷിലെ സംഗീതം എനിക്ക് കിട്ടിയ സ്വാതന്ത്ര്യം: ബിജിബാൽ

nere-chowe-bijibal-m-15082015

പേര് 'മഹേഷിന്റെ പ്രതികാരം' പശ്ചാത്തലം ചടുലം. താളം കൊഴുപ്പിക്കേണ്ടിടത്ത് മാത്രം കൊട്ടിക്കയറുന്ന രീതി. ഈണങ്ങളിൽ മുഴുകിയ ഗ്രാമീണത. മഹേഷിന്റെ പ്രതികാരത്തിന്റെ ആവിഷ്കാര പ്രതിഭയിൽ ശ്രുതി ഭംഗിയായി ചേർത്ത് ബിജിബാൽ. ചലച്ചിത്രത്തിലെ പാട്ടുകൾക്കും അതിന്റെ പശ്ചാത്തല സംഗീതത്തിനും ഒരുപോലെ മനോഹരമായ ഈണങ്ങൾ സൃഷ്ടിച്ച ബിജിബാലിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ചിത്രത്തിന് സംഗീതമൊരുക്കിയ വഴികളെ കുറിച്ച് ബിജിബാൽ സംസാരിക്കുന്നു.

എനിക്ക് കിട്ടിയ സ്വാതന്ത്ര്യം

മഹേഷിന്റെ പ്രതികാരത്തിന്റെ ഫസ്റ്റ് കട്ട് കഴിഞ്ഞപ്പോൾ തന്നെ ദിലീഷ് പടം എനിക്ക് തന്നു. അതിനാൽ സീനുകൾക്ക് അനുസൃതമായി പശ്ചാത്തല സംഗീതമൊരുക്കാൻ കൂടുതൽ സമയം ലഭിച്ചു. ഈ സമയ ലഭ്യതയും സംഗീതം ചെയ്യാൻ എനിക്ക് കിട്ടിയ സ്വാതന്ത്ര്യവും തന്നെയാണ് ചിത്രത്തിന്റെ സംഗീതത്തിൽ പ്രതിഫലിച്ചത്.

ഇടുക്കി പാട്ട് മറ്റൊരാൾക്കായി സൃഷ്ടിച്ചത്?

ചിത്രത്തിലെ ഇടുക്കിയെക്കുറിച്ചുള്ള പാട്ടിനെക്കുറിച്ച് നിരവധി നല്ല അഭിപ്രായങ്ങൾ കേട്ടു. സത്യത്തിൽ ആ പാട്ട് ഞാൻ പാടാൻ ഇരുന്നതല്ല. എല്ലാ പാട്ടും കമ്പോസ് ചെയ്യുമ്പോൾ ഞാൻ ട്രാക്ക് പാടാറുണ്ട്. അത്തരത്തിൽ പാടിയതാണ് ഇടുക്കിയും. മറ്റൊരാളെ കൊണ്ട് റെക്കോർഡിങ്ങിനായി പാടിക്കുകയും ചെയ്തു. എന്റെ ആ സുഹൃത്ത് തന്നെ പറഞ്ഞു, ഞാൻ ഈ പാട്ട് പാടുന്നതിനേക്കാൾ നല്ലത് ബിജി തന്നെ പാടുന്നതാണ് നല്ലതെന്ന്. ദിലീഷിനും ആഷിക്കിനുമെല്ലാം അതേ അഭിപ്രായമായിരുന്നു. അങ്ങനെയാണ് ആ പാട്ട് എന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയത്.

പാട്ടിന് ജീവൻ നൽകിയത് വരികൾ

സത്യത്തിൽ മഹേഷിന്റെ പ്രതികാരത്തിലെ പാട്ടുകൾക്ക് ജീവൻ നൽകിയത് അതിന്റെ വരികൾ തന്നെയാണ്. റഫീക്ക് അഹമ്മദാണ് മൂന്നു ഗാനങ്ങളുടെ വരികൾ രചിച്ചിരിക്കുന്നത്. ചെറുപുഞ്ചിരി എന്നു തുടങ്ങുന്ന ഒരു ഗാനത്തിന് രചന സന്തോഷ് വർമ്മയുടേതാണ്. ഈ വരികളിലെ ഭംഗിയാണ് നല്ല സംഗീതമായി പുറത്തുവന്നത്.

അപർണ നല്ല ഗായിക കൂടി...

സിനിമയിൽ മുഖ്യവേഷം ചെയ്തിരിക്കുന്ന അപർണ നല്ല ഗായിക കൂടിയാണെന്ന് തെളിയിക്കുന്ന ഗാനമാണ് ‘മൗനങ്ങൾ’ എന്ന ഗാനം. സംഗീതഞ്ജൻ ബാലമുരളിയുടെ മകളാണ് അപർണ ബാലമുരളി. അപർണയെ നമുക്ക് ഈ പാട്ടിനായി ട്രൈ ചെയ്യാമോയെന്ന് ദിലീഷാണ് ചോദിക്കുന്നത്. ട്രൈ ചെയ്തുനോക്കിയപ്പോൾ ആ കുട്ടി നന്നായി പാടുന്നുണ്ട്. അങ്ങനെയാണ് വിജയ് യേശുദാസുമായുള്ള കോമ്പോ ഗാനത്തിൽ അപർണയെ തിരഞ്ഞെടുക്കുന്നത്. നിഖിൽ മാത്യുവും, സംഗീത ശ്രീകാന്തുമെല്ലാം വളരെ മികച്ച ഗായകരാണ്. ആ ഗാനങ്ങൾ റെക്കാർഡു ചെയ്യുന്നതിന് മുമ്പ് ഒന്നുരണ്ട് പരിപാടികളിൽ ഇവരുടെ ഗാനങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. അങ്ങനെയാണ് അവർക്കായി ആ ഗാനങ്ങൾ മാറ്റിവച്ചത്.

കുട്ടികളുടെ കോറസ് ഗാനം ചിത്രീകരിച്ചിരിക്കുന്നത് വളരെ നൊസ്റ്റാൾജിക് ഉണർത്തുംവിധമാണ്. ആ ഗാനം എന്റെ മോനും അവരുടെ ക്ലാസ്മേറ്റ്സും സുഹൃത്തുക്കളും കൂടിയാണ് ആലപിച്ചത്.

ദിലീഷ് ഗംഭീരമനുഷ്യനാണ്

സിനിമ കണ്ടും കേട്ടും വളർന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. അദ്ദേഹമൊരു ഗംഭീര മനുഷ്യനാണ്. ചെയ്യുന്ന എല്ലാ കാര്യവും വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് ചെയ്യുന്ന ആളാണ്. സിനിമയെന്നത് ഒരു സംവിധായകന്റെ കലയാണെന്ന് തീർത്തും തെളിയിക്കുകയാണ് ദിലീഷ്. സിനിമയിലെ പല കഥാപാത്രങ്ങളും ആവർത്തിച്ച് പല രംഗങ്ങളിലും എത്തുന്നുണ്ട്. ഒരിക്കലും അസിസ്റ്റന്റുകളെ വച്ചല്ല ഒരു സീനും ഷൂട്ടു ചെയ്തത്. ചിത്രത്തിന്റെ സംഗീതം നന്നായതും സിനിമ നന്നായതിനാലാണ്. പിന്നെ എല്ലാ സീനുകൾക്ക് മുൻപും കൃത്യമായ റിഹേഴ്സൽ നടന്നിരുന്നു.