Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ വീണ്ടുമൊരു ഗാനം

Namukkore Aakasam

മലയാളികള്‍ക്ക് എന്നെന്നും മനസിൽ സൂക്ഷിക്കാനുള്ള മനോഹരവരികൾ നമുക്കു സമ്മാനിച്ച ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. ഋതുഭേതങ്ങള്‍‌ ചാലിച്ചു പുത്തഞ്ചേരി എഴുതിയ വരികള്‍ ഇന്നും മലയാളിയുടെ ഗൃഹാതുരത്വത്തെ ഉണർത്തുന്ന ഒാർമ്മയാണ്. ഈണങ്ങള്‍ക്കതീതമായി അർഥങ്ങൾ തീർത്ത വരികൾ ബാക്കിയാക്കി ഗിരീഷ് പുത്തഞ്ചേരി യാത്രയാകുന്നത് 2010 ഫെബ്രുവരിയിലാണ്.

വിടപറഞ്ഞ് അഞ്ചു വർഷത്തിന് ശേഷം പുത്തഞ്ചേരിയുടെ വരികളുമായി ഇറങ്ങിയിരിക്കുകയാണ് കിളിപാടും എന്ന ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ നിരവധി ഗാനങ്ങൾ ആലാപനം കൊണ്ട് അവിസ്മരണീയമാക്കിയ കെ എസ് ചിത്രതന്നെയാണ് ഈ ഗാനവും ആലപിച്ചിരിക്കുന്നത്. പുത്തഞ്ചേരി ചിത്രകൂട്ടുകെട്ടിന്റെ മികച്ചഗാനങ്ങളിലേയ്ക്ക് ചേർക്കാവുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് നാഗേഷ് ശങ്കറാണ്. പ്രദീപൻ മുല്ലനേഴി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നമുക്കൊരേ ആകാശത്തിലേതാണ് കിളിപാടും എന്ന ഗാനം.

കിളിപാടും...

2000 ൽ പുത്തഞ്ചേരി മറ്റൊരു സിനിമയ്ക്ക് വേണ്ടിയെഴുതിയ ഗാനമായിരുന്നു കിളിപാടും. എന്നാൽ അന്ന് ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു, നാഗേഷ് തന്നെ ഈണം നൽകിയ ഗാനം ആൽബമായി പുറത്തിറക്കാനാണ് തീരുമാനിച്ചതെങ്കിലും നമുക്കൊരേ ആകാശത്തിന് ഇണങ്ങുമെന്നു തോന്നിയതുകൊണ്ട് ചിത്രത്തിൽ ഉൾപ്പെടുത്തുകയായിരുന്നു എന്നാണ് ചിത്രത്തിന്റെ സംവിധായകൻ പ്രദീപൻ പറഞ്ഞത്.

അതിവേഗതയിൽ പുരോഗമിക്കുന്ന ഈ ലോകത്ത് നഷ്ടപ്പെട്ടുപോയേക്കാവുന്ന ചില മൂല്യങ്ങൾ നമ്മൾ മുറുകെപിടിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിക്കൊണ്ടെടുത്ത സിനിമയാണ് നമുക്കൊരേ ആകാശം എന്നാണ് ചിത്രത്തിന്റെ നിർ‌മ്മാതാക്കൾ പറയുന്നത്. കുട്ടികളുടെ മാനസിക സംഘർഷത്തിൽ നിന്നും വലിയവരുടെ ജീവിതത്തിലേക്കുള്ള ഒരു യാത്ര ആസ്പദമാക്കിയാണ്  നമുക്കൊരേ ആകാശത്തിന്റെ കഥ വികസിക്കുന്നത്.

ജോയ് മാത്യുവും, സൂഫി പറഞ്ഞകഥ ഫെയിം ഷര്‍ബാനി മുഖര്‍ജിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ തമിഴ് നടന്‍ നാസര്‍, ഇര്‍ഷാദ്, മാടമ്പ് കുഞ്ഞുകുട്ടന്‍, മാത്യു ജോയ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, ലിഷോയ്, ബാബു അനൂര്‍, എം.ജി. വിജയ്, വിജു കൊടങ്ങല്ലൂര്‍, കെ.ബി. വേണു, രാജേഷ് മോഹന്‍, പ്രസാദ് ശ്രീകൃഷ്ണപുരം, സരയൂ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അമ്മ ഫിലിംസിന്റെ ബാനറിൽ എംജി വിജയ് നിർ‌മ്മിക്കുന്ന ചിത്രം ഓക്ടോബർ 9ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.