Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ട് പാടുന്ന തൈക്കുടം പാലം

Thaikkudum Bridge

നിറഞ്ഞ സദസുകളിൽ പാടി തകർക്കുകയാണ് അവർ... അതിർത്തികൾ കടന്ന് പാക്കിസ്ഥാനിലും മൈലുകൾ കടന്ന് അങ്ങ് ബ്രസീലിലും വരെ എത്തി നിൽക്കുന്നു ഇവരുടെ പാട്ടുകൾ. ഇതാണ് തൈക്കുടം ബ്രിഡ്ജ്, കൊച്ചിയിലെ ഒരു കൊച്ചു പാലത്തിന്റെ ചുവട്ടിൽ നിന്ന് ലോക സംഗീത ഭൂപടത്തിൽ ഇടം പിടിച്ച ബാൻഡ്. ഗാനങ്ങളിലെ സ്ഫോടനാത്മകമായ അതിനവീനത്വം കൊണ്ടും പാടി പതിഞ്ഞ പഴമ മണക്കുന്ന ഗാനങ്ങൾക്ക് ആത്മാവ് നഷ്ടപ്പെടുത്താതെ പുത്തൻ ഈണങ്ങൾ നൽകിയും കാണികൾക്ക് സംഗീതം എന്ന ലഹരി പകരുന്ന മാന്ത്രിക മാസ്മരികത സമ്മാനിക്കാൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് തൈക്കുടം ബ്രിഡജ് എന്ന സംഗീത ബാൻഡിനു കഴിഞ്ഞിട്ടുണ്ട്. തൈക്കുടം ബ്രിഡ്ജിനെപ്പറ്റി ബാൻഡ് ഒന്നിച്ചുകൂട്ടിയ ഗോവിന്ദ് മേനോൻ സംസാരിക്കുന്നു.

അപ്രതീക്ഷിതമായ തുടക്കം

ബാൻഡ് തുടങ്ങണമെന്നോ, സംഗീതവുമായി ലോകം ചുറ്റണമെന്നോ ഒന്നും കരുതിയിരുന്നില്ല. ഏകദേശം എട്ട് വർഷമായി സിനിമാസംഗീതത്തിൽ ഞാൻ സജീവമായിരുന്നു അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു സംരംഭത്തെപ്പറ്റി ചിന്തിച്ചിട്ടില്ലായിരുന്നു. ഒരു നാഷണൽ ചാനലിലെ റിയാലിറ്റി ഷോ ഫൈനലിസ്റ്റായ കസിൻ സിദ്ധാർഥ് മേനോനുമായി ചേർന്ന് റഹ്മാൻ മെഡ്ലി എന്ന പേരിൽ ഒരു കവർ സോങ് ചെയ്തിരുന്നു. പ്രത്യേകിച്ച് ഉദ്യേശങ്ങളൊന്നുമില്ലാതെ വെറുതെ ചെയ്തതാണത്.

എന്നാൽ ആ സമയത്ത് തന്നെയാണ് പുതിയ ഒരു ചാനലിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിന് സംഗീതജ്ഞൻമാരെ വേണം എന്ന പരസ്യം കണ്ടത്, സുഹൃത്തുകളുടേയും ഭാര്യയുടേയും നിർബന്ധത്തിന് വഴങ്ങിയാണ് ചാനലിന് വിഡിയോ അയച്ച് കൊടുത്തത്. അവർക്ക് അത് ഇഷ്ടപ്പെടുകയും 12 പാട്ടുകൾ വേണം എന്ന് പറയുകയും ചെയ്തു. ഞങ്ങൾ 2 പേരും ചേർന്ന് 12 പാട്ടുകൾ ചെയ്താൽ അത് അത്ര നന്നാകില്ല എന്നു തോന്നി അങ്ങനെയാണ് ചെന്നൈയിലും ബോംബയിലുമെല്ലാമുള്ള സുഹൃത്തുക്കളെ പാട്ടുകൾ ചെയ്യാൻ ക്ഷണിക്കുന്നത്. തൈക്കുടം പാലത്തിനടുത്തുള്ള ഒരു സ്ഥലത്ത് വെച്ചായിരുന്നു ആദ്യം പ്രാക്ടീസ് ചെയ്തത് അതുകൊണ്ട് വെറുതെ തമാശയ്ക്കിട്ട പേരാണ് തൈക്കുടം ബ്രിഡ്ജ്.

അന്നും ഈ കൂട്ടായ്മയെ ഒരു ബാൻഡായി വളർത്തണം എന്നൊരു ചിന്തയുമില്ലായിരുന്നു. ചാനലിലെ പ്രോഗ്രാം കഴിഞ്ഞു ഞങ്ങൾ ഓരോരുത്തരും അവരവരുടെ വഴികളിലേയ്ക്ക് മടങ്ങി. എന്നാൽ പിന്നീട് യൂട്യൂബിൽ ഗാനം അപ്ലോഡ് ചെയ്യുന്നതോടെയാണ് തൈക്കുടം ബ്രിഡ്ജ് പ്രശസ്തമാകുന്നത്. ഗാനങ്ങളെല്ലാം തന്നെ ഹിറ്റുകളായി മാറി. അതിനു ശേഷമാണ് എന്തുകൊണ്ട് ഒരു ബാൻഡാക്കി മാറ്റിക്കൂടാ എന്നുതന്നെ ചിന്തിക്കുന്നത്.

ബാൻഡിലെ എല്ലാവരും സുഹൃത്തുക്കൾ

പതിനാല് ഓൺ സ്റ്റേജ് സംഗീതജ്ഞരും മൂന്ന് ടെക്നീഷ്യൻസും മാനേജറും അടക്കം പതിനെട്ടുപേരാണ് ബാൻഡിലുള്ളത്. ബാൻഡായി തുടങ്ങിയതല്ലല്ലോ അതുകൊണ്ട് തന്നെയാണ് ഇത്ര അധികം അംഗങ്ങൾ തൈക്കുടം ബ്രിഡ്ജിൽ വന്നത്. എല്ലാവരും ആദ്യം മുതലേ പരിചയക്കാരായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇൻവോൾഡായി ഗാനങ്ങൾ ചെയ്യാൻ സാധിക്കുന്നത്. നാടൻ പാട്ട്, ഖവ്വാലി, ഹിന്ദുസ്ഥാനി, ഇംഗ്ലീഷ് തുടങ്ങീ വ്യത്യസ്ത ശൈലിയിലുള്ള ഗാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ഗായകർ ബാൻഡിലുണ്ട്.

ഗാനങ്ങളുടെ ഭാവങ്ങൾക്കാണ്് കൂടുതൽ മുൻഗണന

ഗാനത്തിന്റെ ഒർജിനൽ മൂഡിനെ അധികം മാറ്റാതെ ഗാനത്തിന്റെ ഭാവങ്ങളെ കേന്ദ്രീകരിച്ച് അതിന് കുറച്ചുകൂടി പ്രാധാന്യം നൽകി പാട്ടുകളുണ്ടാക്കുക എന്ന തത്വമാണ് സ്വീകരിച്ചത്. ഞങ്ങൾ പുറത്തിറക്കിയ എല്ലാ പാട്ടുകളും അങ്ങനെ തന്നെയാക്കാൻ പരമാവധി ശ്രമിച്ചിട്ടുമുണ്ട്. കേൾക്കുന്നവർക്ക് ഉള്ളിൽ തട്ടുന്ന പാട്ടുകളായിരിക്കണം ഭാഷയുടെ അതിർവരമ്പുകൾ അവിടെ പ്രശ്നമായി വരാൻ പാടില്ല. ആ ആശയം ഒരു പരിധി വരെ വിജയിച്ചു എന്ന് മനസിലാകുന്നത് മലയാളികളല്ലാത്ത ആളുകളുടെ പ്രതികരണങ്ങൾ ലഭിക്കുമ്പോഴാണ്. പാട്ടുകളുടെ അർഥം മനസിലാകുന്നില്ലെങ്കിലും അതിന്റെ ഭാവം അവരിലേയ്ക്ക് പൂർണ്ണമായും എത്തിയിട്ടുണ്ടെന്ന് തോന്നുന്നു.

ഗാനങ്ങളെല്ലാം ഓരോ പ്രമേയങ്ങളെ ആസ്പദമാക്കിയുള്ളതാണ്

ഞങ്ങൾ പുറത്തിറക്കുന്ന ഒർജിനൽ പാട്ടുകളെല്ലാം ഓരോ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മൂന്ന് ഒർജിനൽ പാട്ടുകളാണ് ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്. ഫിഷ് റോക്ക്, ശിവ, ചത്തേ. ഡൽഹിയിലെ പീഢനത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചുമെല്ലാം ചൂടുപിടിച്ച ചർച്ചകൾ നടക്കുന്ന സമയത്താണ് ശിവ എന്ന ഗാനം എഴുതുന്നത്. ലോകത്തിന്റെ ഇന്നത്തെ ജീർണ്ണതയിൽ കലി തുള്ളി സംഹാര താണ്ഡവം ആടാൻ തയ്യാറായി നിൽക്കുന്ന ശിവനെ ശമിപ്പിക്കാൻ നടത്തുന്ന അർച്ചനയുടെ രൂപത്തിലുള്ള ഗാനമാണ് ശിവ. നോർത്തിന്ത്യൻ ഖവ്വാലി, സൂഫി ശൈലിയിലുള്ള ഗാനമാണ് ശിവ.

അതുപോലെ തന്നെ ചത്തേ എന്ന ഗാനം ഒരാളുടെ ജീവിതാനുഭവങ്ങളും ദുഖങ്ങളും അയാൾ ആത്മഹത്യ ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാമാണ് പറയുന്നത്്. ഇനി പുറത്തിറങ്ങാൻ പോകുന്നത് കോമഡി എന്ന ഇംഗ്ലീഷ് ഗാനമാണ്. അത് ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ഗാനമാണ്. ഇനി അങ്ങോട്ട് പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ഒരോ പാട്ടും ഓരോ വിഷയകേന്ദ്രീകൃതമായി ഒരുക്കാനാണ് ശ്രമിക്കുന്നത്. ഒന്നുകിൽ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമായിരിക്കും ഗാനം കൈകാര്യം ചെയ്യുന്നത് അല്ലെങ്കിൽ എല്ലാവരും മറന്ന് പോയ എന്തിനെയെങ്കിലും ഓർമ്മയിൽ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമായിരിക്കും.

നാടൻ പാട്ടുകളുടെ ശബ്ദം

പീതാബര മേനോൻ ബാൻഡിലെ ഏറ്റവും മുതിർന്ന അംഗമാണ്. അച്ഛന്റെ പാട്ടുകൾ ചെറുപ്പം തൊട്ടേ കേൾക്കുന്നതാണ്, 12 പാട്ടുകളിലൊന്നായ തെക്കിൻ കൂർ അടിയാത്തി എന്ന നാടൻ പാട്ടിനെക്കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ തോന്നിയിരുന്നു അച്ഛന്റെ ശബ്ദത്തെക്കാൾ മികച്ച ശബ്ദം കിട്ടില്ലെന്ന്. പതിനെട്ട് യുവാക്കളുള്ള ബാൻഡിലെ ഏറ്റവും ഊർജസ്വലനായ യുവാവ് തന്നെയാണ് പീതാബര മേനോൻ. ജോൺസൺ മാഷ്, ഔസേപ്പച്ചൻ തുടങ്ങിയവരുടെ കൂടെ വോയ്സ് ഓഫ് തൃശ്ശൂർ എന്ന ഗ്രൂപ്പിൽ പാടിതെളിഞ്ഞ മികച്ച ഗായകനാണ് അദ്ദേഹം. ഞങ്ങളുടെ ഏറ്റവും പുതിയ ഗാനം ചത്തേ പാടിയിരിക്കുന്നതും അതിന്റെ വിഡിയോയിൽ അഭിനയിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്.

മലയാളം പാട്ടുകൾ ഒരിക്കലും കൈവിടില്ല

ബാൻഡിനെ ഒരു അന്താരാഷ്ട്രബാൻഡായി വളർത്തുന്നതിന് മലയാളം പാട്ടുകളോട് വിട പറയണം എന്ന് തോന്നുന്നില്ല. അവിയൽ എന്ന ബാൻഡ് മലയാളം പാട്ടുകൾ പാടി അന്താരാഷ്ട്ര പ്രശസ്തി നേടിയ ബാൻഡാണ്. നമ്മുടെ പാട്ടുകളും ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ കഴിവുള്ളവ തന്നെയാണ്. ഇനി അങ്ങോട്ട് മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും, ഇംഗ്ലീഷിലും പാട്ടുകൾ പുറത്തിറക്കുന്നുണ്ട്.

ബാൻഡ് അംഗങ്ങൾ

ഗോവിന്ദ് മേനോൻ, അശോക് നെൽസൺ, അനീഷ് കൃഷ്ണൻ, ബോംബെയിൽ നിന്നുള്ള ഹിന്ദുസ്ഥാനി സൂഫി സംഗീതജ്ഞർ കൃഷ്ണ ബൊൻഗെയ്ൻ, നിള മാധവ് മഹാപത്ര, ലഖ്നൗ സ്വദേശി പിയൂഷ് കപൂർ, സിദ്ധാർത്ഥ് മേനോൻ, വിയാൻ ഫെർണാണ്ടസ്, കീ ബോർഡിസ്റ്റ് റിതിൻ തേജ്, ഗിറ്റാറിസ്റ്റ് മിഥുൻ, ഡ്രമ്മർ അനീഷ് ടിഎൻ, പാട്ടുകാരായ വിപിൻ ലാൽ, ക്രിസ്റ്റിൻ ജോസ്, പീതാംബര മേനോൻ, ടെക്നീഷ്യൻമാരായ രാജൻ, ഹേമന്ത്, അമിത് ബാൽ എന്നിവരാണ് തൈക്കുടം ബ്രിഡ്ജിന്റെ ശിൽപികൾ.

മലയാളികൾ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത ഗാനങ്ങൾ മറ്റൊരു ശബ്ദത്തിലും താളത്തിലും അവയുടെ തനിമ നഷ്ടപ്പെടാതെ തൈക്കുടം ബ്രിഡ്ജ് പാടിയപ്പോൾ നാം അത് ഏറ്റുപാടി. പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ അവ പുനഃസൃഷ്ടിക്കുന്നതുവഴിയും ഫിഷ് റോക്കും, ശിവ, ചത്തേ തടുങ്ങിയ തനത് പാട്ടുകൾ പുറത്തിറക്കുന്നതു വഴിയും തൈക്കുടം ബ്രിഡ്ജിന്റെ പ്രശസ്തിയും ആരാധകരുടെ എണ്ണവും ദേശ ഭാഷാ അതിർത്തികൾ കടന്ന് വളർന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ‘തൈക്കുടം ബ്രിഡ്ജ്‘ നു ഇപ്പോൾ മലയാളിയുടെ നൊസ്റ്റാൾജിയ എന്നോ മലയാളത്തിന്റെ ലോകനിലവാരമുള്ള സംഗീത വിസ്മയമെന്നോ ഒക്കെ അർത്ഥമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.