Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ജീവിതം വഴിതിരിഞ്ഞത് എ ആർ റഹ്മാനിലൂടെ

unni

തെങ്ങിൻകൈ ബാറ്റുയർത്തി തറവാട്ടുമുറ്റത്തിന്റെ നാലുദിക്കിലേക്കും സിക്സറുകൾ പായിച്ച പകലുകൾ. കുട്ടിക്കുറുമ്പുകളും കലഹങ്ങളും ബഹളംകൂട്ടിയ സായംകാലങ്ങൾ. തെങ്ങോലയും മച്ചിങ്ങയും കൊണ്ടുണ്ടാക്കിയ കളിപ്പാട്ടങ്ങൾക്കും പറമ്പിലെ വാഴത്തടയിലേക്കു മുനകൂർപ്പിച്ച് എയ്തെത്തിച്ച പഴയ കുടക്കമ്പി കൊണ്ടുണ്ടാക്കിയ അമ്പിനും വില്ലിനും ക്രിക്കറ്റോർമ്മകൾക്കും അവധിക്കാല കഥകൾ ഒരുപാടു പറയാനുണ്ട്. പാട്ടുകൊണ്ടു കാലത്തെ കൂടെക്കൂട്ടിയ ഗായകൻ പി.ഉണ്ണിക്കൃഷ്ണന്റെ പാലക്കാടൻ സ്മൃതികൾ ഈണം പോലെ ഹൃദ്യം, ഈരടി പോലെ മനോഹരം.

‘ മുത്തച്ഛൻ അഡ്വ.കെ.വി.കൃഷ്ണൻകുട്ടി നായർക്കു വൈകുന്നേരങ്ങളിലെ നടപ്പ് ഒഴിവാക്കാൻ വയ്യ. മോയൻസ് സ്കൂളിനടുത്തുള്ള ‘വാസവപ്രസ്ഥം’ വീട്ടിൽ നിന്നു സുൽത്താൻ പേട്ട വരെ നീളും നടപ്പ്. ഞാനും കസിൻസ് വിനോദും വിവേകും ഒപ്പം കൂടും. 

 സുൽത്താൻപേട്ടയിൽ ഒരു ശരവണഭവനുണ്ട്. അവിടുത്തെ ദോശ കഴിക്കും. മുത്തച്ഛൻ പുറത്തു നിന്ന് ഒന്നും കഴിക്കില്ല. പക്ഷേ, ഞങ്ങൾക്കു വാങ്ങിത്തരും....’

പാലക്കാടൻ ബന്ധം

അമ്മയുടെ നാടാണു പാലക്കാട്. വടവന്നൂരിലെ പാറക്കൽ തറവാട്ടുകാർ. മുത്തച്ഛൻ വക്കീലായിരുന്നു. മുത്തശ്ശിയെ ‍ഞാൻ കണ്ടിട്ടില്ല. അമ്മയുടെ ചേച്ചി രഞ്ജിനി വല്യമ്മയും മക്കൾ വിനോദും വിവേകും സുമിത്രയും മുംബൈയിൽ നിന്ന് അവധിക്കാലമായാൽ പാലക്കാട്ടെത്തും. വാസവൻ മാമനും സുധീന്ദ്രൻ മാമനും ഞങ്ങളും ചേർന്നു പുകിലുകളുണ്ടാക്കും. 

വാസവൻ മാമൻ ഇന്നില്ല. അവരുടെ സംരംഭമായ ആയുർദ്വാരക നോക്കി നടത്തുന്നത് അമ്മായിയും മകൾ സൗമ്യയുമാണ്. സുധീന്ദ്രൻ മാമന്റെ മകൾ വിധുല മുംബൈയിലും പവിത്ര ഹോങ്കോങ്ങിലുമാണ്. ലക്ഷ്മിച്ചെറിയമ്മയും കുടുംബവും പാലക്കാട്ടുണ്ട്.  

അച്ഛൻ

തൃശൂരിലെ കോമ്മാട്ടിൽ തറവാട്ടിൽ നിന്നു വർഷങ്ങൾക്കു മുൻപ് ചെന്നൈയിലെത്തിയവരാണ് അച്ഛൻ കെ.രാധാകൃഷ്ണന്റെ കുടുംബം. അച്ഛന്റെ മുത്തച്ഛൻ ഡോ.കെ.എൻ.കേസരി ആന്ധ്രക്കാരനാണ്. ചെന്നൈയിൽ ആയുർവേദ ചികിൽസകനായിരുന്നു. 

unnikrishnan3 ഉണ്ണികൃഷ്ണൻ

ചെന്നൈയിൽ രണ്ട് സ്കൂളുകളും തുടങ്ങിയിരുന്നു. ചെന്നൈയുടെ ഹൃദയഭാഗത്ത് 1937ൽ ആയുർവേദ പരിശോധനയ്ക്കായി ‘കേസരി കുടീരം’ തുടങ്ങി.  താമസവും ഇവിടെത്തന്നെയായി. ( ഈ കേസരികുടീരം ഇന്നുമുണ്ട്. അവിടെയാണ് ഉണ്ണിക്കൃഷ്ണനും കുടുംബവും താമസിക്കുന്നത്.) വക്കീലായ അച്ഛൻ മുത്തച്ഛന്റെ ബിസിനസ് നോക്കിനടത്താൻ ആർഎഎംപി കോഴ്സ് പൂർത്തിയാക്കി. അമ്മയുടെ ചേച്ചി രഞ്ജിനി വലിയമ്മയ്ക്കു വന്ന ആലോചനയായിരുന്നു അച്ഛന്റേത്. 

ജാതകം ചേരാതെ വന്നപ്പോൾ അമ്മയുമായി ഒത്തുനോക്കി വിവാഹം നടത്തുകയായിരുന്നു. മോയൻസ് ഗേൾസിലായിരുന്നു അമ്മ പഠിച്ചത്. വിവാഹ ശേഷം അമ്മയും ആർഎഎംപി കോഴ്സ് പൂർത്തിയാക്കി ചികിൽസയും ബിസിനസ് നടത്തിപ്പുമായി സജീവമായി. 

അച്ഛന്റെ സ്വാധീനം

എല്ലാറ്റിനും ഒരു ബലം തന്നു കൂടെനിന്നത് അച്ഛനായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. ദേഷ്യം വന്നു കണ്ടിട്ടേയില്ല.  തിരിച്ചറിവോടെ മനസ്സറിഞ്ഞു പെരുമാറാൻ പഠിപ്പിച്ചത് അച്ഛനാണ്. 

റേഡിയോപ്പാട്ടും അച്ഛനും

അച്ഛൻ പാടില്ലെങ്കിലും വലിയ പാട്ടാരാധകനാണ്. പ്രത്യേകിച്ച് യേശുദാസിന്റെ പാട്ടുകൾ. പണ്ടു റേഡിയോയിൽ വരുന്ന പാട്ടുകളെല്ലാം കസെറ്റുകളിൽ  റെക്കോർഡ് ചെയ്തു വയ്ക്കുമായിരുന്നു. അച്ഛൻ. ആ പാട്ടുകളൊക്കെ ഒന്നും വിടാതെ പഠിച്ചെടുക്കും ഞാൻ. കൂടുതൽ പഠിച്ചു പാടിയതു ദാസേട്ടന്റെ പാട്ടുകളായിരുന്നു. പാട്ടുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത് അങ്ങനെയാണ്. 

unnikrishnan ഉണ്ണികൃഷ്ണൻ

(പതിനൊന്നു വയസുവരെ ഉണ്ണിക്കൃഷ്ണന്റെ ലോകം പാട്ടുകളുടേതല്ലായിരുന്നു. ക്രിക്കറ്റായിരുന്നു എല്ലാം. ക്രിക്കറ്റ് വിട്ടൊരു ചിന്തയില്ല. കളിയൊഴിഞ്ഞ നേരമില്ല. അച്ഛൻ റിക്കോർഡ് ചെയ്തുവച്ച പാട്ടുകൾ പാടുന്നതു കേട്ട അമ്മയ്ക്കാണു മകനെ പാട്ടുപഠിപ്പിച്ചാൽ കൊള്ളാം എന്നാദ്യം തോന്നിയത്. മകനെ പാട്ടുകാരനാക്കിയേ തീരൂ എന്നുറപ്പിച്ച ഒരമ്മയുടെ കഥ തുടങ്ങുന്നത് അവിടെയാണ്.)

അമ്മ ഡോ. ഹരിണി

അമ്മ ഇത്തിരി പാടും. ക്ലാസിക്കലായി അൽപം പഠിച്ചിട്ടുമുണ്ട്. ഹരികഥ പറഞ്ഞും ചിന്മയ കേന്ദ്രത്തിൽ ഭജൻ പാടിയും സജീവമായിരുന്നു.ഞാനൊരു പാട്ടുകാരനായത് അമ്മ കാരണമാണ്. സ്കൂളിൽ പാട്ടുമൽസരത്തിനു പങ്കെടുക്കാൻ അമ്മയ്ക്കായിരുന്നു നിർബന്ധം. കർണാടക സംഗീതം പഠിക്കണമെന്നു ശഠിച്ചതും അമ്മ തന്നെ. കർണാടക സംഗീതത്തോട് എനിക്കു തുടക്കത്തിൽ ചെടിപ്പായിരുന്നു. എന്നിട്ടും അമ്മയുടെ ആഗ്രഹം പോലെ വി.എൽ.ശേഷാദ്രിയുടെ ശിഷ്യനായി, 11–ാം വയസിൽ. അവിടെയാണെന്റെ സംഗീത ജീവിതം തുടങ്ങുന്നത്. 

സംഗീത പഠനം

ശേഷാദ്രിക്കൊപ്പം നാലഞ്ചു കൊല്ലം. പിന്നെ ഡോ.എസ്. രാമനാഥനും സാവിത്രി സത്യമൂർത്തിയും അടക്കം ഒട്ടേറെ പ്രമുഖർ. രാമനാഥൻ സാറിനൊപ്പം കൂടിയതോടെയാണു കർണാടക സംഗീതത്തിന്റെ ആഴവും പരപ്പും സ്വാധീനമാകുന്നത്. സുഹൃത്തുക്കളിൽ പലരും സംഗീത ബന്ധമുള്ളവരായിരുന്നു.

 ചെന്നൈ വിവേകാനന്ദ കോളജിലെ പഠനകാലത്ത് യൂത്ത് അസോസിയേഷൻ ഫോർ ക്ലാസിക്കൽ മ്യൂസിക് എന്ന സംഘടനയുണ്ടാക്കി ഞങ്ങൾ.

unni-family ഭാര്യ പ്രിയ, അമ്മ ഡോ.ഹരിണി,അച്ഛൻ കെ.രാധാകൃഷ്ണൻ എന്നിവർക്കൊപ്പം ഉണ്ണികൃഷ്ണന്‍

 യുവാക്കൾക്കിടയിൽ തരംഗമായി പടർന്നു ആ സംഘം. അതോടെ എനിക്കും ക്ലാസിക്കൽ സംഗീതം അമൂല്യമായ അനുഭവമായി. ഇപ്പോഴും ഞാൻ പഠിച്ചുകൊണ്ടേയിരിക്കുകയാണ്. എസ്.ആർ.ജാനകീരാമനാണ് ഗുരു. 

( ചെന്നൈ  ആശാൻ മെമ്മോറിയൽ സ്കൂളിലായിരുന്നു ഒന്നു മുതൽ പത്തുവരെ. പ്ലസ് ടു സാന്തോമിൽ. ബികോം ബിരുദം വിവേകാനന്ദ കോളജിൽ. ജനറൽ ലോയിലും പഴ്സനേൽ മാനേജ്മെന്റിലും ഇൻഡസ്ട്രിയൽ  റിലേഷൻസിലും പിജി ഡിപ്ലോമയെടുത്തതും ചെന്നൈയിൽ  തന്നെ.) 

ക്രിക്കറ്റ് 

അച്ഛൻ ക്രിക്കറ്റർ ആയിരുന്നു. കുട്ടിക്കാലം മുതൽ ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും അച്ഛനാണ്. അച്ഛന്റെ നേതൃത്വത്തിൽ ബണ്ട്സ് ക്രിക്കറ്റ് ക്ലബ് ഇന്നും നന്നായി നടക്കുന്നു. തമിഴ്നാട്  ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. മദ്രാസ് ക്രിക്കറ്റ് ക്ലബിനു വേണ്ടി അഞ്ചു കൊല്ലം ക്രിക്കറ്റ് ടീമിൽ കളിച്ചയാളാണു ഞാൻ. ശ്രീകാന്ത്, റോബിൻസിങ്,ശിവരാമകൃഷ്ണൻ, സഞ്ജയ് മഞ്ജരേക്കർ, ഡബ്ല്യു. വി. രാമൻ എന്നിവർക്കൊപ്പമെല്ലാം കളിച്ചിട്ടുണ്ട്. ഇപ്പോഴും മദ്രാസ് ക്രിക്കറ്റ് ക്ലബ് നെറ്റ്സിൽ പ്രാക്ടീസ് പതിവാണ്. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ ലൈഫ് ടൈം അംഗമാണ്. ടെന്നിസും ഷട്ടിലും ജിമ്മും മുടക്കം വരുത്താത്ത ശീലങ്ങളാണ്. നെറ്റ്സിൽ പ്രാക്ടീസിനു വിജയ് യേശുദാസും മറ്റും വരാറുണ്ട്. 

വിവാഹം

27–ാം വയസിലായിരുന്നു വിവാഹം. ജാതകം നോക്കി അന്വേഷിച്ചുറപ്പിച്ച കല്യാണം. ഭാര്യ പ്രിയ നർത്തകിയാണ്. കോഴിക്കോട് ചാലപ്പുറത്തെ ദേവദാസിന്റെയും ശോഭനയുടെയും മകൾ. ഇപ്പോൾ പുതിയറയിലാണ് പ്രിയയുടെ എടക്കേപ്രഭൻ കേളോത്ത് വീട്. 1994 നവംബർ ഒൻപതിനു ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. 

( 1997ൽ മകനും 2004ൽ മകളുമുണ്ടായി.  മൂത്തമകൻ വാസുദേവ് കൃഷ്ണ ഓട്ടമൊബീൽ എൻജിനീയറിങ്ങിനു പഠിക്കുന്നു. അച്ഛനെ പോലെ ആദ്യഗാനത്തിനു ദേശീയ പുരസ്കാരം നേടിയ മകൾ ഉത്തര എപിഎൽ ഗ്ലോബൽ സ്കൂളിൽ ഏഴിലും.)

ശക്തി

ക്ഷമയോടെ ശാന്തനായി സാഹചര്യങ്ങളെ നേരിടാനാവുന്നതാണെന്റെ ശക്തി. അധികം ടെൻഷനില്ല. 

ഏറ്റവും അധികം സന്തോഷിപ്പിച്ചത്

മകൾക്കു കിട്ടിയ ദേശീയ പുരസ്കാരം. ജി.വി.പ്രകാശിന്റെ ഭാര്യ സൈന്ധവിയാണ് ഉത്തരയുടെ ശബ്ദം പരീക്ഷിക്കാമെന്നു പ്രകാശിനോടു പറഞ്ഞത്. വെറുതെ ചെന്നതാണെങ്കിലും അതു ഫലം കണ്ടു. 

എല്ലാം ദൈവനിശ്ചയമാണ്. ഞാൻ പാട്ടുകാരനായതും ഈശ്വരനിശ്ചയമാണ്. ആദ്യഗാനത്തിനു തന്നെയായിരുന്നു എനിക്കും ദേശീയാംഗീകാരം ലഭിച്ചത്. 

uthara-family മകൾ ഉത്തരയ്ക്കൊപ്പം

കൃത്യം 20–ാം വർഷത്തിൽ മകൾക്കു കിട്ടിയതും ആദ്യഗാനത്തിന്. 

മറ്റെന്തിലേക്കു ഗതിമാറിപ്പോകുമ്പോഴും അവിടമെല്ലാം തടസ്സങ്ങൾ നിറച്ചു പാട്ടിലേക്കു തന്നെ തട്ടിക്കൊണ്ടു പോകുന്ന ആ ശക്തിയുണ്ടല്ലോ, ആ പിൻബലമാണ് ഇവിടെ വരെയെത്തിച്ചതും മുന്നോട്ടു നടത്തുന്നതും.

പാട്ടനുഭവം

പാടിപ്പാടി നേരം പോയാലും തൃപ്തി തോന്നും വരെ പാടാൻ തോന്നും. സ്റ്റുഡിയോയിൽ നിന്നു കാറിൽ പാതിവഴിയെത്തി മതിവരാതെ തിരികെ ചെന്നു വീണ്ടും പാടിയ എത്രയോ പാട്ടുകളുണ്ട്. പാട്ടു തരുന്ന സന്തോഷം വാക്കുകൊണ്ടു വരച്ചിടാനാവില്ല. 

ഉയിരും നീയേ... എന്ന പാട്ട് പാടിയപ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വികാരം മനസിൽ തിരയടിച്ചിരുന്നു. ഇന്നിപ്പോൾ ഒട്ടേറെ പാട്ടുകാർ. പുതിയ പലതരം ശബ്ദങ്ങൾ. സിനിമകൾ കുറഞ്ഞെങ്കിലും കച്ചേരികളൊരുപാടുണ്ട്. മാസത്തിലൊരിക്കൽ വിദേശ യാത്രയുണ്ട്. മകളും ഞാനും ചേർന്നു ‘യാമൻ’ എന്ന പുതിയ ചിത്രത്തിൽ പാടി. അതാണിപ്പോൾ പുതിയ വിശേഷം. അതൊരു പുതിയ അനുഭവം. 

uthara-little ഉത്തര ഉണ്ണികൃഷ്ണൻ

സൗഹൃദം

പഠനകാലം മുതലുള്ള സുഹൃത്തുക്കളിൽ ഒരാൾപോലും ചോർന്നു പോയിട്ടില്ല. പാട്ടുവഴി കിട്ടിയ രണ്ടു സുഹൃത്തുക്കൾ എനിക്കു വിലപ്പെട്ടവരാണ്. പെരുമ്പാവൂരുകാരൻ രാജേഷ് മേനോനും ചെന്നൈയിലെ സുരേഷും. അതിനപ്പുറം ഏറ്റവും വലിയ സമ്മാനവും സന്തോഷവും സൗഹൃദവുമെല്ലാം എന്റെ കുടുംബമാണ്. 

പ്രോൽസാഹനം

സിനിമയിൽ എ.ആർ.റഹ്‌മാന്റെ പ്രോൽസാഹനം വിലമതിക്കാനോ പറഞ്ഞറിയിക്കാനോ പറ്റാത്തതാണ്. എപ്പോൾ വിളിച്ചാലും മെസേജ് അയച്ചാലും ഇന്നും തൊട്ടരികിലുണ്ടദ്ദേഹം. സംവിധായകൻ രാജീവ് മേനോൻ എന്റെ ഒരാൽബം റഹ്‌മാനു കൈമാറിയിടത്താണ് എന്റെ ജീവിതം  വഴിതിരിഞ്ഞു വളർന്നത്. റഹ്‌മാനെ ആദ്യമായി കാണുന്നതും രാജീവിന്റെ വീട്ടിൽ വച്ചാണ്. രാജീവ് മേനോൻ എന്റെ ജീവിതത്തിൽ വലിയ തരംഗങ്ങളുണ്ടാക്കിയ സുഹൃത്താണ്.

യേശുദാസ് 

ദാസേട്ടന്റെ പാട്ടുകൾക്കു കാതോർത്തും പാടാൻ ശ്രമിച്ചുമാണു ഞാൻ പാട്ടുകാരനാവുന്നത്. അദ്ദേഹം എന്റെ മാനസികഗുരുവാണ്.  ആത്മാവിൽ കൊളുത്തി വലിക്കുന്ന കാന്തിക ശക്തിയുള്ള ദാസേട്ടന്റെ ശബ്ദത്തെ പ്രാർഥനയോടെയാണു കേൾക്കാറ്. മനസിൽ പാട്ടിന്റെ ‘ സ്പാർക്ക്’ ഉണ്ടാക്കിയതും ദാസേട്ടനാണ്. ആദ്യമായി ഞാനദ്ദേഹത്തെ കാണാൻ ചെല്ലുന്നതു രാജീവ് മേനോന്റെ അമ്മ കല്യാണി മേനോന്റെ കൂടെയാണ്, അദ്ദേഹത്തിന്റെ വീട്ടിൽ. ഞങ്ങളെത്തിയപ്പോൾ അദ്ദേഹം അവിടില്ല. ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ.... എന്ന ഗാനം വീട് നിറഞ്ഞു പാടുന്നു.  

തുളസീതീർഥം എന്ന ആൽബത്തിലെ പാട്ടാണത്. ഈ പാട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ദാസേട്ടന്റെ പൊടുന്നനെയുള്ള വരവ്. അപ്രതീക്ഷിതമായി കടന്നുവന്ന ദാസേട്ടനെ കണ്ടപ്പോൾ മനസിൽ ഇരച്ചുകയറിയ മാജിക്കൽ അനുഭവമുണ്ടല്ലോ... അതു വിവരിക്കാൻ വാക്കുകൾക്കാവില്ല. 

നൂറിലേറെ കാറുകൾ 

കുട്ടിക്കാലം മുതൽ അമ്മ വാങ്ങിക്കൊടുത്ത കളിപ്പാട്ടങ്ങളെല്ലാം കാറുകളായിരുന്നു. പലനിറത്തിലും വലിപ്പത്തിലുമുള്ള നൂറിലേറെ കാറുകൾ. അമ്മ വാങ്ങിനൽകിയ ആദ്യകാർ മുതൽ ഒന്നു പോലും കളയാതെ, കേടുവരാതെ കാത്തുസൂക്ഷിച്ചിട്ടുണ്ട്. മകനെ ഓട്ടമൊബീൽ എൻജിനിയറിങ്ങിനയച്ചതും ഇതേകാരണം കൊണ്ടാണ്. അവനുമുണ്ട് കാർകമ്പം.  

ചെന്നൈയിൽ പുതിയൊരു കാർ അവതരിപ്പിച്ചാൽ ടെസ്റ്റ് ഡ്രൈവിന് വിളിക്കുമെന്നുറപ്പ്. അങ്ങനെ ടെസ്റ്റ് ഡ്രൈവ് നടത്തിയ എത്രയെത്ര കാറുകൾ.  ഫിയറ്റ് 1100 ആയിരുന്നു വീട്ടിലെ ആദ്യകാർ. 

സ്വന്തം കാശുകൊണ്ട് ഒരു സെൻ വാങ്ങി. പിന്നെ ലാൻസർ,കൊറോള, ഹോണ്ട അക്കോർഡ്, ബിഎംഡബ്ല്യു സീരീസുകൾ. 18–ാം പിറന്നാൾ ദിനത്തിൽ ലൈസൻസ് എടുത്തതാണ്. അച്ഛനും വാസവൻ മാമനുമാണു കാർ ഡ്രൈവിങ് പഠിപ്പിച്ചത്. പാലക്കാട്ടു വച്ചായിരുന്നു ഡ്രൈവിങ് പഠനം. 

(ഉണ്ണിക്കൃഷ്ണനു പ്രായം അമ്പതായി. 1966 ജൂലൈ ഒൻപതിനു ചെന്നൈയിലായിരുന്നു ജനനം.  ഉതൃട്ടാതിയാണു നക്ഷത്രം. 

കല കൊണ്ടു വളരുന്ന മാളവിക യോഗമുള്ള ജാതകം അച്ഛനാണ് ഇപ്പോഴും സൂക്ഷിക്കുന്നത്. കാലത്ത് ആറിനെഴുന്നേറ്റയുടൻ പപ്പായയും ആപ്പിളും അടങ്ങിയ പഴങ്ങൾ. എന്നിട്ടേയുള്ളൂ ചായ. കാപ്പി കുടിക്കില്ല. കാലത്തു സാധകമുണ്ട്. പ്രത്യേകിച്ച് ആഹാരശീലങ്ങളില്ല. 

കഴിവതും മുട്ട ഒന്നെങ്കിലും ദിവസവും കഴിക്കും. നാളികേരവും പുഴുങ്ങിയ പഴവും ചേർത്തു കുഴച്ചു നിറച്ച ഇലയടയോടുള്ള ഇഷ്ടം പാട്ടിനോളം പേരുകേട്ടതാണ്. കാറുകളും ക്രിക്കറ്റും കച്ചേരികളും നിറഞ്ഞതെങ്കിലും ഉണ്ണിക്കൃഷ്ണന്റെ ജീവിതം ശാന്തമായൊഴുകുന്ന പുഴ പോലെയാണ്. കുത്തൊഴുക്കില്ല, തിരയിളക്കങ്ങൾ തീരെയില്ല.)