Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്: റഹ്മാൻ കണ്ടെത്തിയ പുത്തൻ പ്രതിഭ

SID-SRIRAM

തള്ളിപ്പോകാതെ എന്ന ഒറ്റ ഗാനം മതി സിദ് ശ്രീറാം എന്ന ഗായകന്റെ തിളക്കമറിയാൻ. ഗൗതം വാസുദേവ മേനോന്റെ പുതിയ ചിത്രം അച്ചം എൻപതു മടമൈയെടായിലെ ഗാനം പുറത്തിറങ്ങിയതു മുതൽ ഹിറ്റ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്താണ്. ആപ്പിൾ മ്യൂസിക് ഉൾപ്പെടെയുള്ള സ്റ്റോറുകളിലെല്ലാം ഹോട്ട് ലിസ്റ്റിലുണ്ട് തള്ളിപ്പോകാതെ എന്ന ഗാനം. കടൽ എന്ന സിനിമയിൽ റഹ്മാന്റെ സംഗീതത്തിൽ പാടി സിനിമയിലെത്തിയ സിദ് ഇന്നു സിനിമാലോകത്തെ ഏറ്റവും തിളക്കമുള്ള യുവഗായകരിലൊരാളാണ്. തള്ളിപ്പോകാതെയുടെ തരംഗത്തിനിടെ സിദ് ശ്രീറാമുമായി നടത്തിയ അഭിമുഖം.

തള്ളിപ്പോകാതെ ചാനലുകളിലും യുട്യൂബിലുമെല്ലാം വൈറലായിക്കഴിഞ്ഞു. എന്തു തോന്നുന്നു?

ഒരുപാട് സന്തോഷം. ഒട്ടേറെപ്പേരുടെ അനുഗ്രഹവും പ്രാർഥനയുമുണ്ട്. ഇത്തരമൊരു പാട്ട് തന്നെ ഈശ്വരനോടാണ് ആദ്യം നന്ദി. ഒപ്പം എന്റെ ആലാപനത്തിൽ വിശ്വസിച്ച എ.ആർ. റഹ്മാൻ എന്ന മാന്ത്രികനോടും. ഈ പാട്ട് അദ്ദേഹം തന്നതാണ്.

എങ്ങനെയാണ് ഈ പാട്ടിലേക്ക് എത്തിപ്പെടുന്നത്?

കഴിഞ്ഞ ഡിസംബർ പകുതിയോടെയാണു തള്ളിപ്പോകാതെ പാടാനുള്ള വിളി വരുന്നത്. പാട്ടിന്റെ മെലഡി ആദ്യം കേട്ടപ്പോൾ തന്നെ അതിനോട് വല്ലാത്തൊരു ഇഷ്ടമുണ്ടായെന്നു പറയാം. റെക്കോർഡിങ്ങിൽ വലിയ വെല്ലുവിളിയാകുമെന്നും ആദ്യം പാട്ട് പറഞ്ഞുതന്നപ്പോൾ തന്നെ മനസിലായിരുന്നു. പാട്ട് ഏകദേശം എല്ലാം പൂർത്തിയാക്കി. പക്ഷെ വീണ്ടും പുതുവൽസര തലേന്ന് ചില മാറ്റങ്ങൾ വരുത്താനുണ്ടെന്നു പറഞ്ഞ് എ.ആർ. റഹ്മാന്റെ വിളി. പാട്ട് എങ്ങനെ സ്വീകരിക്കപ്പെടുമെന്നു ചിന്തിക്കാൻ പോലുമുള്ള സമയമുണ്ടായില്ല. വളരെ വേഗത്തിൽ തന്നെ അതിന്റെ മിക്സിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കി ജനങ്ങളിലെത്തി. പാട്ട് വിസ്മയിപ്പിച്ചു കളഞ്ഞു എന്നു പറയുന്നതാകും ശരി. ജനങ്ങൾ സ്വീകരിച്ചതും .

സത്യത്തിൽ ഈ പാട്ട് വേറിട്ടു നിൽക്കുന്നതെങ്ങനെയാണ്?

എ.ആർ. റഹ്മാൻ എന്ന സംഗീതജ്ഞന്റെ സംഗീതവിസ്മയത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണിത്. അദ്ദേഹത്തിന്റെ ഒരിക്കലും അവസാനിക്കാത്ത സംഗീതകണ്ടെത്തലുകളുടെ ഏറ്റവും പുതിയ ഭാഗം. ഇതൊരു മെലഡിയാണ്. പക്ഷെ ഇത്തരമൊന്നു മുൻപ് കേട്ടിട്ടില്ലെന്നതാണ് വാസ്തവം. അത് പല വഴികളിലൂടെ ഒഴുകുന്നു, അങ്ങനെ പാട്ടായി രൂപപ്പെടുന്നു. കൃത്യമായി ഒരു ഭാഗത്തു നിങ്ങളെ അതു കീഴ്പ്പെടുത്തിക്കളയും. താമരയുടെ വരികളും അതിമനോഹരമാണ്. പാട്ടിലെ മെലഡിയോട് ഏറെ ചേർന്നു നിൽക്കുന്നത്. പാട്ടിന്റെ സൗണ്ടിങ്ങും ഒാർക്കസ്ട്രയുടെ അവതരണ രീതിയുമെല്ലാം പാട്ടിനെ ഏറെ വ്യത്യസ്തവും പുതിയതുമാക്കുന്നതാണ്. വരികളുടെ അർഥം ഉൾക്കൊണ്ടാണു പാടുന്നതെന്ന് താമര ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിരുന്നു. അതും പാട്ടിന്റെ മികവാണെന്നു പറയാം.

കടൽ എന്ന മണിരത്നം ചിത്രത്തിനു വേണ്ടി പാടിയാണ് സിദ് സിനിമയുടെ സംഗീത ലോകത്തേക്ക് എത്തുന്നത്. അതും എ.ആർ. റഹ്മാനിലൂടെ. എങ്ങനെയാണ് ആ വരവ്?

ഞാൻ സ്വയം ഈണം നൽകി പാടിയ ഒരു ഗാനം എ.ആർ. റഹ്മാന് മെയിൽ ചെയ്തിരുന്നു. അതിനു മറുപടി ലഭിക്കുമെന്നൊന്നും കരുതിയതു പോലുമില്ല. പക്ഷെ ഏതാനും മാസങ്ങൾക്കു ശേഷം എ.ആർ. റഹ്മാനിൽ നിന്നൊരു മറുടി ലഭിച്ചു. അദ്ദേഹത്തെ വന്നു കാണാൻ ആവശ്യപ്പെട്ട്. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സന്ദർഭമായിരുന്നുവത്. ഒരിക്കലും മറക്കില്ല ആ കൂടിക്കാഴ്ച. പിന്നീട് ഏതാനും മാസങ്ങൾക്കു ശേഷമാണ് കടലിലെ അടിയേ എന്ന ഗാനം റെക്കോർഡ് ചെയ്യുന്നത്. എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു ആ ഗാനം. എ.ആർ. റഹ്മാനെപ്പോലൊരു സംഗീത സംവിധായകൻ വഴി സിനിമയിൽ കരിയർ ആരംഭിക്കാൻ സാധിച്ചുവെന്നതു വലിയൊരു ഭാഗ്യമായാണ് കാണുന്നത്. പുതിയ പാട്ടിലൂടെ സംഗീത വഴിയിൽ വലിയൊരു ബ്രേക്കും അദ്ദേഹം നൽകിയിരിക്കുന്നു.

റഹ്മാനൊപ്പം മൂന്നു പാട്ടുകൾ ചെയ്തിട്ടുണ്ട്. എങ്ങനെയാണ് അദ്ദേഹത്തിനൊപ്പമുള്ള റെക്കോർഡിങ് അനുഭവം?

ഒാരോ നിമിഷവും നമ്മളെ സംഗീതത്താൽ പ്രചോദിപ്പിക്കു്നനതാണ് അദ്ദേഹവുമൊത്തുള്ള സമയമെല്ലാം. ആലോചിച്ചു നിൽക്കാൻ പോലും സമയമുണ്ടാകില്ല. സ്റ്റുഡിയോയിൽ എത്തിക്കഴിഞ്ഞാൽ നമ്മളിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം ലഭിക്കുന്നതു വരെ അദ്ദേഹം നമ്മളെ പ്രചോദിപ്പിക്കും. അതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ ഒാരോ പാട്ടുകളും.

സ്വന്തം ആൽബത്തിന്റെ പണിപ്പുരയിലാണെന്നു കേട്ടു?

എന്റെ സ്വന്തം ആൽബത്തിന്റെ പണിപ്പുരയിലാണ് ഞാനിപ്പോൾ. 2014 മാർച്ച് മുതൽ അതിന്റെ ജോലികളിലാണ്. 2010ലാണ് ആദ്യമായി എന്റെ ആദ്യ ഗാനം പുറത്തെത്തുന്നത്. പുതിയ ആൽബത്തിൽ പല തലത്തിലുള്ള സംഗീതഞ്ജരുമായി ഒരുമിക്കുന്നുണ്ട്. ഗ്രാമി അവാർഡ് ജേതാവ് ഡിജെ ഖലീൽ ഉൾപ്പെടെയുള്ളവർ ഒരുമിക്കുന്നു. ഇൻസോമാനിക് സീസൺ എന്നാണ് ആൽബത്തിന്റെ പേര്. ആർ ആൻഡ് ബി, ഇലക്ട്രോണിക്, ഹിപ്ഹോപ്, ഇന്ത്യൻ തുടങ്ങിയ പല തലങ്ങളിലുള്ള സംഗീതത്തിന്റെ വേറിട്ട റൂട്ടാണ് ആൽബത്തിൽ. ഈ വർഷം തന്നെ ആൽബം റിലീസ് ചെയ്യാൻ സാധിക്കുമെന്നാണു പ്രതീക്ഷ.

സിദ് ഏതു തരം സംഗീതത്തിന്റെ ആരാധകനാണ്?

കർണാടിക് സംഗീതം പഠിച്ചാണ് എന്റെ സംഗീത യാത്ര ആരംഭിക്കുന്നത്. മൂന്നാമത്തെ വയസിൽ തുടങ്ങിയ സംഗീത പഠനം. അതു തന്നെയാണ് എന്റെ സംഗീതത്തിന്റെ അടിസ്ഥാനവും പ്രചോദനവും. പതിനൊന്നു വയസുള്ളവപ്പോഴാണ് ആർ ആൻ‍ഡ് ബി എന്ന വെസ്റ്റേൺ സ്റ്റെൽ ഞാൻ കേൾക്കുന്നതും ഇഷ്ടപ്പെടുന്നതും. ആ രീതിയിൽ എങ്ങനെ പാടണമെന്നൊക്കെ സ്വയം പഠിച്ചതാണ്. 2012ൽ അടിയെ പാടിയാണ് സംഗീത യാത്രയിൽ ബ്രേക്ക് നേടുന്നത്. എന്റെ സഹോദരി- പല്ലവി ശ്രീറാമിന്റെ- ഭരതനാട്യ അവതരണത്തിൽ പിന്നണി പാടുന്നതും ഞാനാണ്. എല്ലാത്തരം സംഗീതവും ഞാൻ ഇഷ്ടപ്പെടുന്നു, അതിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ഒാരോന്നും ഒാരോ രീതിയിൽ എനിക്കു പ്രിയപ്പെട്ടതാണ്, പ്രധാനപ്പെട്ടതാണ്.

അമേരിക്കയിൽ താമസം. ഇന്ത്യയിലെ റെക്കോർഡിങ് സെഷനുകളും സ്റ്റേജ് ഷോകളും. എങ്ങനെ മാനേജ് ചെയ്യുന്നു ഇവയെല്ലാം?

യുഎസിലെ പ്രശസ്തമായ ബെർക്‌ലീ കോളജ് ഒാഫ് മ്യൂസിക്കിൽ നിന്നാണു ഞാൻ ബിരുദം നേടിയത്. 2008 മുതൽ 2012 വരെ അവിടെ വിദ്യാർഥിയായിരുന്നു ഞാൻ. മ്യൂസിക് പ്രൊഡക്ഷൻ ആൻഡ് എൻജിനീയറിങ്ങിലാണ് ബിരുദം. അവിടെയുള്ള സമയമാണ് എന്നെ സത്യത്തിൽ മ്യൂസിക് രംഗത്തെക്കുറിച്ചു കൂടുതൽ തെളിച്ചം തന്നത്. ഇപ്പോൾ യുഎസിലും ഇന്ത്യയിലുമായുള്ള ഒാട്ടം സത്യത്തിൽ ഏറെ ചലഞ്ചിങ്ങാണ്. പക്ഷെ സംഗീത്തിന്റെ ലോകത്തിലായതിനാൽ എല്ലാം ആസ്വദിക്കാൻ സാധിക്കുന്നു.

ഇന്ത്യയിലെ സംഗീത രീതികളെക്കുറിച്ച് അറിയാമോ. ബാൻഡുകളെ കേൾക്കാറുണ്ടോ?

SIS-SREERAM

എ.ആർ. റഹ്മാനൊപ്പം അടുത്തിടെ നെഞ്ചേ എഴു എന്ന മ്യൂസിക് ഷോയിൽ ഭാഗമായിരുന്നു. അവിടെ ഒപ്പം ചേർന്ന എല്ലാ സംഗീതഞ്ജരെയും ഏറെ ബഹുമാനിക്കുന്നുണ്ട്. ചെന്നൈയിലെയും കോയമ്പത്തൂരിലെയും ഷോയുടെ റിഹേഴ്സൽ സമയത്തും മറ്റും അവർകൊപ്പം ഏറെ സമയം ചിലവഴിക്കാൻ സാധിച്ചു. കൂടുതൽ സംഗീതജ്ഞരുമായും ബാൻഡുമായും കൂടുതൽ സമയം പങ്കിടണമെന്നും കൂടുതൽ ജാമ്മിങ്ങുകളിൽ ഏർപ്പെടണമെന്നും ആഗ്രഹമുണ്ട്. ഈ വർഷം കൂടുതൽ ബാൻഡുകളെ കേൾക്കണമെന്ന് ആഗ്രഹമുണ്ട്.

കേരളത്തിൽ നിന്നു ആരെങ്കിലും പാടാൻ ക്ഷണിച്ചിട്ടുണ്ടോ?, മലയാളം ഗാനങ്ങൾ എന്തെങ്കിലും?

ഇതുവരെയില്ല. പക്ഷെ മലയാളത്തിൽ പാടണമെന്ന് ഏറെ ആഗ്രഹമുണ്ട്. വൈകാതെ അതു സാധിക്കുമെന്നാണു പ്രതീക്ഷ.

Your Rating: