Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ട വയലിനിൽ ഇരട്ടി സന്തോഷം

L Shankar എൽ.ശങ്കർ, ചിത്രം: ടോണി ഡൊമിനിക്

സംഗീതത്തിന്റെ ആദ്യാനുഭവങ്ങളിലേക്ക് പിച്ചവയ്ക്കുമ്പോൾ എൽ.ശങ്കർ രണ്ടു വയസ്സുകാരനായിരുന്നു. വയലിനിൽ ആദ്യ രാഗം വിരിയിക്കുമ്പോൾ വയസ്സ് അഞ്ച്. ഏഴിലെത്തിയപ്പോഴേക്കും ഡ്രംസിലേക്കുള്ള വളർച്ചയും കച്ചേരിയിൽ അരങ്ങേറ്റവും. ആറുമക്കളിൽ ഇളയവനായ ശങ്കറിനു സ്വയം തോന്നി, മൂത്തവരെല്ലാം സംഗീതത്തിൽ അനുഗൃഹീതരും ഉന്നതരുമാണ്. അവർക്കരികിലെങ്കിലും സംഗീത വിസ്മയമാകാൻ എനിക്കായിരുന്നെങ്കിൽ...

അത്തരമൊരു തോന്നലിൽ നിന്നു തുടങ്ങിയ പരിശ്രമം അവരെക്കാൾ ലോകമറിയുന്ന സംഗീതകാരനാക്കി ശങ്കറിനെ വളർത്തി. മൈക്കൽ ജാക്സൻ, എൽട്ടൺ ജോൺ, എൽവിസ് പ്രസ്ലി, ഫ്രാങ്ക് സാപ്പാ, എറിക് ക്ലാപ്ട്ടൻ, വാൻ മോറിസൺ, ബീറ്റിൽസിലെ ജോൺ ലെനന്റെ ഭാര്യ യോക്കോ ഓനോ, സ്റ്റിങ്, ടോട്ടോ, ജൊനാഥൻ ഡേവിസ്, പാട്രിക് ലിയോനാർഡ്, മെറ്റാലിക്ക... ഇവർക്കൊപ്പം വേദിയിലും ആൽബങ്ങളിലും നിറഞ്ഞ അമ്പതു വർഷത്തെ ഓർമകൾ, അമ്മയുടെ ജൻമനാടായ തൃപ്പൂണിത്തുറയിൽ എത്തിയപ്പോൾ മലയാള മനോരമയുമായി പങ്കുവച്ചു അദ്ദേഹം.

‘കുട്ടിക്കാലത്തു കേരളത്തിൽ കച്ചേരിക്കും മറ്റുമായി വരുമ്പോൾ അമ്മവീടായ തൃപ്പൂണിത്തുറയിലാവും താമസം. അമ്മമ്മ സുബ്വലക്ഷ്മി ക്ഷേത്രങ്ങളിലൊക്കെ കൊണ്ടുപോകും. അമ്മയുടെ സഹോദരിമാരുടെ മക്കളെല്ലാം ഇന്നും ഇവിടുണ്ട്. അവരെയെല്ലാം നേരിൽ കണ്ടു. അമ്മ വളർന്ന തറവാട് വിറ്റുപോയി. ആ വീടും പരിസരവും കാണണമെന്നുണ്ടായിരുന്നു. അടുത്തവട്ടം വരുമ്പോഴാകട്ടെ. അമ്മയുടെ ഓർമകളുള്ള ആ വീട്ടുമുറ്റത്തു പോകണം, തീർച്ച. എന്റെ ആൽബം ‘എൻലൈറ്റ്മെന്റ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നതു തൃപ്പൂണിത്തുറയിലാവണമെന്നുണ്ടായിരുന്നു. തൃപ്പൂണിത്തുറ പൂർണത്രയീശ സംഗീത സഭയുടെ പുരസ്കാരം വാങ്ങുന്ന ചടങ്ങിൽ അതു നിർവഹിക്കാനായതിൽ സന്തോഷമുണ്ട്...

അച്ഛൻ ലക്ഷ്മിനാരായണ അയ്യർ ആലപ്പുഴക്കാരനായിരുന്നു. മികച്ച വയലിനിസ്റ്റായിരുന്ന അദ്ദേഹം ശ്രീലങ്കയിൽ ജാഫ്ന കോളജിൽ സംഗീതം പഠിപ്പിച്ചു. വായ്പാട്ടിലും വീണയിലുമായിരുന്നു അമ്മ എൽ. സീതാലക്ഷ്മിയുടെ നേട്ടം. തൃപ്പൂണിത്തുറയിൽ വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ എന്നും കാലത്തു കുളിച്ചുതൊഴാറുള്ള ബാല്യകാലത്തെക്കുറിച്ച് അമ്മ കഥപോലെ ഞങ്ങൾക്കു പറഞ്ഞു തരുമായിരുന്നു.

സംഗീതം പഠിപ്പിക്കുന്നതിന്റെ പേരിൽ ജാഫ്നയിൽ അച്ഛനെ സിംഹളർ പലവട്ടം ആക്രമിച്ചു. വീട്ടിൽ റെയ്ഡ് നടത്തി. ഒടുവിൽ വീടിനു തീയിട്ടതോടെ രക്ഷപ്പെട്ടു ചെന്നൈയിലേക്ക് ഓടിപ്പോരുകയായിരുന്നു. ചിട്ടയോടെ ജീവിക്കാൻ അച്ഛൻ എന്നും നിഷ്കർഷിച്ചിരുന്നു. ഞാനൊരു എൻജിനീയറായി കാണാനായിരുന്നു അച്ഛന്റെ മോഹം. എൻജിനീയറിങ് പ്രവേശനത്തിനായി അച്ഛൻ പലരെയും കണ്ടു. പക്ഷേ, സംഗീത പഠനമായിരുന്നു എന്റെ ലക്ഷ്യം.

ഓസ്ട്രിയ, റഷ്യ, ലണ്ടൻ ട്രിനിറ്റി കോളജ് തുടങ്ങി വിദേശത്തു നിന്നുള്ള സ്കോളർഷിപ്പുകൾ വല്ലാതെ മോഹിപ്പിച്ചു. എൻജിനീയറിങ് പ്രവേശനം നടക്കാതിരിക്കാൻ മൈലാപ്പൂരിലെ ലക്ഷ്മിയാർ കോവിലിൽ 108 തേങ്ങയുടച്ചയാളാണു ഞാൻ. ഏതായാലും അമേരിക്കയിൽ നിന്നുള്ള സ്കോളർഷിപ്പുമായി ഞാൻ യാത്ര പറഞ്ഞതോടെയാണ് എന്റെ സംഗീത ജീവിതം മറ്റൊരു തലത്തിലേക്കുയർന്നത്. പിന്നീട് പോർച്ചുഗീസ്, ഇന്തൊനീഷ്യൻ, വെസ്റ്റേൺ, ജാപ്പനീസ് തുടങ്ങിയ സംഗീതശാഖകളിലൂടെയുള്ള പഠനയാത്ര.

യുഎസിൽ സംഗീതപഠനവും പഠിപ്പിക്കലുമായിരുന്നു പിന്നീട്. തബലയിൽ സാക്കിർ ഹുസൈനും ഗിറ്റാറിൽ ജോൺ മക്ലോഹ്ലിനും വയലിനിൽ എൽ.ശങ്കറുമൊത്തുള്ള ചേരുവയിൽ ലോകം കയ്യടിച്ചു. ഇവർ ചേർന്നൊരുക്കിയ ‘ശക്തി സംഗീതസംഘം ആൽബങ്ങളിൽ പുതിയ വികാരം വായിച്ചു. കർണാട്ടിക് സംഗീത സാധ്യതകളിലൂടെ പടിഞ്ഞാറൻ നാട്ടിലെ പാട്ടുകൾക്കിടയിൽ ശങ്കർ സ്വന്തം പേരെഴുതി വച്ചു. പരീക്ഷണങ്ങളും കടുത്ത പരിശ്രമങ്ങളും അവസാനിപ്പിച്ചതേയില്ല. പാശ്ചാത്യ സംഗീത ശൈലികളായ പോപ്പും റോക്കും ജാസും ലോകമറിഞ്ഞ സംഗീതോപകരണങ്ങളുമെല്ലാം ശങ്കറിനൊപ്പം നിന്നു. സംഗീതമെന്നതിനപ്പുറം മറ്റൊന്നും ചിന്തിക്കാതെ സന്യാസി വര്യനെ പോലെയുള്ള ജീവിതം. ആരാധകരേറി.

