Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വന്യ സ്വപ്‌നങ്ങളുമായി ടെയ്‌ലർ സ്വിഫ്റ്റ്

Wildest Dreams

അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ പുതിയ ഗാനം വൈൽഡസ്റ്റ് ഡ്രീംസ് പുറത്തിറക്കി. നേരത്തെ ട്വിറ്ററിലൂടെ തന്റെ പുതിയ ആൽബത്തിന്റെ പേര് പുറത്തുവിട്ട താരം കഴിഞ്ഞ ദിവസം നടന്ന എംടിവി വിഎംഎ പുരസ്‌കാര ദാനചടങ്ങിൽ ഗാനം പ്രദർശിപ്പിച്ചിരുന്നു. ടെയ്‌ലർ സ്വിഫ്റ്റും പ്രശസ്ത ഹോളിവുഡ് നടൻ ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ മകൻ സ്‌കോട്ട് ഈസ്റ്റ്‌വുഡുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പഴയകാല സിനിമയിലെ അഭിനേതാക്കളായി എത്തുന്ന ഇരുവരുടേയും പ്രണയമാണ് ഗാനത്തിന് ആധാരം. സ്വിഫ്റ്റിന്റെ തന്നെ ഗാനങ്ങളായ ബാഡ് ബ്ലഡും, ബ്ലാങ്ക് സ്‌പെയ്‌സും സംവിധാനം ചെയ്ത ജോസഫ് ഖാനാണ് വൈൽഡസ്റ്റ് ഡ്രീംസിന്റേയും സംവിധായകൻ.

ആഫ്രിക്കയിലെ നാഷണൽ പാർക്കിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം വന്യജീവികളെ സംരക്ഷിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ആഫ്രിക്കൻ പാർക്ക്‌സ് ഫൗണ്ടേഷനുള്ളതാണെന്ന് വിഡിയോയുടെ അവസാനം പറയുന്നുണ്ട്. സ്വിഫ്റ്റിന്റെ ആദ്യ പോപ്പ് ആൽബം 1989 ലെ ഏഴാമത്തെ സിംഗിളാണ് വൈൽഡസ്റ്റ് ഡ്രീംസ്. സ്വിഫ്റ്റ്, മാർട്ടിൻ, ഷെൽബാക്ക് തുടങ്ങിയവർ ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ഇതുവരെ ഏകദേശം രണ്ട് കോടിയിൽ അധികം ആളുകളാണ് യൂട്യൂബിലൂടെ മാത്രം ഗാനം കണ്ടിരിക്കുന്നത്.

കൺട്രി സംഗീതത്തിൽ നിന്ന് പോപ്പ് സംഗീതത്തിലേക്ക് ചുടവുമാറിക്കൊണ്ട് ടെയ്‌ലർ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യ ആൽബം 1989 സ്വിഫ്റ്റിന്റെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു. ഏഴ് സിംഗിളുകൾ പുറത്തിറങ്ങിയെങ്കിലും നാല് ഗാനത്തിന്റെ വിഡിയോ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളു. ആൽബത്തിലെ ബ്ലാങ്ക് സ്‌പെയ്‌സ്, ഷെയ്ക്ക് ഇറ്റ് ഓഫ് എന്നീ ഗാനങ്ങൾക്ക് വിഡിയോ സ്ട്രീമിംഗ് സൈറ്റായ വിവോയിൽ നൂറ് കോടിയിൽ അധികം കാണികളുണ്ട്. അവസാനം പുറത്തിറക്കിയ സിംഗിൾ ബാഡ് ബ്ലെഡ് മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ വിവോയുടെ ചരിത്രത്തിൽ തന്നെ 24 മണിക്കൂറിൽ ഏറ്റവും അധികം പേർ കണ്ട വിഡിയോ എന്ന റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

Wildest Dreams

കൂടാതെ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഏറ്റവും വേഗത്തിൽ വിറ്റുപോകുന്ന ആൽബം, 2002 ന് ശേഷം ആദ്യ ആഴ്ച്ചയിൽ 13 ലക്ഷം കോപ്പികൾ വിറ്റ ആദ്യ ആൽബം, തുടരെ തുടരെ രണ്ട് സിംഗിളുകൾ ബിൽബോർഡ് പട്ടികയിൽ ഇടം പിടിച്ച ആൽബം, തുടർച്ചയായി പത്ത് ആഴ്ച്ചകൾ ഹോട്ട് 100 ലിസ്റ്റിൽ ഇടം പിടിച്ച സിംഗിളുകളുള്ള ആൽബം എന്നീ റിക്കോർഡുകൾ 1989 സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ ഷെയ്ക് ഇറ്റ് ഓഫ്, ബ്ലാങ്ക് സ്‌പെയ്‌സ് എന്നി ഗാനങ്ങൾ ബിൽബോർഡ് 100 പട്ടികയിൽ ഇടംപിടിച്ചതോടെ 56 വർഷത്തെ ബിൽബോർഡ് ചരിത്രത്തിൽ തന്നെ ആദ്യമായി അടുപ്പിച്ച് രണ്ട് ഗാനങ്ങൾ ഹോട്ട് 100 പട്ടികയിൽ എത്തിക്കുന്ന താരം എന്ന ബഹുമതി സ്വിഫ്റ്റിനെ തേടി എത്തിയിരുന്നു.

കൺട്രി സംഗീതത്തിലെ എണ്ണം പറഞ്ഞ വ്യക്തിത്വങ്ങളിലൊരാളാണ് ടെയ്‌ലർ ആലിസൺ സ്വിഫ്റ്റ്. 2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്‌ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്‌ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്(2008), സ്പീക്ക് നൗ(2010), റെഡ്(2012), 1989 (2014) എന്നീ ആൽബങ്ങൾ ടെയ്‌ലറുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഏഴ് ഗ്രാമി പുരസ്‌കാരങ്ങൾ, ഇരുപത്തിയൊന്ന് ബിൽബോർഡ് പുരസ്‌കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ടെയ്‌ലർ സ്വിഫ്റ്റ് നേടിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.