Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒത്തിരി വിഷമിച്ചു: വിവാഹം വേണ്ടെന്നു വച്ചതിനു വേറെയും കാരണങ്ങളെന്ന് വിജയലക്ഷ്മി

Vaikom Vijayalakshmi

അച്ഛൻ തീർത്ത ഗായത്രിവീണയിൽ വിരൽചേർത്ത് പാടിയതുകൊണ്ടു കൂടിയാണ് വൈക്കം വിജയലക്ഷ്മിയെന്ന ഗായിക നമുക്കൊരുപാടു പ്രിയങ്കരിയായത്. അവർ പാടുന്ന പാട്ടുകളും ചെന്നെത്തുന്ന വേദികളും നമുക്കൊരുപാടു കൗതുകമായത്. കണ്ണിലെ ഇരുട്ടിനെ പാട്ടു പാടി പാറികളഞ്ഞെത്തിയ പാട്ടുകാരിയുടെ സ്വരവും വ്യക്തിത്വവും ഒരുപോലെ ശക്തമായിരുന്നു. ആ ഗായത്രി വീണയ്ക്കൊപ്പം ലോക റെക്കോർ‍ഡ് എന്ന സ്വപ്നത്തിനൊപ്പമെത്താൻ ശ്രമിക്കുകയാണ് വിജയലക്ഷ്മി ഇപ്പോൾ. ഈ വരുന്ന ഞായറാഴ്ചയാണ് ആ കച്ചേരി. അതിനിടയിൽ നിന്നാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു തീരുമാനമെടുക്കേണ്ടി വന്നത്. ആ തീരുമാനത്തെ ജനങ്ങളൊന്നാകെ അഭിനന്ദിക്കുകയും ചെയ്യുന്നു. വിജയലക്ഷ്മി സംസാരിക്കുകയാണ്, വിവാഹത്തിൽ നിന്നുള്ള പിൻമാറ്റത്തെപ്പറ്റി...

കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ആരോടും അധികം ചർച്ച ചെയ്തതുമില്ല. ഇതാണെന്റെ തീരുമാനം എന്നു വീട്ടിൽ പറഞ്ഞപ്പോൾ അവർക്കും എതിർക്കാനാകുമായിരുന്നില്ല. കാരണം പാട്ടില്ലെങ്കിൽ ഞാനില്ലെന്ന് എന്റെ അച്ഛനും അമ്മയ്ക്കും വ്യക്തമായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞപ്പോഴേ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ചു തുടങ്ങിയതായിരുന്നു. ആദ്യമൊക്കെ ഒന്നും കണ്ടില്ല കേട്ടില്ല എന്നുവച്ചു. പക്ഷേ ഇനി പാടാൻ പരിപാടികൾക്കൊന്നും പോകണ്ട, ഏതെങ്കിലും സ്കൂളിൽ അധ്യാപികയായാൽ മതിയെന്നു പറഞ്ഞപ്പോൾ സഹിക്കാനായില്ല. പാട്ടാണ് എന്റെ ജീവിതം. വേദികളാണ് ഊർജ്ജം. നമുക്ക് ഒരുപാടു സംഗീതപാഠങ്ങൾ തരുന്ന വേദികൾ. അവിടേയ്ക്കൊന്നും പോകാനായില്ലെങ്കിൽ പിന്നെന്താണ്. കല്യാണം ഉറപ്പിച്ചപ്പോഴും അച്ഛനും അമ്മയ്ക്കും ഒരു ആവശ്യമേയുണ്ടായിരുന്നുള്ളൂ....എന്റെ സംഗീത ജീവിതത്തിന് എല്ലാ പ്രോത്സാഹനവും നൽകണമെന്ന്. അതു സാധിക്കില്ല എന്നു വ്യക്തമാക്കിയാൽ പിന്നെ ഞാനെന്താണു ചെയ്യേണ്ടത്....

