Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേളിയുടെ ബെല്ലി സോങ്, വീണ്ടും സൂപ്പർ ഡ്യൂപ്പർ ഹിറ്റ്!

Pearle Maaney

ചിലരെ കാണുമ്പോഴേ നമുക്ക് ചിരി വരും. മറ്റു ചിലരുടെ പേരു കേട്ടാല്‍ മതി. പേളീ മാണി രണ്ടാമത് പറഞ്ഞവരുടെ കൂട്ടത്തിൽ വരും. പറഞ്ഞത് ശരിയല്ലേ. പേളിയെന്ന പേരു പോലെ സുന്ദരിയാണ് പേളി. ചിരിയും വർത്തമാനവും അതുപോലെ തന്നെ. അവതാരികയായി അഭിനേത്രിയായി പിന്നെ ഗായികയായി പേളി തന്റെതേയൊരു ഇടം നേടിക്കഴിഞ്ഞു. ഗായികയോ എന്ന് ചോദിച്ച് ഞെട്ടണ്ട. നല്ലൊരു പാട്ടുകാരി കൂടിയാണ് താനെന്ന് പേളി തെളിയിച്ചു കഴിഞ്ഞതാണ്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ബെല്ലി സോങ്. പാട്ട് 2014ൽ പുറത്തു വന്നതാണ്. ദി ലാസ്റ്റ് സപ്പർ എന്ന ചിത്രത്തിലേതാണ് പാട്ട്. എഴുതി ഈണമിട്ടത് ഗോപീ സുന്ദറും. അറബിക് വരികളുള്ള പാട്ടിന് ബെല്ലി സോങ് എന്നാണ് തലക്കെട്ട്. പേളി സ്വന്തം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ബെല്ലി സോങ് വീണ്ടും ഹിറ്റാകുകയാണ്. വിഡിയോയെത്തി ഒരു മണിക്കൂറിനുള്ളിൽ പേളിയുടെ വിഡിയോ ഇരുപതിനായിരത്തിലധികം പ്രാവശ്യം കണ്ട് കഴിഞ്ഞു. വൈറലാകുകയാണ് വിഡിയോ.

തേങ്ങാക്കൊല മാങ്ങാത്തൊലിയെന്ന ആൽബം പാട്ടായിരിക്കാം പേളിയുടെ ആലാപനത്തെ കുറിച്ച് പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുക. എന്നാൽ പേളിയുടെ വ്യത്യസ്തമായ ശബ്ദത്തിലെ തീവ്രതയ്ക്ക് നല്ല താളമുണ്ടെന്ന് പറയുകയാണ് ബെല്ലി സോങ്. അറബിക് പാട്ടിന്റെ ചേല് പേളിയുടെ സ്വരത്തിന് ഏറെയിണങ്ങുന്നു. പാട്ട് ആദ്യം പുറത്തിറങ്ങിയപ്പോഴാണ് ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ വീണ്ടും പേളി തന്നെ ഫേസ്ബുക്കിലിട്ടപ്പോഴും അതേ പ്രതികരണമാണ്.

വിഡിയോ ജോക്കിയായാണ് പേളിയുടെ കടന്നുവരവ്. പിന്നെ മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന നൃത്ത റിയാലിറ്റി ഷോയിലൂടെ പേളി ചുവടുറപ്പിച്ചു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ലാസ്റ്റ് സപ്പർ, ഞാൻ, ലോഹം, ഡബിൾ ബാരൽ, ജോ ആൻഡ് ദി ബോയ് എന്നീ ചിത്രങ്ങളിലും ഒരു തെലുങ്ക് സിനിമയിലും പേളി അഭിനയിച്ചിട്ടുണ്ട്.

Your Rating: