Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെണ്ണക്കല്ലിൽ നിന്നു വന്ന സംഗീതം

marble-music

മനസു നിറയെ നിഗൂഢമായ ഈണങ്ങള്‍ക്ക് പിന്നാലെയുള്ള യാത്രയേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് സംഗീതം പൊഴിക്കുന്ന മാർബിൾ തുണ്ടുകളുടെ അപാരതയെ ഇങ്ങനെ തൊട്ടുവിളിക്കാന്‌ അയാൾക്കായത്. വെണ്ണക്കൽക്കൊട്ടാര വാതിൽ തുറന്നെത്തുന്ന സംഗീതത്തിനു മുന്നിലേക്ക് അയാളെയത്തിച്ചത്. സ്വീഡിഷ് സംഗീത സംഘമായ വിന്റർഗാർഡനിലെ ലീഡ് മ്യൂസിഷ്യനായ മാർട്ടിൻ മോളിൻ മാർബിളിൽ തീർത്ത വാദ്യോപകരണം സംഗീതലോകത്തിന്റെ വിസ്മയച്ചെപ്പുകളിലെക്കുള്ള മറ്റൊരു കാഴ്ചയാകുകയാണ്. രണ്ടായിരം മാർബിൾ തുണ്ടുകൾകൊണ്ടാണ് മോളിൻ ഈ ഉപകരണമൊരുക്കിയത്. പതിന്നാലു മാസക്കാലം കൊണ്ടാണ് മുപ്പത്തിമൂന്നുകാരനായ മോളിൻ നാദങ്ങളുടെ സമന്വയമൊരുക്കുന്ന ഈ വാദ്യോപകരണം തീര്‍ത്തത്. അതും സ്വന്തം കൈകൊണ്ട്. സാങ്കേതിക വിദ്യ അതിന്റെ പരമകോടിയിൽ നിൽക്കുന്ന ഇക്കാലത്ത് മോളിൻ എന്തിന് ഇത്രയും സമയമെടുത്തൊരു നാദക്കൂടൊരുക്കിയെന്ന ചോദ്യം ഈ സംഗീതം കേൾക്കുമ്പോൾ മനസിൽ നിന്ന് മാഞ്ഞ് പൊയ്ക്കൊളളും.

ഇലത്താളം(കൈമണി), വൈബ്രാഫോൺ(ഒരു പ്രകമ്പനവാദ്യോപകരണം), ബാസ്, ഡ്രം എന്നിവയുടെ നാദങ്ങളെല്ലാം ഒന്നുചേരുന്നു മോളിൻ സൃഷ്ടിച്ച ഈ അത്ഭുതത്തിനുള്ളിൽ. സംഗീതതത്തിനു പിന്നാലെയുള്ള മനുഷ്യന്റെ കളങ്കമില്ലാത്ത പ്രയാണത്തിന് കാലമെത്രയേറെ മാറിയാലും അന്ത്യമാകുന്നില്ലെന്നതിനുള്ള തെളിവുകൂടിയാണ് മോളിനും അയാളുടെ ഈ സംഗീതോപകരണവും. മാർബിൾ തുണ്ടുകള്‍ക്കുള്ളിലൊളിഞ്ഞിരിക്കുന്ന സംഗീതം പലവട്ടം ലോകം കേട്ടിട്ടുള്ളതാണ്, നെതർലൻഡിലെ യൂട്രെക്ചിലുള്ള മെക്കാനിക്കൽ ഇൻസ്ട്രുമെന്റെ മ്യൂസിയമാണ് മോളിനെ ഇത്തരമൊരു സൃഷ്ടിക്കായി പ്രചോദിപ്പിച്ചത്.

ഒരു എഞ്ചിനീയറുടെയും പ്രഗത്ഭനായ ഒരു മ്യൂസികൽ പ്രോഗ്രാമറുടെയും ക്രിയാത്മകത കൂടിച്ചേർന്ന സംഗീതോപകരണമാണിത്. പക്ഷേ ബാന്‍ഡിനൊപ്പം ഇതുമായി ലോകം ചുറ്റാനാകും മോളിനെന്നു കരുതാനാകില്ല. അത്രയ്ക്ക് വലുതാണ് ഈ ഉപകരണം. മാത്രമല്ല, ഈ ഉപകരണത്തിൽ നിന്ന് പ്രത്യേകത എല്ലാത്തരം സംഗീതം സൃഷ്ടിക്കനുമാകില്ല. പക്ഷേ ഇതുവരെ കേട്ടിട്ടില്ലാത്ത ഇതിന്റെ നാദത്തിൽ നിന്ന് മോളിൻ ഏത് ഈണം തീർത്താലും അത് ലോകത്തിനെ പിടിച്ചിരുത്തുമെന്നുറപ്പാണ്.

Your Rating: