Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ട് വൈറലാക്കാനല്ല, മാർക്കറ്റിങിനുമില്ല: പ്രശാന്ത് പിള്ള

prashanth-pillai

ആകാശത്തൂന്നു പറന്നിറങ്ങി അമ്പിളിയമ്മാന്റെ ഓരം ചാരി നിന്നും പിന്നെ പറന്നു മരക്കൊമ്പിലേക്കു ചാഞ്ഞിറങ്ങിയിരുന്നും നൃത്തം ചെയ്യുന്ന കുഞ്ഞി മാലാഖമാരിലൂടെയായിരുന്നു ആമേൻ എന്ന ചിത്രത്തിന്റെ തുടക്കം. അനിമേഷന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ചെയ്ത ആ ടൈറ്റിൽ സോങ് ഒരു പുതിയ അനുഭവമായിരുന്നു. ദൃശ്യഭാഷകൊണ്ടും പ്രമേയം കൊണ്ടും മാത്രമല്ല ഈണങ്ങൾ കൊണ്ടും. കടലിനടിയിലേക്കൂളിയിട്ടിറങ്ങിയപ്പോൾ പവിഴപ്പുറ്റിൽ ചുറ്റിപ്പിണഞ്ഞു കിടന്നൊരു വെള്ളിക്കൊലുസു കാണുന്ന കൗതുകമായിരുന്നു ആ പാട്ടുകൾ. അവിടം മുതലാണ് പ്രശാന്ത് പിള്ളയെന്ന സംഗീത സംവിധായകനെ നമ്മൾ ശ്രദ്ധിച്ചു തുടങ്ങിയത്. ‘നിങ്ങ വേറെ ലെവലാണെ’ന്ന് അന്നേ പറഞ്ഞു തുടങ്ങിയതാണ്. അങ്കമാലി ഡയറീസ് എന്ന ചിത്രം കണ്ടിറങ്ങിയ ഓരോരുത്തരും കയ്യടിച്ചത് ഈ സംഗീത സംവിധായകനു കൂടിയാണ്.

എങ്ങനെ സാധിക്കുന്നു ഇത്രയേറെ മനസ്സു തൊടുന്ന, വ്യത്യസ്തമായ ഈണം തീർക്കാന്‍?

തിരക്കഥ ആവശ്യപ്പെടുന്ന സംഗീതമാണു ഞാൻ‌ ചെയ്യുന്നത്. ആ പ്രമേയം മനസ്സിനോടു ചേർന്നു നിൽക്കുന്നിടത്ത് എന്റെ സംഗീതവും സൃഷ്ടിക്കപ്പെടും. തിരക്കഥ, സംവിധായകന്റെ ആശയം, കഥാപാത്രങ്ങൾ എന്നിവർക്കപ്പുറം ഒന്നുമേ ചിന്തിക്കാറില്ല. വ്യാവസായിക മൂല്യങ്ങള്‍ക്കു വേണ്ടി സംഗീതം വളച്ചൊടിക്കാറില്ല. നല്ല സിനിമകൾക്കു വേണ്ടി നല്ല സംഗീതം കുറുക്കുവഴികളില്ലാതെ സൃഷ്ടിക്കുക എന്നതാണ് തീരുമാനം. പാട്ടുകൾ വൈറലാകണം എന്ന ചിന്ത ഇതേവരെ മനസ്സിൽ വന്നിട്ടില്ല. നല്ല സിനിമകൾ‌ക്കു നല്ല സംഗീതം ചെയ്യുക എന്നതാണ് ചിന്ത. സിനിമയുടെ ഉള്ളറിഞ്ഞ് ഈ തീരുമാനങ്ങളെല്ലാം മനസ്സിൽ വച്ച് സംഗീതം ചെയ്താല്‍ നമ്മുടെയുള്ളിൽ നിന്ന് ഏറ്റവും മനോഹരമായ സംഗീതമായിരിക്കും പുറത്തുവരുന്നത്. ഒട്ടും എക്സ്പീരിയൻസ് ഇല്ലാത്തവർക്കൊപ്പവും നല്ല പരിചയ സമ്പന്നർക്കൊപ്പവും ജോലി ചെയ്യാൻ എനിക്കു സാധിക്കും. നമ്മൾ നമ്മുടെ കംഫർട് സോണിൽ നിന്നു പുറത്തേക്കു കടക്കുമ്പോഴാണ് നമ്മളുടെ ഉള്ളിലെ യഥാർഥ കഴിവുകൾ പുറത്തുവരിക എന്നു ഞാൻ വിശ്വസിക്കുന്നു. ഒഴുക്കിനെതിരെ നീന്തണം. 

