Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിലുക്കത്തിലെ പാട്ടുകൾ; രഹസ്യം പങ്കുവച്ച് എം ജി ശ്രീകുമാർ

mg-sreekumar-kilukkam

കുടുകുടെ ചിരിപ്പിച്ച സിനിമ കിലുക്കത്തിനു 25ാം വയസു തികയുമ്പോള്‍ ചിരിക്കിലുക്കത്തിന്റെ താളത്തിനും മുന്‍പെങ്ങുമില്ലാത്തൊരു കേള്‍വി സുഖം...അതുപോലെ തന്നെയാണീ ഗായകനും...

സിനിമയിലെ ഗാനങ്ങള്‍ക്കെല്ലാം സ്വരമായതും കിലുക്കത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഓടിയെത്തുന്ന സ്വരത്തിനു ശബ്ദമായതും എം ജി ശ്രീകുമാറെന്ന ഗായകനാണ്. എസ്പി വെങ്കിടേഷിന്റെ മനോഹരമായ ഈണങ്ങളില്‍ പാടിയ പാട്ടുകള്‍...

Kilukil Pambaram malayalam song - Kilukkam

ഇനിയൊരു പ്രാവശ്യം കൂടി കിലുക്കം തീയറ്ററില്‍ എത്തിച്ചു നോക്കൂ,...ഇപ്പോള്‍ ഓടുന്ന ചിത്രങ്ങളേക്കാള്‍ ഒരു അഞ്ചു ദിവസം അധികമെങ്കിലും കിലുക്കം തീയറ്ററില്‍ തുടരും. എന്നാണ് എന്റെ വിശ്വാസം....എം ജി ശ്രീകുമാര്‍ പറയുന്നു. ജ്യേഷ്ഠ സഹോദരനു തുല്യനായ വേണു നാഗവള്ളി കഥയെഴുതിയ സിനിമ കൂടിയാണിത്. കിലുക്കം സംഗീത ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയുമൊക്കെ കൂട്ടായ്മയില്‍ ഒരേ മനസോടെ സിനിമ ചെയ്തിരുന്ന നാളുകളുടെ നല്ലോര്‍മകളാണെനിക്കു കിലുക്കം സമ്മാനിച്ചത്. പതിവു ചിരിയോടെ എം ജീ ശ്രീകുമാര്‍ സംസാരിച്ചു തുടങ്ങി കിലുക്കത്തെ കുറിച്ച്.

Otty Pattanam malayalam song - Kilukkam

ഊട്ടിപ്പട്ടണമെന്ന പാട്ടിനെ കുറിച്ചാണ് ആദ്യം പറയേണ്ടത്. എസ് പി ബാലസുബ്രഹ്മണ്യവുമൊന്നിച്ച് ഒരു സ്റ്റ്യുഡിയോയില്‍ ഒന്നിച്ചു നിന്നാണ് പാടിയത്. മത്സരിച്ചു പാടിയത്. ഇന്നത്തെ പോലെ ഗായിക ചിത്ര ഒരു സമയം എസ് പി സാര്‍ മറ്റൊരു സമയത്ത് പിന്നെ ഞാന്‍ മറ്റൊരു നേരം. പിന്നെ ഒന്നു ചേര്‍ക്കുന്നു. അങ്ങനെയല്ല. ഒറ്റ ടേക്കിന് കോതണ്ഡപാണി സ്റ്റുഡിയോയില്‍ ഞങ്ങളൊന്നിച്ചു നിന്ന് ഒരുമിച്ച്് ഒറ്റ ടേക്കിനു പാടിത്തീര്‍ത്ത പാട്ടാണത്.

എസ്പിബിയെന്നാല്‍ സ്‌പോട്ട് ഇംപ്രവൈസേഷന്റെ ആളാണല്ലോ. പാട്ടിന്റെ അവസാനം അദ്ദേഹത്തിന്റെയൊരു ചിരിയൊക്കെ ഉണ്ടല്ലോ. അതൊക്കെ കയ്യില്‍ നിന്നിട്ട് ചെയ്തതാണ്. അദ്ദേഹത്തിന്റെ ഇംപ്രവൈസേഷന്‍ കണ്ട് ഞാനും ശ്രമിച്ചു. അങ്ങനെ രസകരമായി പാടിത്തീര്‍ത്തൊരു പാട്ടാണത്. എസ് പി വെങ്കിടേഷെന്ന പ്രതിഭാധനനായ സംഗീത സംവിധായകനെ ഇപ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്....
പിന്നെ കിലുകില്‍ പമ്പരം. അതൊരു മനോഹരമായ താരാട്ടു പാട്ടാണ്.

Neela Venalil malayalam song - Kilukkam

നീലാംബരി രാഗത്തില്‍ ചെയ്‌തൊരു ഗാനം.ഈ ഗാനമാണ് ആദ്യം റെക്കോര്‍ഡ് ചെയ്യുവാന്‍ തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞതിനു ശേഷം. അന്നു കോതണ്ഢപാണിയില്‍ രണ്ട് കോള്‍ ഷീറ്റ് ആണുണ്ടായിരുന്നത്. ഏഴു മണി മുതല്‍ 12 മണി വരെയും 2 മണി മുതല്‍ 9 മണി വരെയും. ആദ്യത്തെ ഷിഫ്റ്റിലായിരുന്നു കിലുകില്‍ പമ്പരം റെക്കോര്‍ഡ് ചെയ്യാനിരുന്നത്. പക്ഷേ ഗാനം കിട്ടിയില്ല. പാട്ടെഴുതുവാന്‍ കൈതപ്രത്തെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നെ അത് ബിച്ചു തിരുമലയെ ഏല്‍പ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

പാട്ടിന്റെ റെക്കോര്‍ഡിങിന്റെ തലേന്നാണ് അദ്ദേഹത്തോടു വിളിച്ചു പറഞ്ഞത്. ബസു പിടിച്ച് അദ്ദേഹം പൂജയുടെ അന്നു മധുരയില്‍ വന്നിറങ്ങി. ഞങ്ങള്‍ ട്യൂണും പറഞ്ഞു കൊടുത്തിട്ട് പൂജയ്ക്കും പോയി. വേഗം എഴുതിക്കോളു എന്നു പറഞ്ഞിട്ട്. ട്യൂണ്‍ മാത്രം വച്ചു റിഹേഴ്‌സല്‍ തുടങ്ങി. ഇതിന് ഇടയില്‍ പ്രിയന്‍ വിളിച്ചു ചോദിച്ചു കൊണ്ടേയിരുന്നു. എടാ പാട്ട് ആയോന്ന് ഒന്നു വിളിച്ചു ചോദിക്കെന്ന്. അന്ന് ബിച്ചു തിരുമല താമസിച്ചിരുന്നത് പാമ്പുരു ഹോട്ടലിലെ 504ാം നമ്പര്‍ മുറിയിലായിരുന്നു. അതൊക്കെ ഞാനിപ്പോഴും ഓര്‍ക്കുന്നു. എന്തായാലും ഒരു മണിക്കു മുന്‍പേ പല്ലവിയും അനുപല്ലവിയും കിട്ടി.

ഫോണ്‍ വഴി ബിച്ചു തിരുമല പറഞ്ഞു തന്ന് ഞാന്‍ എഴുതിയെടുക്കുകയായിരുന്നു. അങ്ങനെ ഫോണ്‍ വഴി എഴുതിയെടുത്തു പാടിയൊരു പാട്ടാണ്. സ്റ്റുഡിയോയില്‍ വച്ച് വരികളും ഈണവും ചേര്‍ത്തു വച്ചപ്പോള്‍ ഗംഭീരമായി ചേര്‍ന്നു നില്‍്ക്കുന്നു അത് എന്ന് അവിടെയുള്ള എല്ലാവരും പറഞ്ഞു. ഒരു മണി തികയുവാന്‍ പത്തു മിനുട്ട് ബാക്കിയുള്ളപ്പോള്‍ സ്റ്റുഡിയോയില്‍ കയറി പാടി ഫസ്റ്റ് ടേക്കില്‍ പൂര്‍ത്തിയായി. അതൊക്കെ ഒരു നിമിത്തം എന്നേ എനിക്കു പറയാനുള്ളൂ. കുറഞ്ഞ സമയത്തിനുള്ളില്‍ നല്ലൊരു പാട്ടാണ് പിറന്നത്.

പിന്നെ മീനവേലലില്‍ എന്നൊരു പാട്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പിക്ചറൈസേഷന്‍ ഈ പാട്ടിന്റെയാണ്. ഈ പാട്ടില്‍ ആര് ഒപ്പം പാടണം എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പിന്നെ അവസാനം ചിത്രയെ തന്നെ തീരുമാനിക്കുകയായിരുന്നു. അതുപോലെ സിനിമയിലുടനീളമുള്ള ട്യൂണും എനിക്കു പാടുവാനായി. റീറെക്കോര്‍ഡിങും ചെയ്തു. എല്ലാം നല്ലതാകുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ടത് സംവിധായകനേയും മോഹന്‍ലാലിനേയും പിന്നെ ചിത്രത്തില്‍ ഒപ്പം നിന്ന എല്ലാവരേയുമാണ്. അവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇത്രയും നല്ലൊരു സിനിമയുണ്ടായതിനു കാരണം.

ഷൂട്ടിങിലുടനീളം ഞാനും ഒപ്പമുണ്ടായിരുന്നു. ഇന്നത്തെ പോലെയല്ല. അന്നങ്ങനെയാണ്. കൂടിയിരുന്നു ചര്‍ച്ചകള്‍. അതിനിടയിലാകും ഒരു പാട്ടു വരിക. ഉടനേ സംഗീത സംവിധായകനെ വിളിച്ചു വരുത്തും പാട്ടു ചെയ്യും. അങ്ങനെയൊക്കെയാണ്. നമ്മള്‍ പാടുന്ന പാട്ടു മാത്രമല്ല സിസിനിമയും ഹിറ്റ് ആയാലേ കാര്യമുള്ളൂ. കിലുക്കത്തിന്‌റെ കാര്യത്തില്‍ എല്ലാം ഒത്തുവന്നു. പാട്ടുകളും സിനിമയും ഒരുപോലെ ഹിറ്റ് ആയി. ഒരുപാടു പ്രാവശ്യം ഞാന്‍ കിലുക്കം കണ്ടിട്ടുണ്ട്. ഇപ്പോഴും ഒരേയിഷ്ടം. ഇന്നസെന്റിനു ലോട്ടറി അടിക്കുന്നതും തിലകന്‍ ചേട്ടനെ ചീത്ത പറയുന്നതും പിന്നെ തിരിച്ചുവരുന്നതും അങ്ങനെ ചിരിപ്പിച്ചു കൊല്ലുന്ന എത്രയോ സീനുകള്‍...ഓര്‍മയിലിന്നും കിലുക്കമുണ്ട്...എന്നും അങ്ങനെ തന്നെ....