Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോഹം, കനകമൈലാഞ്ചി പുതച്ച നേരം

Sreevalsan J Menon

മലയാളിയുടെ സിനിമാ സങ്കൽപങ്ങൾക്കു ജീവനേകുന്ന രഞ്ജിത് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ചിത്രമാണ് ലോഹം. ഇത് കള്ളക്കടത്തിന്റെ കഥയല്ല കള്ളം കടത്തുന്ന കഥയാണ് എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളുമെല്ലാം ആരാധകർക്ക് കൂടുതൽ പ്രതീക്ഷകളാണ് നൽകിയത്. ഈ ചിത്രത്തിൽ സംഗീത സംവിധാനം ചെയ്യുന്നതിനുള്ള ചുമതല വ്യത്യസ്തനായ ഒരു വ്യക്തിയെ രഞ്ജിത് ഏൽപ്പിക്കുകയായിരുന്നു. സിനിമാ ഗാനങ്ങളേക്കാൾ വ്യത്യസ്തങ്ങളായ ആൽബങ്ങൾ ചെയ്തിട്ടുള്ള ശ്രീവത്സൻ ജെ മേനോനായിരുന്നു രഞ്ജിത് കണ്ടെത്തിയ വ്യക്തി.

കാർഷിക ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടി കാർഷിക സർവകലാശാലയിൽ പ്രഫസറായി ജോലിചെയ്യുന്ന ശ്രീവത്സൻ ജെ മേനോൻ കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം നേടിയ വ്യക്തിയാണ്. സെന്റ് ഡ്രാക്കുള എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ സംഗീതം ഓസ്കർ നാമനിർദ്ദേശത്തിന് പരിഗണിച്ചതിലൂടെ ലോകശ്രദ്ധ നേടിയതാണ്. ലോഹത്തിലെ സംഗീത സംവിധാനത്തിന്റെ ഭാഗമായതിനെക്കുറിച്ചുള്ള വിശേഷങ്ങൾ ശ്രീവത്സൻ പങ്കിടുന്നു.

രഞ്ജിത്തിന്റെ സിനിമയിൽ ആദ്യ എക്സിപീരിയൻസ്

എനിക്ക് രഞ്ജിത് സാറിനെ തീരെ പരിചയമില്ലായിരുന്നു. രഞ്ജി പണിക്കർ സാറിനെ പരിചയമുണ്ടായിരുന്നു. ഞാൻ എന്ന സിനിമ കണ്ടു, അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. അദ്ദേഹം അഭിനയിച്ച റോളിനെപ്പറ്റി സംസാരിച്ചു. നന്നായി എന്നു പറഞ്ഞു. ഡയറക്ടർ രഞ്ജിത് സാറിനെ എനിക്ക് പരിചയമില്ല എന്നു പറഞ്ഞപ്പോൾ ശ്രീവൽസനെ അറിയാം, വിളിച്ചോളൂ എന്ന് പറയുകയായിരുന്നു. അങ്ങനെ ആദ്യമായിട്ട് രഞ്ജിത് സാറിനെ ഫോൺ ചെയ്തു സംസാരിച്ചു. അതുകഴിഞ്ഞ് ഒരു കച്ചേരിക്ക് പോയസമയത്ത് വളരെ അപ്രതീക്ഷിതമായി കോയമ്പത്തൂരിൽ വച്ച് അദ്ദേഹത്തെ കാണാനും ദീർഘമായി സംസാരിക്കാനും സാധിച്ചു. സിനിമയെക്കുറിച്ചായിരുന്നു സംസാരം മുഴുവൻ. നാട്ടിൽ വന്ന് കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും വിളിച്ചു. എറണാകുളത്തുള്ള അദ്ദേഹത്തിന്റെ ഫ്ളാറ്റിലേക്ക് വരണമെന്ന് പറഞ്ഞു. മ്യൂസിക് ചെയ്യാനാണെന്നുള്ള ധാരണ എനിക്കുണ്ടായിരുന്നില്ല. അവിടെയത്തിയപ്പോഴാണ് ലോഹം സിനിമയുടെ കാര്യം പറയുന്നതും അതിൽ പാട്ടു ചെയ്യാമോ എന്നു ചോദിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തിനെപോലൊരു ഡയറക്ടറുടെ കൂടെ വർക്കുചെയ്യുന്നത് ഭാഗ്യം തന്നെയാണ്.

Sreevalsan J Menon

കമ്പോസ് ചെയ്യാൻ തികഞ്ഞ സ്വാതന്ത്യ്രം

രഞ്ജിത് സാർ ധാരാളം ഫ്രീഡം തരുന്ന ഡയറക്ടറാണ്. പാട്ടിന്റെ സിറ്റുവേഷൻ പറഞ്ഞുതന്നശേഷം അദ്ദേഹം ഒട്ടും തന്നെ ഇടപെട്ടില്ല. അതിൽ രണ്ടു പാട്ടുകൾ ഉണ്ട്. എത്തിപ്പോയി എന്നുതുടങ്ങുന്നതും വെഡിങ് സോങും. ഇത് കഴിഞ്ഞതിനു ശേഷമാണ് കനകമൈലാഞ്ചി എന്ന പാട്ടിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്. മൂന്നാമത്തെ പാട്ട് ഒരു ഫാസ്റ്റ് നമ്പർ ആയിട്ടായിരുന്നു ഉദ്ദേശിച്ചിരുന്നത്. ആദ്യത്തെ രണ്ടു പാട്ടിന്റെയും ഷൂട്ട് കഴിഞ്ഞ് മൂന്നാമത്തെ പാട്ടിന്റെ ചർച്ച ഫോർട്ട്കൊച്ചിയിലെ ഷൂട്ടിങ് സ്ഥലത്തായിരുന്നു. സംസാരിച്ച കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു ഫാസ്റ്റ് നമ്പർ പാട്ട് വേണ്ട, മെലഡി ആകാം. ബാബുക്കയുടെ സ്റ്റൈലിൽ ഒരു പാട്ട് ആവാം.

മൂന്നാമത്തെ ഗാനം ഇന്നു കമ്പോസ് ചെയ്തിട്ട് നാളെ റെക്കോഡ് ചെയ്യണം, മറ്റെന്നാൾ ഷൂട്ട് ചെയ്യണം ഇതായിരുന്നു നിർദ്ദേശം. ബാക്കി രണ്ടുപാട്ടുകൾ സാവകാശം ചെയ്തതാണ്. എല്ലാവരുടെയും മനസിൽ ഉണ്ടായിരുന്ന സങ്കൽപം തന്നെയാണ് കനകമൈലാഞ്ചി എന്ന പാട്ട്. കൂട്ടായ ഒരു ചിന്തയിൽനിന്നായിരുന്നു കനകമൈലാഞ്ചിയുടെ പിറവി എന്നു സാരം.

സംഗീതത്തിൽ കൃത്യമായ റൊമാന്റിക് ബ്രീഫുകളാണ് മൂന്നും തന്നിരിക്കുന്നത്. റൊമാൻസിനെ ബേസ് ചെയ്തിട്ടുള്ള മൂന്നു സിറ്റുവേഷനിലാണ് ചെയ്തിരിക്കുന്നത്. ഒന്ന് കല്യാണത്തിന്റെ പശ്ചാത്തലം, ഒരു യാത്ര, പിന്നെ നൊസ്റ്റാൾജിയ. സിനിമയുടെ സംഗീതത്തിൽ ഒരു ത്രില്ലർ സ്വഭാവം വേണമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.

Loham - Poster

മോഹൻലാലിന്റെ ഫാസ്റ്റ് നമ്പർ സോങ്

ഒരു ഫാസ്റ്റ് നമ്പർ സോങ് ചിത്രത്തിൽ ഉണ്ട്. എന്നാൽ മോഹൻലാൽ ഡാൻസ് കളിക്കുന്ന ഒരു പാട്ട് ഉണ്ടാകില്ല. അദ്ദേഹം ആ പാട്ടിനിടയിൽ വരുന്നുവെന്നു മാത്രം. കനകമൈലാഞ്ചി ഒഴിച്ച് ബാക്കി രണ്ടു പാട്ടിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ട്.

