Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പാട്ടുകാരി!

beyonce-lemonade

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പാട്ടുകാരിയായി ബിയോൺസെ. ഫോബ്സ് മാഗസിന്റെ സർവേയിലാണ് പ്രതിഫലത്തിൽ സംഗീത ലോകത്തെ ഒന്നാം സ്ഥാനക്കാരി ബിയോൺസെ ആണെന്നു വ്യക്തമാക്കുന്നത്. 105 മില്യൺ ഡോളറാണ് (683 കോടിയോളം രൂപ) പോയ വർഷം ബിയോണ്‍സെ നേടിയെടുത്തത്. ലെമണേഡ് എന്ന ആൽബവും ഫോർമേഷൻ എന്നു പേരിട്ട ലോക സംഗീത പര്യടനവുമാണ് ഈ അമേരിക്കൻ ഗായികയുടെ ഖജനാവ് നിറച്ചത്.

എണ്ണക്കറുപ്പിൻ അഴകും അത്രമേൽ ആഴമുള്ള സ്വരവുമുള്ള ഗായികയാണു ബിയോൺസെ. അവരുടെ സംഗീത ആൽബങ്ങള്‍ പോലെ തന്നെ പ്രശസ്തമാണ് വേദിയിലെ പ്രകടനവും. ഇരട്ടക്കുട്ടികളെ ഗർഭിണിയായിരിക്കെ ഗ്രാമി വേദിയിലെത്തിയ ബിയോൺസെ നടത്തിയ പ്രകടനം അവിസ്മരണീയമാണ്. ആ ആത്മാർഥതയും ചങ്കൂറ്റവുമാണ് ബിയോൺസെയെ ഏവർക്കും പ്രിയങ്കരിയാക്കിയത്.

ബ്രിട്ടിഷ് പാട്ടുകാരി അഡീൽ ആണു ബിയോൺസെയ്ക്കു തൊട്ടു പിറകിൽ. 69 മില്യൺ യുഎസ് ഡോളറാണ് പാട്ടു പാടി അഡീൽ നേടിയത്. 25 എന്ന സംഗീത ആൽബമാണ് അഡീലിനു തുണയായത്. ഈ ആൽബത്തിലെ ഹലോ എന്ന പാട്ട് നിരവധി റെക്കോഡുകൾ തീർക്കുക മാത്രമല്ല, അഡീലിന്റെ കൈ നിറയെ ഗ്രാമി പുരസ്കാരങ്ങളുമെത്തിച്ചു. 44 മില്യൺ യുഎസ് ഡോളറുമായി ടെയ്‍ലർ സ്വിഫ്റ്റ് ആണ് മൂന്നാമത്. റെപ്യൂട്ടേഷൻ എന്ന ആൽബമാണു സ്വിഫ്റ്റിനെ കോടീശ്വരിയാക്കിയത്. അടുത്ത വർഷം പുതിയ ആൽബവുമായി ടെയ്‍ലർ എത്തുന്നുമുണ്ട്.

ടൈറ്റാനിക് പാട്ടുകാരി സെലിൻ ഡിയോൺ, ജെന്നിഫർ ലോപസ്, ഡോളി പാർട്ടൺ, റിയാന്ന, ബ്രിട്നി സ്പിയേഴ്സ്, കാത്തി പെറി, ബാർബ്രാ സ്ട്രീസാൻഡ് എന്നിവരാണ് യഥാക്രമം ആദ്യ പത്തിൽ ഇടംനേടിയവർ. ലേഡി ഗാഗ, മഡോണ, ഏരിയാന ഗ്രാൻഡെ, സെലീന ഗോമസ് തുടങ്ങിയ അതികായർക്ക് ആദ്യ പത്തിൽ ഇടംനേടാനായില്ല.