Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടു ലോകത്തെ പുതിയ കൂട്ട്, പെൻ മസാല

penn 1

യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ പഠനത്തിനെത്തിയ ഇന്ത്യൻ വംശജരായ യുവാക്കൾ. അവരിൽ പലരെയും ബന്ധിപ്പിച്ചതു സംഗീതമായിരുന്നു. ഹിന്ദി പാട്ടുകൾക്കു ചുവടു വച്ചും ചുണ്ടനക്കിയും രൂപപ്പെട്ട പാട്ടിന്റെ കൂട്ടുകെട്ട്. ആ കൂട്ടകെട്ടിൽ അവർ രൂപപ്പെടുത്തിയ സംഘം ഇന്നു ലോകമെങ്ങും അറിയപ്പെടുന്ന സംഗീത ബാൻഡായി, ആ സംഘത്തിന്റെ പേര് പെൻ മസാല. ലോകമെങ്ങും ആരാധകരുള്ള അക്കെപ്പെല്ല സംഘം. ഇരുപതാം വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ വക നൽകുന്നു ഇവർ.

യൂണിവേഴ്സിറ്റിയിലെ ചെറിയ കൂട്ടായ്മയിലാണു പെൻ മസാല രൂപപ്പെട്ടത്. തങ്ങളുടെ മാതൃ ഇടത്തിന്റെ രുചിവൈവിധ്യങ്ങൾ മറക്കാതിരിക്കാനുള്ള ഒരു സംഘം വിദ്യാർഥികളുടെ ശ്രമം. വൈകാതെ ലോകത്തിലെ ആദ്യത്തെ ഹിന്ദി അക്കെപ്പെല്ല സംഘമായി പെൻ മസാല മാറി. 1999ൽ ആദ്യ ആൽബം ആവാസ് പുറത്തെത്തി. 2001ൽ 11 പിഎം എന്ന രണ്ടാമത്തെ ആൽബവും. പിന്നാലെ അവരുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട രണ്ട് ആൽബങ്ങളെത്തി സൗണ്ട്ചെക്ക്, ദി ബ്രൗൺ ആൽബം എന്ന പേരുകളിൽ. ആദ്യ മൂന്ന് ആൽബങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ കോർത്തിണക്കി ഔട്ട് ഓഫ് സ്റ്റോക്ക് എന്ന അഞ്ചാമത്തെ സിഡിയും സംഘമിറക്കി. 2007ൽ അഞ്ചാമത്തെ ആൽബമായ പെഹ്ഛാൻ ആരാധകരിലെത്തി. പെൻമസാലയുടെ ഏറ്റവും ഹിറ്റ് ഗാനങ്ങളിലൊന്നായ ഫിക്സ് യു/ഇഷ്ക് ബിന എന്ന ഗാനം ഉൾപ്പെടുന്ന എട്ടാമത്തെ ആൽബം കാവിഷ് പുറത്തെത്തിയതു 2013ൽ.

penn-masala 3

പെൻമസാലയെ പക്ഷെ ലോകം ഏറെ ശ്രദ്ധിച്ചതു ഇവലൂഷൻ ഓഫ് ബോളിവുഡ് മ്യൂസിക് എന്ന വീഡിയോയിലൂടെയാണ്. യു ട്യൂബിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ട് ഈ വിഡിയോ പെൻമസാലയുടെ പെരുമ ഏറെ ഉയർത്തി. പെൻമസാല ഒരു പതിവ് ബാൻഡല്ല. ഇന്നും അതു പെൻസിൽ വാനിയ സർവകലാശാലയുടെ സ്വന്തമാണ്. ഇവിടെ പഠനത്തിനെത്തുന്നവർ ബാൻഡിന്റെ അംഗങ്ങളാകുന്നു. പഠനം പൂർത്തിയാക്കുന്നവർ ബാൻഡിൽ നിന്നു പുറത്തു പോകുന്നു. അക്കെപ്പെല്ല ലോകത്ത് ഇത്രയേറെ വർഷം പിന്നിടുന്ന ബാൻഡുകൾ നന്നേ കുറവ്. ഈ കാലമെല്ലാം ഏറെ ആരാധകരെ സ്വന്തമാക്കാൻ സാധിച്ചുവെന്നതും ഇവരുടെ നേട്ടം.

15 പേരാണു പെൻമസാലയുടെ ശബ്ദം. ആശയങ്ങൾ തീരുമാനിക്കുന്നതും അതു വ്യത്യസ്തമാക്കുന്നതുമെല്ലാം കൂട്ടായ ചർച്ചയിലൂടെ. ഇന്ത്യക്കാരാണു ഭൂരിഭാഗം അംഗങ്ങളെങ്കിലും മറ്റ് രാജ്യക്കാരും ഇപ്പോൾ പെൻമസാലയുടെ ഭാഗമാകുന്നുണ്ട്. യൂണിവേഴ്സിറ്റിയിൽ കൃത്യമായ ഓഡിഷനുകൾ നടത്തിയാണു പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. കോളജിലും ആൽബങ്ങൾ ഇറക്കുന്നതിലും ഒതുങ്ങി നിൽക്കുന്നില്ല പെൻമസാല സംഘം. ഇന്ത്യയിലെ പല അവാർഡ് നിശകളിലും ടെലിവിഷൻ ഷോകളിലും ഇവർ തങ്ങളുടെ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. 20 വർഷം പൂർത്തിയാക്കുന്ന അവസരങ്ങളിൽ കൂടുതൽ പാട്ടുകളുമായി തരംഗം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണു സംഘം.  

Your Rating: