Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജ്ഞാതഗായകാ... ലോകം തേടുന്നു നിങ്ങളെ!

wats-app

ചിലരൊന്ന് മൂളിയാൽ മതി, രണ്ടു വരി പാടിയാൽ മതി. പിന്നെയും പിന്നെയും ആ പാട്ടുകേൾക്കാൻ കാതുകൊതിക്കും. അതൊന്ന് പാടി പൂർ‌ത്തിയാക്കിയെങ്കിലെന്ന് നമ്മൾ ആഗ്രഹിക്കും. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച രണ്ട് വിഡിയോകൾ ആ അനുഭവമാണ് പറയുന്നത്.

ഒരു രാത്രി കൂടി വിടവാങ്ങവേ....ചായമൊഴിഞ്ഞ ഒരു കുഞ്ഞുപാട്ടയ്ക്കു മേലിരുന്നൊരാൾ പാടുകയാണ്. പെയിന്റ് വീണ് മുഷിഞ്ഞ മുണ്ടും ഷർട്ടുമാണ് വേഷം. പുത്തൻ വീടിന്റെ ചുവരുകളിൽ തട്ടി ആ ശബ്ദം പ്രതിധ്വനിക്കുമ്പോൾ ഭംഗിയേറുകയാണ്. അ‍‍ജ്ഞാതനായ ഈ ഗായകനും അദ്ദേഹത്തിന്റെ പാട്ടും നിങ്ങളെ പിടിച്ചിരുത്തും. വേഷമോ പശ്ചാത്തലത്തിൽ വാദ്യോപകരണങ്ങൾ ഈണം മുഴക്കുന്നില്ലെന്നതോ അവിടെ തടസമാകില്ല. ഒരു സ്റ്റ്യുഡിയോയ്ക്കുള്ളിലിരുന്ന് പാടുന്ന പോലെ. വിടവാങ്ങുന്ന പകലുകൾക്കും രാവുകൾക്കും ഈ പാട്ടുകാരന് ഒരുപാട് പാട്ടുകൾ പാടിക്കൊടുക്കുവാനാകും. അത്രയ്ക്ക് സുന്ദരമാണ് ഈ നാദം. പകിട്ടുകളില്ലാത്ത ആലാപന മാധുര്യത്തിന് ഫേസ്ബുക്കിൽ ആരാധകർ ഏറെയാണ്. വിദ്യാസാഗറിന്റെ ഈണത്തിൽ യേശുദാസാണ് യഥാർഥ പാട്ട് പാടിയത്. വരികൾ ഗിരീഷ് പുത്തഞ്ചേരിയുടേതും.

മറ്റൊരാൾ ഒരു പുല്ലാങ്കുഴൽ വാദകനാണ്. ദിലീപ് ബാബു. സ്റ്റ്യുഡിയോയിൽ നിന്നാണ് വായിക്കുന്നത്. വാദ്യോപകരണങ്ങളുടെ ചുണ്ടുകൾക്കിഷ്ടമായ ആ ഗാനം തന്നെ. മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ?....ജോൺസൺ മാഷ് നമുക്ക് പകർന്ന ഈണത്തെ ഭംഗിയൊട്ടും ചോരാതെ ഈ മനുഷ്യനും പാടിയിരിക്കുന്നു. ദിലീപ് ബാബു യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോയും വൈറലായിരുന്നു.

ഇവർ രണ്ടുപേരും ആരാണെന്നറിയില്ല. പക്ഷേ ജനങ്ങളുടെ ഇടപെടൽ ഏറെയുള്ള സോഷ്യൽ മീഡിയകൾ വഴി ഇത്രയേറെ പ്രചാരം ലഭിക്കണമെങ്കിൽ അതിന്റെ മൂല്യം എത്രത്തോളമാണെന്ന് മനസിലാക്കാമല്ലോ. ജനമനസിലെ അംഗീകാരമണല്ലോ ഒരു കലാകാരന് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം. ഇതുപോെല വീടിനുള്ളിൽ നിന്ന് കുഞ്ഞിനെ തോളിലിട്ട് നിന്ന് ഒരു യുവതി പാടിയ പാട്ട് ആരൊക്കെയോ പങ്കിട്ട് പങ്കിട്ട് നമ്മളിലേക്കുമെത്തിയ കാര്യം ഓർക്കുന്നില്ലേ. ചന്ദ്രലേഖയുടെ പാട്ട്. ഇന്ന് ചന്ദ്രലേഖ മലയാളത്തിലെ തിരക്കുള്ള ഗായികയാണ്. തിരച്ചറിയപ്പെടാതെ ജീവിക്കുന്ന ഒരുപാട് കലാകാരൻമാർ ഇനിയും നമ്മളുടെ പരിചിതത്തിലേക്കെത്തട്ടെ.

Your Rating: