Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതത്തിനു അതിർത്തികളില്ല, നാദധാരയാണ് കോക്ക് സ്റ്റുഡിയോ

shilpa-rao-noor-coke-studio

അതിർത്തിയിൽ തർക്കം രൂക്ഷമായിരിക്കാം. ഭരണകർത്താക്കൾ പരസ്പരം പഴിചാരുന്നുണ്ടാകാം. പക്ഷേ സംഗീതത്തിന്റെ വഴിയിൽ തർക്കങ്ങൾക്കും ഇഷ്ടക്കേടുകൾക്കും ഇടമില്ല. മുറിവുണക്കുന്ന പാട്ടു കേൾക്കാൻ കോക്ക് സ്റ്റുഡിയോ പാക്കിസ്ഥാന്റെ ഏറ്റവും പുതിയ സീസൺ (സീസൺ ഒൻപത്) ഒന്നു കണ്ടാൽ മതി.

ബോളിവുഡ് ഗായിക ശിൽപാ റാവുവാണു കോക്ക് സ്റ്റുഡിയോ പാക്കിസ്ഥാൻ സീസൺ ഒൻപതിന്റെ നാലാം എപ്പിസോഡിൽ  പാട്ടുമായി എത്തിയത്. ഇന്ത്യയിൽ നിന്നുള്ള ഒരു സംഗീതജ്ഞ ആദ്യമായാണു പാക്കിസ്ഥാൻ കോക്ക് സ്റ്റുഡിയോ സീസണിൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 

ഫോക്ക് രുചിയുള്ള ഇൻഡി- റോക്ക് പാട്ട് ‘പാർ ഛനാ ദേ’ ആണ് ശിൽപാ റാവുവും നൂറി എന്ന സംഗീതസംഘവും ചേർന്നു പാടിയിരിക്കുന്നത്. ആ പരമ്പരാഗത നാടോടി ഗാനം നൂറിയുടെ വേറിട്ട അറേഞ്ച്മെന്റിലും ആലാപനത്തിലുമെത്തിയപ്പോൾ കോക്ക് സ്റ്റുഡിയോയുടെ ഒൻപതാം സീസണിൽ ഏറ്റവുമധികം കയ്യടി നേടിയ പാട്ടുകളിലൊന്നായി മാറി.

ഡൽഹിയിൽ ഒരു സുഹൃത്തിന്റെ വിരുന്നിനെത്തിയപ്പോഴാണു നൂറിയിലെ അംഗങ്ങളെ ആദ്യം പരിചയപ്പെടുന്നതെന്നു ശിൽപ പറയുന്നു. അവിടെ വച്ച് ഏറെ നേരം സംസാരിച്ചതും പാട്ടിനെക്കുറിച്ചാണ്. അങ്ങനെയാണു പാക്കിസ്ഥാൻ കോക്ക് സ്റ്റുഡിയോയിലേക്കു ക്ഷണം ലഭിക്കുന്നത്. നൂറി സംഘത്തിലെ  അലി നൂർ, അലി ഹംസ, കാമി പോൾ എന്നിവർ ചേർന്നാണു കോക്ക് സ്റ്റുഡിയോയ്ക്കു വേണ്ടി പാട്ടുകൾ ഒരുക്കിയത്. ശിൽപ റാവുവിനൊപ്പം പാട്ടുമായി അലി നൂറും അലി ഹംസയുമുണ്ട്. ‘പാർ ഛനാ ദേ’ എന്ന പാട്ടിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സാഗർ വീണ എന്ന അപൂർവ വാദ്യോപകരണം വായിക്കാനറിയാവുന്ന ലോകത്തിലെ അപൂർവം ആളുകളിലൊരാളായ നൂർ സെഹ്റയും അതിന്റെ പിന്നണിയിലുണ്ട്.

ലൂട്ടേരയിലെ ‘മൻമർസിയ’, ധൂം ത്രിയിലെ ‘മലങ്’ തുടങ്ങി ഒട്ടേറെ ഹിറ്റുകൾ സ്വന്തം പേരിലുള്ള ശിൽപാ റാവുവിന്റെ പാട്ടുജീവിതത്തിലെ അവിസ്മരണീയ ഗാനങ്ങളിലൊന്നായി മാറിയിരിക്കുകയാണു ‘പാർ ഛനാ ദേ’. യു ട്യൂബിൽ പാട്ടിനു താഴെയുള്ള കമന്റുകളിലും നിറയുന്നതു രാജ്യങ്ങളുടെ വൈരം മറന്നുള്ള പാട്ടിന്റെ  ലോകത്തെ കൈകോർക്കലിന്റെ സന്തോഷമാണ്.

Your Rating: