Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിഫ്റ്റിന്റെ പുതിയ ഗാനം ബാഡ് ബ്ലെഡ്

Taylor's video Bad Blood

കൺട്രി സംഗീതത്തിൽ നിന്ന് പോപ്പ് സംഗീതത്തിലേയ്ക്ക് ചുവടുമാറ്റിയ അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റ് പുതിയ ഗാനം പുറത്തിറക്കി. ബാഡ് ബ്ലെഡ് എന്ന് പേരിട്ടിരിക്കുന്ന ഗാനം താരത്തിന്റെ അഞ്ചാമത്തെ ആൽബം 1989 ലെയാണ്. വാടക കൊലയാളികളെ ഇതിവൃത്തമാക്കുന്ന മ്യൂസിക്ക് വിഡിയോ തുടങ്ങുന്നത് തന്നെ ആക്രമണത്തിൽ നിന്നാണ്.

താര നിബിഢമായ വിഡിയോയിൽ ടെയ്ലർ സ്വിഫ്റ്റിനെ കൂടാതെ പോപ്പ് താരങ്ങളായ സെലീന ഗോമസ്, എല്ലി ഗൗളിങ്, ഹൈലി വില്ല്യംസ്, മോഡലുകളും അഭിനേതാക്കളുമായ സ്റ്റൈൻഫീൽഡ്, സെൻഡെയ, ജെസിക്ക ആൽബാ, ചാർലി ക്ലോസ്, ലില്ലി ആൽഡ്രിജ്, മരിസ്ക, എലൻ പോംപിയോ, മാർത്ത ഹണ്ട് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അമേരിക്കൻ ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് കെൻഡ്രിക്ക് ലാമറും സ്വിഫ്റ്റും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ടെയ്ലർ സ്വിഫ്റ്റ് , കെൻഡ്രിക്ക് ലാമർ, മാക്സ് മാർട്ടിൻ, ഷെൽബ്ലാക്ക് തുടങ്ങിയവർ ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ജോസഫ് കാനാണ് വിഡിയോയ്ക്ക് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ബാഡ് ബ്ലെഡ്...

1989 ലെ മറ്റൊരു സിംഗിളായ ബ്ലാങ്ക് സ്പെയ്സിന്റെ വിഡിയോ സംവിധാനം ചെയ്തതും ജോസഫ് കാനായിരുന്നു. ബിൽബോർഡ് പുരസ്കാരദാന ചടങ്ങിൽ വെച്ച് പുറത്തിറക്കിയ ഗാനം മണിക്കൂറുകൾക്കകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്. പുറത്തിറങ്ങി 12 മണിക്കൂറിനുള്ളിൽ 11 ലക്ഷം ആളുകളാണ് ഗാനം യൂട്യൂബിലൂടെ മാത്രം കണ്ടത്.

നേരത്തെ ആൽബത്തിലെ മൂന്ന് സിംഗിളുകൾ പുറത്തിറങ്ങിയിരുന്നു. മികച്ച വിജയം നേടിയ ആൽബം, വിൽപ്പനയിലും മുൻപന്തിയിലാണ്. 2002 ന് ശേഷം ആദ്യ ആഴ്ചയിൽ 13 ലക്ഷം കോപ്പികൾ വിറ്റ ആദ്യ ആൽബം, തുടരെ തുടരെ രണ്ട് സിംഗിളുകൾ ബിൽബോർഡ് പട്ടികയിൽ ഇടം പിടിച്ച ആൽബം, തുടർച്ചയായി പത്ത് ആഴ്ചകൾ ഹോട്ട് 100 ലിസ്റ്റിൽ ഇടം പിടിച്ച സിംഗിളുകളുള്ള ആൽബം എന്നീ റിക്കോർഡുകൾ 1989 സ്വന്തമാക്കിയിരുന്നു.

ഇതുകൂടാതെ ഷെയ്ക് ഇറ്റ് ഓഫ്, ബ്ലാങ്ക് സ്പെയ്സ് എന്ന ഗാനങ്ങൾ ബിൽബോർഡ് 100 പട്ടികയിൽ ഇടംപിടിച്ചതോടെ 56 വർഷത്തെ ബിൽബോർഡ് ചരിത്രത്തിൽ തന്നെ ആദ്യമായി അടുപ്പിച്ച് രണ്ട് ഗാനങ്ങൾ ഹോട്ട് 100 പട്ടികയിൽ എത്തിക്കുന്ന താരം എന്ന ബഹുമതി സ്വിഫ്റ്റിനെ തേടി എത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറങ്ങിയ ഷെയ്ക്ക് ഇറ്റ് ഓഫ് എന്ന ഗാനത്തിന്റെ വിഡിയോ ഇതുവരെ 80 കോടി ആളുകളും നവംബറിൽ പുറത്തിറങ്ങിയ ബ്ലാങ്ക് സ്പെയ്സ് 85 കോടി ആളുകളും സ്റ്റൈൽ 16 കോടി ആളുകളുമാണ് ഇതുവരെ യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.

Taylor's video Bad Blood

അമേരിക്കൻ കൺട്രി സംഗീതത്തിൽ പകരം വെയ്ക്കാനില്ലാത്ത വ്യക്തിത്വമാണ് ടെയ്ലർ ആലിസൺ സ്വിഫ്റ്റ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കൺട്രി സംഗീതത്തിലെ പ്രഗത്ഭരുടെ പട്ടികയിൽ ഇടം പിടിച്ചു സ്വിഫ്റ്റ്. 2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി.

സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്്(2008), സ്പീക്ക് നൗ(2010), റെഡ് (2012) എന്നീ ആൽബങ്ങൾ പുറത്തിറക്കി. കൺട്രി സംഗീതത്തിൽ നിന്ന് പോപ്പ് സംഗീത്തിലേയ്ക്കുള്ള സ്വിഫ്റ്റിന്റെ മാറ്റമാണ് ഏറ്റവും പുതിയ ആൽബം 1989. അമേരിക്കൻ സംഗീത ലോകത്തെ മിന്നും താരമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച ഈ ഇരുപത്തിയഞ്ചുകാരി, ഏഴ് ഗ്രാമി പുരസ്കാരങ്ങൾ, ഇരുപത്തിയൊന്ന് ബിൽബോർഡ് പുരസ്കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.