Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയ ഗീതവുമായി അൽകയും സംഗീതും

alka-sangeeth

നമ്മുടെ കാതുകളെ കാത്തിരിക്കുന്ന സ്വരഭംഗികൾ ഇനിയുമുണ്ട്. അൽക അജിത് എന്ന പെൺകുട്ടി അവരിലൊരാളാണ്. രണ്ടര വയസു മുതൽ വേദികളിൽ നിറസാന്നിധ്യമാണ് അൽക്ക. മനോഹര ശബ്ദം, ചലച്ചിത്ര ഗീതങ്ങൾക്കപ്പുറം നിൽക്കുന്ന സുന്ദരമായൊരു പാട്ടുപെട്ടി. ഇന്നിതാ വീണ്ടുമൊരുണർത്തു പാട്ടായി നിൻ മൃദു മന്ത്രണങ്ങൾ...എന്ന വരികള്‍ക്ക് ശബ്ദമാധുര്യം പകരുകയാണ് അൽക്ക. യുവ ഗായകനും സംഗീത സംവിധായകനുമായ സംഗീതിനൊപ്പം അൽക്ക ആലപിച്ച ഗാനം മനോഹരമാണ്. മനോരമ മ്യൂസിക് ആണ് വിഡിയോ പുറത്തിറക്കിയത്.

വീണ നയിക്കുന്ന നാദവഴിയിലൂടെ സഞ്ചരിക്കുന്ന പ്രണയഗീതത്തിന് വരികൾ ഷൈലാ തോമസ് ആണ് എഴുതിയത്. രമേഷ് കൃഷ്ണനും സംഗീതും ചേർന്നാണ് സംഗീത സംവിധാനം. മഴ നിഴൽ വീണ ഇടനാഴിയിലെ പാദസരക്കിലുക്കം പോലെ ഓർക്കസ്ട്ര. പിന്നെയും പിന്നെയും ഹൃദയത്തെ തിരികെ വിളിക്കുന്ന വരികൾ. എത്ര കേട്ടാലും മതിയാകാത്ത മെലഡിയായി 'ഇന്നിതാ' എന്ന ഗാനം മാറിയേക്കാം. സമാന്തര സംഗീത ശാഖയിലൂടെ മലയാളിക്ക് കിട്ടിയ മറ്റൊരു സുന്ദര ഗാനമാണിത്.

നാലാം വയസിൽ ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ മിടുക്കിയാണ് അൽക്ക . ചെറുപ്രായത്തില്‍ ഏറ്റവുമധികം വേദികളിൽ പാടിയതിനായിരുന്നു ഇത്. ഇതിനോടകം 3800ഓളം വേദികളിലാണ് അൽക പാടിയിട്ടുള്ളത്. ദി ട്രെയിൻ എന്ന ചിത്രത്തിലൂടെ സിനിമ സംഗീത ലോകത്തേക്കുമെത്തി. നിത്യാ മേനോൻ നായികയായ തൽസമയം ഒരു പെൺകുട്ടിയിലെ പൂവാനമേ എന്ന പാട്ടും പാടിയിട്ടുണ്ട്. തമിഴിൽ നാലു സിനിമകളില‌ും ആലപിച്ചിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ പ്രമുഖ ടിവി ചാനൽ നടത്തിയ റിയാലിറ്റി ഷോയിലും ജേതാവായിട്ടുണ്ട്. നിരവധി ഓഡിയോ കാസറ്റുകളിലും അൽക്ക പാടിയിട്ടുണ്ട്.  

Your Rating: