Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്ക കീഴടക്കി സ്വിഫ്റ്റ് ഗാനം: വ്യാജൻമാരെ പായിക്കാൻ ആരാധകരുടെ സൈന്യം

taylor-swift-new-song

ഗായിക ടെയ്‍ലർ സ്വിഫ്റ്റിന്റെ പുതിയ ആൽബം റെപ്യൂട്ടേഷൻ അമേരിക്കൻ വിപണിയില്‍ കുതിക്കുകയാണ്. 2017ൽ അമേരിക്കയിൽ ഇതുവരെ ഏറ്റവുമധികം വിറ്റഴിഞ്ഞ ഗാനവും ഇതുതന്നെയാണ്. ഒറ്റയാഴ്ച കൊണ്ട് ആൽബത്തിന്റ പന്ത്രണ്ടര ലക്ഷത്തോളം കോപ്പികളാണ് അമേരിക്കയിൽ മാത്രം വിറ്റഴിഞ്ഞത്. എഡ് ഷീരൻ കഴിഞ്ഞ മാർച്ചിൽ പുറത്തിറക്കിയ ഡിവൈഡ് എന്ന ആൽബത്തെ പിന്തള്ളിയാണ് ഈ പെൺ പാട്ടിന്റെ കുതിപ്പ്. ആല്‍ബത്തിന്റെ മുന്നേറ്റം പോലെ ശ്രദ്ധ നേടുകയാണ് സ്വിഫ്റ്റിനായുള്ള ആരാധകരുടെ പോരാട്ടവും. ആൽബത്തിന്റെ വ്യാജ പതിപ്പ് പുറത്തിറക്കുന്ന വ്യാജൻമാരെ തുരത്താൻ 'ആരാധകരുടെ സൈന്യം' ശക്തമായി രംഗത്തുണ്ട്. 

പതിനഞ്ച് ഗാനങ്ങളാണ് റെപ്യൂട്ടേഷനിലുള്ളത്. ഇനിയും യുട്യൂബിലെത്തിയിട്ടില്ലാത്ത ആൽബത്തിലെ ഗാനങ്ങൾ പൈസ കൊടുത്ത് ഡൗണ്‍ലോഡ് ചെയ്യുകയോ സിഡി വാങ്ങി കാണുകയോ നിവൃത്തിയുളളൂ. ഈ സാഹചര്യത്തില്‍ ആൽബത്തിന്റെ വ്യാജ പതിപ്പ് യുട്യൂബിലിടാൻ മത്സരിക്കുകയാണ് വ്യാജൻമാരും. ഇതിനെതിരെ സ്വിഫ്റ്റിന്റെ ആരാധകരെല്ലാം ജാഗരൂകരാണ്. വിഡിയോ ഷെയറിങ് പ്ലാറ്റഫോമുകളിലോ സമൂഹ മാധ്യമങ്ങളിലോ പാട്ട് എത്തുന്നുവെങ്കിൽ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്ത് ബ്ലോക് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ആരാധകർ തന്നെ ചെയ്തോളും. അമേരിക്കൻ സംഗീത വിപണിയെ സംരക്ഷിക്കുന്നതിൽ ഈ ഫാൻ ആർമി വലിയ പങ്കാണ് വഹിക്കുന്നത്. 

നവംബർ 10നാണ് സ്വിഫ്റ്റിന്റെ ആൽബം റിലീസ് ചെയ്തത്. റിലീസിനു തലേന്നു തന്നെ ആൽബം ചില സൈറ്റുകളിലേക്ക് ചോർന്നിരുന്നു. ഇതാണ് ആരാധകരെ കൂടുതൽ ശക്തരാക്കിയതെന്നു വേണം കരുതാന്‍. സ്വിഫ്റ്റിന്റെ അഭ്യർഥനയ്ക്കൊന്നും കാത്തു നിൽക്കാതെ പാട്ടുകളുടെ വ്യാജ പതിപ്പ് ഇറക്കുന്നതിനായുള്ള പ്രചാരണത്തിനും ഈ ആരാധകക്കൂട്ടം തുടക്കമിട്ടു. ആൽബത്തിന്റെ കോപ്പികൾ കൂടുതൽ വാങ്ങുന്നവർക്ക് താൻ നടത്താനിരിക്കുന്ന ലോക പര്യടനത്തിലേക്കുള്ള ടിക്കറ്റ് വേഗം ലഭ്യമാകാനുള്ള സാധ്യതയും കൂടുതലാണെന്ന പ്രഖ്യാപനവും ടെയ്‍ലർ സ്വിഫ്റ്റ് നടത്തിയിരുന്നു. സ്വിഫ്റ്റ് ഇതിനു മുൻപ് പുറത്തിറക്കിയ ആൽബങ്ങളിൽ അവസാനത്തെ മൂന്നെണ്ണത്തിന്റെയും കോപ്പികൾ ഇതുപോലെ ഒറ്റയാഴ്ച കൊണ്ട് പത്ത് ലക്ഷത്തിലധികം വിറ്റഴിക്കപ്പെട്ടിരുന്നു. എന്തായാലും അഡീലിന്റെ റെക്കോഡ‍് ഇനിയും സ്വിഫ്റ്റ് തിരുത്തിയിട്ടില്ല. അഡീല്‍ 2015ൽ പുറത്തിറക്കിയ 25 എന്ന ആല്‍ബത്തിന്റെ 30 ലക്ഷത്തിലധികം കോപ്പികളാണ് ഒറ്റയാഴ്ച കൊണ്ട് അമേരിക്കയിൽ മാത്രം വിറ്റഴിഞ്ഞത്.