Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജമൗലി പ്രശംസിച്ച വിഡിയോയ്ക്കു സംഗീതം റഹ്മാൻ ശിഷ്യന്റേത്

neeye-album-music-director നീയേ മ്യൂസിക് വിഡിയോയിൽ നിന്നും ഒരു രംഗം, ഫാനി കല്യാൺ,ഏ.ആർ റഹ്മാൻ

സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലയഭംഗി. അതാണ് നീയേ എന്ന സംഗീത ആൽബം. ഇന്ത്യ മുഴുവൻ തരംഗമായ സംഗീത ആൽബത്തിന്റെ സംഗീത സംവിധായകൻ ഫാനി കല്യാൺ സംസാരിക്കുന്നു മനോരമ ഓൺലൈനോട്. സംവിധായകൻ എസ് എസ് രാജമൗലി പ്രശംസിച്ച ഈ  വിഡിയോയുടെ സംഗീത സംവിധായകൻ മറ്റൊരു വിസ്മയത്തിന്റെ ശിഷ്യനാണ്. ഫാനി കല്യാണിനൊപ്പം.

സംഗീതത്തിലും ജീവിതത്തിലും ഏ ആർ റഹ്മാൻ

ഏ ആർ റഹ്മാന്റെ കെഎം മ്യൂസിക് കൺസര്‍വേറ്ററിയിൽ നിന്നായിരുന്നു എന്റെ സംഗീത പഠനം. 2008ലായിരുന്നു പഠനം പൂർത്തിയാക്കിയത്. അതുകഴിഞ്ഞ് ഞാന്‍ ചിട്ടപ്പെടുത്തിയ ‌ഈണം ഒരു നിർമ്മാതാവിന് അയച്ചു കൊടുത്തു. അതോടു കൂടിയാണ് സിനിമയിലേക്കെത്തിയത്. അദ്ദേഹത്തിന് ആ സംഗീതം ഏറെ ഇഷ്ടമാകുകയും അടുത്ത സിനിമയിലേക്ക് അവസരം തരികയും ചെയ്തു. ആ സിനിമയാണ് പപ്പു.

സംഗീതം ഒരു കരിയർ ആയി തിരഞ്ഞെടുക്കുവാൻ തന്നെ കാരണം റഹ്മാൻ ആണ്. എനിക്കറിയാമായിരുന്നു എന്നിൽ‌ എവിടെയോ ഒരു സംഗീത സംവിധായകനുണ്ടെന്നും എന്നായാലും എന്റെ വഴി സംഗീതമാണെന്നും. എന്നിട്ടും സംഗീതം പഠിച്ചു തുടങ്ങിയത് വളരെ വൈകിയാണ്. എഞ്ചിനീയറിങ് പഠിക്കുന്ന സ‌മയത്ത് കർണാടിക് സംഗീതം പഠിച്ചുകൊണ്ടായിരുന്നു തുടക്കം. എഞ്ചിനീയറിങ് കഴിഞ്ഞ് ഒരു ജോലി കിട്ടി. ഒരു വർഷത്തോളം ആ ജോലിയുമായി പോകുന്നതിനിടയിലാണ് റഹ്മാൻ സാറിന്റെ മ്യൂസിക് കൺസർവേറ്ററിയെ കുറിച്ച് അറിയുന്നത്. അറിഞ്ഞ പാടേ ജോലി മതിയാക്കി ഞാൻ അങ്ങോട്ടേക്കു പോയി. ഇനിയുള്ള കാലം സംഗീതം മതിയെന്നു തീരുമാനിക്കുന്നത് അങ്ങനെയാണ്. പാശ്ചാത്യ സംഗീതം, വോക്കൽ, സംഗീത സംവിധാനം എന്നിവ പഠിക്കുന്നത് അവിടെ നിന്നാണ്. 

phani-kalyan ഫാനി കല്യാൺ

നല്ലൊരു ഗുരു-ശിഷ്യ ബന്ധമാണു ഞങ്ങൾക്കിടയില്‍. അദ്ദേഹത്തിന്റെ വിദ്യാലയത്തിൽ പഠിക്കുന്ന സമയത്ത് കുറച്ചു ഹാർമണീസ് പാടിയിട്ടുണ്ട് അദ്ദേഹം ഈണമിട്ട ചലച്ചിത്ര ഗാനങ്ങളിൽ ചിലതിൽ.

എന്റെ സ്വപ്നമായിരുന്നു റഹ്മാൻ

എന്റെ ജീവിതത്തിലെ സ്വപ്നമായിരുന്നു റഹ്മാനെ ഒരു വട്ടം കാണുകയെന്നത്. ഞാൻ സ്വപ്നം കണ്ടതിനും അപ്പുറത്തേക്കാണ് എനിക്കു ദൈവം തന്നത്. അദ്ദേഹത്തിനെ കാണുവാനായി സംഗീതം പഠിക്കുവാനായി ഒത്തിരിനാൾ സംസാരിച്ചിരിക്കുവാനായി. എന്റെ സ്വപ്നമെല്ലാം എനിക്കൊപ്പമായി. ഇനിയുള്ള സ്വപ്നം എന്റെ സ്വന്തം സൃഷ്ടിയെ കുറിച്ചാണ്. എന്തു സംഗീതം സൃഷ്ടിച്ചാലും അതു കേൾക്കുന്നവരുടെ ആത്മാവിനെ തൊട്ടുണർത്തുന്നതാകണം. 

phani-kalyan-img ഫാനി കല്യാണ്‍

ആൽബത്തിലെ സ്വരങ്ങള്‍

റഹ്മാൻ സ്കൂളിൽ വച്ചാണു ശരണ്യ ശ്രീനിവാസനെ പരിചയപ്പെടുന്നത്. അന്നുമുതലേ പരസ്പരം അറിയാം. പ്രശസ്ത ഗായകൻ ശ്രീനിവാസന്റെ മകൾ. എനിക്കു ശരണ്യയുടെ സ്വരം ഏറെയിഷ്ടമാണ്. ഈ പാട്ടിനേറെ യോജിക്കും എന്നു തോന്നിയതുകൊണ്ടാണു ശരണ്യയെ കൊണ്ടു പാടിച്ചത്. കൊഞ്ചം കോഫി കൊഞ്ചം കാതൽ എന്ന ആൽബത്തിലേക്കു കണ്ടെത്തിയ സ്വരമാണി യാസിൻ നിസാർ. അതും എനിക്കേറെ പ്രിയപ്പെട്ട സ്വരം. 

ഇങ്ങനെയൊന്നും കരുതിയതല്ല

അങ്ങനെ സംഭവിച്ചു പോയി എന്നാണു പറയേണ്ടത്. ഇങ്ങനെയൊരു പാട്ടു ചെയ്യണമെന്ന് മുൻകൂട്ടി ആലോചിച്ചിട്ടൊന്നുമില്ല. ഈ രാഗത്തിൽ ഒരു പാട്ടു ചെയ്യണം അതിൽ നൃത്തം ഉള്‍പ്പെടുത്തണം എന്നൊന്നും ചിന്തിച്ചിരുന്നില്ല. പാട്ടു ചെയ്തു വന്നപ്പോൾ ഇങ്ങനെയായി. പിന്നെ പാട്ടിനനുസരിച്ചു ദൃശ്യങ്ങളുമൊരുക്കി. നല്ലൊരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണത്. 

നീയേ കഴിഞ്ഞാൽ ചന്ദമാമ

ഉടനുണ്ട്. അതു തെലുങ്ക് ഭാഷയിൽ ഒരുക്കിയ ആൽബമാണ്. ചന്ദമാമ എന്നാണു പേര്. നീയേ തരംഗം തീർന്നാൽ ഉടൻ തന്നെ ഈ ആൽബമെത്തും. സിനിമയിൽ സംഗീതം ചെയ്യുവാനുള്ള അന്വേഷണത്തിലും പഠനത്തിലുമാണിപ്പോൾ.