Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാചകപ്പുരയിലെ പാട്ടുകാരൻ

UNNIKRISHNAN

കല്യാണപ്പന്തലിനടുത്തുള്ള പാചകപ്പുരയിൽനിന്നു കല്യാണിരാഗത്തിൽ പാട്ടുയരുന്നതു കേട്ട് എല്ലാവരും അങ്ങോട്ടു നേ‍ാക്കി. കൈയിൽ ചട്ടുകവുമായി കറിയിളക്കിക്കൊണ്ടു പാചകക്കാരൻ ഉണ്ണ‍ിക്കൃഷ്ണൻ പാടുകയാണ്. കറിയിൽ ഓരോ ഇനവും ചേർക്കുമ്പോഴും ഓരോ രാഗത്തിലുള്ള പാട്ടുയരും. ചുരുക്കത്തിൽ കല്യാണത്തലേന്നു സൗജന്യമായി ഒരു കൊച്ചു സംഗീതക്കച്ചേരി അരങ്ങേറും. പാചകത്തിൽ സംഗീതം മേമ്പൊടി ചേർക്കുന്നതിനാൽ ഭാഗവതർ ഉണ്ണ‍ിക്കൃഷ്ണൻ എന്നു നാട്ടുകാർ വിളിക്കുന്ന പട്ടണക്കാട് ഉഴുവ അജ്ഞലി നിവാസിൽ ഉണ്ണിക്ക് എഴുത്തും വായനയും അറിയില്ല.

കേട്ടു പഠിച്ച സംഗീതം വച്ചു കച്ചേരി നടത്തും. കണ്ടു പഠിച്ച പാചകം കൊണ്ടു സദ്യയുണ്ടാക്കും . രണ്ടു സദ്യയുടെയും രുചി നാട്ടുകാർക്കിഷ്ടം തന്നെ.
ചെറുപ്പത്തിൽ ദാരിദ്ര്യവും കഷ്ടപ്പാടും കാരണം വേണ്ട വിധം സകൂളിൽ പോയി പഠിക്കാൻ ഉണ്ണിക്കു കഴിഞ്ഞില്ല. അയൽപക്കത്തുള്ള വീടുകളിൽ സഹായിയായി കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊടുക്കുക, പാചകത്തിന് ഒരുക്കിക്കൊടുക്കുക തുടങ്ങിയവയായിരുന്നു പണി. പതുക്കെ പാചകം പഠിച്ചു സ്വന്തമായി ചെയ്യാൻ പ്രാപ്തനായി.

ഉണ്ണി നന്നായി പാടുന്നതു കേട്ടു കടക്കരപ്പള്ളി ജനരഞ്ജിനിയിലെ ഗുരു ചേർത്തല വി.രാമചന്ദ്രൻ പാട്ടു പഠിക്കാൻ വിളിച്ചു. ഫീസ് കൊടുക്കാൻ നിവൃത്തിയില്ലാഞ്ഞിട്ടും ഒൻപതു വർഷം പഠിപ്പിച്ചു. എഴുത്തും വായനയും അറിയാത്തതിനാൽ ഗുരു പാടിക്കെ‍ാടുക്കുന്നതു കേട്ടു പഠിക്കുകയായിരുന്നു. തുടർന്നു ചെറിയവേദികളിൽ പാടിത്തുടങ്ങി പിന്നീടു കുറച്ചുകൂടി വലിയ വേദികളിലും അത്യാവശ്യം കച്ചേരി നടത്തി. വർണവും കീർത്തനവും ലളിതഗാനവും സിനിമ‍ാപ്പാട്ടുമൊക്കെ ആലപിക്കും. ഒപ്പം എല്ലാത്തരം വിശേഷാവസരങ്ങളിലും പാചകത്തിനും പോകാറുണ്ട്. ചേർത്തലയിലെ ഒരു ഹോട്ടലിൽ പാചക ജോലിയും ചെയ്യുന്നു.

Your Rating: