Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്യൂസിക് ഓൺ വീൽസ്; ഓരോ പെൺകുട്ടിയും വായിക്കണം ഈ വിജയഗാഥ

kavitha-baiju-singer

ഗാനമേള എന്ന് കേൾക്കുമ്പോൾ ഇപ്പോഴും പലർക്കും അതിലൊരു വൈകാരികതയുണ്ട്. ആരാധനാലയങ്ങളുടെ ഉത്സവതാളങ്ങൾക്കിടയിൽ ഇഷ്ടപ്പെട്ട പാട്ടുകളുടെ പൂമാല . സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന ഗാനമേള സംഘത്തിന്റെ പുതിയതും പഴയതുമായ പാട്ടുകളിലേയ്ക്ക് കാതും കണ്ണുമോടിയ്ക്കൽ. കൈവിരൽത്തുമ്പിൽ ഇഷ്ടപ്പെട്ട പാട്ടുകൾ ഇപ്പോൾ കിട്ടുമെങ്കിലും പൊതു ഇടങ്ങളിലെ ഗാനമേളകൾക്ക് ഇനിയും മരണം സംഭവിച്ചിട്ടില്ല. രാത്രിയാണ് പരിപാടിയെന്നതിനാൽ പലപ്പോഴും പെൺകുട്ടികളായിരുന്നു ബുദ്ധിമുട്ടിലായിരുന്നതും എന്നാൽ ഇപ്പോൾ മതിയായ സുരക്ഷാ വിശ്വാസം ഉള്ളതിനാൽ തന്നെ പെൺകുട്ടികൾക്കും സംഘത്തിനൊപ്പം പോകാൻ മടിയില്ല. ഇത് സാധാരണ ഗാനമേളയുടെ കാര്യം. എന്നാൽ പുറത്തിറങ്ങാൻ മടിച്ചിരുന്ന ഒരു വലിയ വിഭാഗത്തെ പ്രതിനിധീകരിച്ച് അവരിൽ നിന്നും രണ്ടു പെൺകുട്ടികൾ ഇതാ, ഞങ്ങളെ കണ്ടു പഠിക്കൂ എന്നുറക്കെ പറഞ്ഞു വേദികളിൽ പാടി തിമിർത്താലോ? കവിതയും ധന്യയും അങ്ങനെ രണ്ടു പെൺകുട്ടികളാണ്. കേരളത്തിലെ രണ്ടു വ്യത്യസ്ത പാരാപ്ലീജിക് ഗാനമേള സംഘത്തിലെ പാട്ടുകാരികൾ. കേരളത്തിൽ അങ്ങോളമിങ്ങോളം ഗാനമേളകൾ അവതരിപ്പിക്കുന്നവർ.

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന "ഫ്‌ളൈ" എന്ന ഗാനമേള സംഘത്തിലെ പാട്ടുകാരിയാണ് കവിത ബിജു. ചിറകിനടിയിൽ ഒളിച്ചിരിക്കാതെ സ്വന്തം ചിറകുകൾ വിടർത്തി പറക്കാൻ മോഹിക്കുന്ന പെൺകുട്ടിയാണ് കവിത.

ഗാനമേളയിലേയ്ക്ക്...

പാട്ട് പഠിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷെ കുട്ടിക്കാലത്ത് തന്നെ പാടുമായിരുന്നു. ഞാൻ മാത്രമല്ല അമ്മയും ചേച്ചിമാരും ഒക്കെ. അങ്ങനെ ഒരു വീട്ടിലെ എല്ലാരും പാടുമ്പോൾ പാടാതിരിക്കാൻ പാട്ടുമായിരുന്നേയില്ല. വായനശാലകളിലും ഒക്കെ പരിപാടികൾ ഉള്ളപ്പോൾ ലളിതഗാനം ഉൾപ്പെടെ പലതും പാടീട്ടുണ്ട്. സമ്മാനവും കിട്ടീട്ടുണ്ട്. ഒരിക്കൽ പറശിനിക്കടവ് ക്ഷേത്രത്തിൽ ഒരു പാട്ടുപാടാൻ അവസരം കിട്ടി, അവിടെ വച്ചാണ് ഫ്‌ളൈ ഗ്രൂപ്പിലെ രതീഷ് പാട്ടു കേൾക്കുന്നത്. അവർ ആ സമയത്ത് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. സ്വന്തമായി ഗാനമേള സംഘം ഉണ്ടാക്കാനും പദ്ധതിയുണ്ടെന്നും പറഞ്ഞിരുന്നു, അങ്ങനെ എന്നെ അവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചു. പക്ഷെ എനിക്ക് മടിയായിരുന്നു. പുറത്തേയ്ക്ക് പോകാനൊക്കെ ഭയങ്കര മടി, ഒരുപാട് പേരുടെ മുന്നിൽ പാടാൻ മടി. രതീഷ് അഡ്രസ്സ് ഒക്കെ തന്നിരുന്നെങ്കിലും ഞാൻ പോയില്ല. പക്ഷെ അടുത്ത വർഷം നിർബന്ധം കൂടിയപ്പോൾ പോയി നോക്കാം എന്ന് കരുതി, പോയി. ചെന്ന് കഴിഞ്ഞപ്പോഴാണ് പോയത് നന്നായി എന്ന് മനസ്സിലായത്. കാരണം എന്നെ പോലെ ഒരുപാട് പേർ. എന്നെ പോലെ വീൽചെയറിൽ ഉള്ള നിരവധിയാളുകൾ. അങ്ങനെ 2009 ഒരു വായനശാലയിലാണ് ആദ്യമായി അവരുടെയൊപ്പം ഗാനമേള അവതരിപ്പിയ്ക്കാൻ തുടങ്ങിയത്. ഇപ്പോൾ അൻപതോളം സ്റ്റേജുകളായി.

വീൽചെയറിലേക്കുള്ള വഴി

ഒരു വയസ്സുള്ളപ്പോഴാണ് പാരാപ്ലീജിയ എന്ന അവസ്ഥയിലേക്ക് മാറുന്നത്. പോളിയോ രോഗത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. രോഗമറിയാതെയാണ് ആശുപത്രിയിൽ ചികിത്സിച്ചത്. പനി വന്നതിനു ശേഷം ചികിത്സ തെറ്റിയതിനാൽ പിന്നെ പൂർണമായും കിടപ്പിലായി ഏതാണ്ട് പത്ത് ദിവസത്തോളം കിടക്കയിൽ മരിച്ചെന്ന പോലെയാണ് കിടന്നത്. ഡോക്ടർമാരൊക്കെ ആദ്യം മരിക്കുമെന്ന് തന്നെയാണ് കരുതിയത്. പിന്നീട് പതുക്കെ ബോധത്തിലേക്ക് വന്നു. പതുക്കെ കൈ അനക്കി തുടങ്ങി. പക്ഷെ അസുഖം കണ്ടെത്താൻ തന്നെ നാലോ അഞ്ചോ വർഷമെടുത്തു. അതിനിടയിൽ ആയുർവേദം പരീക്ഷിച്ച് കൈയ്ക്കും പ്രശ്നമായി. കുറെ വർഷങ്ങൾ ചികിത്സ ചെയ്ത ശേഷം ഇപ്പോൾ വീൽ ചെയറിലാണെങ്കിലും സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യാം എന്ന അവസ്ഥയിലാണ്. കൈയ്ക്കും സ്വാധീനം കുറവാണ് പക്ഷെ എന്റെ കാര്യങ്ങളൊക്കെ എനിക്ക് തന്നെ ചെയ്യാം. മാത്രമല്ല 'മൗത്ത് പെയിന്റിങ്ങും' ചെയ്യാറുണ്ട്. വായിൽ ബ്രഷ് കടിച്ചു പിടിച്ചാണ് വരയ്ക്കുന്നത്.

kavitha-baiju-singing

വിവാഹം.. സന്തോഷം.. ജീവിതം...

ബിജു ചേട്ടൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. അഞ്ചു വർഷത്തോളം . ഫ്‌ളൈയിലെ പരിപാടിയ്‌ക്കൊക്കെ ഞങ്ങൾ കാണും, സംസാരിക്കും. പക്ഷെ ഗ്രൂപ്പിൽ പലരും ഞങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങി, അപ്പോഴും ഞങ്ങളത് ഉൾക്കൊണ്ടില്ല. പക്ഷെ കഴിഞ്ഞ വർഷം എന്റെ 'അമ്മ മരിച്ചപ്പോൾ വീട്ടിൽ വന്നിട്ട് പോയ ബിജു ചേട്ടൻ എന്നെ വിളിച്ചു കുറെ സങ്കടപ്പെട്ടു. എന്നെ ഒറ്റയ്ക്ക് ആ അവസ്ഥയിൽ കണ്ടപ്പോൾ ഭയങ്കര സങ്കടമായി എന്നൊക്കെ പറഞ്ഞു, ഒടുവിൽ വിവാഹം കഴിക്കാം എന്ന അവസ്ഥയിലേയ്ക്ക് വരുകയായിരുന്നു. അങ്ങനെ കഴിഞ്ഞ വർഷം അവസാനം ഞങ്ങൾ വിവാഹിതരായി. ബിജു ചേട്ടനും എന്നെ പോലെ തന്നെ പാരാപ്ലീജിക് അവസ്ഥയിൽ ഉള്ള ഒരാളാണ്. പലരും ചോദിയ്ക്കും ഒരേ അവസ്ഥയിൽ രണ്ടു പേർ എങ്ങനെ ജീവിയ്ക്കാൻ കഴിയുമെന്ന്. പക്ഷെ ഞങ്ങൾ സന്തോഷത്തിലാണ്, ചേട്ടന്റെ വീട്ടിലുള്ളവർക്കൊക്കെ നല്ല കാര്യമാണ്, സപ്പോർട്ട് ഉണ്ട്. ഞങ്ങൾ സ്നേഹിച്ചു ജീവിക്കുന്നു ഇപ്പോഴും.

kavitha-baiju

ഗാനമേളയിലെ മറക്കാനാകാത്ത അനുഭവം...

എല്ലാ വേദികളിലും പൊതുവെ നല്ല സപ്പോർട്ടുണ്ട്. കൂടുതലും ക്ലബ്ബ്കളിലും വാർഷിക പരിപാടികളിലും ഒക്കെയാണ് പോവുക. കൂടാതെ പാലിയേറ്റിവിന്റെ പരിപാടിയ്ക്കും പങ്കെടുക്കാറുണ്ട്. അമ്പലങ്ങളിലും ഉത്സവ സീസൺ വരുമ്പോൾ നമ്മുടെ ഗാനമേള ഉണ്ടാകാറുണ്ട്. ഒരിക്കൽ ഒരിടത്ത് നിറഞ്ഞ സദസ്സിൽ വച്ച് ഗാനമേള അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ സദസ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിച്ചു. അവർ നമ്മളെ ആദരിക്കുകയും ചെയ്തു. അതൊരു മറക്കാനാകാത്ത അനുഭവമായിരുന്നു. തുടർന്ന് ആ പ്രദേശത്ത് തന്നെ ഏഴോ എട്ടോ സ്റ്റേജുകളും ലഭിച്ചു. നമ്മൾ ഏഴു പേരാണ് സംഘത്തിലെ പാട്ടുകാർ. ഞാൻ മാത്രമാണ് അതിൽ പെൺകുട്ടി. എല്ലാവരും വീൽ ചെയറിൽ സഞ്ചരിക്കുന്നവരാണ്. പല സ്ഥലത്ത് നിന്നും വരുന്നവർ. കേരളത്തിൽ എവിടെയും ഞങ്ങൾ പരിപാടി അവതരിപ്പിക്കാൻ പോകാൻ താൽപ്പര്യമുണ്ട്. ദൂരെ സ്ഥലത്തത്തൊക്കെ പ്രോഗ്രാം ഉള്ളപ്പോൾ എല്ലാവരും ഒരിടത്തെത്തി ഒരു വണ്ടിയിൽ പോകും.

പ്രിയപ്പെട്ട പാട്ടുകൾ...

പഴയ പാട്ടുകളോടാണ് ഇഷ്ടം കൂടുതൽ. പാടുന്നതും കേൾക്കുന്നതും ആ പാട്ടുകളാണ്. ഏറ്റവും ഇഷ്ടം ഏതെന്ന് ചോദിച്ചാൽ...

1 . കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിനു മിന്നാ മിന്നി വാ...

2 . ചെമ്പരത്തി പൂവേ ചൊല്ലൂ ദേവനെ നീ കണ്ടോ...

പെരുമ്പാവൂരിലെ പാരാപ്ലീജിക് വെൽഫെയർ സൊസൈറ്റി എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള തണൽ എന്ന സംഘടനയ്ക്ക് സ്വന്തമായി ഒരു ഗാനമേള ഗ്രൂപ്പുണ്ട്. "മ്യൂസിക് ഓൺ വീൽസ്". ആറു പേരുള്ള ഗ്രൂപ്പിൽ ഉള്ള ഒരേയൊരു പാട്ടുകാരി ധന്യ ഗോപിനാഥ് ആണ്.

മ്യൂസിക് ഓൺ വീൽസ്...

ഗാനമേള ഗ്രൂപ്പ് പ്രവർത്തനമാരംഭിച്ചിട്ട് ഒരുപാടൊന്നും ആയിട്ടില്ല. രണ്ടു വർഷമായി പാടാൻ തുടങ്ങിയിട്ട്. കൂടുതലും പാലിയേറ്റിവിന്റെ പരിപാടികളിലാണ് ഇപ്പോൾ പാടുന്നത്. നമ്മളെ പോലെയുള്ള എത്രയോ ആൾക്കാരുടെ മുന്നിൽ പാടുമ്പോൾ സന്തോഷം തോന്നും. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും മടിയായി ഇരുന്നിരുന്ന ആൾക്കാരുടെ മുന്നിലേയ്ക്ക് പാട്ടുമായി ചെല്ലുമ്പോൾ അവർക്ക് ഒരു ഊർജ്ജം നൽകുന്നത് പോലെയാണ്, അതിനു കഴിയുന്നത് തന്നെ വലിയ കാര്യമാണ്. പാട്ട് പഠിച്ചിട്ടില്ല, പക്ഷെ സ്‌കൂളിലൊക്കെ പഠിക്കുമ്പോൾ പരിപാടികളിലൊക്കെ പാടാൻ കൂടുമായിരുന്നു. പ്ലസ് വൺ, പ്ലസ്ടു സമയത്താണ് കൂടുതലും സ്‌കൂളിലും പാടാൻ വേണ്ടി ഇറങ്ങിയിട്ടുള്ളത്. പിന്നീട് വീൽചെയറിൽ ആയ ശേഷം പല ക്യാമ്പുകളിലും പങ്കെടുക്കും. ചിലപ്പോൾ പാട്ടു പാടും പരിപാടികൾക്കിടയിൽ അങ്ങനെ എറണാകുളം ജില്ലയിലെ പാലിയേറ്റിവിന്റെ കോർഡിനേറ്റർ ആയിരുന്ന ഡോ മാത്യൂസ് ആണ് ഒരു ഗാനമേള ഗ്രൂപ്പ് തുടങ്ങുന്നു എന്ന് അറിയിച്ചതും ക്ഷണിച്ചതും. അങ്ങനെ തണലിന്റെ കീഴിൽ മ്യൂസിക് ഓൺ വീൽസ് തുടങ്ങി. ഇപ്പോൾ പത്ത് സ്റ്റേജോളം ആയി.

അപകടം വന്ന വഴി

പ്ലസ്ടു കഴിഞ്ഞു ഒപ്‌റ്റോമെട്രി പഠിക്കുമ്പോഴാണ് പ്രശ്നം ആയത്. അങ്കമാലിയിൽ ആയിരുന്നു പഠനം. ഒരു ദിവസം പെട്ടെന്ന് നടുവേദന തുടങ്ങി. ആർക്കും പക്ഷെ കാരണം കണ്ടുപിടിക്കാനായില്ല, പിന്നീട് മെഡിക്കൽ കോളേജിൽ ചെന്ന് എം ആർ ഐ എടുത്തപ്പോഴാണ് അസുഖം കണ്ടെത്തിയത്. നട്ടെല്ലിൽ ഒരു മുഴയായിരുന്നു പ്രശ്നക്കാരൻ. അത് സർജറി ചെയ്തു, പിന്നെ കീമോയും ചെയ്തു. പക്ഷെ ഒരെണ്ണം കൊണ്ട് മുഴ അവസാനിച്ചില്ല വീണ്ടും വന്നു പ്രശ്നമായി. അങ്ങനെയാണ് പാരാപ്ലീജിക് അവസ്ഥയിൽ എത്തുന്നത്. പിന്നീട് വീൽചെയറിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. ഇപ്പോൾ 16 വർഷമായി , എങ്കിലും സ്വന്തം കാര്യങ്ങളൊക്കെ സ്വയമാണ് ചെയ്യുന്നത്. വീട്ടിൽ അച്ഛനും അമ്മയുമുണ്ട്. പിന്നെ ചേച്ചിയും ഒപ്പം കുറെ സുഹൃത്തുക്കളും. അവരൊക്കെ തന്നെയാണ് ശക്തി.

മറക്കാനാകാത്ത ആ ദിവസം...

എറണാകുളത്ത് മറൈൻ ഡ്രൈവിൽ ഒരിക്കൽ ഒരു പരിപാടി നടത്തി. കുടുംബശ്രീയുടെ ചക്ക ഫെസ്റ്റിനോട് അനുബന്ധിച്ച പരിപാടിയിൽ പാടിയിരുന്നു. പാടിക്കൊണ്ടിരിക്കുമ്പോൾ തന്നെ സദസ്സിൽ നിന്നും ആളുകൾ വന്നു അനുമോദിക്കുകയും സമ്മാനങ്ങൾ തരുകയും ഒക്കെ ഉണ്ടായി. നിറഞ്ഞ സദസ്സായിരുന്നെങ്കിലും ഒട്ടും ടെൻഷൻ തോന്നാത്ത ഒരു സ്റ്റേജായിരുന്നു അത്. അത്രമാത്രം എല്ലാവരും അനുമോദിക്കുകയും ആ പരിപാടി കഴിഞ്ഞ ശേഷം ആദരിക്കുകയും ചെയ്തു. അതൊരു മറക്കാനാകാത്ത അനുഭവമായിരുന്നു.

ഇഷ്ടമുള്ള പാട്ടുകൾ...

അയ്യോ.... അങ്ങനെ ഇഷ്ടമുള്ള പാട്ട് ഏതെന്നു ചോദിച്ചാൽ പറയാൻ പറ്റുന്നില്ല. ചിത്ര ചേച്ചിയുടെ എല്ലാ പാട്ടുകളോടും ഒത്തിരി ഇഷ്ടമുണ്ട്. പാടുന്നതും അതുപോലെയുള്ള പാട്ടുകളാണ്.

Your Rating: