Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി പാട്ടുകേട്ട് വിജയ്‍യുടെ പ്രതികരണം

rajani-vijay

രജനീകാന്തിന്റെ പുതിയ ചിത്രം, കബാലിയിലെ നെരുപ്പ്ഡാ പാട്ട് ആണ് ഇപ്പോഴത്തെ താരം. പാട്ടുകൾക്ക് ഈണമിട്ട സന്തോഷ് നാരായണനു  അഭിനന്ദനത്തിന്റെ പെരുമഴയാണ്. രജനീ ഫാൻസ് മാത്രമല്ല, സൂപ്പർ താരങ്ങൾക്കു പോലും ഈ ഗാനം ഒരുപാടിഷ്ടപ്പെട്ടു. തമിഴ് ചലച്ചിത്ര ഇളയ ദളപതി വിജയ്‍യാകട്ടെ, സന്തോഷ് നാരായണനെ അഭിനന്ദിക്കുക മാത്രമല്ല, തന്റെ പുതിയ ചിത്രത്തിലേക്കും ഇതുപോലുള്ള ഗാനം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

വിജയ്‍യുടെ പേരിടാത്ത പുതിയ ചിത്രത്തിന് സംഗീതമൊരുക്കുന്നതും സന്തോഷ് നാരായണനാണ്. വിജയ്‍യുടെ അറുപതാമത്തെ ചിത്രമാണിത്. ഒരു ദിവസം വിജയ്‍യുടെ ഷൂട്ടിങ് സൈറ്റിൽ എത്തിയപ്പോൾ സന്തോഷ് നാരായണൻ കബാലിയിലെ നെരുപ്പ് ഡാ പാട്ട് വിജയ്‍ക്കായി കേൾക്കിച്ചു. വിജയ്‍യുടെ ആവശ്യപ്രകാരമായിരുന്നു ഇത്. കേട്ടമാത്രയിൽ  ഇത്രയും നല്ല പാട്ടൊരുക്കിയതിന് സന്തോഷിനെ അഭിനന്ദിക്കുക മാത്രമല്ല, തന്റെ പുതിയ ചിത്രത്തിലേക്ക് ഇതേ ഊർജമുള്ള പാട്ടുകൾ ചെയ്യണമെന്ന് വിജയ് ആവശ്യപ്പെടുകയും ചെയ്തുവത്രേ. എന്തായാലും കബാലിയിലേതു പോലെ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന സംഗീതം തന്നെയാകും വിജയ്‍ ചിത്രത്തിലേക്കും സന്തോഷ് നാരായണൻ തയ്യാറാക്കുക എന്നു നമുക്ക് പ്രതീക്ഷിക്കാം. 

കബാലിയിൽ സന്തോഷ് ഈണമിട്ട പാട്ടുകളെല്ലാം പോപുലർ യുട്യൂബ് വിഡിയോകളുടെ കൂട്ടത്തിലിടം നേടിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി റിലീസ് ചെയ്ത പാട്ടുകളെല്ലാം മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പ്രാവശ്യമാണ് പ്രേക്ഷകർ കണ്ടത്. നെരുപ്പ്ഡാ എന്ന പാട്ട് മാത്രം എട്ടര ലക്ഷത്തോളം പ്രാവശ്യമാണ് യുട്യൂബ് വഴി വീക്ഷിച്ചത്. പാ രഞ്ജിത് ഒരുക്കുന്ന ചിത്രമാണ് കബാലി. 

Your Rating: