Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലാഴമുള്ള സംഗീതവുമായി സീഫ്രറ്റ്

seafret1

കടലുപോലെ വിശാലമായ സംഗീതത്തിന്റെ  കൂട്ടുകാരാണ് സീഫ്രറ്റ് എന്ന ബ്രിട്ടിഷ് മ്യൂസിക് ബാൻഡ്. ബാൻഡെന്നു പോലും വിശേഷിപ്പിക്കാൻ സാധിക്കില്ല. ജാക്ക് സെഡ്മാൻ എന്ന ഗായകനും ഹാരി  ഡാപ്പർ എന്ന ഗിറ്റാറിസ്റ്റും ചേരുമ്പോൾ  സീഫ്രറ്റായി. യുകെയിലെ ബ്രിഡ്‌ലിങ്ടണിൽ  2015ൽ രൂപപ്പെട്ട  ഈ ബാൻഡ് കുറഞ്ഞ നാളുകൾക്കൊണ്ടാണ് ഒട്ടേറെപ്പേരുടെ  പ്രിയപ്പെട്ടവരായി  മാറിയത്.  2016 ജനുവരി 29നു പുറത്തിറങ്ങിയ ആദ്യ ആൽബം ‘ടെൽ മി ഇറ്റ്സ് റിയൽ’  യുകെ  ആൽബം ചാർട്ടിൽ  59-ാം  സ്ഥാനത്തെത്തിയതോടെ  ഇവരെപ്പറ്റി പലരും തിരക്കിത്തുടങ്ങി. ആദ്യ ആൽബം  യുകെ ചാർട്ടിൽ 59 ാമതെത്തിയത് അത്ര ചെറിയ കാര്യമൊന്നുമല്ല. 

ഓഷൻസ്- സീഫ്രറ്റിന്റെ, നിങ്ങളിൽ പലരും കേട്ടിരിക്കാൻ സാധ്യതയുള്ള പാട്ടിന്റെ പേര് അങ്ങനെയാണ്. സോഷ്യൽ മീഡിയയിലൂടെ തരംഗമായി  മാറിയ  ഓഷൻസിലൂടെ  സീഫ്രറ്റിനെപ്പറ്റിയും  ഏറെയാളുകൾ  കേട്ടുതുടങ്ങി. മിസ്സിങ്, ഗിവ് മീ സംതിങ്, വൈൽഡ്ഫയർ, ബ്രീത്ത്, ഓളർ, ബീ ദേർ തുടങ്ങിയ പാട്ടുകൾക്കും ഏറെ ആരാധകരുണ്ട്. അവിചാരിതമായി  കണ്ടുമുട്ടിയ രണ്ടു പേർ ഒരു ബാൻഡിന്റെ  രൂപമായ കഥയാണു സീഫ്രറ്റിന്റെത്. ബ്രിഡ്‌ലിങ്ടണിലെ ഒരു ചെറിയ ഓപ്പൺ മൈക്ക് നൈറ്റിലാണ് ഇവരുവരും  കണ്ടുമുട്ടുന്നത്.  അതിനു മുൻപ് പരസ്പരം കേട്ടിട്ടു കൂടിയില്ല. ഇരുവരുടെയും അവതരണം കഴിഞ്ഞപ്പോൾ മനസ്സിലായി  തങ്ങളുടെ സംഗീതരുചികൾക്ക് എന്തോ ബന്ധമുണ്ടെന്ന്. ഇരുവരും കൈകോർക്കുന്നത് അങ്ങനെയാണ്. ഗിറ്റാറിലെ  ചെറിയ മെറ്റൽ  രേഖകളാണ് ഫ്രറ്റ്സ് എന്നു വിശേഷിപ്പിക്കുന്നത്. ഗിറ്റാറിലെ നീണ്ടു നിൽക്കുന്ന ഭാഗത്ത്  ചെറിയ മെറ്റൽ  സ്ട്രിപ്പുകൾ ഉപയോഗിച്ച്  ഓരോ ഭാഗവും  വേർതിരിച്ചിട്ടുണ്ട്. ഗിറ്റാറിലെ  ഓരോ നോട്ടാണ്  ഈ ഭാഗത്തെ സൂചിപ്പിക്കുന്നത്. കടലുപോലുള്ള സംഗീതവും  ഗിറ്റാറിന്റെ  വശ്യതയ്ക്കു കാരണമായ ഫ്രറ്റും ചേർത്താണ് സീഫ്രറ്റ് എന്നു പേരിടാൻ  തീരുമാനിച്ചത്. (ബ്രിട്ടന്റെ വടക്കേ കടലോരങ്ങളിൽ  രൂപപ്പെടുന്ന മഞ്ഞിനും  സീഫ്രറ്റ് എന്നുപറയാറുണ്ട്). 

ഹാരിയും  ജാക്കും  ചേർന്നാണു  പാട്ടുകൾ രൂപകൽപ്പന ചെയ്യുന്നത്. വരികൾ എഴുതുന്നതു ജാക്കാണെങ്കിൽ ഹാരിയാണു ഗിറ്റാർ ട്യൂൺ ക്രമീകരിക്കുന്നത്. പാട്ട് എഴുതുന്നതിനൊപ്പംതന്നെ  അതിന്റെ  ഈണവും  രൂപപ്പെടുന്നുവെന്ന് ഇരുവരും പറയുന്നു. ഓഷൻസാണ് സീഫ്രറ്റിന്റെ  ഏറ്റവും  ഹിറ്റായ ഗാനം. ഇരുവരും ലണ്ടനിലേക്കു  മാറിയ ശേഷമാണ്  ഓഷൻസ് രൂപപ്പെട്ടത്. പ്രിയപ്പെട്ടവരെ തങ്ങളുടെ ഗ്രാമത്തിലാക്കി  നഗരത്തിലേക്കു പോകേണ്ടി വന്നതിന്റെ വേദന, അവർക്കിടയിലുള്ള ദൂരം ഇതെല്ലാമാണ് ഓഷൻസിനു കരുത്തേകിയത്. 

വളരെ ലളിതമാണു  സീഫ്രറ്റിന്റെ പാട്ടുകൾ. ഗിറ്റാർ ബീറ്റിന്റെ പതിഞ്ഞ താളത്തിൽ ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെ വികാരങ്ങൾ ഏറെ നിറഞ്ഞു നിൽക്കുന്ന പാട്ടുകൾ. വരികൾക്കും ഈണത്തിനും അതിന്റെ  വശ്യത എപ്പോഴും കാത്തുസൂക്ഷിക്കാൻ ഹാരിയും  ജാക്കും ശ്രമിക്കാറുണ്ട്. കുറഞ്ഞ നാളുകൾക്കുള്ളിൽ ഇത്തരമൊന്നു ചെയ്ത് ബാൻഡ് എന്ന നിലയിൽ സ്വന്തം  ഇടം കണ്ടെത്തി എന്നതാണ് അവരുടെ പ്രത്യേകത. ഭാവിയിൽ കൂടുതൽ നല്ല പാട്ടുകൾ ഇവരിൽനിന്നു ലഭിക്കുമെന്നു പ്രതീക്ഷിക്കാം. 

Your Rating: