Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസ് എന്നോടൊന്നും ചെയ്തിട്ടില്ല

jerry-master

‘പൂക്കൾ... പനിനീർ പൂക്കൾ...’ ഈ ഗാനം മൂളി നടക്കുന്നവരെല്ലാം പാട്ടൊരുക്കിയ ജെറി അമൽദേവിനോടു ചോദിക്കാൻ ആഗ്രഹിക്കുന്നത് ഒരേ ചോദ്യംഎന്തുകൊണ്ട് ഇത്രനാൾ മാറിനിന്നു? 75 സിനിമകളിലായി എത്രയോ ഹിറ്റ് ഗാനങ്ങളൊരുക്കിയൊരു സംഗീത സംവിധായകൻ നീണ്ട 20 വർഷമാണു മലയാള സിനിമയുടെ പടിക്കു പുറത്തു നിന്നത്. വൈദിക പഠനം അവസാനഘട്ടത്തിൽ ഉപേക്ഷിച്ചു സംഗീതത്തിനായി സമർപ്പിച്ച ജീവിതത്തിൽ വിട്ടുവീഴ്ചയില്ലാത്തതും പാട്ടിന്റെ കാര്യത്തിലാണ്. ഭാര്യയുടെ മരണശേഷം കൊച്ചി അയ്യപ്പൻകാവിലെ വീട്ടിൽ ഏകാന്ത വാസത്തിൽ അദ്ദേഹത്തിനു കൂട്ടുള്ളതും പാട്ടു മാത്രം. അതിനു വിഘ്നം വരുത്തുന്നതിന് ഒരു ടിവി പോലുമില്ല വീട്ടിൽ. സംഗീതമയമായ ജീവത്തിൽ മാറി നിന്നതു സിനിമാ പാട്ടു മാത്രം.

എന്തുകൊണ്ട് സിനിമയിൽ രണ്ടു പതിറ്റാണ്ടിന്റെ ഇടവേള?

ഞാൻ വിട്ടുനിന്നതല്ല. ആരും വിളിച്ചില്ല എന്നതാണു സത്യം. അതെന്തുകൊണ്ടാണെന്ന് ആരും അന്വേഷിച്ചില്ല. എനിക്കുമറിയില്ല. സിനിമയിലെ ചില പ്രവണതകളോട് എനിക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. പാട്ട് ഒരുക്കുന്നതും കംപോസ് ചെയ്യുന്നതുമൊന്നും സീരിയസായി കാണുന്നില്ല എന്നതു തന്നെ പ്രശ്നം. റെക്കോർഡിങ്ങിനു സമയത്തുവരില്ല. വെറുതെ സംസാരിച്ചിരുന്നു സമയം കളയുക. അങ്ങനെ നിസാരമായി ചെയ്യേണ്ടതല്ലത്. മൊത്തത്തിൽ അതൊരു ട്രെൻഡായി മാറുമ്പോൾ അതിനോടു യോജിക്കാനാവില്ല.

യേശുദാസുമായുളള പ്രശ്നം മൂലമാണു താങ്കൾക്കു സിനിമയിൽ അവസരം കിട്ടാത്തതെന്നുള്ള പ്രചാരണമുണ്ടായിരുന്നു?

ഒരിക്കലും ശരിയല്ല അത്. അങ്ങനെ കഴിയുമോ. ഓരോ സിനിമാക്കാരോടും യേശുദാസ് എന്നെക്കൊണ്ടു സംഗീതം ചെയ്യിക്കരുത് എന്നു പറഞ്ഞുനടക്കുമെന്നാണോ കരുതുന്നത്. ഞാൻ പാട്ടൊരുക്കിയാൽ അദ്ദേഹത്തിന് ഇഷ്ടമാവുമോ എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാവാം. യേശുദാസും ഞാനും തമ്മിലുണ്ടായതു തെറ്റിദ്ധാരണയുടെ പുറത്തുള്ള ചെറിയ പ്രശ്നം മാത്രമാണ്. മാമാട്ടിക്കുട്ടിയമ്മ സിനിമ ഇറങ്ങുന്ന കാലത്ത് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന എന്റെ ഒരു അഭിമുഖമാണു പ്രശ്നമായത്. യേശുദാസിനു സ്ത്രീകളുടെ സ്വരമാണ് എന്നു ഞാൻ പറഞ്ഞതായി തെറ്റായി വന്നു. ആരോ അതു യേശുദാസിനോടു പറഞ്ഞു. അക്കാര്യത്തിൽ താൽക്കാലികമായി ഉണ്ടായ തെറ്റിദ്ധാരണ ഞങ്ങൾ ഉടൻ പറഞ്ഞു തീർക്കുകയും ചെയ്തു. ദാസിന്റെ സ്വരം സ്ത്രീകളുടെ സ്വരമാണ് എന്നു പറയാൻ എനിക്കു ഭ്രാന്തില്ലല്ലോ? ഞാൻ പറയാത്ത കാര്യമാണത്. അതിനു ശേഷവും ഞാനൊരുക്കിയ ഒട്ടേറെ പാട്ടുകൾ പാടിയതു യേശുദാസാണ്. 1995–ൽ അവസാനമായി ചെയ്ത നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്തിലും ദാസ് തന്നെയാണു പൊന്നമ്പിള്ളി പൊട്ടും തൊട്ട് എന്ന ഹിറ്റ് ഗാനം പാടിയിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്കു ശേഷം യുവനായകർക്കു വേണ്ടി ആക്‌ഷൻ ഹീറോ ബിജുവിൽ ചെയ്ത ഗാനം പാടാനും തിരഞ്ഞെടുത്തതു യേശുദാസിനേയും വാണി ജയറാമിനേയും?

അവരുടെ പ്രായം നോക്കേണ്ട കാര്യമല്ലല്ലോ? 1963 മുതൽ എല്ലാ നായകർക്കു വേണ്ടിയും യേശുദാസ് പാടുന്നു. ഇന്നും നമ്പർ വൺ ഗായകൻ ദാസ് തന്നെ. ആ സ്വരമാണു പ്രധാനം. ഏറ്റവും അനുയോജ്യമായവരെ കൊണ്ടു തന്നെയാണു പാടിച്ചത്. അത് ആ പാട്ടു കേൾക്കുമ്പോൾ മനസിലാവും.

സാങ്കേതിക വിദ്യ ഏറെ മാറിക്കഴിഞ്ഞൊരു കാലഘട്ടത്തിലെ റെക്കോർഡിങ് അനുഭവം?

ഏതു സാങ്കേതിക വിദ്യയും ചെലവു കുറയ്ക്കാനല്ല, പാട്ടിന്റെ ഗുണത്തിനായിരിക്കണം. പാട്ടിന്റെ ട്രാക്ക് റെക്കോർഡ് ഗായകർക്കു നൽകി അവരെ പാട്ടു പഠിപ്പിക്കുന്ന രീതി എനിക്കില്ല. സംഗീത സംവിധായകനിൽ നിന്നു നേരിട്ടു കേട്ടു തന്നെയാണു ഗായകർ പാട്ടു പഠിക്കേണ്ടത് .

ഡ്യൂയറ്റ് ആണെങ്കിൽ ഗായകനും ഗായികയും ഒരുമിച്ചു തന്നെ റെക്കോർഡിങ്ങിനു പാടിയാലേ അതിന്റെ ഫീൽ പൂർണമായും കിട്ടുകയുള്ളൂ. യേശുദാസും വാണി ജയറാമും ഉൾപ്പെടെയുള്ളവർ ഈ സിനിമയിലും അങ്ങനെ തന്നെയാണു പാട്ടു പഠിച്ചതും പാടിയതും. ചെലവു കുറയ്ക്കാനായി ഇലക്ട്രോണിക് ഇൻസ്ട്രമെന്റുകൊണ്ട് എല്ലാ ഇൻസ്ട്രമെന്റ്സും വായിപ്പിക്കുകയും ചെയ്തിട്ടില്ല. 90 ശതമാനം സ്വാഭാവിക സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചു തന്നെയാണു പശ്ചാത്തല സംഗീതം ഒരുക്കിയത്. മാഗ്നെറ്റിക് സാങ്കേതിക വിദ്യയിലുള്ള റെക്കോർഡിങ്ങാണു പാട്ടിനു മികച്ചത്. എന്നാൽ ഇന്ന് എല്ലായിടത്തും ഡിജിറ്റൽ സാങ്കേതിക വിദ്യ മാത്രമേയുള്ളൂ. അതിനാൽ അതിൽ റെക്കോർഡ് ചെയ്യേണ്ടി വന്നു.