സോഫ്റ്റ് റോക്ക് പുതിയ അനുഭവം

ലോഹത്തിലെ സംഗീതത്തിന് വേണ്ടി വളരെ പുതുമയുള്ള എന്തെങ്കിലും ഘടകം ചേർത്തിട്ടുണ്ടെന്ന് അവകാശപ്പെടാൻ കഴിയില്ല. എന്നാൽ സോഫ്റ്റ് റോക്കിന്റെ ഒരു എലമെന്റ് ആദ്യമായിട്ടാണ് ഞാൻ ഒരു സിനിമയിൽ ചെയ്യുന്നത്. അതിന് സന്തോഷമുണ്ട്. പിന്നെ പഴമയുള്ള മെലഡി ഭാവവുമായാണ് കനകമൈലാഞ്ചി വരുന്നത്. മന:പൂർവം ഈ ട്യൂണിലേക്ക് എത്തിയതല്ല. അങ്ങനെ എത്തിപ്പെട്ടതാണ്. പിന്നെ ഒരു അടിപൊളി പാട്ട്. എന്റെ പേരിൽ പുറത്തുവരുന്ന ആദ്യത്തെ അടിപൊളി പാട്ടാണ് ഇതിലേത്.

Sreevalsan J Menon

കനക മൈലാഞ്ചി പാടാൻ എന്തുകൊണ്ട് മൈഥിലി

ചിത്രത്തിലെ ഗാനങ്ങൾ ആലപിക്കാനുള്ള ഗായകരെ തിരഞ്ഞെടുക്കാനുള്ള പൂർണസ്വാതന്ത്യ്രം എനിക്ക് കിട്ടിയിരുന്നു. എന്നാലും സംവിധായകനോട് അനുവാദം ചോദിച്ചിട്ടാണ് ഗായകരെ തിരഞ്ഞെടുത്തത്. ഷൂട്ടിങ് ഇടവേളയിൽ മൈഥിലിയുടെ പാട്ട് ശ്രീവത്സൻ കേട്ടിട്ടുണ്ടോയെന്ന് രഞ്ജിത് സാർ ചോദിക്കുകയായിരുന്നു. ഇല്ലെന്ന് പറഞ്ഞപ്പോൾ മൈഥിലിയോട് പാടാൻ ആവശ്യപ്പെട്ടു. ആ കുട്ടി അപ്പോൾ ഒരു പദം ആലപിക്കുകയായിരുന്നു. സത്യം പറഞ്ഞാൽ ഞാൻ പ്രതീക്ഷിച്ചില്ല. മൈഥിലിയിൽ നിന്ന് ഇത്തരത്തിൽ ഒരു പീസ് ഓഫ് സോങ്. എങ്കിൽ മൂന്നാമത്തെ പാട്ട് മൈഥിലിയെ കൊണ്ട് പാടിച്ചാലോ എന്ന അഭിപ്രായം ഞാൻ പറഞ്ഞു. ശ്രമിച്ചുനോക്കാമെന്ന് അഭിപ്രായം മറുതലയ്ക്കൽ ഉണ്ടായി. ഷഹബാസ് അമനും നടി മൈഥിയും ചേർന്ന് മൂന്നാമത്തെ ഗാനം ആലപിക്കുകയായിരുന്നു. ആ ശ്രമം വിജയിച്ചുവെന്ന് പാട്ടു കേട്ട എല്ലാവരും പറഞ്ഞു.

ലോഹത്തിലെ പശ്ചാത്തല സംഗീതം, വരികൾ

പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി സാറാണ്. റഫീഖ് അഹമ്മദ്, മനോജ് കുറൂർ, രാജീവ് നായർ തുടങ്ങിയവർ ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.