vijaya-lakshmi11 വിജയലക്ഷ്മി അമ്മയ്ക്കൊപ്പം

പിന്നെ ക്രൂരമായി സംസാരവും. നീ അധികം ആത്മവിശ്വാസം കാണിക്കണ്ട, മരുന്നു കഴിച്ച് കാഴ്ച തിരികെ കിട്ടാനൊന്നും പോകുന്നില്ല. കയ്യോ കാലോ ഇല്ലെങ്കിലും സാരമില്ല, കാഴ്ചയില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. എന്നൊക്കെ പറഞ്ഞു. കല്യാണം കഴിഞ്ഞാലും ഞങ്ങളുടെ വീട്ടിൽ താമസിക്കാം എന്നായിരുന്നു പറഞ്ഞത്. പിന്നെയതു പറ്റില്ലെന്നായി. കൂടുതൽ സംസാരിച്ചാൽ അച്ഛനെയും അമ്മയെയും പുറത്താക്കും എന്നുവരെ പറഞ്ഞു.  വിവാഹം കഴിഞ്ഞാലും ശരിയാകില്ല എന്നെനിക്കു തോന്നി. അങ്ങനെയാണ് വിവാഹം ഉപേക്ഷിച്ചേക്കാം എന്ന ചിന്ത വന്നത്. എന്റെ വീട്ടിലേക്ക് അദ്ദേഹത്തിന്റെ ബന്ധുക്കളെത്തിയിരുന്നു. ഇക്കാരണം കൊണ്ടാണ് വിവാഹത്തിൽ നിന്നു പിൻമാറുന്നതെന്നു വ്യക്തമാക്കിയപ്പോൾ അവർക്കും മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. ആ തീരുമാനം ശരിയായിരുന്നുവെന്ന് എനിക്ക് സംഗീതരംഗത്തും ജീവിതത്തിലും ഏറെ അടുപ്പമുള്ളവരെല്ലാം പറ‍ഞ്ഞു. അവരുടെ വലിയ പിന്തുണ തന്നെയാണ് ഏറ്റവും വലിയ ശക്തി. മനസ്സിന് ഒരു സുഖവുമില്ലായിരുന്നു. ഇപ്പോഴെല്ലാം ശാന്തമായി. ഞായറാഴ്ച നടക്കാനിരിക്കുന്ന പരിപാടി മാത്രമാണു മനസ്സിൽ. അതിൽ മാത്രമാണു ശ്രദ്ധ. 

തുറന്നു പാടുന്ന സ്വരം പോലെയാണ് വിജയലക്ഷ്മിയുടെ പ്രകൃതവും. ഇന്നോളം പ്രസിദ്ധീകരിച്ചു വന്ന അഭിമുഖങ്ങളിലും അതു വ്യക്തമായിരുന്നു. വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തെ സ്നേഹത്തോടെയാണ് മലയാളി അതുകൊണ്ടു തന്നെ പിന്തുടർന്നിരുന്നത്.  ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനമെടുത്തതിനെക്കുറിച്ചു സംസാരിക്കുമ്പോഴും ആ സ്വരത്തിന് അതേ ദൃഢതയാർന്ന ഭാവമായിരുന്നു. ഇപ്പോൾ സംഗീതത്തെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. 

തൃശൂർ സ്വദേശിയുമായി മാർച്ച് 29 നായിരുന്നു വിജയലക്ഷ്മിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നു പിൻമാറുന്ന നാണക്കേടോർത്ത് ജീവിതത്തിലെ സ്വപ്നങ്ങളെ ഓരം ചേർത്തു വച്ച് വിഷമത്തോടെ വിവാഹ ജീവിതത്തിലേക്കു നടക്കുന്ന ഓരോ പെൺകുട്ടിക്കുമുള്ള ശക്തമായ സന്ദേശവും പ്രചോദനവുമാണ്, പ്രിയപ്പെട്ട വിജയലക്ഷ്മീ, നിങ്ങൾ പകർന്നത്...

വിജയലക്ഷ്മിയ്ക്ക് ആശംസകൾ. ഞായറാഴ്ച നടക്കുന്ന കച്ചേരിക്കും ഇനിയുമേറെ ദൂരം താണ്ടേണ്ട സംഗീത ജീവിതത്തിനും.

Your Rating: