Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൗണം പകർന്ന്...

Sheela ഷീല

കവിതയുടെ കരൾ തൊട്ട് ഇൗണം പകരുകയാണ് ഷീല. പാരിപ്പള്ളി പ്രണവം സംഗീത വിദ്യാലയത്തിന്റെ പ്രിൻസിപ്പലായ ഷീല ഏഴു ഭാഷകളിലായി ഇരുനൂറോളം കവിതകൾക്ക് ഈണം പകർന്നു. ഷീലയുടെ ശിഷ്യർ സംസ്ഥാന സ്കൂൾ കലോൽസവം ഉൾപ്പെടെയുള്ള മൽസരങ്ങളിൽ നൂറിൽപരം അവാർഡുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കവിത പാരായണത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥി ആലപിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘അമാവാസി”ക്ക് ഈണം പകർന്നതും ഷീലയായിരുന്നു.

വിദ്യാർഥികളിൽ നിന്നു പ്രതിഫലം സ്വീകരിക്കാതെയാണ് ഇൗ സംഗീത സപര്യ. ആംഗലേയ ഭാഷയിൽ വേർഡ്സ്വർത്തിന്റെ വരികളും സംസ്കൃതത്തിൽ കാളിദാസന്റെ മേഘസന്ദേശവും മലയാളത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളുമെല്ലാം ഷീലയുടെ ഇൗണത്തിൽ നവ്യാനുഭൂതി പകരുന്നു. തമിഴ്, കന്നഡ, ഉറുദു കവിതകളും ഈണം നൽകി പരിശീലിപ്പിക്കുന്നു. മലയാളത്തിൽ കവിത്രയങ്ങൾക്കു പുറമേ ഒഎൻവി, സുഗതകുമാരി, അയ്യപ്പപ്പണിക്കർ, സച്ചിദാനന്ദൻ, വിജയലക്ഷ്മി, തിരുനെല്ലൂർ കരുണാകരൻ, തമിഴിൽ സുബ്രഹ്മണ്യഭാരതി, വൈരമുത്തു, ഉറുദുവിൽ മിർസ ഗാലിബ്, ഹിന്ദിയിൽ സുഭദ്രാകുമാരി ചൗഹാൻ, കീർത്തി ചൗധരി, വിനയ് മഹാജൻ തുടങ്ങിയവരുടെയെല്ലാം കവിതകൾ ഇവിടെ പഠിപ്പിക്കുന്നു.

ഇംഗ്ലിഷിൽ ഏറ്റ്സ്, റോബർട്ട് ബ്രൗണിങ്, തോമസ് ഇലിയറ്റ് എന്നിവരുടെ കവിതകളും പഠിപ്പിക്കുന്നു. അതതു ഭാഷകളിൽ ജ്ഞാനം ഉള്ളവരുടെ സഹായത്തോടെ പദാനുപദം അർഥം സ്വായത്തമാക്കിയ ശേഷമാണ് ഈണം നൽകുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട ചില കവികളെ അവരുടെ കവിത ഈണത്തിൽ ചൊല്ലി കേൾപ്പിക്കാറുമുണ്ട്.

സംഗീത സംവിധായകനായ ഭർത്താവ് പ്രണവം മധു പിന്തുണയേകി ഒപ്പമുണ്ട്. മക്കളായ നിള, പ്രണവ് എന്നിവരും മാതാപിതാക്കളുടെ സംഗീത വഴി പിന്തുടരുന്നുണ്ട്. മകൾ നിള സംസ്ഥാന തലത്തിൽ രണ്ടു തവണ വിജയിച്ചിട്ടുണ്ട്.