ഇതിനിടെ സംഘം ചേർന്നും ഒറ്റയ്ക്കും ഒരുക്കിയെടുത്ത ബാൻഡുകൾ, വിൽപനയിൽ കോടികൾ പിന്നിട്ട ആൽബങ്ങൾ, ഗ്രാമി പുരസ്കാരത്തോളം ശങ്കറിനെ വളർത്തിയ സോളോകൾ, ഹോളിവുഡ് സിനിമകളുടെ പശ്ചാത്തല സംഗീത സംവിധാനം, മൈക്കൽ ജാക്സൺ, മെൽ ഗിബ്സൺ, എൽട്ടൻ ജോൺ, മഡോണ, നെൽസൺ മണ്ടേല, ചാൾസ് രാജകുമാരൻ തുടങ്ങിയവർക്കൊപ്പമുള്ള ബന്ധം, സൗഹൃദം. പണ്ട്, വീട്ടിൽ ജ്യേഷ്ഠൻമാരും ചേച്ചിമാരും സംഗീതം കൊണ്ട് അദ്ഭുതം കാട്ടുമ്പോൾ തെല്ല് അപകർഷതയോടെ നോക്കി നിന്ന കൊച്ചുപയ്യൻ അവരെയെല്ലാം അദ്ഭുതപ്പെടുത്തി ലോകത്തോളം വളർന്നിരിക്കുന്നു.

മൈക്കൽ ജാക്സനൊപ്പം ഒരുപാടു വേദികളിൽ വോക്കലും വയലിനുമായി ഞാനുണ്ടായിരുന്നു. എൽട്ടൺ ജോൺ, എൽവിസ് പ്രസ്ലി, ഫ്രാങ്ക് സാപ്പാ, എറിക് ക്ലാപ്ട്ടൻ, വാൻ മോറിസൺ, ബീറ്റിൽസിലെ ജോൺ ലെനന്റെ ഭാര്യ യോക്കോ ഓനോ, സ്റ്റിങ്, ടോട്ടോ, ജൊനാഥൻ ഡേവിസ്, പാട്രിക് ലിയോനാർഡ്, മെറ്റാലിക്ക ഗ്രൂപ്പ് തുടങ്ങിയവർക്കൊപ്പം സജീവമായിരുന്നു. റിഹേഴ്സലുകളിൽ പോലും കൃത്യതയും പരിശ്രമവും മൈക്കൽ ജാക്സന്റെ പ്രത്യേകതയായിരുന്നു. എന്റെ വരുമാനത്തിന്റെ ഒരു ഭാഗം ചാരിറ്റിക്കുള്ളതാണ്.

പ്രിൻസസ് ഡയാന ട്രസ്റ്റിനു വേണ്ടി ലണ്ടൻ റോയൽ ആൽബർട്ട് ഹാളിൽ നടത്തിയ പരിപാടിക്കു ശേഷം ചാൾസ് രാജകുമാരൻ എനിക്കെഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു. ‘ താങ്കൾ എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തുന്നു. താങ്കളുടെ സംഗീതം മാസ്മരികതയുള്ളതാണ്. ഞാനും താങ്കളെ പോലെ സെല്ലോ ഉപയോഗിക്കാറുണ്ട്.... കച്ചേരി കേട്ട നെൽസൺ മണ്ടേല ഒരിക്കൽ വീട്ടിലേക്കു ക്ഷണിച്ചു. ഗാന്ധിജിയുടെ നാട്ടിൽ നിന്നുള്ള നിങ്ങളുടെ സംഗീതം എന്നെ ആവേശഭരിതനാക്കുന്നുവെന്നായിരുന്നു മണ്ടേലയുടെ വാക്കുകൾ.

പുതിയ പദ്ധതികൾ? ഇന്ത്യയിൽ കൂടുതൽ സജീവമാകാൻ ഉദ്ദേശിച്ചു ഞാൻ തിരിച്ചെത്തിയതാണ്. പക്ഷേ, തിരക്കിട്ട പദ്ധതികളാണു മുന്നിൽ. ‘ദ് ജേർണി ത്രൂ ലൈഫ് എന്ന ആൽബം സീരീസിന്റെ പൂർത്തീകരണം, മഡോണയുമൊത്തുള്ള പുതിയ ആൽബം, പിന്നെ ചില ഹോളിവുഡ് സിനിമകൾ,

റേഡിയോട്രോണിക്സുമായും സ്റ്റീവൻ പാർക്കിൻസ്, ഡിജെ ബാബ, റോബർട്ട് ട്രൂജിലോ എന്നിവർക്കൊപ്പവും ലോക ടൂർ...വിശ്രുത സംവിധായകൻ ഒലിവർ സ്റ്റോണിന്റെ പുതിയ ചിത്രത്തിനായി പാട്ടെഴുത്തും സംഗീതവും. പദ്ധതികളുടെ നീണ്ടനിര തന്നെയുണ്ട്.

ഇവിടെ പരീക്ഷണങ്ങൾക്ക് ആരും തയാറാകുന്നില്ല. പുതിയ അദ്ഭുതങ്ങൾ ജന്മംകൊള്ളുന്നില്ല. സംഗീതം വെളിച്ചവും വായുവും പോലെ വിലപ്പെട്ടതാണത്. ഫെയ്സ്ബുക്കും യൂ ട്യൂബുമെല്ലാം വല്ലാതെ ഭ്രമിപ്പിക്കും. ആദ്യം അർപ്പണമാണാവശ്യം. പുതിയ തലമുറയെ ഇതൊക്കെ ബോധ്യപ്പെടുത്തണമെന്നുണ്ട്.

താങ്കളുടെ സംഗീത പരീക്ഷണങ്ങളിൽ ഇരട്ട വയലിൻ (ഡബിൾ വയലിൻ) നൽകുന്ന സ്വാധീനം എന്താണ്? എല്ലാം ഒറ്റ ഉപകരണത്തിൽ കോർത്തുവച്ചാലോ എന്ന ചിന്തയിൽ നിന്നാണ് ഇരട്ട വയലിൻ എന്ന ആശയത്തിന്റെ പിറവി. വേദി നിറയെ ഉപകരണങ്ങൾ നിരത്തിയിരിക്കുമ്പോൾ ഇളം തെന്നലിന്റെ സ്വരം പോലും ഉപകരണത്തിനു മുന്നിൽ വയ്ക്കുന്ന മൈക്കിലൂടെ സംഗീതത്തിന്റെ ശുദ്ധി കെടുത്തും. വീണയും ഗിറ്റാറും കീ ബോർഡും ഓടക്കുഴലുമെല്ലാം വായിക്കാനാവുന്ന ഒറ്റ ഉപകരണം.

ആശയവുമായി സമീപിച്ചപ്പോൾ പ്രമുഖ അമേരിക്കൻ മ്യൂസിക് കമ്പനി തള്ളിക്കളഞ്ഞതിൽ നിന്നാണു ശങ്കർ പരിശ്രമത്തിനു മൂർച്ച കൂട്ടിയത്. യുഎസിലെ പ്രമുഖ ഗിറ്റാർ മേക്കർ കെൻ പെർക്കർ സഹായിക്കാമെന്നേറ്റതോടെ സംഗതി വേഗത്തിലായി. കാർഡ് ബോർഡിൽ മോഡലുകൾ ഉണ്ടാക്കി. രൂപഭാവങ്ങൾ പലവട്ടം മാറ്റി. ഡിസൈനുകൾ പൊളിച്ചെഴുതി. മൂന്നു മാസത്തോളം ദിവസവും പത്തു മണിക്കൂറിലേറെ സ്റ്റുഡിയോയിലിരുന്നു രൂപകൽപന ചെയ്തെടുത്തതാണു ഡബിൾ വയലിൻ. സയാമീസ് ഇരട്ടകളെപ്പോലെ അഞ്ചു തന്ത്രികൾ വീതമുള്ള രണ്ടു വയലിനുകൾ ഇഴചേർന്നു നിൽക്കുന്ന ആദ്യ ഡബിൾ വയലിൻ. 1980 മുതൽ ശങ്കർ ഈ വയലിൻ കൊണ്ടാണ് നമ്മെ അദ്ഭുതപ്പെടുത്തുന്നത്. പാശ്ചാത്യ സംഗീത ലോകത്തെ യുവ വിസ്മയമായ ജ്യേഷ്ഠ പുത്രി ജിഞ്ജർ ശങ്കറും എൽ. ശങ്കറും ചേർന്നു ഡബിൾ വയലിനിൽ ചരിത്രമെഴുതുകയാണിന്ന്.

രാഗ ആഭേരി എന്ന ആൽബത്തിനാണ് ശങ്കറിനു ഗ്രാമി ലഭിക്കുന്നത്. ശങ്കരാഭരണ രാഗത്തിലെ പഞ്ചനാദ പല്ലവി ആൽബം വയലിൻ ചരിത്രത്തിൽ സൂപ്പർ ഹിറ്റായിരുന്നു. ശങ്കറിന്റെ ആൽബങ്ങളുടെ വിൽപന ഇപ്പോൾ മൂന്നു കോടി കവിഞ്ഞിരിക്കുന്നു. മെൽ ഗിബ്സന്റെ ദ് ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്, ദ് പാഷൻ ഓഫ് ദ് ക്രൈസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലെ വോക്കൽ സംഗീതവും പശ്ചാത്തലസംഗീതവും ശങ്കറിന്റേതായിരുന്നു. വയലിൻ ത്രയം എന്നറിയപ്പെട്ടവരിൽ മൂത്തയാൾ എൽ.വൈദ്യനാഥൻ ഇന്നില്ല.

എൽ.സുബ്രഹ്മണ്യം ഇന്ത്യയിലും യുഎസിലുമായി സംഗീതലോകത്തു സജീവമാണ്. മൂത്ത സഹോദരി ബ്രഹനായകി ശ്രീലങ്കയിലാണ്. ചെന്നൈയിലുള്ള സഹോദരി സുബ്വലക്ഷ്മിയുടെ മക്കളായ ലളിതയും നന്ദിനിയും വയലിനിൽ പ്രശസ്തരാണ്. മൂന്നാമത്തെ സഹോദരി ഗാനസരസ്വതി യുഎസിലുണ്ട്. ശങ്കർ- ജിഞ്ജർ ട്രൂപ്പിലെ ജിഞ്ജർ ജ്യേഷ്ഠൻ സുബ്രഹ്മണ്യത്തിന്റെ പുത്രിയാണ്. പണ്ഡിറ്റ് രവിശങ്കറിന്റെ സഹോദര പുത്രി വിജി സുബ്രഹ്മണ്യമാണു ജിഞ്ജറിന്റെ അമ്മ.

‘അച്ഛനും അമ്മയും അവസാന കാലം യുഎസിലായിരുന്നു. 64-ാം വയസിൽ 1984ൽ അമ്മ മരിച്ചു. പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലായിരുന്നു. ഇന്ത്യയിലായിരിക്കുമ്പോൾ അവർ ആവശ്യത്തിനു മെഡിക്കൽ ചെക്കപ്പുകളൊന്നും ചെയ്യാത്തതിന്റെ പ്രശ്നങ്ങൾ മാത്രം. തനിച്ചായതോടെ അച്ഛന്റെ ആരോഗ്യവും ക്ഷയിക്കാൻ തുടങ്ങി. 1990ൽ കാൻസർ വന്നായിരുന്നു അച്ഛന്റെ മരണം. അച്ഛന്റെ സ്മരണയ്ക്കായി ലോകത്തിന്റെ പലഭാഗങ്ങളിൽ ലക്ഷ്മി നാരായണ ഫെസ്റ്റിവൽ എന്ന പേരിൽ ഞാൻ സംഗീതോൽസവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്— ശങ്കർ പറഞ്ഞു.

പുതിയ തലമുറയ്ക്കായി എന്തെങ്കിലും..? ഇന്ത്യയിൽ ഞാനാദ്യമായി ഒരു സംഗീത സ്കൂൾ തുടങ്ങുകയാണ്, തൃപ്പൂണിത്തുറയിൽ. ഈ വർഷം അവസാനത്തോടെ ആരംഭം കുറിക്കും. ലക്ഷ്മിനാരായണ സ്കൂൾ ഓഫ് മ്യൂസിക് എന്നാവും പേര്. ലോകനിലവാരത്തിലുള്ള സംഗീത സാധ്യതകൾ നമ്മുടെ കുട്ടികളെ ചിട്ടയോടെ പഠിപ്പിക്കുകയാണു ലക്ഷ്യം.

സംഗീത പഠനത്തിൽ അച്ഛൻ വലിയ ചിട്ടക്കാരനായിരുന്നു. പുലർച്ചെ എഴുന്നേറ്റു സാധകം ചെയ്യണം. സ്കൂൾ വിട്ടു വന്നു ഭക്ഷണം കഴിഞ്ഞയുടൻ പരിശീലനം തുടങ്ങണം. അച്ഛന്റെ ചിട്ടയിൽ നിന്നുയിർകൊണ്ട സംഗീതകാരനായതിനാലാവാം കുട്ടിക്കാലത്തു തന്നെ ചെമ്പൈയ്ക്കും ശെമ്മാങ്കുടിക്കും ആലത്തൂർ ശ്രീനിവാസ അയ്യർക്കുമൊപ്പം പക്കമേളക്കാരനാവാൻ ഭാഗ്യം ലഭിച്ചത്. അതുപോലെ നമ്മുടെ വളർന്നു വരുന്ന കുഞ്ഞുങ്ങളിലും പ്രതിഭകളുണ്ട്. അവരിലാണിനി ഭാവിയുള്ളത്.

ദിവസവും 18 മണിക്കൂറോളം നീളുന്ന സംഗീതശീലങ്ങൾക്കിടയിൽ കുടുംബജീവിതം പോലും മറന്നുവോ ഈ മനുഷ്യൻ, സംശയം ചോദ്യമായപ്പോൾ ചെറുചിരിയോടെ പതിഞ്ഞ താളത്തിൽ മറുപടി, ‘വിവാഹം...ഒരുപക്ഷേ, ഒരുദിവസം നടക്കുമായിരിക്കാം.