വ്യത്യസ്തമാകണം എന്റെ ഓരോ ഗാനവും എന്ന ചിന്തയുണ്ടോ?

വ്യത്യസ്തമാകണം എന്ന മുൻധാരണയോടെയല്ല സംഗീതം ചെയ്യുന്നത്. ബിജോയ് നമ്പ്യാർ, എ.ആർ.റഹ്മാൻ എന്നിവര്‍ക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവ പരിചയവും എന്റെ സംഗീതത്തെ സ്വാധീനിക്കുന്നുണ്ട്. അതിനപ്പുറം ഒന്നുമില്ല. നേരത്തെ പറഞ്ഞതു പോലെ തിരക്കഥയ്ക്കു വേണ്ടിയാണു ഞാൻ സംഗീതം ചെയ്യുന്നത്, അത്രയേയുള്ളൂ. ആമേനിന്റെ പ്രമേയത്തിനിണങ്ങുന്ന സംഗീതം ചെയ്യുമ്പോൾ അതിൽ സംഗീതോപകരണങ്ങളും അങ്ങനെയാകും. അതേ ശൈലിയല്ല അങ്കമാലി ഡയറീസിനു വേണ്ടത്. ഓരോ ചിത്രവും വേറിട്ടതാണ്. പാട്ട് ആ പ്രമേയത്തിനോടു നീതിപുലർത്തുന്ന നല്ല സംഗീതമാകണം എന്നേയുള്ളൂ എനിക്ക്. 

നായകൻ, സിറ്റി ഓഫ് ഗോഡ്, ഡബിൾ ബാരൽ, ആമേൻ, അങ്കമാലി ഡയറീസ്...മലയാളത്തിൽ അധികവും ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമാണല്ലോ?

നല്ല സുഹൃത്തുക്കൾക്കൊപ്പം പ്രവർത്തിക്കുമ്പോഴാണ് നമുക്കൊരുപാടു സന്തോഷം തോന്നുക. അന്നേരമാണ് നമുക്ക് നന്നായി ചെയ്യാനും സാധിക്കുക. ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ അണിയറ പ്രവർത്തകരുമായി ഒരു അടുപ്പം സൃഷ്ടിക്കാൻ സാധിച്ചാലേ എനിക്ക് എന്റെ സംഗീതം നല്ലതാക്കാൻ സാധിക്കൂ. ലിജോ എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്. 

വിജയപരാജയങ്ങളെ കുറിച്ച് ഞങ്ങൾക്കിരുവര്‍ക്കും ആവലാതികളൊന്നുമില്ല. പതിവു രീതികളോടു ഞങ്ങൾക്കിരുവർക്കും താൽപര്യവുമില്ല. ആമേനിൽ ലക്കി അലിയും അങ്കമാലി ഡയറീസിൽ അങ്കമാലി പ്രാഞ്ചിയും ഗായകരാകുന്നതും നിങ്ങൾ പറയുന്നതു പോലെ വ്യത്യസ്തവും വിചിത്രവും മനസ്സു തൊടുന്നതുമായ സംഗീതം സൃഷ്ടിക്കപ്പെടുന്നതും ഇക്കാരണങ്ങൾ കൊണ്ടു കൂടിയാണ്. ദോ നൈന എന്ന പാട്ടിന്റെ റഫ് വേർഷൻ അതേപടി ട്രെയിലറിൽ ഉപയോഗിച്ചത്. ഇതിനുള്ള ധൈര്യം മറ്റൊരു സംവിധായകന്‍ കാണിക്കും എന്നെനിക്കു തോന്നുന്നില്ല. 

സിനിമയുടെ പകിട്ടുകളിലൊന്നും പങ്കാളിയാകേണ്ട, സെലക്ടീവ് ആകണം എന്നതാണോ പ്രശാന്ത് പിള്ളയുടെ തീരുമാനം?

എന്നെ സന്തോഷിപ്പിക്കുന്ന സംഗീതമാണു ചെയ്യുന്നത്. അതിനപ്പുറമുള്ള ഗ്ലാമറൊന്നും അധികം കൊതിക്കുന്നില്ല. സിനിമാ ലോകത്തിന്റെ തിരക്കുകളിൽ നിന്നും തിളക്കങ്ങളിൽ നിന്നും മനപ്പൂർവം മാറിനടക്കുന്നതാണ്. എനിക്കു താൽപര്യമില്ല. ഒത്തിരി നല്ല സുഹൃത്തുക്കളുണ്ട്. സിനിമയ്ക്കപ്പുറമുള്ള സംഗീതത്തോടും ഒരുപാടു താൽപര്യം. അംഗീകാരങ്ങൾക്കും പ്രശസ്തിക്കുമപ്പുറം നല്ല സംഗീതം ചെയ്യണം അത്രയേയുള്ളൂ. സംഗീതം ചെയ്യാൻ കിട്ടുന്ന ചിത്രങ്ങൾക്കു ഒരു അടിസ്ഥാന മികവ് വേണം എന്ന ചിന്തയുണ്ട്. സിനിമ എന്നതിനേക്കാൾ സംഗീതത്തിനു പിന്നാലെയാണു ഞാൻ. അതുകൊണ്ടാണ് ഒത്തിരി ചിത്രങ്ങൾ ചെയ്യാത്തതും. അതിനു വേണ്ടി തലപുകയ്ക്കാത്തതും. പുരസ്കാരങ്ങളോ അംഗീകാരങ്ങളോ എന്റെ മനസിലില്ല. 

‌ഞാൻ ഇൻട്രോവെർട്ട് ഒന്നുമല്ല. പ്രൊമോഷനുകൾക്കും ഇന്റർവ്യൂകൾക്കും തിരക്കു പിടിച്ചോടാറില്ല. നമ്മുടെ ജോലിയാണ് എല്ലാത്തിലും വലുത്. അതിനപ്പുറമുള്ള കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ജോലി െചയ്യാനാകില്ല. എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റണം എന്ന മനോഭാവത്തോടെ ജോലി ചെയ്യാൻ എനിക്കാകില്ല. അങ്ങനെ ചെയ്യാറുമില്ല. 

പിന്നെ സാഹചര്യവുമില്ല. എന്റെ ലോകം കുടുംബമാണ്. പ്രത്യേകിച്ച് മകൾ. തീരെ ചെറുതാണ് അവൾ. അവൾക്കൊപ്പം ഒത്തിരി നേരം ചെലവഴിക്കണമെന്നാണ് ആഗ്രഹം. സിനിമയുടെ റെക്കോഡിങ് കഴിഞ്ഞാൽ‌ പുനെയ്ക്ക് ഉടൻ വണ്ടികയറും. കുറേ വർഷങ്ങൾ കഴിഞ്ഞു ചിന്തിക്കുമ്പോൾ അവൾക്കൊപ്പം ചെലവഴിച്ച നല്ല ഓർമകൾ ഒത്തിരിയുണ്ടാകണം എന്നാണ് ആഗ്രഹം. ഇക്കാരണങ്ങൾ കൊണ്ടാണ് പലപ്പോഴും സിനിമയുടെ തിരക്കുകളിൽപ്പെടാതെ മാറിനടക്കുന്നത്. 

മലയാളം അധികം അറിയില്ല. പക്കാ പ്രാദേശിക ഭാഷ സംസാരിക്കുന്ന അങ്കമാലി ഡയറീസിൽ എങ്ങനെയാണ് ഇത്രയും നല്ല സംഗീതം ചെയ്യാനായത്?

അവിടെയാണ് ലിജോയുടെ മികവ്. എന്താണു ചിത്രമെന്നും എന്താണു വേണ്ടതെന്നും കൃത്യമായി എന്നോടു പറഞ്ഞിരുന്നു. ഓരോ കാര്യവും വിശദീകരിച്ചു തരും. നിശ്ശബ്ദത പോലും സംഗീതമാക്കാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. അങ്കമാലി ഡയറീസിന്റെ പശ്ചാത്തല സംഗീതത്തിൽ ഒരിടത്ത് മൊത്തത്തിൽ നിശബ്ദതയാണ്. സിനിമയുടെ മൂഡ് എന്താണെന്ന് എനിക്കു മനസ്സിലാക്കി തരാനായി കുറേ കാര്യങ്ങള്‍ ചെയ്തു. അങ്കമാലിയുടെ താളമെന്തെന്ന് കുറേ റെക്കോഡിങ് കേൾപ്പിച്ചു മനസ്സിലാക്കിത്തന്നു. അതനുസരിച്ചാണ് പശ്ചാത്തല സംഗീതം തീർത്തത്.

