Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസിൽ നോവുപടർത്തുന്ന ഗാനവുമായി ജോൺസൺ മാഷിന്റെ മകൾ

ഗിറ്റാറും നെഞ്ചോടടക്കിപ്പിടിച്ച് പെട്ടെന്നൊരു ദിവസം ജോൺസൺ മാഷ് കടന്നുപോയി. അവിശ്വസനീയമായ ഒരു വിടവാങ്ങൽ. ആദ്യ കേഴ്വിയിൽ തന്നെ കൂട്ടുകാരനാകുന്ന കുറേ പാട്ടുകൾ സമ്മാനിച്ച ശേഷമുള്ള ആ യാത്രയുടെ കരച്ചിലവസനാക്കും മുൻപേയെത്തി അദ്ദേഹത്തിന്റെ മകന്റെ മരണവാർത്തയും. ആ ഓർമകൾക്ക് മുന്നിൽ നോവുപടർത്തുന്ന ഒരു ഗാനമിതാ. പാടിയിരിക്കുന്നത് ജോൺസൺ മാഷിന്റെ മകൾ ഷാൻ.

renn-johnson.jpg-edi

അച്ഛനു പിന്നാലെ അമ്മയേയും തന്നെയേയും ഒറ്റക്കാക്കി പോയ സഹോദരൻ റെൻ ജോൺസണ് അച്ഛന്റെ ഏറ്റവും മനോഹരമായ ഗാനത്തിലൊരു സ്നേഹസമ്മാനം. അച്ചുവിനൊരു പിറന്നാൾ സമ്മാനം. കുടുംബത്തിന്റെ ഓർമച്ചിത്രങ്ങളിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. അച്ഛന്റെ പ്രിയപ്പെട്ട പാട്ടിന് മകള്‍ തന്റെ ശബ്ദം നൽകിയപ്പോൾ കേൾക്കാനും കാണാനും ഒരുപോലെ ഇമ്പമുള്ളതായി ആ വീഡിയോ. നോവുള്ളതായി. ശ്രീജിത് ഇടവനയാണ് വീഡിയോയ്ക്ക് സംഗീതമൊരുക്കിയത്. പ്രവീണിന്റേതാണ് ഗിത്താർ. ഛായാഗ്രഹണം മുരളീ കൃഷ്ണ.

johnson

മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലെ മനസിൻ മടിയിലെ എന്ന ഗാനമാണ് ഷാൻ പാടി വീഡിയോ തയ്യാറാക്കിയത്. ഓർമകളിലൂടെ ഷാൻ ചെയ്യുന്ന യാത്ര പങ്കുവയ്ക്കുന്ന മനോഹരമായ വീഡിയോ. സംഗീതജ്ഞനായ അച്ഛന്റെ പാതയിലേക്ക് തന്നെയാണ് ഈ മകളും. ഇനിയൊരിക്കലും ആർക്കും പകർത്തിയെഴുതാനാവാത്ത ഈണക്കുട്ടുകളായിരുന്നു ജോൺസൺ മാഷിന്റേത്. മകളുടെ ശബ്ദം അതുപോലെ വ്യത്യസ്തമാർന്നത്, ആഴമുള്ളത്. അച്ചൂ, നീയെന്റെ മനസിനുള്ളിലെപ്പോഴുമുണ്ടെന്ന് ഷാൻ എഴുതിയിടുന്നു വീഡിയോയുടെ അവസാനത്ത്. ഈണങ്ങളുടെ വീട്ടിൽ നിന്ന് പറന്നകന്ന സഹോദരന് ഇതിലും നല്ലൊരു സമ്മാനമെന്താണ് നൽകാനാകുക. 2011 ഓഗസ്റ്റിലായിരുന്നു ജോൺസൺ മാഷിന്റെ മരണം. തൊട്ടടുത്ത വർഷം ഫെബ്രുവരിയിൽ ഒരു ബൈക്ക് അപകടത്തിൽ‌ അച്ചുവെന്നു വിളിക്കുന്ന മകൻ റെൻ ജോൺസണും മരിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.