Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഹോദര്യത്തിന്റെ സരോദ്

amjad-alikhan-main അംജദ് അലി ഖാൻ സരോദിലെ കമ്പികൾ മുറുക്കുന്നു. ചിത്രം: എം.ടി. വിധുരാജ്

‘നിങ്ങൾ ഒരു വാക്കു പറയുമ്പോഴും ഒരു ചുവട് വയ്ക്കുമ്പോഴും നമ്മുടെ കുഞ്ഞുങ്ങളെ ഓർമിക്കൂ, അത് അവരെ എങ്ങനെ ബാധിക്കും എന്നു ചിന്തിക്കൂ...’ വിശ്വപ്രസിദ്ധ സരോദ് വിദ്വാൻ ഉസ്താദ് അംജദ് അലി ഖാൻ പറയുന്നു. രാജ്യത്ത് അസഹിഷ്ണുതയുടെ അടയാളങ്ങൾ കണ്ടുതുടങ്ങിയപ്പോഴേ, ഇതപകടമാണെന്ന ഇദ്ദേഹത്തിന്റെ പ്രഖ്യാപനം ലോകം ശ്രദ്ധിച്ചു. മൗനത്തിന്റെ ശമ്പളം പറ്റേണ്ടവനല്ല കലാകാരനെന്നു പറയാനുള്ള ധീരതയാണ് ഉസ്താദ് അംജദ് അലി ഖാൻ.

എത്രയോ വിശ്വസംഗീത പുരസ്കാരങ്ങൾ നേടിയ കലാകാരൻ. ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യ ലോകത്തിനു സമ്മാനിച്ച ഏറ്റവും മികച്ച അഞ്ച് സംഗീതജ്ഞരിൽ ഒരാൾ. ഇന്ത്യൻ സംഗീത തലസ്ഥാനമായ ഗ്വാളിയറിൽ സംഗീതം മാത്രം ഉപാസിക്കുന്ന ‘ബംഗാഷ്’ കുടുംബാംഗത്തിലെ ഏഴാം തലമുറക്കാരൻ. സരോദ് എന്ന സംഗീതോപകരണം കണ്ടുപിടിച്ചതുപോലും ഈ കുടുംബമാണ്.

1960 മുതൽ ലോകമാകെ കച്ചേരി നടത്തുന്ന അംജദ് അലി ഖാന്റെ പാദസ്പർശം ഏൽക്കാത്ത സംഗീതവേദികൾ ചുരുക്കം. സ്റ്റാൻഫഡ് സർവകലാശാലയും ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റിയുമടക്കം ലോകത്തെ എത്രയോ വിശ്വവിദ്യാലയങ്ങളിലെ വിസിറ്റിങ് പ്രഫസർകൂടിയാണ് ഇദ്ദേഹം. യുഎസിലെ മസാച്യൂസിറ്റ്സ് സ്റ്റേറ്റ് എല്ലാവർഷവും ‘അംജദ് അലി ഖാൻ ദിനം’ വരെ ആഘോഷിക്കുന്നു. ‘ഇരുപതാം നൂറ്റാണ്ടിന്റെ മാസ്റ്റർ’ എന്ന് വേൾഡ് മ്യൂസിക് മാഗസിൻ വിശേഷിപ്പിച്ച പ്രതിഭ. യഥാർഥ വിശ്വസംഗീതജ്ഞൻ.

ഈ വർഷത്തെ സത്‌കലാരത്നം പുരസ്കാരം ഏറ്റുവാങ്ങാൻ പയ്യന്നൂരിലെത്തിയ അദ്ദേഹം സംസാരിക്കുന്നു; ആകുലതകൾ, വ്യക്തിജീവിതം, സംഗീതം എന്നിവയെപ്പറ്റി...

പ്രധാനമന്ത്രി സംസാരിക്കണം

കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാൻ ശേഷിയുള്ളയാളാണു നമ്മുടെ പ്രധാനമന്ത്രി. ലോകമാകെ സഞ്ചരിച്ച് ഇന്ത്യയെ മറ്റു ദേശങ്ങളുമായി ബന്ധിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നു. പക്ഷേ, രാജ്യത്തു പുകയുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ചും വേദനിച്ചും പുരസ്കാരങ്ങൾ തിരികെ കൊടുക്കുന്നവരെ കാണാനും സംസാരിക്കാനും അദ്ദേഹം തയാറാകണം. അവാർഡുകൾ തിരിച്ചുകൊടുക്കുന്നവർ ഭ്രാന്തന്മാരല്ല. ഈ രാജ്യത്തിന്റെ പോക്കിലുള്ള കടുത്ത വേദനയാണ് അവർ പ്രകടിപ്പിക്കുന്നത്.

വ്യത്യസ്ത പൂക്കളും നിറങ്ങളും മണവുമുള്ള ഒരു പൂച്ചെണ്ടാണു നമ്മുടെ രാജ്യം. ആ വൈവിധ്യമാണു നമ്മുടെ സൗന്ദര്യം. അതിനെയാണു ലോകം ബഹുമാനിക്കുന്നത്.

പൂക്കളിൽനിന്ന് പഠിക്കൂ

നിങ്ങൾ സംഗീതത്തിൽനിന്നും പൂക്കളിൽനിന്നും നിറത്തിൽനിന്നും ജലത്തിൽനിന്നും പഠിക്കൂ. അവയൊന്നും ഒരു മതത്തിലും പെടുന്നില്ല. പക്ഷേ, അവയെയൊക്കെ എല്ലാ മതങ്ങളും ഉപയോഗിക്കുന്നു. നമുക്കെല്ലാം ഒരു ദൈവമേ ഉള്ളൂ എന്നു ഞാൻ വിശ്വസിക്കുന്നു. നമുക്ക് ഒരു ജാതിയേയുള്ളൂ മനുഷ്യജാതി. സാഹോദര്യത്തിന്റെ ഈ സന്ദേശമാണു ഞങ്ങളുടെ ‘സ്ട്രിങ്സ് ഓഫ് പീസ്’ എന്ന ആൽബം.

amjad-sons-amaan-ayan- മക്കളായ അമാൻ‌ അലി ഖാനും അയാൻ അലി ഖാനുമൊപ്പം അംജദ് അലി ഖാൻ

ഏകദൈവത്തെപ്പറ്റിയും ഏകജാതിയെപ്പറ്റിയും ഒരു മതപണ്ഡിതനും പറയില്ല. കാരണം അവരെല്ലാം അതതു മതത്തിൽനിന്ന് ഏതെങ്കിലുമൊക്കെ തരത്തിൽ വേതനം പറ്റുന്നവരാണ്.

പ്രണയമാണു മതം

ഭരതനാട്യം കലാകാരിയായ സുബ്ബലക്ഷ്മിയാണു ഭാര്യ. 1975ൽ കൊൽക്കത്തയിൽവച്ച് അവരുടെ നൃത്തം കണ്ടപ്പോൾ അവളെ ദൈവം എനിക്കായി അയച്ചതുപോലെ തോന്നി. അസം സ്വദേശിനിയാണു സുബ്ബലക്ഷ്മി. അവർക്ക് ഈ പേരു വന്നതിനു പിന്നിലൊരു കഥയുണ്ട്. അവരുടെ മാതാപിതാക്കൾ ‘മീര’ (1945) എന്ന തമിഴ് സിനിമ യാദൃശ്ചികമായി കാണാനിടയായി. മഹാഗായിക എം.എസ്. സുബ്ബലക്ഷ്മിയാണ് ഇതിൽ നായികയായ ഭക്തകവയിത്രി മീരാഭായി ആയി അഭിനയിച്ചിരിക്കുന്നത്. എംഎസിന്റെ സൗന്ദര്യത്തിലും സിദ്ധിയിലും ആകൃഷ്ടരായ അവർ മകൾക്ക് സുബ്ബലക്ഷ്മി എന്നു പേരിടുകയായിരുന്നു.

ഞങ്ങളുടെ വീട്ടിൽ എല്ലാ വിശ്വാസത്തിനും സ്വാതന്ത്ര്യമുണ്ട്. എല്ലാ മതങ്ങളുമായും മനുഷ്യരുമായും ഞങ്ങൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. അതുപോലെ ഈ പ്രപഞ്ചത്തിലെ എല്ലാ സംഗീതവുമായും. ലോകത്തെ വിവിധ ദേവാലയങ്ങളിൽനിന്നു ലഭിച്ചിട്ടുള്ള തൂവാലകളിൽ പൊതിഞ്ഞാണു ഞാൻ എന്റെ സരോദ് സൂക്ഷിക്കുന്നത്.

പ്രഗത്ഭരായ ശിഷ്യരെയും നല്ല മക്കളെയും ദൈവം തന്നു. അർപ്പണബോധമുള്ള സംഗീതജ്ഞരാണ് അമാൻ‌ അലി ഖാനും അയാൻ അലി ഖാനും ഞങ്ങൾ മൂവരും ചേർന്നുള്ള കച്ചേരികളാണ് ഇപ്പോൾ അധികം പേർക്കും ഇഷ്ടം.

ഞാൻ ദുഃഖിതൻ

വേൾഡ് ട്രേഡ് സെന്റർ ആക്രമണം മുതൽ കഴിഞ്ഞ ദിവസത്തെ ഫ്രാൻസിലെ ചാവേർ ആക്രമണം വരെ എന്നെ ദുഃഖിപ്പിക്കുന്നു. നിങ്ങളുടെ പ്രവൃത്തികൾ ലോകത്തെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കും എന്നു ചിന്തിക്കാൻ ഞാൻ ഭീകരരോട് അഭ്യർഥിക്കുന്നു. വിദ്യാഭ്യാസത്തിന്റെ അഭാവമല്ല ഈ അന്ധതയ്ക്കു കാരണം. ഉന്നത വിദ്യാഭ്യാസം നേടിയവർതന്നെയാണു ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്. നാം എവിടെനിന്നു വന്നുവെന്നോ ഒടുവിൽ എന്തായി മാറുമെന്നോ ചിന്തിക്കുന്നുണ്ടോ? ഒരുപിടി ചാരമോ മണ്ണോ ആയി എല്ലാവരും മാറുന്നു. ഈ ചാരവും മണ്ണുംകൊണ്ടാണ് ക്ഷേത്രവും മോസ്ക്കും പള്ളിയും ഗുരുദ്വാരയുമെല്ലാം ഉണ്ടാക്കുന്നത്.

പരസ്പരാശ്രിതത്വം ഇന്ത്യൻ ജീവിതരീതിയുടെ ശക്തിയാണ്, ദൗർബല്യമല്ല. കൊൽക്കത്തയിലെ ഹേമേന്ദ്ര ചന്ദ്രസെൻ എന്നയാൾ സരോദ് ഉണ്ടാക്കിത്തന്നില്ലെങ്കിൽ ഞാൻ എങ്ങനെ സരോദ് വായിക്കും? ബനാറസിൽ സാരി ഉണ്ടാക്കുന്ന സമുദായത്തിൽ പെട്ടവർ മാത്രമാണോ ബനാറസ് സാരി ഉടുക്കുന്നത്?

ഹിന്ദുസ്ഥാനിയും കർണാട്ടിക്കും

എന്തിനാണ് നമ്മുടെ രാജ്യത്തിന് ഇങ്ങനെ രണ്ടു സംഗീതം? രാജ്യത്തെ സംഗീതത്തിന്റെ പേരിലും വിഭജിക്കുന്നതെന്തിനാണ്? ഇന്ത്യയിലെ പ്രമുഖരായ സംഗീതജ്ഞരോടെല്ലാം ഞാൻ ചോദിച്ചു, എന്തിനാണ് ഈ വേർതിരിവ്? അവരെല്ലാം എന്നോടു യോജിക്കുന്നു. അടിസ്ഥാനപരമായി ഒരു സംഗീതമേയുള്ളൂ. മറ്റുള്ളവ ചില സമ്പ്രദായഭേദങ്ങൾ മാത്രം. നിങ്ങൾക്ക് അത്ര നിർബന്ധമാണെങ്കിൽ ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് സൗത്ത്, നോർത്ത് എന്നു വിളിച്ചോളൂ.

ഭാഷയ്ക്ക് കുഴപ്പമുണ്ട്

സംഗീതം രണ്ടുവിധമുണ്ട്. ഒന്നു ശുദ്ധസംഗീതം. അത് നാദത്തിൽ അധിഷ്ഠിതമാണ്. സരോദ്, വയലിൻ, സിത്താർ... തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നു. പൂർണമായ ഈശ്വരോപാസനയാണ് ആ സംഗീതം.

രണ്ടാമത്തേത് പാട്ടുകൾ. അതിനു ഭാഷയുണ്ട്. പക്ഷേ, അവിടെ ഒരു കുഴപ്പം ഉണ്ട്. അതറിയാത്തവർക്ക് അത് ആസ്വദിക്കാനാവില്ല. പക്ഷേ, ശുദ്ധസംഗീതം ആസ്വദിക്കാൻ ഭാഷവേണ്ട. ഭാഷയ്ക്ക് ഒരു കുഴപ്പംകൂടിയുണ്ട്. വസ്തുതകളെ വളച്ചൊടിക്കാനും അതിനുകഴിയും. എന്നാൽ ശുദ്ധസംഗീതത്തിൽ അതൊന്നും സാധ്യമല്ല. എന്റെ വിരലുകൾ സരോദിൽനിന്ന് എടുക്കുന്ന നിമിഷം സംഗീതം നിലയ്ക്കുന്നു. അത്ര സ്വാഭാവികവും ജൈവികവുമാണത്. ഭാഗ്യവശാൽ ഈ ആദ്യപക്ഷത്താണ് എന്റെ സ്ഥാനം. മറ്റ് തന്ത്രിവാദ്യങ്ങളെ അപേക്ഷിച്ചു ശ്രമകരമാണു സരോദ് അഭ്യസനം. സരോദിനെപ്പറ്റി കൂടുതൽ അറിയിക്കാനായി ഒരു വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്. www.sarod.com

എന്നും എനിക്ക് ആദ്യകച്ചേരി

നിങ്ങൾ നാളെയെപ്പറ്റി ഉത്കണ്ഠാകുലരാണെങ്കിൽ സംഗീതം ഉപാസിക്കരുത്. എന്നെങ്കിലുമൊരിക്കൽ ഒരു സൂര്യകിരണം കണ്ടേക്കാമെന്നു കരുതി ഒരു തുരങ്കത്തിലേക്കു കയറുന്നതുപോലെയാണ് സംഗീത പഠനം. . അവിടെ, താണ്ടാൻ കഴിയുന്ന ദൂരം, വേഗം എന്നിവ സംബന്ധിച്ച് ഒരു നിശ്ചയവുമില്ല.എന്റെ പഠനം ഒരിക്കലും അവസാനിക്കുന്നില്ല. ക്രിസ്മസ് കാരൾ ഗാനങ്ങൾ സരോദിൽ വായിക്കാൻ അഭ്യസിച്ചു. ആൽബവും ചെയ്തു. ത്യാഗരാജ സംഗീതോൽസവത്തിൽ പങ്കെടുക്കാനായി ത്യാഗരാജ സംഗീതം പഠിച്ചു. ബംഗാളിൽ കച്ചേരി നടത്താൻ രബീന്ദ്രസംഗീതം പഠിച്ചു. എന്തെല്ലാം ഇനിയും പഠിക്കാൻ കിടക്കുന്നു.

ഓരോ കച്ചേരിയും ജീവിതത്തിലെ ആദ്യ കച്ചേരിയാണെന്ന പരിഭ്രമത്തോടെയാണ് ഞാൻ ഇന്നും തയാറെടുക്കുന്നത്. അതുകൊണ്ടാണ് നിങ്ങളോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും ഞാൻ ഇന്നു സന്ധ്യയിലെ കച്ചേരിക്കായി ഈ സരോദിലെ കമ്പികൾ മുറുക്കിക്കൊണ്ടിരിക്കുന്നതും മിനുക്കുവേലകൾ ചെയ്തുകൊണ്ടിരിക്കുന്നതും.

ചിരട്ടയുടെ സംഗീതം

നൂറു ശതമാനം സാക്ഷരതയുള്ള നാടാണു കേരളം. അതിന്റെ ഗുണം ഇവിടത്തെ ജനങ്ങളിലുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ കച്ചേരി നടത്താൻ എനിക്കു താത്പര്യം കൂടുതലാണ്. മലയാളികൾ എനിക്കു വലിയ ബഹുമാനവും സ്നേഹവും നൽകുന്നു. കേരളത്തിന്റെ പരമോന്നത സംഗീത സമ്മാനമായ സ്വാതി പുരസ്കാരവും നൽകി.

പയ്യന്നൂർ സത്‌കലാപീഠത്തിന്റെ ഈ ചടങ്ങിലേക്ക് എന്നെ ക്ഷണിക്കാനായി സ്വാമി കൃഷ്ണാനന്ദ ഭാരതി ഡൽഹിയിലെ എന്റെ വീട്ടിൽവന്നു. ഇ–മെയിലിലോ മെസേജ് വഴിയോ സന്ദേശങ്ങൾ എത്തുന്ന ഇക്കാലത്ത് വീട്ടിൽ വന്നു ക്ഷണിച്ചത് എന്നെ സ്പർശിച്ചു. അത്തരം നല്ല മര്യാദകൾ പുലർത്തുന്നവരുടെ നാടാണു കേരളം.

ഒരു കൗതുകം കൂടിയുണ്ട്. ഞാൻ സരോദ് മീട്ടാൻ ഉപയോഗിക്കുന്ന ‘ജവ’ നിർമിച്ചിരിക്കുന്നത് നിങ്ങളുടെ നാളികേരത്തിന്റെ ചിരട്ടകൊണ്ടാണ്. പ്ലാസ്റ്റിക് കൊണ്ടും ഫൈബർ കൊണ്ടുമുള്ള ജവയാണു പലരും ഉപയോഗിക്കുന്നത്. പക്ഷേ നല്ല കട്ടിച്ചിരട്ടകൊണ്ടുള്ള ജവയാണ് എനിക്കിഷ്ടം. എത്ര കട്ടിയുള്ള മനസ്സിനുപോലും സംഗീതമാകാൻ കഴിയുമെന്നാണു കേരളം പഠിപ്പിക്കുന്നത്.

കേരളത്തിൽ അക്കാദമി

പ്രകൃതിഭംഗിയും നല്ലകാലാവസ്‌ഥയും സമാധാനകാംക്ഷികളായ ജനങ്ങളും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ടാണ് എന്റെ മ്യൂസിക് അക്കാദമി ഇവിടെ സ്ഥാപിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം ഞാൻ സ്വീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രി കെ.സി. ജോസഫും ഇക്കാര്യത്തിൽ എടുക്കുന്ന താൽപര്യത്തിൽ ഞാൻ സന്തുഷ്ടനാണ്. പക്ഷേ, എവിടെയും ചുവപ്പുനാട എന്നൊന്നുണ്ടല്ലോ. അതിൽ കുരുങ്ങി കാര്യങ്ങൾ വൈകുന്നു.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷണ് ഉടമയാണ് അംജദ് അലി ഖാൻ. ലോകമാകെ ആരാധകർ. സംഗീതത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്കൺ. സെക്കൻഡുകൾക്കു പൊന്നിനേക്കാൾ വില.

ഇത്രമാത്രം സൗഭാഗ്യങ്ങളുള്ളവരിൽ കാണാത്ത ഒരു ദുശ്ശീലം ഇദ്ദേഹത്തിനുണ്ട്. മനുഷ്യർക്കിടയിൽ സ്നേഹം കുറഞ്ഞുപോകുന്നതിനെപ്പറ്റി ഇദ്ദേഹം വല്ലാതെ വ്യാകുലപ്പെട്ടുകൊണ്ടിരിക്കുന്നു.