അങ്കമാലി പ്രാഞ്ചി എന്ന ഗായകനാണ് അങ്കമാലി ഡയറീസിലെ ഗായകരിൽ ഹൈലൈറ്റ്. എങ്ങനെയാണ് പ്രാഞ്ചി അങ്കമാലി ഡയറീസിന്റെ ഭാഗമായത്?

ലിജോയുടെ നിര്‍ദ്ദേശമായിരുന്നു അങ്കമാലി പ്രാഞ്ചി എന്ന ഗായകൻ. ലിജോ അങ്കമാലിയിലുള്ള ഏതോ കള്ളുഷാപ്പില്‍ പോയി അദ്ദേഹത്തെക്കണ്ട്, അദ്ദേഹത്തിന്റെ കംഫർട്ട് സോണിലിരുത്തി കുറേ പാട്ടുകൾ പാടിച്ച് റെക്കോർഡ് ചെയ്ത് വാട്സാപ്പ് വഴി എനിക്ക് അയച്ചു തന്നിരുന്നു. സിനിമയുടെ മൂഡിന് ചേരുന്ന ആലാപന ശൈലിയായിരുന്നു അത്. അദ്ദേഹം അങ്കമാലിക്കരനായതു കൊണ്ട് ഭാഷയും ഉച്ചാരണരീതിയും താളവുമൊക്കെ സിനിമയ്ക്കിണങ്ങുന്ന പോലെയായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ സിനിമയിൽ പാടാൻ ക്ഷണിക്കുന്നത്. ഈ പാട്ടുകളിലൂടെയൊക്കെയാണ് സിനിമ ആവശ്യപ്പെടുന്ന സംഗീതത്തെ കൂടുതൽ മനസ്സിലാക്കുവാൻ സാധിച്ചത്. 

അങ്കമാലി പ്രാഞ്ചിയുടെ റെക്കോഡിങ്ങിനു ഞാൻ പോയില്ല. മനപ്പൂർവം പോകാതിരുന്നതാണ്. അദ്ദേഹം 70-75 വയസുള്ള ഒരാളാണ്. അന്തർമുഖനാണ്. സിനിമയെക്കുറിച്ച് അദ്ദേഹത്തിനും ഒപ്പം വന്നവർക്കും എന്തൊക്കെയോ മുൻധാരണകളുണ്ടെന്നു തോന്നി. മാത്രമല്ല, സംഗീത സംവിധായകൻ, റെക്കോഡിങ് എന്നൊക്കെ കേട്ടപ്പോഴേ ഒരുപാടു പേടിയായി അദ്ദേഹത്തിന്. അതുകൊണ്ട് റെക്കോഡിങിനു ഞാൻ പോയതേയില്ല. 

സ്വയം മാർക്കറ്റ് ചെയ്യരുതെന്നു പഠിപ്പിച്ച എ.ആർ.റഹ്മാൻ

റഹ്മാൻ സാറിനൊപ്പം വർക് ചെയ്യാനായതു ജീവിതത്തിലെ ഏറ്റവും അമൂല്യമായ കാര്യമാണ്. ഒരിക്കലും മറക്കാനാകില്ല. സംഗീതത്തിലും ജീവിതത്തിലും കാത്തുസൂക്ഷിക്കേണ്ട ചില മൂല്യങ്ങളെക്കുറിച്ചു പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്.

a-r-rahman

സിനിമ ഒരു വലിയ കൂട്ടായ്മയുടെ ഭാഗമാണ്. അതിൽ നിന്നാണു സിനിമ സൃഷ്ടിക്കപ്പെടേണ്ടത്. സിനിമയ്ക്കു സംഗീതം ചെയ്യുമ്പോൾ നമ്മൾ പല പ്രതിസന്ധികളെയും നേരിടേണ്ടി വരും. സംവിധായകരുമായും നിർമാതാക്കളുമായും സ്വരച്ചേർച്ചയില്ലായ്മയുണ്ടാകാം. മാർക്കറ്റിങ് തന്ത്രങ്ങളോട് ഏറ്റുമുട്ടേണ്ടി വരാം. അങ്ങനെ പല പല പ്രശ്നങ്ങൾ. എല്ലാത്തിനിടയിലും നമുക്കിഷ്ടപ്പെട്ടതു മാത്രം ആ സിനിമയ്ക്കു വേണ്ടി ചെയ്യണം. ആ നിലപാടിൽ ഉറച്ചു നില്‍ക്കണം. നല്ല നിർദേശങ്ങളെ അവഗണിക്കുകയുമരുത്. നല്ല സംഗീതം സൃഷ്ടിക്കപ്പെടുന്നത് അങ്ങനെയാണ്. ആ സംഗീതം കേൾക്കുമ്പോൾ മറ്റെല്ലാ ആരോപണങ്ങളും പ്രശ്നങ്ങളും അലിഞ്ഞില്ലാതാകും. ജോലിയിലൂടെയാണു മാർക്കറ്റിങ്. നമ്മൾ സ്വയം മാർക്കറ്റ് ചെയ്യേണ്ടതില്ല. ഇതാണു റഹ്മാൻ സാറിൽ നിന്നു കിട്ടിയ ഏറ്റവും വിലപ്പെട്ട നിര്‍ദ്ദേശം. അതു തന്നെയാണു ഞാൻ പിന്തുടരുന്നത്.

ലെറ്റ്സ് ടോക് മ്യൂസിക് എന്താണ്? ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോടു താൽപര്യമുണ്ടോ?

കൊച്ചിയിലും ബെംഗളൂരുവിലും വർക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. സംഗീതത്തെ എങ്ങനെ സമീപിക്കണം എന്നാണു പറഞ്ഞു കൊടുക്കാറുളളത്. അടിസ്ഥാനപരമായ കാര്യങ്ങൾ. ഒരുപാടു കഴിവുകളുളള കുട്ടികൾ നമുക്കു ചുറ്റുമുണ്ട്. തന്നെക്കൊണ്ടെന്താണു കഴിയുകയെന്നു സംശയമുള്ളവർ, എന്താണു തന്റെ സംഗീതത്തിലെ മാസ്റ്റർ പീസ് എന്നു തിരിച്ചറിഞ്ഞിട്ടില്ലാത്തവർ. അവർക്കൊരു നല്ല പ്ലാറ്റ്ഫോം കൊടുക്കുക എന്നേയുള്ളൂ. ഇതിനേക്കാളുപരി, എനിക്ക് വലിയ എക്സ്പീരിയൻസ് ഇല്ലാത്തവരോടും സംഗീതത്തിലെ പുതിയ ആളുകളോടും ചേർന്നു പ്രവർത്തിക്കാൻ ഒത്തിരി ഇഷ്ടമാണ്. വല്ലാത്തൊരു കൗതുകമാണ്. 

ഡാർവിന്റെ പരിണാമം ചിത്രത്തിനു സംഗീതം ചെയ്യാനായി അതിന്റെ അണിയറ പ്രവർത്തകർ എന്നെയാണ് ആദ്യം സമീപിച്ചത്. പക്ഷേ എനിക്കത് ശങ്കർ ശർമ എന്ന സംഗീത സംവിധായകന് കൊടുക്കണം എന്നു തോന്നി. വളരെ ചെറുപ്പമാണ്. ഈ സിനിമ ചെയ്താൽ അതു ശങ്കറിനു വലിയ പ്രചോദനമാകും. ശങ്കറാണ് അത്തള പിത്തള എന്ന പാട്ടു പാടിയത്. പുതിയ തലമുറയെ വലിയ ഇഷ്ടമാണ്.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എപ്പോഴും നല്ലതാണ്. ഞാനും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി വന്നയാളാണ്. എന്റെ സംഗീതം അങ്ങനെയാണ് ബിജോയ് നമ്പ്യാരുടെ ശ്രദ്ധയിൽപ്പെടുന്നത്. അദ്ദേഹത്തിനൊപ്പം ഒരു വര്‍ക് ചെയ്യാനായി. അതു വലിയ വഴിത്തിരിവായിരുന്നു. നമ്മുടെ കഴിവുകള്‍ മറ്റാരുടെയും സഹായമില്ലാതെ ആളുകളിലേക്കെത്തിക്കാനുള്ള ഇടമാണല്ലോ. അതു നന്നായി ഉപയോഗപ്പെടുത്തണം എന്നു തന്നെയാണ് എനിക്കു പറയാനുള്ളത്. പക്ഷേ ഇപ്പോഴത്തെ കുട്ടികള്‍ക്കൊരു പ്രശ്നമുണ്ട്. അവരെല്ലാം വൈറലാക്കണം എന്ന ചിന്തയോടെയാണു ചെയ്യുന്നത്. വൈറലാക്കുന്നതിലല്ല കാര്യം. കുറേയാളുകൾ കണ്ടുവെന്നു കരുതി അതു നല്ലതാകണം എന്നില്ല. എനിക്കു കുറേ മെയിലുകൾ വരാറുണ്ട്. സർ, എന്റെ മ്യൂസിക് വിഡിയോ വൈറലായി. താങ്കൾ കാണണം എന്നൊക്കെ പറഞ്ഞുകൊണ്ട്. വൈറലാക്കുക എന്ന ലക്ഷ്യത്തോടെ സംഗീതം ചെയ്യരുതെന്നു തന്നെയാണ് അഭിപ്രായം. 

സിനിമയിൽ സംഗീതം കുറയുന്നു എന്ന തോന്നലുണ്ടോ?

അങ്ങനെ സംഭവിക്കാം. കാരണം തിരക്കഥ ആവശ്യപ്പെടുന്ന പാട്ടാണ് നൽകേണ്ടത്. അങ്കമാലി ഡയറീസിലെ ഗാനങ്ങൾ പലതും ചെറുതായിപ്പോയതിനു കാരണം അതുതന്നെയാണ്. ഒരുപക്ഷേ ഇനിയുള്ള കാലത്തെ തിരക്കഥകളിൽ പാട്ട് വേണ്ട എന്ന സ്ഥിതിയും വരാം. സിനിമയിൽ സംഗീതത്തിനു പ്രാധാന്യം കുറഞ്ഞാല്‍ സംഗീതത്തെ സ്നേഹിക്കുന്നവര്‍ സമാന്തര സംഗീതത്തിലേക്കു തിരിയും. കംഫർട് സോണിൽനിന്ന് മാറിനിൽക്കുമ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത സംഗീതം നമ്മിൽനിന്നു പുറത്തുവരും. കൂടുതൽ സ്വാതന്ത്ര്യത്തോടെ സംഗീതത്തിനോടൊപ്പം പോകാം. അതു സംഗീതത്തിനു ഗുണമേ ചെയ്യുള്ളൂ.

അനിയത്തി പ്രീതി പിള്ള നല്ലൊരു ഗായികയും എഴുത്തുകാരിയുമാണ്. അച്ഛന്റെയും അമ്മയുടെയും സ്വാധീനം എത്രത്തോളമുണ്ട്?‌

‌കലയിലൂടെ മുന്നേറിയ ഏതൊരാൾക്കും നെഗറ്റീവ് ആയോ പോസിറ്റീവ് ആയോ അവരുടെ മാതാപിതാക്കളുടെ സ്വാധീനം ഉണ്ടാകും. അതുതന്നെയാണ് അവരെ വാർത്തെടുക്കുന്നതും. എനിക്കും എന്റെ അനുജത്തിക്കും ഏറ്റവുമധികം പിന്തുണ തന്നിട്ടുള്ളത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്. അവർക്കിരുവർക്കും സംഗീതത്തോടു വലിയ താൽപര്യമായിരുന്നു. പക്ഷേ സംഗീതത്തിന്റെ വഴിയേ പോകാനായില്ല. ഞങ്ങൾക്കിരുവർക്കും സംഗീതത്തിൽ താൽപര്യവും പ്രതിഭയുമുണ്ടെന്നു മനസ്സിലാക്കിയപ്പോൾ ഒപ്പം നിന്നു. മാനസിക പിന്തുണയും സാമ്പത്തിക പിന്തുണയും തന്നു. 

ശ്രീകുമാർ വാക്കിയിലും അനുജത്തി പ്രീതിയും താങ്കളുടെ പാട്ടുകളിലെ സ്ഥിരം ഗായകരാണല്ലോ?

ജോലി ചെയ്യുമ്പോൾ ഏറ്റവും നല്ല ആളുകളുമായി വേണമല്ലോ പ്രവർത്തിക്കേണ്ടത്. പിന്നെ അവരോടു നമുക്കൊരു അടുപ്പവും വരണം. എനിക്കിവർ അങ്ങനെയാണ്. സിനിമയേക്കാൾ എനിക്കു പ്രധാനം അങ്ങനെയുള്ള സത്യസന്ധരായ മനുഷ്യരാണ്. അവർക്കൊപ്പം പാട്ടുകൾ ചെയ്യാനാണ് എനിക്കിഷ്ടം. നിങ്ങൾ ഷാരുഖ് ഖാന്റെ അഭിമുഖങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? തുടരെ തുടരെ പരാജയങ്ങളുണ്ടായിട്ടും എന്തിനാണു നിങ്ങൾ വീണ്ടും അങ്ങനെയുള്ള പ്രോജക്ടുകൾ ഏറ്റെടുക്കുന്നതെന്നു ചോദിച്ചിരുന്നു ഒരിക്കൽ. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഇവരെല്ലാം സിനിമയുടെ ഭാഗമായി എന്നോടൊപ്പം പ്രവർത്തിച്ചവർ മാത്രമല്ല, അവരെല്ലാം എന്റെ സുഹൃത്തുക്കൾ കൂടിയാണ്. അവരുടെയൊക്കെ നല്ല വശങ്ങളാണ് എന്നിലും പ്രവർത്തിക്കുന്നത് എന്ന്. എന്റെ കാര്യത്തിലും അതാണു ശരി. 

പ്രീതി കർണാട്ടിക് സംഗീതം പഠിച്ചിട്ടുള്ളയാളാണ്. ഞാൻ താളം പിടിക്കും, അവൾ പാടും. ഇതു കുഞ്ഞിലേ മുതൽ ചെയ്യുന്നതാണ്. ഞാനൊരു ഈണം തയാറാക്കിയാൽ അതു പാടിച്ചു നോക്കാന്‍ എനിക്ക് ഏറ്റവും സ്വാതന്ത്ര്യത്തോടെ വിളിക്കാൻ പറ്റിയ ആള്‍. അവളെക്കൊണ്ടു പാടിക്കുന്ന ട്രാക്ക് ആരെ വേണമെങ്കിലും കേൾപ്പിക്കാം. അങ്ങനെ കുറേ പാട്ടുകൾ പാടിച്ചിട്ടുണ്ട്. ചിലതിൽ അവൾ തന്നെ ഗായികയാകും. അതങ്ങനെ സംഭവിച്ചു പോകുന്നതാണ്. അവൾ പുറത്തൊരാളുടേയും ഈണത്തിൽ പാടിയിട്ടില്ല. അതിനുള്ള അവസരമൊന്നും വന്നിട്ടില്ല. 

മ്യൂസിക് കരിയർ എങ്ങനെയാകണം എന്നാണു ചിന്തിക്കുന്നത് ?

സിനിമാസംഗീതത്തിലേക്കു വരാൻ തീരെ താൽപര്യമില്ലായിരുന്നു. എങ്ങനെയോ വന്നുപോയതാണ്. സിനിമാസംഗീതത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അന്നും ഇന്നും സംഗീതം എന്റെ സന്തോഷത്തിനു വേണ്ടിയാണു ചെയ്യുന്നത്. എനിക്കു മൂഡ് വരുന്ന സമയത്തൊക്കെ സംഗീതം ചെയ്തു വയ്ക്കും. പിന്നെ അതൊരു ആറു മാസത്തിനു ശേഷമായിരിക്കും കേൾക്കുക. അന്നേരമുള്ള സന്തോഷം വളരെ വലുതാണ്. നമ്മൾ ചെയ്ത സംഗീതവും അതു സൃഷ്ടിക്കാനിടയായ സാഹചര്യവുമൊക്കെ മനസ്സിലേക്കു വരും. അതാണ് എന്റെ ജീവിതത്തിലെ ആഘോഷം എന്നു തന്നെ പറയാം. എന്റെ ശരീരവും മനസ്സും ഒരുപോലെ സന്തോഷിക്കുന്ന ആ നിമിഷമാണു വലുത്. സംഗീതം കൊമേഷ്യലി ഹിറ്റ് ആണോ അല്ലയോ എന്നതൊന്നും വിഷയമല്ല. ഞാനിഷ്ടപ്പെടുന്ന സംഗീതം ഇഷ്ടമുളളപ്പോൾ ഇഷ്ടമുള്ള രീതിയിൽ ചെയ്ത് മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം.