Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീനയുടെ സംഗീതമെത്തി

Nee-Na

വിക്രമാദിത്യന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നീനയുടെ സംഗീതമെത്തി. പുതുമുഖ സംഗീതസംവിധായകൻ നിഖിൻ ജെ മേനോനാണ് നീനയ്ക്ക് സംഗീതം പകർന്നിരിക്കുന്നത്. നാല് പാട്ടുകളടങ്ങുന്ന നീനയുടെ ജൂക്ബോക്സാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മൂന്ന് ഇംഗ്ലീഷ് പാട്ടുകളും ഒരു മലയാളം ഗാനവുമാണ് ചിത്രത്തിലുള്ളത്. അതിൽ ഐ റിമമ്പർ യു എന്ന ഗാനം പുരുഷ ശബ്ദത്തിലും സ്ത്രീ ശബ്ദത്തിലുമുണ്ട്.

ഐ റിമമ്പർ യു എന്ന ഗാനത്തിന്റെ പെൺപതിപ്പ് പാടിയിരിക്കുന്നത് ശക്തിശ്രീ ഗോപാലനും ആൺ പതിപ്പ് പാടിയിരിക്കുന്നത് സംഗീതസംവിധായകൻ നിഖിൽ ജെ മേനോനുമാണ്. വേണുഗോപാൽ രാമചന്ദ്രൻ നായർ വരികളെഴുതിയിരിക്കുന്നു. തേൻ നിലാ എന്ന മലയാളഗാനം ആലപിച്ചിരിക്കുന്നത് സച്ചിൻ വാര്യരും വരികൾ എഴുതിയിരിക്കുന്നത് വേണുഗോപാൽ രാമചന്ദ്രൻ നായരുമാണ്. വേർ ദ ഗ്രാവിറ്റി ഫോൾസ് എന്ന് തുടങ്ങുന്ന ഇംഗ്ലീഷ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും, സംഗീതം പകർന്നിരിക്കുന്നതും, പാടിയിരിക്കുന്നതും നിഖിൽ ജെ മേനോൻ തന്നെയാണ്.

യുവ സംഗീതജ്ഞനായ നിഖിൻ നെല്ലിക്ക എന്ന ചിത്രത്തിനും സംഗീതം പകർന്നിട്ടുണ്ട്. നീന, നളിനി എന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രമാണ് നീന. ഏറ്റവും ദുരൂഹവും ദുർഗ്രഹവുമായ പാതകൾ ഭൂമിയിൽ അല്ല, മനുഷ്യമനസുകളിലാണ് എന്ന മുഖവുരയോടെയാണ് ലാൽ ജോസ് പുതിയ ചിത്രം ഫേസ്ബുക്കിലൂടെ അനൗൺസ് ചെയ്തത്. ലാൽ ജോസിന്റെ നിർമ്മാണവിതരണകമ്പനിയായ എൽ ജെ ഫിലിംസ് വിക്രമാദിത്യന് ശേഷം നിർമ്മിക്കുന്ന സിനിമ കൂടിയാണിത്. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിലായിരുന്നു നീനയുടെ ആദ്യ ഘട്ടത്തിന്റെ ഷൂട്ട്.

പരസ്യചിത്രരംഗത്ത് ശ്രദ്ധേയനായ ആർ വേണുഗോപാലാണ് തിരക്കഥ. സ്പാനിഷ് മസാല, 22 ഫീമെയിൽ കോട്ടയം ഉൾപ്പെടെയുള്ള സിനിമകൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട് വേണുഗോപാൽ. ജോമോൻ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മോഡലായ ദീപ്തി സതിയാണ് നീനയായി എത്തുന്നത്, ആൻ അഗസ്റ്റിൻ നളിനിയായി എത്തുന്നു. ഇവരെ കൂടാതെ വിജയ്ബാബു, ചെമ്പൻ വിനോദ്, സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്, സുനിൽ സുഗത, ലെന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എൽ ജെ ഫിലിംസിന്റെ ബാനറിൽ ലാൽ ജോസ് തന്നെ നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.